നീട്ടിനാവിട്ടലച്ച
ഉച്ചമണി തലയാട്ടി
വിശപ്പുകളെയൊന്നോടെ
കുടഞ്ഞുണർത്തിയ
നോട്ടങ്ങളാണ്
ചോറ്റുപാത്രങ്ങളിലേക്ക്
കലകലാ
തുറന്നുവീഴുന്നത് …
തുറക്കപ്പെടാത്ത
സ്വപ്നങ്ങളിൽ
അവനും
ഉണ്ണാനിരുന്നു, ഒരു മൂലയ്ക്ക്
അമ്പാട്ടെ ശ്രീലക്ഷ്മിയ്ക്ക്
ചോന്നുമൊരിഞ്ഞ
ഉലവയും കായവും
കിരുകിരായരഞ്ഞുകലങ്ങിയ
സാമ്പാർരസപ്പെരുക്കം !
ഔസേപ്പച്ചൻമൊതലാളിയുടെ
മടിക്കനം കനച്ച്
പൊന്നുമോണിച്ചന്
ചിക്കൻബിരിയാണി
പൊലിച്ചുവാസനിച്ചു…!
മത്തിക്കാരനലീക്കയുടെ
പുന്നാരച്ചെക്കനു
കണ്ണിലും നാക്കിലും
കപ്പലോട്ടമാടിച്ചു പൊങ്ങിനീന്താൻ
വാട്ടിപ്പൊള്ളിച്ച
കരിമീൻതള്ളിച്ചകൾ..!
ഗുണമൊത്ത്, മണമൊത്ത
ഓരോ മൂടിയും തുറന്ന
സാമ്പാറും കരിമീനും ബിരിയാണിയും
അടിച്ചമർത്തിയ
ചില്ലറ രുചിശ്വാസങ്ങൾക്കൊപ്പം
കുഴച്ചുചേർത്ത്
വയറും മനസ്സും നിറയുവോളം
വലിച്ചെടുക്കാനായി
ക്ലാസ്സുമുറിയുടെ
മൂലയ്ക്കവന്റെ മൂക്ക്
തുറന്നേയിരുന്നു…
അരമണിക്കൂറിന്റെ
വ്യാപ്തിയിലൊച്ചയിട്ട
വലിയ ഏമ്പക്കങ്ങളുടെ
ശിങ്കിടിപാടി
അവനും കൂടി
അടിച്ചുതളിക്കാരി
അമ്മിണീടെ
അഞ്ചാംക്ലാസ്സിലിരിക്കുന്ന
അഞ്ചാമത്തെ ചെക്കന്
നാലുമണിനീണ്ടമണിയ്ക്കപ്പുറം
അടിച്ചലക്കി
തേച്ചുനടുനിവർത്തി
ബാക്കിയാക്കിപ്പൊതിഞ്ഞ
പഴംചോറിന്റെ
ഓർമ്മത്തികട്ടൽ…
അവന്റെ മൗനംകൊണ്ട
ഏമ്പക്കം !
കോർപ്പറേറ്റുകാറ്റുകളിലൊന്ന്
വഴിമാറി വീശി
മുട്ടിപ്പീഡിപ്പിച്ച്
പൊതിച്ചോറു തെറിക്കുമോ
എന്നൊരു ഭയമായി
പാതാളത്തിലേയ്ക്കിറങ്ങി
ക്ലാസ്സുമുറിയിൽ വെറുതെ മയങ്ങി…