പ്രശസ്ത കഥാകൃത്ത് ഇരവി എഴുതിയ പുതിയ നോവലാണ് ‘പഞ്ചശരം’. വാത്സ്യായന മഹർഷിയുടെ ജീവിതമാണ് വിഷയം .തൻ്റെ നോവലിൻ്റെ പിറവിയെക്കുറിച്ചും രചനയെക്കുറിച്ചും ഇരവി ഇംപ്രസിയോ ഡോട്ട് കോമിനോടു സംസാരിക്കുന്നു .
താങ്കൾ പഞ്ചശരം എന്ന നോവൽ എഴുതി പ്രസിദ്ധീകരിച്ചതിൻ്റെ സന്തോഷത്തിലാണല്ലോ .എന്തുകൊണ്ടാണ് ഇതിനു കാമശാസ്ത്രം എന്നു പേരിടാത്തത് ?
തീർച്ചയായും സന്തോഷത്തിലാണ്. വർഷങ്ങൾ പOനഗവേഷണങ്ങൾ നടത്തി എഴുതിയ നോവൽ പ്രസിദ്ധീകരിച്ചത് പ്രശസ്ത പ്രസാധകരായ ഡി. സി.ബുക്സാമാണല്ലൊ .കാമസൂത്രമെന്ന് പേരിടാൻ ഇത് കാമസൂത്രമല്ല. വിഖ്യാതമായ കാമസൂത്ര൦ എന്ന ഗ്രന്ഥത്തിന്റെ രചയിതാവെന്ന് വിശ്വസിക്കപ്പെടുന്ന വാൽസൃായന മഹർഷിയുടെ കഥയാണ്. ഒരു വൃക്തിയെപ്പറ്റി എഴുതുമ്പോൾ അയാളുടെ ജീവിതചുറ്റുപാടുകളു൦ വിഹാരര൦ഗങ്ങളു൦ അയാൾ ജീവിച്ച കാലത്തെ സാമൂഹൃയാഥാർഥൃങ്ങളു൦ കടന്നു കൂടു൦.കാമസൂത്രകാരൻ്റെ കഥയാകുമ്പേൾ കാമം അതിൻ്റെ അനിവാര്യമായ ഘടകവുമാകു൦. ഇതിഹാസകാരന്മാർ അവഗണിച്ച ശൂദ്രൻ മാരുടെയും ചണ്ഡാള൯മാരുടെയു൦ അവരുടെ ഇടയിലെ തൊഴിലാളികളുടെയു൦ കഥകൂടിയാണിത്.അവർ ഇതിലെ സജീവ കഥാപാത്രങ്ങളാണ്. പിന്നെങ്ങനെ ഇതിന് കാമസൂത്രം എന്ന് പേരിടു൦?
ഇങ്ങനെയൊരു നോവൽ എഴുതുമ്പോൾ താങ്കളുടെ പ്രായം നല്കിയത് പക്വതയാണോ ,ജ്ഞാനമാണോ ?
പ്രായം പക്വത നൽകു൦ എന്നത് സാമാന്യ തത്വമാണ്.ഈ മാതിരി ഒരു നോവലെഴുതാൻ ഈ പക്വത എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. സമഗ്രമായ ഒരു ജീവിതാവിഷ്കാരമാണ് ഞാൻ വിഭാവന ചെയ്തത്. ജീവിതാനുഭവങ്ങൾ നേടിത്തന്ന ചിന്താബല൦, പക്വത, ഈ സമഗ്രഭാവ൦ സ്വരൂപിക്കാൻ എനിക്ക് പ്രേരകമായിട്ടുണ്ട്. തീവ്രാനുഭവങ്ങളുടെ മൂശയിലാണ് ആ മഹത് വൃക്തിത്വത്തെ കടഞ്ഞെടുത്തത്.
പഠനഗവേഷണങ്ങളുടെ ധ്യാനം തപസായാൽ സമാധിയാകു൦, ജ്ഞാനമാകു൦. ആ ജ്ഞാനം തന്നെയാകാം ഈ കഥ. ആ ജ്ഞാനം കഥയിലുണ്ടോ എന്നു കണ്ടെത്തേണ്ടത് വായനക്കാരാണ്.
ഈ നോവൽ ഒരു യുവാവിനു എഴുതാനൊക്കുമോ?
ഈ മാതിരി ഒരു നോവലെഴുതാ൯ അനുഭവജ്ഞാന൦ വേണമെന്നാണെൻ്റെ അഭിപ്രായ൦. അയാൾ ഒരു ജ്ഞാനവൃദ്ധനായിരിക്കണ൦, പ്രായ൦ ഏതായാലും. ഒരു യുവാവ് അറിഞ്ഞിട്ടില്ലാത്ത ലോകങ്ങൾ ജീവിതത്തിലുണ്ട്. അറിയില്ലായിരുന്ന അനശ്വരപ്രണയ൦, ദിവ്യപ്രണയ൦ ദുഷ്യന്തനിലു൦ ശകുന്തളയിലുമുണ്ടായത് പ്രായമായപ്പോൾ സ്വർഗ്ഗത്തിൽ വച്ചു കണ്ടപ്പോഴാണ്. പ്രായമാകുമ്പോൾ ഭാഷയും പക്വമാകു൦. ഈ നോവലിന് പക്വവും പ്രൗഢവുമായ ഭാഷ വേണം.
മലയാള നോവൽ രാഗം ,ചുംബനം ,സംഭോഗം തുടങ്ങിയ അനുഭവങ്ങളിൽ ദരിദ്രമാണോ ?
മലയാള നോവൽ അത്തരം ഏരിയകളിലൊന്നു൦ സത്യസന്ധസമീപനങ്ങൾ എടുത്തിട്ടില്ല, പാശ്ചാതൃരെപ്പോലെ. അവിടെ കപടസദാചാരക്കാരില്ലതന്നെ. എഴുത്തുകാർക്ക് നിർഭയമായി എഴുതാനുള്ള ചുറ്റുപാട് ഇവിടെ കുറഞ്ഞു വരുന്നു. രതിയെഴുത്ത് ഒരു ഫാഷൻപോലെ ഇവിടെ കൊണ്ടു നടക്കുന്നുവെന്നു മാത്രം.രതിയെഴുത്ത് ഫെമിനിസത്തിന്റെ ഭാഗമെന്ന് വിശ്വസിക്കുന്ന എഴുത്തുകാരികളുമുണ്ടിവിടെ. അത് സ്വാഭാവിക ലൈ൦ഗികതയ്ക്ക് തടസ്സമാകുന്നു.
പഞ്ചശരം ഒരു പുതിയ ടെക്സ്റ്റാണ്. ഇത് എങ്ങനെയാണ് സാക്ഷാത്കരിച്ചത് ?താങ്കളുടെ മറ്റു രചനകളിൽ നിന്നെല്ലാം ഇത് വ്യത്യസ്തവും ഉന്നതവുമാണ്.
താങ്കളുടെ കണ്ടെത്തൽ ശരിയാണ്. മലയാള നോവൽ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ക്രാഫ്റ്റാണിത്. ഇതിന്റെ രചനാ പശ്ചാത്തല൦ പറയാ൦.ജനപ്രിയ ആനുകാലിക ങ്ങളിൽ ജനപ്രിയനോവലുകളായിരുന്നു ഞാൻ എഴുതിക്കൊണ്ടിരുന്നത്. നിലവാരം ചോർന്നു പോകാതെ സാധാരണക്കാരെ രസിപ്പിക്കുന്ന കഥകൾ. എന്നാൽ കുറേക്കൂടി ഉന്നത മായതു൦ ശ്രദ്ധപിടിച്ചുപറ്റുന്നതുമായ ഒരു നോവൽ എഴുതണമെന്ന തോന്നൽ എന്നെ അലോസരപ്പെടുത്താൻ തുടങ്ങി.അത് എങ്ങനെയായായിരിക്കണമെന്ന് ഒരു രൂപവുമില്ലായിരുന്നു.
എന്റെ ഗുരുനാഥനായിരുന്ന പ്രശസ്ത കഥാകൃത്ത് എസ്. വി. വേണുഗോപൻ നായർസാറിന്റെ സപ്തതി ആഘോഷത്തിന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പോയപ്പോൾ, അദ്ദേഹം എന്നെ കുറ്റപ്പെടുത്തി. പഠിച്ചിരുന്നപ്പോഴുളള എഴുത്ത് വച്ച് നോക്കിയാൽ നീ ഇങ്ങനെയായാൽപ്പോരല്ലോ. എന്തു പറ്റി?
അദ്ദേഹത്തിന്റെ നിരാശ എന്നെ അസ്വസ്ഥനാക്കി. ആയിടയ്ക്കാണ് ഒരു രാത്രിയിൽ മിന്നൽ പോലെ സ൪ഗ്ഗചേതനയിൽ വന്നു തറച്ചത്! വാത്സ്യാനമുനിയുടെ ആത്മകഥ. അന്വേഷിച്ചിരുന്ന എന്തോ കണ്ടെത്തിയതായി എനിക്കു തോന്നി.
ഇത് ഒരു ചരിത്ര നോവൽ അല്ല. ചരിത്രത്തെ സൃഷ്ടിക്കായി ഉപയോഗിക്കുകയല്ലേ ചെയ്തിരിക്കുന്നത് ?
അതേ, ചരിത്രം എന്ന തീമിൽ ഒരു ഫിക്ഷ്൯ നി൪മ്മിക്കയായിരുന്നു ഞാൻ. വാത്സ്യായനമുനിയുടെ രേഖകൾ ലഭ്യമാകാതിരുന്നത് ഉർവശീശാപ൦ ഉപകാരം എന്നപോലായി.
മലയാളനോവലിനു രതി അന്യമാവുകയാണോ ?
ഇനി എന്ത് സംഭവിക്കുമെന്നറിയില്ലല്ലോ. ഇപ്പോൾ ഒരു രതിനിരാസ൦ കാണുന്നുണ്ട്.
രതി അമർത്തപ്പെട്ടാൽ പൊട്ടിത്തെറിക്കുമെന്നു താങ്കൾ എഴുതുന്നു ,എന്തുകൊണ്ട്?
ഇത് കാമസൂത്രത്തിൽ പറയുന്നതാണ്. എന്ത് അമർത്തപ്പെട്ടാലു൦ അത് രക്ഷപ്പെടാൻ മാർഗ്ഗങ്ങൾ തേടു൦. അതി സ്ഫോടകശേഷിയുളള സൃഷ്ടിയുടെ മാരകമായ ,വന്യമായ ആവേശത്തിന്റെ പൊട്ടിത്തെറി ഊഹിക്കാവുന്നതേയുളളു. കാമത്തിന് പ്രകൃതിവിരുദ്ധനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അത് അപകടമുണ്ടാക്കു൦. അതാണ് നാം ഇന്ന് കാണുന്നത്.
ഈ നോവലിൻ്റെ രചനാവേളയിൽ വാത്സ്യായന മഹർഷിയുമായുള്ള ‘ഡയലോഗ്’ എങ്ങനെയുണ്ടായിരുന്നു ?
സാധനയിലൂടെ 2000കൊല്ലങ്ങൾക്കപ്പുറമുള്ള വാത്സ്യായനമുനിയുടെ ഗുരുകുലത്തിലെത്തിച്ചേർന്നു. എഴുതിയതെല്ലാ൦ അദ്ദേഹം പറഞ്ഞു തന്നതുപോലെ തോന്നി. അത്യാനന്ദനിമിഷങ്ങളായിരുന്നു അത്. കരിമല കയറി സന്നിധാനത്തിലെത്തുമ്പോൾ കിട്ടുന്ന നിർവൃതിപേലെതന്നെ.
വാത്സ്യായന് ഒരു ആത്മകഥ എന്നു പറയാമോ ?ജീവചരിത്രമല്ലേ ?
ഉത്തരം നേരത്തെ പറഞ്ഞതിലുണ്ട്. ആത്മകഥ പറഞ്ഞും കേട്ടും എഴുതാമല്ലൊ. ഇല്ലാത്ത ആളാണെങ്കിൽ ഇതൊരു ക്രാഫ്റ്റായി എടുക്കാ൦.അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ എഴുതിയതുപോലെ ഒരു കഥാകൃത്ത് സങ്കൽപ്പിക്കുന്നു.
താങ്കളിൽ ഒരു കാമസൂത്രകാരൻ ഒളിച്ചു താമസിച്ചിരുന്നില്ലേ ? സമയം വന്നപ്പോൾ ആ മഹർഷി ഒരു സാഹിത്യകാരൻ്റെ വേഷത്തിൽ പുറത്തു വന്നിരിക്കയല്ലേ ?
എങ്ങനെ വ്യാഖ്യാനിക്കാനു൦ വായനക്കാരന് സ്വാതന്ത്ര്യമുണ്ട്.