ഏകാകിത/ചവറ കെ.എസ്.പിള്ള

എന്തൊരുസുഖമെന്നോ
എനിക്കീമൗനക്കൂട്ടില്‍
ബന്ധുരേ നീ വന്നെന്നെ
പുല്‍കുമീ നിമിഷത്തില്‍
വിട്ടുപോകുന്നു മന-
ച്ചില്ലയില്‍കൂടിപാര്‍ത്തോ-
രത്തലിന്‍ കിളിക്കൂട്ടം
മാധവം തളിര്‍ക്കുന്നു.
ആയിരമിതള്‍നീര്‍ത്തി
നില്‍ക്കുന്നു കനവുകള്‍
മായികസ്വപ്നങ്ങള്‍തന്‍
ജാലകം തുറക്കുന്നു.
എനിക്കെന്തിഷ്ടം പ്രിയേ
നിന്‍ മൃദുസ്പര്‍ശത്താലേ
തുറപ്പൂ ഹര്‍ഷോന്മാദ
സ്വര്‍ഗ്ഗീയക്കനവറ
ആരവങ്ങളില്‍ നിന്നും
നിന്നെയെന്‍ സ്വന്തമാക്കാന്‍
ഞാനെത്രപണിപ്പെട്ടു
കിട്ടിയ ചങ്ങാതി നീ
പ്രാണനില്‍ വീണക്കമ്പി
മീട്ടുന്ന നിശൂന്യതേ
നീ ആത്മപ്രണയിനി
നീ സര്‍ഗ്ഗപ്രദായനി
കൊതിച്ചുനിന്നെത്തേടി
തിരക്കിലലഞ്ഞപ്പോള്‍
ഒളിച്ചുനീ,യെന്നാലും
ഇപ്പോള്‍ നീ കനിഞ്ഞല്ലോ
ഒച്ചയുമനക്കവും
ഇല്ലാത്ത സ്വച്ഛന്ദമാം
മച്ചകമൊരുക്കീ നീ
മാന്ത്രികകൂട്ടായല്ലോ
ശാന്തമീഏകാകിത
നമുക്കീ നിമിഷങ്ങള്‍
സ്വന്തമാക്കിടാം മന-
ച്ചെപ്പിനിതുറന്നീടാം.
വിട്ടുനീ പിരിയല്ലേ
ഇനിയും കൂട്ടങ്ങളില്‍
പെട്ടാല്‍ ഞാന്‍ വലയുമേ
ദുസ്സഹംഓര്‍ക്കാന്‍മേലാ.
ഒറ്റയായിരുന്നല്ലോ
ആദിയിലിടം തന്നോ-
രൊറ്റയാംമുറിയില്‍ ഞാന്‍
സൃഷ്ടിതന്‍ പൂന്തൊട്ടിലില്‍
കിട്ടിയോരിടവേള
അഭയം കഴിഞ്ഞിനി
വിട്ടുപോവതുമൊറ്റ-
ക്കാണാനന്തമാം നിത്യ-
മൂകത പുണരുമ്പോള്‍,-
ജീവനസത്യമിതേ!

home page

You can share this post!