എല്ലാം ശരിയാവും?

 

എല്ലാം ശരിയാവും എന്നുതന്നെ ആശ്വാസപ്പെട്ടതാണ്
ഒന്നും നേരെയായില്ലെന്ന്
തിരിച്ചറിഞ്ഞേടം വരെ…

ചാരുപടിയിൽ ചാരി
ആകാശം കണ്ടിട്ടില്ല ..
പുതിയ സിറ്റൗട്ട്
സൂക്ഷ്മാംശസമൃദ്ധിയിൽ
കാശേറെ ചെലവാക്കി – ത്തീർത്തതാണെങ്കിലും…!

പഴയവീട്ടിലെ അസൗകര്യങ്ങൾ
വളരെ ആസൂത്രണം ചെയ്ത്
കീറിമുറിച്ച് പഠിച്ച്പുതിയ
വീട്ടിൽ നിന്ന് അകറ്റാൻ
ധ്യാനിച്ച ദിവസങ്ങൾ….

ഉറക്കത്തിലും
കമ്പിയും സിമന്റുമായി
ജീവിതത്തിൽ നിന്ന്
തട്ടിക്കുറക്കേണ്ട
നിദ്രാവിഹീനതകൾ …

ഏറെ ഗൃഹപാഠം ചെയ്തൊരുക്കിയ
പുസ്തക ഷെൽഫുകളുടെ
കുലീനത….

പിന്നീടൊരിക്കൽ ചുവരിൽ തൂക്കാൻ
മുൻകൂറായി വാങ്ങി വെച്ചെങ്കിലും
പിന്നീടൊരിക്കലും ചുവരിൽ തൂങ്ങാതെ
തട്ടിൻപുറത്ത് അനാഥരായ
ദാലി, വാൻഘോഗ്,
പിക്കാസോ…
ഗോതമ്പു പാടത്തെ കാക്കകൾ…

നാലു വർഷത്തിനിപ്പുറവും
തുറന്നു തന്നെ കിടന്ന,
വാഷ്ബേസിൻ
പിടിപ്പിക്കാൻ തുരന്ന ചുവർ !
കല്ലുകൊത്തു സമരം കാരണം
മുടങ്ങിയിട്ട്
പിന്നൊരിക്കലും
പൂർത്തിയാകാത്ത ചുറ്റുമതിൽ

അലമാരയും സ്റ്റോർ മുറിയും
കിടപ്പുമുറിയും കട്ടിലും
മേശയും കവിഞ്ഞ്
സ്വീകരണമുറിയോളം
പരന്നൊഴുകിയ
ജീവിതം പോൽ അലങ്കോലമായ
വീട്ടു സാമാനങ്ങൾ,
പുസ്തകങ്ങൾ,
വിഴുപ്പു തുണികൾ…

എല്ലാം ചിതറിച്ച് പുതിയ വീടിന്റെ വിശാലതയും പഴയ കുഞ്ഞുവീടിന്റെ
അസൗകര്യങ്ങൾ അനശ്വരപ്പെടുത്തി.

അലങ്കോല രാജ്യത്തെ കിരീടാവകാശിയായി അവളെന്നെയും ഞാൻ അവളെയും
ഞങ്ങൾ മക്കളെയും
മക്കൾ ഞങ്ങളെയും വാഴിച്ച്
സ്വയം വിശുദ്ധരായി….

ഇതിന്റെ പേരിലുള്ള കലഹങ്ങളാൽ
എന്നും മുഖരിതമായ വീട്ടിൽ
പാത്രങ്ങൾ വീണു പൊട്ടി!
മുഖം വീർപ്പിച്ച
ആർഭാടം തികഞ്ഞ കട്ടിലുകളിൽ
രാത്രികൾ ഉറക്കം കെട്ടു..

അയൽപക്കത്തെ പട്ടാളക്കാരന്റെ
വീട്ടിലെ അടുക്കും ചിട്ടയിൽ
ഒളിഞ്ഞു നോക്കി ഞങ്ങൾ
ഇടതടവില്ലാതെ നെടുവീർപ്പിട്ടു.
കഴിഞ്ഞ മാസത്തെ പത്രം പോലും
ചുളിവു വീഴാതെ ഇസ്തിരി വടിവിൽ….

ഇനിയെങ്കിലും
പരിശീലിക്കണം
അടക്കം….
ചിട്ടയുണ്ടാവണം
അടുക്കും …

ഒന്നും ശരിയാവില്ല…
ശരിയാവേണ്ട!
എല്ലാം നിരതെറ്റാതെ
വരി തെറ്റാതെ
സ്ഥാനം തെറ്റാതെ
പട്ടാള ക്യാമ്പു പോലെ
അച്ചടക്കം പാലിക്കുന്ന
വീടുകളെ ഭയം…
അത്തരം വീടുകളിൽ
എന്തോ ഒരില്ലായ്മ …
എനിക്കിഷ്ടം
അലങ്കോലത്തിന്റെ ‘ഉള്ളായ്മ.’

ചിട്ടയുടെ സൗന്ദര്യമല്ല
അലങ്കോലത്തിന്റെ
സർഗാത്മകതയാണ്
ജീവിതത്തെ ചലനാത്മകമാക്കുന്നത്
എന്നെങ്ങനെയാണ്
നിങ്ങളെ…..!

You can share this post!