ഒരു ദേഹത്യാഗം!/ഡോ. പി. മാലങ്കോട് 

-പട്ടണത്തിലെ സാഹിത്യ/കവി സമ്മേളനത്തിൽ ഒരു അപൂർവ്വ വ്യക്തി സന്നിഹിതനായിരുന്നു. ആരാണെന്ന് പലരും തിരക്കി. അവർക്കറിയില്ല. ഷർട്ട്‌ ധരിക്കാത്ത വ്യക്തി. നെറ്റിയിലും മാറത്തും കൈകളിലും ഭസ്മക്കുറി!  തോളിൽ വേഷ്ടി. കുടുമ ഉണ്ട്. ഇതാരപ്പാ ഒന്നു രണ്ടുശതാബ്ദങ്ങൾക്കുമുമ്പിലുള്ള ഒരു കഥാപാത്രം എന്നൊരാൾ.

മുകളിൽപ്പറഞ്ഞ വ്യക്തിയെ അവിടത്തെ വായനശാലയിൽ മലയാളപത്രങ്ങൾ മറിച്ചുനോക്കുന്നതായും പലരും കണ്ടു. 

പിന്നീട്, അവിടത്തെ ടിവിയിൽ കാണുന്ന വാർത്തയും ചില പരമ്പരകളും അദ്ദേഹം ശ്രദ്ധിക്കുന്നതായും കണ്ടവരുണ്ട്!

ഇതാ ഇപ്പോൾ നിരാശ നിഴലിക്കുന്ന മുഖഭാവവുമായി പ്രസ്തുതവക്തി ഒരു ഭാഗത്ത് ധ്യാനനിരതനായപോലെ ഇരിക്കുന്നു! ഇത്തവണ, ആത്മഗതമോ  പ്രാർത്ഥനയോ മറ്റുള്ളവർ കേട്ടു: 

ഭഗവാനേ, നാരായണാ, ഒരിക്കൽ എന്റെ ഭാഷ സംസാരിക്കുന്നവരെ കാണിച്ചു തരണേ എന്ന ആഗ്രഹം നീ സാധിച്ചുതന്നു. ഭാഷാപിതാവെന്നു അവർ എന്നെ വിളിക്കുന്നു. എന്നാൽ ഇവരൊക്കെക്കൂടി ഭാഷയെ കുളംതോണ്ടുന്നത് കാണാനുള്ള ത്രാണി എനിക്കില്ല. എന്നേ ഈ നിമിഷത്തിൽ ഉടലോടെ അങ്ങ് മേലോട്ടെടുക്കേണമേ.”

അടുത്ത നിമിഷത്തിൽ ആ ദേഹം അപ്രത്യക്ഷമായി!

ഒന്നുരണ്ടുപേർ അത്ഭുതപരതന്ത്രരായി ഇടറിയ കണ്ഠത്തോടെ നിലവിളിച്ചു:

എഴുത്തച്ഛൻ, എഴുത്തച്ഛൻ, തുഞ്ചത്ത് എഴുത്തച്ഛൻ!!!

ഒരു ദേഹത്യാഗം!

!

You can share this post!