എഴുത്തുകാരനും മീനുംഎഴുത്തുകാരൻ തന്റെ പുസ്തകത്തെ ചത്ത മീനിനെപ്പോലെ കാണണം. മീൻ കുറേ സമയം കഴിഞ്ഞാൽ ചീഞ്ഞുപോകും. അതുകൊണ്ട്‌ ചീയുന്നതിനു മുമ്പ്‌ മീൻ വിറ്റുതീർക്കുന്നവനാണ്‌ നല്ല കച്ചവടക്കാരൻ മീൻ വിൽക്കാൻ നല്ല സമയം രാവിലേയും വൈകിട്ടുമാണ്‌. ഇപ്പോൾ പിടിച്ചുകൊണ്ടുവന്നതാണ്‌ എന്ന്‌ തോന്നിപ്പിക്കാൻ ഈ സമയമാണ്‌ നല്ലത്‌. അതറിയാത്തവൻ നട്ടുച്ചയ്ക്ക്‌ മീനും കൊണ്ടുവരും; പരാജയപ്പെടും. എഴുത്തുകാരൻ വിമർശകനാണോ നോവലിസ്റ്റാണോ എന്നൊക്കെയുള്ള ചോദ്യം ബാലിശമാണ്‌. മലയാളത്തിന്റെ ഇത്തിരിവട്ടത്തിൽ ചിന്തിക്കുന്നവരാണ്‌ ഒരാൾ ഏതെങ്കിലുമൊരു മാധ്യമത്തിൽ മാത്രം തളംകെട്ടി കിടക്കണമെന്ന്‌ പറയുന്നത്‌. കൂടുതൽ പ്രതിഭയുള്ളവർ ഒന്നിലധികം രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിക്കാവുന്നതാണ്‌. പ്രമുഖ നിരൂപകനായ സൂസൻ സൊണ്ടാഗ്‌, ജോർജ്‌ സ്റ്റീനർ തുടങ്ങിയവർ നിരൂപണത്തിലും കഥാസാഹിത്യത്തിലും ഒരുപോലെ പ്രവർത്തിച്ചവരാണ്‌. നോവലിസ്റ്റ്‌ ഒർഹാൻ പാമുഖ്‌ ണല്ലോരു നിരൂപകനാണ്‌. പ്രസിദ്ധ കഥാകാരൻ ബോർഹസ്‌ വലിയ ചരിത്ര ചിന്തകനും വിമർശകനുമാണ്‌. എലിയറ്റ്‌ കവിയും നിരൂപകനുമാണ്‌. തത്ത്വചിന്തകനും സംഗീതചിന്തകനുമായ തിയോഡർ അഡോർണോ വിമർശകനുമാണ്‌. ഒരു പ്രതിഭയ്ക്ക്‌, ഉള്ളിൽ നിന്ന്‌ ശാഖികൾ പുറത്തെടുക്കാൻ വിവിധ മാധ്യമങ്ങൾ ആവശ്യമാണ്‌.
ഇന്നത്തെ ബോധത്തിന്റെ സ്വഭാവം നോക്കിയാൽ ഒരു മാധ്യമത്തിൽ തന്നെ ഒതുങ്ങുന്നതാണ്‌ അപരിഷ്കൃതത്വം. അയാളുടെ കയ്യിലുള്ള വിഭവം പരിമിതമാണെന്ന സൊ‍ാചനയാണിത്‌ തരുന്നത്‌.
നിരൂപകനാകാൻ വെറും പ്രചോദനം മാത്രം മതിയാവുകയില്ല. ഓരോ സാഹിത്യകൃതിയും പ്രവണതയും എന്താണ്‌ പ്രതിനിധീകരിക്കുന്നതെന്ന്‌ വിവേചിച്ചറിയാൻ കഴിയണം. നമ്മുടെ സാംസ്കാരിക രംഗത്തുള്ള ബഹുഭൂരിപക്ഷത്തിനും നിരൂപക മനസില്ല. വേർതിരിച്ച്‌ മനസിലാക്കാൻ കഴിവില്ലാത്തതു കൊണ്ട്‌ ഏത്‌ കൃതികണ്ടാലും ഉത്തമമാണെന്ന്‌ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. ചവർ ചവറായിട്ട്‌ കാണാനുള്ള ബോധം വേണം. അവാർഡുകളിലൂടെയല്ല മൂല്യനിർണയം ഉണ്ടാകേണ്ടത്‌. ഒരു സാഹിത്യരചന, ചരിത്രത്തിൽ എവിടെ നിൽക്കുന്നു? ഇതുവരെയുള്ള സാഹിത്യാവബോധത്തിൽ അത്‌ എന്തെങ്കിലും കൂട്ടിച്ചേർക്കുന്നുണ്ടോ തുടങ്ങിയ വിഷയങ്ങളെങ്കിലും ചിന്തിക്കാൻ കഴിയുമ്പോഴാണ്‌ നിരൂപക മനസ്‌ പ്രവർത്തിച്ചു തുടങ്ങുന്നത്‌. ഇത്‌ സ്ഥിരം കുറ്റികളായ പുസ്തക റിവ്യൂ എഴുത്തുകാർക്കും ബാധകമാണ്‌. ഏത്‌ പുസ്തകം കണ്ടാലും റിവ്യൂ ചെയ്ത്‌, പുകഴ്ത്തി, മാർക്കറ്റുണ്ടാക്കി കൊടുക്കുന്നവരെ നിരൂപകരായി കാണാൻ കഴിയില്ല.

നമ്മുടെ പരിമിതമായ സാഹിത്യചിന്തയെ മറികടക്കാനുതകുന്ന പുസ്തകങ്ങൾ വായിച്ചാൽ, കുറച്ചൊക്കെ വികസിക്കാം. അബദ്ധ ധാരണകൾ മാറിക്കിട്ടും. സ്റ്റീനറുടെ ‘ലിറ്ററേച്ചർ ആൻഡ്‌ സെയിലൻസ്‌’ എന്ന പുസ്തകം വായിച്ചാൽ, സാഹിത്യത്തെ നിശ്ശബ്ദത എങ്ങനെയാണ്‌ ഭരിക്കുന്നതെന്ന്‌ കാണാം. അയ്യപ്പപ്പണിക്കരെക്കുറിച്ചും വൈലോപ്പിള്ളിയെക്കുറിച്ചും വേണമെങ്കിൽ, നമ്മുടെ സാഹിത്യ അക്കാദമി ഭാരവാഹികൾ പ്രസംഗിച്ചുകളയും. പക്ഷേ, ഒരു കുഴപ്പമേ ഉണ്ടാകൂ; അയ്യപ്പപ്പണിക്കരും വൈലോപ്പിള്ളിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന്‌ മാത്രം അറിയില്ല. വൈലോപ്പിള്ളിയുടെ മാമ്പഴം ഉണ്ടായ കഥയും മുളന്തുരുത്തിയിലെ മാവുമെല്ലാം വിവരിച്ച്‌ ഇത്തരക്കാരുടെ ബോറൻ പ്രസംഗങ്ങൾ നിഷ്ക്രമിക്കും.
നേരത്തെ പറഞ്ഞുവന്നത്‌ മീൻ വിൽക്കുന്നതിനെക്കുറിച്ചാണ്‌. നല്ല വിൽപനക്കാരനാകാൻ എഴുതത്തുകാരൻ തയ്യാറായില്ലെങ്കിൽ, മാധ്യമങ്ങൾ അയാളെ ശ്രദ്ധിക്കുകയില്ല. പുസ്തകം വിൽക്കാനുണ്ടേ എന്ന്‌ അയാൾ അലറി വിളിച്ച്‌, ഒരു പുസ്തകം പോലും വായിക്കുകയില്ലെന്ന്‌ ശപഥം ചെയ്തിട്ടുള്ളവന്റെ അടുക്കലേക്ക്‌ നീങ്ങണം. ഒന്നും വായിക്കാത്തവൻ അവന്റെ വിഡ്ഢിത്തം മറച്ചുവയ്ക്കാനായി, ചിലപ്പോൾ നിങ്ങളെ വിമർശിച്ചേക്കാം; നിശ്ശബ്ദത പാലിക്കുക. വിൽപനയിൽ മാത്രം ശ്രദ്ധിക്കുക. മീൻ വേണോ എന്ന്‌ ചോദിക്കുന്നതിന്‌ മീൻകച്ചവടക്കാരൻ നാണിച്ചാൽ പറ്റില്ലല്ലോ. അവന്റെ നാണമൊക്കെ എന്നേ പോയതാണ്‌. അവനെപ്പോലെ എഴുത്തുകാരനും നാണം കെട്ട്‌ വിളിച്ചുകൂവണം. അപ്പോൾ ഒരു നല്ല ഉപഭോക്താവിനെയെങ്കിലും കിട്ടും.

ഇപ്പോൾ മഹത്തായത്‌, ശരാശരി, ചീത്ത എന്നിങ്ങനെയുള്ള വേർതിരിവുകൾ സാഹിത്യത്തിൽ ഇല്ലാതായിരിക്കയാണ്‌. എല്ലാത്തിനും അതാതിന്റെ വിപണിയുണ്ട്‌. നല്ല വിൽപനക്കാരന്‌ ഏത്‌ മോശം വസ്തുവും വിറ്റഴിക്കാവുന്നതാണ്‌. ഒരു പുസ്തകത്തെ ഇന്ന്‌ നിർണയിക്കുന്നത്‌ അതിന്റെ കവറും പ്രസാധകന്റെ സ്വാധീനവുമാണ്‌. കൗശലമുള്ള പ്രസാധകനാണെങ്കിൽ, അയാൾക്കും മീൻവിൽപനക്കാരനാവാം. അയാൾ തന്റെ ഉൽപന്നത്തെ നന്നായി വിളിച്ചുകൂവി വിൽക്കും; അവാർഡ്‌ വാങ്ങിക്കൊടുക്കും.

പൊൻകുന്നം വർക്കി തന്റെ ചെറിയ പുസ്തകവുമായി വീടുകൾ തോറും കയറിയിറങ്ങി വിറ്റിട്ടുണ്ട്‌. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഒരു മീറ്റിംഗിൽ അദ്ദേഹം ഇത്‌ വിവരിച്ചതു ഞാനോർക്കുന്നു. അന്ന്‌ കവർചിത്രമല്ലായിരുന്നു വിൽപനയുടെ ഘടകം; വർക്കി എന്ന ഉത്സാഹിയായിരുന്നു. ഇപ്പോൾ പുസ്തകം വായിക്കാനുള്ളതല്ല; കാണാനും സൂക്ഷിക്കാനുമുള്ളത്‌ എന്ന അർത്ഥത്തിലേക്ക്‌ തരം താണിരിക്കയാണ്‌. എഴുത്തുകാരനാവാൻ പ്രതിഭ എന്തിനെന്ന്‌ ചോദിക്കുന്ന ധാരാളം എഴുത്തുകാർ തന്നെ ഉദയം ചെയ്തിരിക്കുന്നു. പ്രസാധകന്മാർ ആളെവച്ച്‌ എഴുതികൊടുക്കുന്ന നോവൽ വാങ്ങി സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച്‌ ഞെളിഞ്ഞു നടക്കുന്നവർ വരെയുണ്ട്‌.

നല്ല കൃതി എഴുതിയാൽ, അത്‌ സ്വാഭാവികമായി ശ്രദ്ധിക്കപ്പെടുന്ന കാലം പോയി. അതിന്റെ നന്മ എവിടെയോ മറഞ്ഞിരിക്കുകയാണ്‌. എല്ലാവരുടെ മനസിലും നന്മകളുണ്ട്‌. പക്ഷേ, അത്‌ പുറത്തുവരാനോ വളരാനോ അനുവദിക്കില്ല. നാം തന്നെ അതിനെ നശിപ്പിക്കും. അത്‌ ഉറവിടത്തിൽ തന്നെ സംസ്കരിക്കപ്പെടുകയാണ്‌. അതുകൊണ്ട്‌, നന്മകളെ പുറത്തെങ്ങും കാണാനില്ല. വർഷങ്ങളുടെ തപസുകൊണ്ട്‌ ഒരാൾ നേടുന്ന അറിവിനെ അംഗീകരിക്കാനുള്ള നീതിബോധം എവിടേക്കോ അപ്രത്യക്ഷമായിരിക്കുന്നു.
    മാധ്യമങ്ങൾ എല്ലാത്തരം ജ്ഞാനത്തിനും ചിന്തയ്ക്കും എതിരാകുന്നത്‌ ഇതിന്റെ ഭാഗമായി കാണണം. മാധ്യമങ്ങളിലും നന്മയുണ്ട്‌. പക്ഷേ, അത്‌ ഉറവിടത്തിൽവച്ചു തന്നെ നശിപ്പിച്ചുകളയുകയാണ്‌. മാധ്യമങ്ങളും രാഷ്ട്രീയവും ചേർന്ന്‌ എന്തിനെയും നിസ്സാരവത്കരിക്കുകയും കാലികമായി ചുരുക്കുകയുമാണ്‌. ജ്ഞാനമുകുളങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുക എന്ന പ്രക്രിയ തുടരുകയാണ്‌. ഇതാണ്‌ ഭാവനയുടെ മരണം. സാർവത്രികമായ ദുരന്തത്തിന്റെ ഒരു ബാഹ്യ അടയാളമാണിത്‌. ഓരോ പച്ചിലയെയും നന്മയുടെ നാമ്പിനെയും അവിടെവച്ചുതന്നെ പിഴുതെറിയുന്ന ദുരന്താത്മകതയെക്കുറിച്ചാണ്‌ എഴുത്തുകാർ എഴുതേണ്ടത്‌. ഒരു പൂവ്‌ വിടർന്നു വന്നയുടനെ അതിനെ കായിലേക്കും തണ്ടിലേക്കും പിന്നെ തടിയിലേക്കും പറഞ്ഞയയ്ക്കുന്ന ഈ ദുരന്തബോധത്തെപ്പറ്റി, ഇവിടെ ആരാണ്‌ എഴുതാനുള്ളത്‌? ഇങ്ങനെ തന്നെ വേണമെന്ന്‌ പറയുന്നതാണ്‌ മരണാഭിമുഖ്യമാകുന്നത്‌. ഇതാണ്‌ ഭീഷണിയെന്ന്‌ മനസിലാക്കി, ഇതിനെതിരെ എഴുതാനാണ്‌ തുനിയേണ്ടത്‌.
    ഉള്ളിൽ നന്മയുണ്ട്‌; പക്ഷേ പുറത്തേക്ക്‌ വരുന്നത്‌ കഫവും അഴുക്കുമാണ്‌. സത്ത്‌, ജ്ഞാനം, ധർമ്മം എല്ലാം എവിടെയാണോ ഉണ്ടാകുന്നത്‌ അവിടെവച്ചുതന്നെ അവസാനിക്കുന്നു. ഈ ക്രൂരതയാണ്‌ ഇന്നത്തെ സാംസ്കാരികജീവിതത്തിന്റെ കാതൽ.

പക്ഷേ, ഒരു മഹത്തായ തത്ത്വം നല്ല എഴുത്തുകാർക്ക്‌ എന്നും ആശ്വാസം പകരും. യഥാർത്ഥ കൃതികൾക്ക്‌ ലക്ഷം വായനക്കാരുടെ ആവശ്യമില്ല. ഒരു നല്ല വായനക്കാരൻ ഉണ്ടാകുന്നതുപോലും വൻ വിജയമാണ്‌. ചില പുസ്തകങ്ങൾക്ക്‌ ഒരു തിടുക്കവുമില്ല. ആ പുസ്തകം വായനക്കാരെ വായിക്കുന്നുവേന്ന്‌ പ്രസിദ്ധ ചിന്തകനായ വാൾട്ടർ ബഞ്ചമിൻ പറഞ്ഞതോർക്കുകയാണ്‌.

ഉത്തര-ഉത്തരാധുനികത എന്ന്‌ പറയുന്നത്‌ ഈ ഭാവനയുടെ മരണമാണ്‌ അന്തർവഹിക്കുന്നത്‌. തീറ്റയും ആഘോഷവും മാത്രം ബാക്കിയാവുന്നു. ഓർമ്മയും സ്നേഹവും ഉത്തരവാദിത്തവും എവിടേക്കോ ഉൾവലിയുന്നു. ശബ്ദഭംഗിയിലും ദൃശ്യഭംഗിയിലുമാണ്‌ അത്‌ വ്യക്തിത്വത്തെ അറിയാൻ ശ്രമിക്കുന്നത്‌. ഏത്‌ വ്യക്തിത്വവും അതിന്‌ വെറുതെ ഉപയോഗിക്കാനുള്ളതാണ്‌; പിന്നീട്‌ മറന്നുകളയുന്നു. പ്രണയത്തെ ഉപയോഗിക്കുകമാത്രമാണ്‌; മനസിനുള്ളിലേക്ക്‌ കയറ്റുകയില്ല.

ഇന്ന്‌ സൗന്ദര്യത്തിന്റെ, ഭാഷയുടെ, രൂപത്തിന്റെ തലത്തിൽ വെല്ലുവിളി ഉയർത്തുന്ന കൃതികൾ ഉണ്ടാകുന്നില്ലല്ലോ. എല്ലാം ഇന്നലേകളിൽ കേട്ടതു മാത്രം. ഇത്തരം കൃതികളെക്കുറിച്ച്‌ ലേഖനങ്ങൾ എഴുതുന്നതുകൊണ്ട്‌ ആർക്കും പ്രയോജനമുണ്ടാവില്ല. വിമർശനം ഇല്ലാതാകുന്നുവേന്നതിനെ തെറ്റായി കാണേണ്ടതില്ല; അത്‌ ഈ കാലത്തോടുള്ള ഒരു പ്രതികരണമായി കണ്ടാൽ മതി.

ഇവിടെ ചില അക്കാദമിക്‌ വിമർശകർ, കുട്ടികളെ പഠിപ്പിക്കുന്ന പോലെ എഴുതുന്നത്‌ കാണാം. യാഥാസ്ഥിതിക സാമൂഹ്യ സങ്കൽപങ്ങളിലും സാംസ്കാരിക ഫ്യൂഡലിസത്തിലും ആണ്ടിറങ്ങി നിന്നശേഷം ഇവർ ഉത്തരാധുനികതയെഴുതുന്നു. മാനവികതയുടെ ഒരംശംപോലും ഇവരുടെ രചനകളിലില്ല. സാഹിത്യവിമർശനം എന്ന പേരിൽ ഗവേഷണ ഫലങ്ങൾ ഇറക്കുന്നവരുണ്ട്‌. സ്വന്തം പി.എച്ച്‌.ഡി പ്രബന്ധം സാഹിത്യവിമർശനമാണെന്ന്‌ തെറ്റിദ്ധരിച്ചിട്ടുള്ള അദ്ധ്യാപകരും കുറവല്ല. വിമർശകന്‌ ഏറ്റവും അത്യാവശ്യം വേണ്ടത്‌ കലാബോധവും ദാർശനികഭാവവുമാണ്‌. ഓരോ വാക്യത്തിലും കലയുണ്ടാകണം. യന്ത്രത്തെപ്പോലെ നിർവ്വികാരമായാണ്‌ ചിലർ സാഹിത്യമെഴുതുന്നത്‌! ഇവരുടെയുള്ളിൽ ഒരു മനുഷ്യജീവിപോലുമില്ല; വരണ്ട ഭൂമിയാണ്‌ അവിടെയുള്ളത്‌. ഭാഷയിൽ ആത്മാവിന്റെ പച്ചപ്പും ഓർമ്മകളുടെ അറയും ചിന്തയുടെ സ്നിഗ്ദ്ധമായ ലോകങ്ങളും സൃഷ്ടിക്കണം. അപ്പോഴാണ്‌ അത്‌ വിമർശകന്റെ രചനയാകുന്നത്‌. അങ്ങനെയൊരു ഗദ്യം സൃഷ്ടിക്കാൻ ഇന്നത്തെ അദ്ധ്യാപകർക്കോ ഗവേഷകർക്കോ കഴിയുന്നില്ല.

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006