യാഗം നടത്തുന്നതിനു വേണ്ടതായ സാധനങ്ങൾ കൊണ്ടുവരുന്നതിൻ്റെ പ്രായോഗിക സൗകര്യമനുസരിച്ചാണ് ഉപനിഷത്തിൽ വർണങ്ങളെപ്പറ്റി പറയുന്നത്. അത് തൊഴിലിൻ്റെയും അറിവിൻ്റെയും അടിസ്ഥാനത്തിലുള്ള തരം തിരിവാണ് .പക്ഷേ, അത് മനുഷ്യർക്കിടയിലുള്ള ആത്യന്തികമായ വിഭജനമല്ല. പല ദേശക്കാർ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പല തൊഴിലുകളിൽ ഏർപ്പെടുന്നവരും അവരുടെ മക്കളും ആ തൊഴിലിൽ തുടരുന്നുണ്ടാവും. അത് മനുഷ്യർക്കിടയിലെ പ്രകൃതിയുടെയോ ജനിയുടെയോ വിഭജനമല്ല. ആടും പോത്തും രണ്ടു വർഗമാണെന്ന് പറയുന്നപോലെയുള്ള വിഭജനം മനുഷ്യർക്ക് അസാധ്യമാണ്. കർമ്മം ചെയ്താൽ സംസ്കാരം നേടാം; അറിവു് നേടിയാൽ ജ്ഞാനിയാകാം . അതുതന്നെയാണല്ലോ ബ്രഹ്മജ്ഞാനികളുടെയും നിയോഗം. ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനം നേടിയെന്നതുകൊണ്ട് വേറൊരു ജാതിയാകുന്നില്ല. അവരും മനുഷ്യർ തന്നെ. രോഗങ്ങൾ പിടിപെടാം; സങ്കീർണമായ മനുഷ്യാവസ്ഥകൾ അവരെയും ബാധിക്കാം. പരമശാന്തി തേടി പർവതമുകളിലേക്ക് പോകുന്നതുകൊണ്ട് നാം വേറൊരു ജാതിയാകുമോ?
ജാതി ഒരു തളച്ചിടലാണ്; വ്യാജസ്വത്വ നിർമ്മിതിയാണത്. മാനസികമായ ഐഡൻറിറ്റി, തൊഴിൽപരമായ ഐഡൻ്റിറ്റി എന്നിവയെല്ലാം കളവാണ് .അങ്ങനെയൊന്നുമില്ല. ഇത്തരം ധാരണകൾ ഒരാളുടെ വളർച്ചയ്ക്ക് തടസ്സമാകരുത് .കുറേക്കൂടി ഉയർന്നു ചിന്തിക്കാൻ തടസ്സമാകുന്ന തരത്തിൽ ദൈവചിന്തയോ, ജാതിചിന്തയോ പാടില്ലെന്നാണ് ഗുരു ഉപദേശിക്കുന്നത്.
‘ദൈവദശക’ത്തിൽ ഗുരു ദൈവത്തെ വളരെ അടുത്തുനിന്നാണ് സംബോധന ചെയ്യുന്നത്; പുതിയ ഉപനിഷത്താണത്. അടുത്തില്ലാത്തതല്ല ദൈവം. അടുത്തുനിന്ന് പ്രാർത്ഥിക്കുകയാണ്. എന്തുകൊണ്ടാണ് അടുത്തുനിന്നു പ്രാർത്ഥിക്കുന്നത്? ദൈവചിന്ത നമ്മുടെ വളർച്ചയാണ്. നൈമിഷികവും നിസ്സാരവും നശ്വരവുമായ ജീവിതസന്ദർഭങ്ങളിൽപ്പെട്ട് തകർന്ന് തിന്മയിലേക്ക് ചുരുങ്ങിപ്പോകുന്നതിനു പകരം ,അസ്തിത്വത്തിന് ഒരു പടി മുകളിൽ നിൽക്കാനാണ് അത് സഹായിക്കുന്നത്. പെരുവിരലിൽ എഴുന്നുനിന്നു നോക്കുന്ന അനുഭവമാണത്; താഴേക്കുള്ള നോട്ടമല്ല .ദൈവത്തിൻ്റെ മഹത്വത്തെ അറിയാൻ ശ്രമിക്കുന്നവനു ജാതിചിന്ത തടസ്സമാകരുത്. അതുകൊണ്ടാണ് ഗുരു ആഴി ,തിര ,കാറ്റ് ,ആഴം തുടങ്ങിയ ബിംബങ്ങൾ കൊണ്ടുവരുന്നത്. ഇതെല്ലാം ബൃഹത്തായ ആവിർഭാവങ്ങളാണ്. മനസ്സ് ചെറുതാക്കിയാൽ മനസ്സിലാകില്ല. ലോകവിസ്തൃതിയുടെയും ജ്ഞാനവിസ്തൃതിയുടെയും മഹാനുഭവങ്ങൾക്ക് മുൻപിലാണ് നാം സ്വന്തം നിസ്സാരതകളെ വെടിയേണ്ടത്.അത്തരം സാഹചര്യങ്ങൾ നമ്മെ ഉദ്ബുദ്ധരാക്കും .
ഏകവചനാത്മകതയിൽ നിന്നു സമസ്തബോധത്തിലേക്ക്
ഒരു മനുഷ്യവ്യക്തി ഏകവചനമാണല്ലോ. അയാൾ തനിച്ചാണ്. അയാൾ സ്വന്തം പ്രതിഛായയുമാണ്. അയാളിൽനിന്നു സ്വന്തം പ്രതിഛായയെ വേർപ്പെടുത്താനാവാത്തതുപോലെ , ഏകവചനാത്മകതയെയും വേർപിരിക്കാനാവില്ല. എന്നാൽ അതിനെ മഹത്തായ ഒന്നിനു വേണ്ടി ഉദാത്തവത്ക്കരിക്കാനാകും. ഈ മഹാബ്രഹ്മാണ്ഡ വൈവിധ്യത്തിലും അതിനെ ചൂഴുന്ന അപാരമായ ഉണ്മയിലും നമുക്ക് അനുഭവത്തിൻ്റെ ഒരു ചീന്തെങ്കിലും ലഭിക്കണമെങ്കിൽ ഈ ഏകവചനത്തിൻ്റെ ബാഹ്യമായ തടവറകൾ ഭേദിക്കേണ്ടതുണ്ട്. വ്യക്തിയിലെ സമഷ്ടിബോധത്തെ ഉജ്വലിപ്പിക്കേണ്ടതുണ്ട്.
നമ്മൾ വൈയക്തികമായ പാരതന്ത്ര്യം അനുഭവിക്കുന്നു എന്നു ബോധ്യപ്പെടുന്നത് പ്രാപഞ്ചികമായ രമ്യതയെക്കുറിച്ചുള്ള അവബോധമുണ്ടാകുമ്പോഴാണ്. മെക്സിക്കൻ കവി ഒക്ടാവിയോ പാസ് പറഞ്ഞതുപോലെ ജനിക്കുമ്പോൾ നാം അനാഥനാണ്. ഒറ്റയ്ക്കാണ് ജീവിതത്തെ അറിയുന്നത്;സുഖദുഃഖങ്ങൾ സ്വന്തം ശരീരത്തിലാണല്ലോ നാം കണ്ടുമുട്ടുന്നത്. എന്നാൽ നമ്മളിൽ ഒരു ഉത്ക്കടമായ വികാരമുണ്ട് .അത് ലോകത്തോട് ,സമൂഹത്തോട്, ദൈവത്തോട് ചേരാനുള്ള ത്വരയാണ്.
മറ്റുള്ളവർ ഇല്ലെങ്കിൽ നമ്മളില്ല . നമ്മളിലെ ഏകവചനാത്മകമായ പരിമിതിയെ മറികടന്നു, ഒരു പക്ഷിയെപ്പോലെ, പുറംലോകത്തിൻ്റെ സമസ്തബോധത്തിലേക്ക് ,രമ്യതയിലേക്ക് ചിറകടിച്ചു പറന്നുയരുരേണ്ടതുണ്ട്. അത് സമഗ്രമായ ലോകാനുഭവത്തിന് നേർക്കുള്ള നമ്മുടെ അന്തരംഗത്തിൻ്റെ ഏറ്റവും വിശുദ്ധവും സാംസ്കാരികവുമായ നോട്ടമാണ്. മഹത്തായതിനെ പ്രാപിക്കാനുള്ള മനുഷ്യസഹജമായ അന്ത:ക്കരണമാണത്. അവിടെ നമ്മുടെ ജാതിയില്ലാതാവുന്നു. നമുക്ക് വളരെ പരിമിതവും ബുദ്ധിശൂന്യവും സർഗരഹിവുമായ ഒരു ജാതിവലയത്തിനകത്ത് ദീർഘനാൾ കഴിയാനാവില്ലെന്ന് അറിയുന്നത് അപ്പോഴാണ്. സ്വാതന്ത്ര്യത്തിൻ്റെ ആകാശം ആവശ്യമായി വരുന്നു.
‘അറിവാമാഴിയിൽ നിന്നു
വരുമെല്ലാവുടമ്പിനും
കരുവാണിന ,മീ നീരിൻ
നിര താൻ വേരുമായിടും’
(ജാതിലക്ഷണം)
എന്നു ഗുരു എഴുതുന്നത് ശ്രദ്ധിക്കണം. വെള്ളം തന്നെയാണ് കടൽ . കടൽത്തിരകളിൽ വേറിട്ടതായി ഒന്നും തന്നെയില്ല. അങ്ങനെയുള്ള സാകല്യതയിലേക്കാണ് നാം ഉണരേണ്ടത്. വ്യക്തിഗതമായ മനോഭാവനകളുടെ ലീലകളിൽനിന്നു സമഗ്രവും ലോകസാരഗ്രാഹിയും സാംസ്കാരികവുമായ ഉണ്മയിലേക്ക് മനുഷ്യനെ എടുത്തുയർത്തുമ്പോഴാണ് ഗുരുവിനെ ഏകജാതി പ്രവർത്തിച്ചുതുടങ്ങുന്നത്.അല്ലാത്തപ്പോൾ പലതരം ഇനങ്ങൾ എന്ന തെറ്റിദ്ധാരണയിൽപ്പെട്ട് നാം മനസ്സ് ചിതറി, ജീർണിച്ചു നശിക്കുന്നു. അനുകമ്പയും ലോകാവബോധവും സദാചാരവുമാണ് ഗുരു ജാതിനിർമാർജനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ. അനുകമ്പയും സ്നേഹവും ഉണ്ടായാൽ അകൽച്ച ഇല്ലാതാകും. അനുകമ്പ തെറ്റുകൾ ക്ഷമിക്കാൻ പ്രേരിപ്പിക്കും. ലോകവബോധം നമ്മെ ഏകവചനത്തിൻ്റെ ബന്ധനത്തിൽനിന്ന് മോചിപ്പിക്കും. നമ്മൾ മാത്രമല്ല ഇവിടെയുള്ളതെന്ന് അത് പഠിപ്പിക്കും. പരസ്പരം കലഹിച്ച് ജീവിതം നശിപ്പിക്കുന്നവർ വേറെയും ലോകങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുന്നത് മനുഷ്യനെ പ്രബുദ്ധനാക്കും .
ജീവിതം ദുഃഖം മാത്രമാണെന്നു ജർമൻ ചിന്തകനായ ഷോപ്പനോർ പറഞ്ഞത് ലോകാവബോധത്തിൻ്റെ ഫലമാണ്. ആശയാണ് ലോകത്തിൻ്റെ ദുഃഖങ്ങൾക്ക് കാരണമെന്നു ബുദ്ധൻ പറഞ്ഞത് ലോകവബോധമുണ്ടായതുകൊണ്ടാണ്.’സങ്കല്പകല്പിതം ദൃശ്യം'(അസത്യദർശനം)എന്നു ഗുരു പറയുന്നതും ഇതേ ലോകാവബോധം മൂലമാണ് .ലോകത്തു കാണുന്നതെല്ലാം സങ്കല്പത്തിലുള്ളതാണ്. ഒരു വ്യക്തി തൻ്റെ ‘ഐഡൻറിറ്റി’യുടെ ,സ്വത്വത്തിൻ്റെ നിസ്സാരതകൾക്കെതിരെ യുദ്ധം ചെയ്യേണ്ടതുണ്ട്; തന്നേക്കാൾ മഹത്തായ, പ്രബുദ്ധമായ അനുഭവങ്ങളെ ഉൾക്കൊള്ളാൻ .
ഏകവചനത്തിൽ നിന്ന് ജൈവവൈവിധ്യ (Biodiversity ) ത്തിലേക്കാണ് ഗുരു നമ്മെ ക്ഷണിക്കുന്നത്. അവിടെ സകലമാനവജാതികളും ഒരു പ്ലാറ്റ്ഫോമിൽ വരികയാണ്. അങ്ങനെയൊരു നോട്ടം അസാധ്യമാകുകയാണെങ്കിൽ ഗുരുവിൻ്റെ ഏകജാതിദർശനം നമ്മളിൽ പ്രവർത്തിക്കുന്നില്ല എന്നാണർത്ഥം .പാരമാർത്ഥിക ലോകത്ത് ,സത്തയുടെ ഒരു കണം എന്ന നിലയിൽ മനുഷ്യൻ അവൻ്റെ വ്യാജത്തനിമയിൽ തന്നെ നിലീനമായി ജീവിക്കുമ്പോൾ ഉണ്ടാകുന്ന തനിച്ചാകൽ ദോഷകരമാണ്.
ലോകപ്രിയം എന്ന ജാതി
ഒരാൾ തന്നിലേക്കുതന്നെ വലിയുന്നത് ഹിംസയ്ക്കും ക്രൂരതയ്ക്കും ഇടയാക്കുന്നു.മറ്റുള്ളവരുമായി സംവാദവും സമ്മേളനവും സാധ്യമാകാതെ വരുന്നത് തനിച്ചാകലിൻ്റെ ദോഷഫലമാണ്. സംവാദങ്ങൾ, അനുതാപങ്ങൾ അസ്തമിക്കുമ്പോൾ അഹന്തയും ഭൗതികത്വരയും ഹിംസയും അക്രമവാസനയുമാണ് ഉയർന്നുവരുന്നത് .ഇതിനെ ചെറുക്കേണ്ടതുണ്ട്. ഏറ്റവും മനോഹരമായ ഒരു ഉദ്യാനമുണ്ടാക്കാൻ നാം ശരിക്കും പണിയെടുക്കണം. ഒരു പൂവിൽനിന്ന് ഒരുദ്യാനത്തിലെത്തിച്ചേരാൻ പൂക്കളെ സ്നേഹിക്കണം. ഒരു പൂവിനോടും താല്പര്യമില്ലാത്തവൻ അവൻ്റെ ചുറ്റുപാട് വൃത്തിഹീനമാക്കിയേക്കാം; അല്ലെങ്കിൽ ഒന്നിലും നന്മ കാണാത്തവനായി മാറാം. ഏകാന്തതയിലെ സർഗ്ഗാത്മകതയെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. സൃഷ്ടിയിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാർക്ക് ഏകാന്തത ബൗദ്ധികമായ അനിവാര്യതയാണെങ്കിൽ ,ജാതിചിന്തയിൽ ഉടക്കികിടക്കുന്നവനിൽ അത് വിനാശകരമാണ് .അവനവൻ മാത്രം എന്ന ചിന്തയുണ്ടാകുന്നത് അങ്ങനെയാണ്. മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ആശ്രയിച്ചാണ് നമ്മുടെ സ്വാതന്ത്ര്യമുള്ളത്.
‘പ്രിയമൊരു ജാതി,യിതെൻ പ്രിയം ത്വദീയ –
പ്രിയ,മപരപ്രിയമെന്നനേകമായി പ്രിയവിഷയം പ്രതി വന്നിടും ഭ്രമം,തൻ
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം ‘
(ആത്മോപദേശശതകം)
പ്രിയമാണ് ജാതി .പ്രിയം എല്ലാവർക്കും അറിവുള്ള വികാരമാണ്. അത് ലോകത്തോടുള്ള താദാത്മ്യമാണ്; ഏകത്വമാണ്. ഒരുവൻ്റെ പ്രിയം അവൻ്റെ അറിവാണെന്നങ്കിൽ, അതിനപ്പുറം അപരൻ്റെ പ്രിയത്തിൻ്റെ വലിയൊരു ലോകമുണ്ടെന്ന് തിരിച്ചറിയണം .’ഇതെൻപ്രിയം എന്ന് ഗുരു പറയുന്നത് അറിവിനെക്കുറിച്ചാണ്. അപരൻ്റെ പ്രിയം മനസ്സിലാക്കാത്തവൻ നാശോന്മുഖമായ ഉടൽ മാത്രമാണ്. ഒരു വീട്ടിൽ ഗൃഹനാഥൻ മറ്റുള്ളവരുടെ പ്രിയമറിയണം. അതുപോലെ മറ്റംഗങ്ങളും അപരപ്രിയം ശ്രദ്ധിക്കണം.
ആൾക്കൂട്ടത്തിൽ ,ഒരു വാക്ക് മറ്റുള്ളവരെ ഉൾക്കൊള്ളണം. അപരൻ്റെ പ്രിയമാണ് നമുക്ക് വേണ്ടത്. പ്രിയം എല്ലാം ഒന്നാണ് ;നമ്മുടേതും മറ്റുള്ളവരുടേതും .ഈ സമസ്ത താദാത്മ്യമാണ് ഗുരുവിൻ്റെ ഏകജാതിയുടെ വിശ്വവിജയം.ലോകജീവിതത്തിൻ്റെ ജൈവവൈവിധ്യമാണ് ഗുരുവിൻ്റെ ഏകജാതി. അതിൽ വേറെ ഒന്നും തന്നെയില്ല; കണ്ണാടിയിലെന്നപോലെ അത് നമ്മെത്തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. നമുക്ക് അന്യതയില്ലെന്നതിൻ്റെ ഉത്തമമായ ദർശനമാണ് ഒരു ജാതി .
“പ്രിയമപരൻ്റെയതെൻപ്രിയം” ഗുരു വ്യക്തമായി സൂചിപ്പിക്കുന്നു. അപരൻ്റെ പ്രിയത്തിലെത്തിച്ചേരണമെങ്കിൽ നമ്മുടെ സങ്കുചിതവും അസ്വതന്ത്രവും വികലവുമായ പ്രിയങ്ങളെ വെടിയണം. ഏകജാതിയിലെത്തിച്ചേരാനാണ് കൊല്ലരുത് ,തിന്നരുത് എന്നു ഗുരു ഉദ്ബോധിപ്പിക്കുന്നത് .കൊന്നാൽ നമുക്ക് സങ്കുചിത ജാതിയുടെ ജീർണത മാത്രമേ സ്വന്തമായുള്ളു .കൊല്ലുമ്പോൾ സമസ്തലോകത്തിൻ്റെയും രമ്യത നഷ്ടപ്പെടുന്നു. കൊല്ലാതിരിക്കുമ്പോൾ സമസ്തദയയുടെയും ഭാഗമാണ് നമ്മൾ. അങ്ങനെ എല്ലാ ജീവിവർഗങ്ങളെയും ഒരു കൂടാരത്തിലെത്തിച്ച് ആത്മസാഹോദര്യം സാക്ഷാത്ക്കരിക്കാനാവുന്നു.
വ്രണിതരെല്ലാം നമ്മുടെ ജാതി
ദൈവത്തെ അറിയുന്നത് ഏകജാതിയിലായിരിക്കുമ്പോഴാണ്. ദീനരെല്ലാം നമ്മുടെ ജാതിയാണ്. അയൽക്കാരെല്ലാം നമ്മുടെ ജാതിയാണ്. വ്രണിതരെല്ലാം നമ്മുടെ ജാതിയാണ് .അവരെയെല്ലാം നമ്മോടൊപ്പം ചേർക്കുമ്പോൾ നമ്മുടെ സ്വത്വജാതി ഒരു നുണയും ലോകൈകമായ ഏകജാതി ഉന്നതവുമായിത്തീരുന്നു. ഒരു പക്ഷി ,അതിൻ്റെ കൂട്ടിൽനിന്നു പുറത്തുവന്ന്, ആയിരമായിരം പക്ഷികൾ മത്സരിച്ചു പറന്നു ആകാശത്ത് തീർക്കുന്ന വിവിധ പക്ഷിച്ചിത്രങ്ങളിൽ പങ്കെടുക്കുന്നതുപോലുള്ള വിചിത്രമായ ഒരു ജീവിതമാണ് ഏകജാതി. ധനുസ്സ് ആകൃതിയിൽ നൊടിയിടയിൽ തിരിഞ്ഞും മറിഞ്ഞും പറന്നു ആയിരക്കണക്കിന് പക്ഷികൾ നടത്തുന്ന വ്യോമാഭ്യാസത്തിൽ പങ്കെടുക്കാൻ ദൂരെ ഒരു കൂട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന പക്ഷി പുറപ്പെടുന്നുണ്ടെങ്കിൽ ,അവിടെയാണ് നാം ഗുരുവിൻ്റെ ഏകജാതിയുടെ രൂപകം അന്വേഷിക്കേണ്ടത്. നാമോരോരുത്തരും ആ ഒറ്റപ്പെട്ട പക്ഷിയെപ്പോലെ ആകാശത്തിലെ പക്ഷികളുടെ വ്യോമാഭ്യാസത്തിൽ പങ്കുചേരാനായി പുറപ്പെടേണ്ടതാണെന്ന സന്ദേശം ഗുരുവിൻ്റെ വാക്കുകളിൽ കാണാം.നമ്മൾ അപൂർണരാണ്. ഒറ്റയ്ക്ക് നിസ്സഹായരായ മനുഷ്യരാണ്. നമ്മൾ ചെറുസംഘങ്ങളായതുകൊണ്ടു മാത്രം ലോകത്തെ രക്ഷിക്കാനാവില്ല .ലോകം നമ്മുടേതാണെന്ന അറിവ് പ്രധാനമാണ്. ലോകത്ത് എവിടെയും ദുരന്തമുണ്ടായാലും അതു നമ്മുടേതു മാണ്. ഏകവ്യക്തി എന്ന നിലയിൽനിന്നു നമ്മൾ ലോകവ്യക്തി എന്ന തലത്തിലേക്ക് ഉയരുമ്പോഴാണ് ഏകജാതി ദൃശ്യമാവുന്നത് .അപ്പോൾ മാത്രമാണ് മനുഷ്യൻ ഒരു പൂർണ സംസ്കാരികജീവിയാകുന്നത്. വില കൂടിയ വസ്ത്രം ധരിച്ചാൽ മനുഷ്യത്വമുണ്ടാവുകയില്ല. അത് ഹൃദയത്തിൽ നിന്നാണ് ഉണ്ടാകുന്നത്; ലോകത്തെയാകെ പുൽകുന്ന അവബോധം സൃഷ്ടിക്കപ്പെടുന്നത് മനസ്സിൽ നിന്നാണ്.ലെബനീസ് കവി ഖലിൽ ജിബ്രാൻ പറഞ്ഞു :
“Beauty is eternity
Gazing at itself
In a mirror.
But you are eternity
And you are the mirror “
“സൗന്ദര്യം അനശ്വരതയാണ് ,
ഒരു കണ്ണാടിയിൽ
അത് സ്വയം നോക്കുകയാണ്.
എന്നാൽ നിങ്ങളാണ്
ആ അനശ്വരത .
നിങ്ങൾ തന്നെയാണ്
ആ കണ്ണാടി ”
നമ്മൾ അറിവുള്ള ജീവിയായി മാറുമ്പോൾ ലോകവും നന്നാവും. ഒന്നിൽ നിന്നു ഗുണപരമായ നിലയിൽ സംഘസത്തയിലേക്കുള്ള നമ്മുടെ സംക്രമണം നമ്മെ അനശ്വരതയിലാണ് നടത്തിക്കുന്നത്. സൗന്ദര്യമാണ് നമ്മൾ. നമുക്ക് സ്വയം അതു ദർശിക്കാനാവണം. നമ്മളിൽ തന്നെയാണ് അനശ്വരതയും സൗന്ദര്യവുമുള്ളത് ;അതു നോക്കി ഉറപ്പിക്കേണ്ടതും നമ്മൾ തന്നെയാണ്.
ഗുരുവിൻ്റെ ഏകജാതി എന്നു പറയുന്നത് ഈ അനശ്വരമായ സൗന്ദര്യത്തിൻ്റെ ലോകസാകല്യമാണ്. ലോകമാണ് നമ്മളിലേക്ക് വരുന്നത്; അല്ലെങ്കിൽ ഏകമായ വ്യക്തി എന്ന നിലയിൽനിന്ന് വളർന്ന് നാം തന്നെയാണ് ലോകമായി മാറുന്നത്