
.
(ബ്രിട്ടീഷ് ഇന്ത്യയിലെ അകോലയിൽ 1870 ൽ ജനിച്ച എച്ച്. എച്ച്. മൺറോ (സാക്കി) ഇംഗ്ലീഷ് സാഹിത്യത്തിലെ ശ്രദ്ധേയനായ കഥാകൃത്തായിരുന്നു. മൂർച്ചയേറിയ പരിഹാസവും ആക്ഷേപഹാസ്യവും അപ്രതീക്ഷിതമായ അന്ത്യവുമാണ് അദ്ദേഹത്തിന്റെ കഥകളുടെ മുഖ്യ സവിശേഷതകളായി കരുതപ്പെടുന്നത്. ‘ദി ഓപ്പൺ വിൻഡോ’, ‘ദി ഇന്റർലോപ്പേഴ്സ്’, ‘ദി മൗസ്’, ‘സ്രോളി ബേർഡ്’, ‘ടോബി മോബ്ൾഡ്’ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ കഥകളാണ്. ‘ദി ക്രോണിക്കിൾസ് ഓഫ് ക്ലോവിസ്’, ‘ബീസ്‌റ്റ്സ് ആൻഡ് സൂപ്പർ-ബീസ്‌റ്റ്സ്’, ‘ദി ടോയ്സ് ഓഫ് പീസ്’ എന്നിവ പ്രധാന കൃതികളിൽപ്പെടുന്നു. 1916-ൽ ഒന്നാം ലോകമഹായുദ്ധത്തിനിടെ ഫ്രാൻസിൽ വച്ച് വെടിയേറ്റു മരിച്ചു.)
ശൈശവം മുതൽ മദ്ധ്യവയസ്സിന്റെ അതിരുകളോളം തിയോഡോറിക് വോളറെ വളർത്തിയത് വാത്സല്യത്തിന്റെ നിറകുടമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരമ്മയായിരുന്നു. താനനുഭവിച്ചിട്ടുള്ള ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിൽനിന്നയാളെ മറച്ചുവയ്ക്കുക എന്നതായിരുന്നു ആ അമ്മയുടെ ഏറ്റവും വലിയ കരുതൽ. അവരുടെ മരണശേഷം ഈ ലോകത്തിൽ തിയോഡോറിക് ഒറ്റയ്ക്കായി. ആ ലോകം എപ്പോഴത്തെയും പോലെ യാഥാർത്ഥ്യപൂർണമായിരുന്നു, എന്നാൽ, തിയോഡോറിക് കരുതിയിരുന്നതിനെക്കാൾ ഏറെ പരുക്കനുമായിരുന്നു. ഒരു സാധാരണ തീവണ്ടിയാത്രപോലും അയാളെ സംബന്ധിച്ചിടത്തോളം ചെറുചെറു ശല്യങ്ങളും നിസ്സാരമായ പൊരുത്തക്കേടുകളും നിറഞ്ഞവയായിരുന്നു. അങ്ങനെ ഒരു യാത്രയ്ക്കായി ഒരു സെപ്തംബർ പ്രഭാതത്തിൽ ഒരു രണ്ടാംക്ലാസ് കമ്പാർട്ട്മെന്റിൽ ഇരിപ്പുറപ്പിക്കുമ്പോൾ, അലങ്കോലപ്പെട്ട വികാരങ്ങളും പൊതുവായ മാനസിക അസ്വസ്ഥതയും അയാളനുഭവിച്ചുകൊണ്ടിരുന്നു, അതിനെക്കുറിച്ചയാൾ ബോധവാനുമായിരുന്നു.
ഒരു ഗ്രാമത്തിലെ വികാരിയുടെ വസതിയിലാണയാൾ അമ്മയുടെ മരണശേഷം താമസിച്ചിരുന്നത്. അവിടെയുള്ളവരാരും ക്രൂരരോ ഉന്മത്തരോ ആയിരുന്നില്ല. എന്നാൽ വീട്ടുകാര്യങ്ങളുടെ നടത്തിപ്പിൽ അവർ പുലർത്തിയിരുന്ന അശ്രദ്ധ, ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാകാറുണ്ട്. അയാളെ സ്റ്റേഷനിലെത്തിക്കേണ്ട കുതിരവണ്ടി നേരത്തേ തന്നെ തയ്യാറാക്കി നിർത്തേണ്ടത്തയായിരുന്നുവെങ്കിലും ആരും അതു ചെയ്തിരുന്നില്ല. അതിനു വേണ്ട ഏർപ്പാടുകളുണ്ടായില്ല. പുറപ്പെടാനുള്ള സമയം അടുത്തെത്തിയപ്പോൾ, വണ്ടി കൊണ്ടുവരേണ്ട പരിചാരകനെ എങ്ങും കണ്ടതുമില്ല. ഈ അടിയന്തരസാഹചര്യത്തിൽ, ഉള്ളിലെ കടുത്ത അസ്വസ്ഥത പുറത്തു പ്രകടിപ്പിക്കാതെ, വികാരിയുടെ മകളോടൊപ്പം കുതിരയെ വണ്ടിയിൽ കെട്ടുന്ന ജോലിയിൽ തിയോഡോറിക്കിനും പങ്കുചേരേണ്ടിവന്നു. അതിനായി, കുതിരാലായം എന്നു വിളിക്കപ്പെട്ട വെളിച്ചം തീരെ കുറഞ്ഞ ഒരു കെട്ടിടത്തിനുള്ളിൽ അയാൾക്ക് തപ്പിത്തടഞ്ഞ് നടക്കേണ്ടിവന്നു. അവിടെ നിന്നപ്പോൾ ലായത്തിൽ നിന്നെന്നപോലെ തന്നിൽ നിന്നും ദുർഗന്ധം വമിക്കുന്നോ അന്ന ശങ്ക അയാളിലുണ്ടായി. പലയിടങ്ങളിൽ നിന്നും എലികളുടെ മണം വരുന്നുമുണ്ടായിരുന്നു. തിയോഡോറിക്കിന് യഥാർത്ഥത്തിൽ എലികളെ ഭയമൊന്നുമില്ല, എങ്കിലും, അവയെ ജീവിതത്തിലെ അനാവശ്യവും പരുക്കനുമായ ഇടപെടലുകളുടെ കൂട്ടത്തിലാണയാൾ ഉൾപ്പെടുത്തിയിരുന്നത്. ഒട്ടൊന്ന് ധാർമ്മിക ധൈര്യം കാണിക്കുമ്പോഴൊക്കെ, എലികൾ അനിവാര്യമായ ജീവജാലങ്ങളല്ലെന്ന് ദൈവത്തിനു പണ്ടേ മനസ്സിലാക്കാമായിരുന്നു എന്നും, അവയെ ഭൂമിയിൽനിന്ന് പിൻവലിച്ച് പ്രചാരത്തിൽനിന്നൊഴിവാക്കാമായിരുന്നു എന്നും അയാൾ കരുത്താറുണ്ട്.
സ്റ്റേഷനിൽനിന്ന് തീവണ്ടി പതുക്കെ നീങ്ങിത്തുടങ്ങിയപ്പോൾ തന്റെ പിരിമുറുക്കമേറിയ ഭാവന സ്വയം കുറ്റപ്പെടുത്താൻ തുടങ്ങി. തന്റെ ശരീരത്തിൽനിന്ന് കുതിരാലയത്തിന്റെ ദുർഗന്ധം വമിക്കുന്നുണ്ടാകുമോ? നന്നായി തേച്ചുമിനുക്കിയ തന്റെ വസ്ത്രങ്ങളിൽ ഒന്നുരണ്ടു പൂപ്പൽ പിടിച്ച വൈക്കോൽത്തണ്ടുകൾ പറ്റിപ്പിടിച്ചിട്ടുണ്ടാകുമോ? ഭാഗ്യവശാൽ, കമ്പാർട്ട്മെന്റിൽ അയാളെ കൂടാതെ ഒരേയൊരു യാത്രക്കാരി മാത്രമാണുണ്ടായിരുന്നത്. തന്റെ പ്രായത്തോടടുത്ത ഒരു സ്ത്രീ. അവർക്കാകട്ടെ തന്നെ സൂക്ഷിച്ചുനോക്കുന്നതിനേക്കാൾ ഉറങ്ങുന്നതിലാണു താൽപ്പര്യമെന്നു തോന്നി. ഇനിയുള്ള സ്റ്റേഷനുകളിൽ ഈ വണ്ടി നിർത്തുകയില്ല. അവസാന സ്റ്റേഷനിലെത്തുന്നതുവരെ. അവസാന സ്റ്റേഷനിലെത്താൻ ഒരു മണിക്കൂറെടുക്കും. മാത്രമല്ല, അവരിരുന്ന പഴയ രീതിയിലുള്ള ആ കമ്പാർട്ട്മെന്റിന് ഇടനാഴിയിലേക്കുള്ള വാതിൽപോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട്, തന്റെ അർദ്ധസ്വകാര്യതയിലേക്ക് മറ്റൊരു യാത്രക്കാരനും കടന്നുവരാൻ സാധ്യതയില്ലെന്ന് തിയോഡോറിക് ആശ്വസിച്ചു. എന്നിട്ടും, തീവണ്ടി സാധാരണ വേഗതയിലെത്തിയ ഉടൻതന്നെ, താൻ ഉറങ്ങിക്കിടക്കുന്ന ആ സ്ത്രീയോടൊപ്പം മാത്രമല്ല, താൻ ഒറ്റയ്ക്കല്ലെന്നൊരു അസ്വസ്ഥമായ ബോധ്യം അയാളിൽ ശക്തമായി തെളിഞ്ഞു. സ്വന്തം വസ്ത്രങ്ങൾക്കുള്ളിലും താൻ ഒറ്റയ്ക്കായിരുന്നില്ല. ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഒരു ചെറുചൂടുള്ള ചലനം, താൻ തീരെ ആഗ്രഹിക്കാത്തതും ശക്തമായി വെറുത്തതുമായ ഒരു സാന്നിദ്ധ്യത്തെക്കുറിച്ചറിയിച്ചു. വഴിതെറ്റിയെത്തിയ ഒരു എലിയായിരുന്നു, കാണാനാവാത്തതെങ്കിലും അസഹനീയമായ ആ സാന്നിദ്ധ്യം. കുതിരയെ വണ്ടിയിൽ കെട്ടുന്ന സമയത്തെ ബഹളത്തിനിടയിൽ അത് തന്റെ ഇപ്പോഴത്തെ അഭയസ്ഥാനത്തേക്ക് ഓടിക്കയറിയതായിരിക്കണം. പല തവണ നടത്തിയ ഒളിഞ്ഞുള്ള ചവിട്ടലുകൾക്കോ ശരീരം കുടഞ്ഞുലയ്ക്കലുകൾക്കോ ലക്ഷ്യമില്ലാതെയുള്ള ഞെക്കിപ്പിടിക്കലുകൾക്കോ ആ അതിക്രമിയെ പുറത്താക്കാനായില്ല. അതിന്റെ മുദ്രാവാക്യം തന്നെ ‘കൂടുതൽ ഉയരങ്ങളിലേക്ക്’ എന്നതായിരുന്നുവെന്നു തോന്നി. വസ്ത്രങ്ങളുടെ നിയമാനുസൃത ഉടമയായ തിയോഡോറിക് സീറ്റിന്റെ മൃദുവായ പിൻതാങ്ങിൽ ചാരിക്കിടന്ന്, ഈ ഇരട്ട ഉടമസ്ഥതയ്ക്ക് എങ്ങനെയെങ്കിലും അറുതി വരുത്താനുള്ള മാർഗ്ഗത്തെക്കുറിച്ചാലോചിക്കാനാരംഭിച്ചു. അലഞ്ഞുതിരിയുന്ന എലിക്കുള്ള താമസസ്ഥലമായി ഒരു മണിക്കൂറോളം താൻ മാറുന്നത് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു. ഇതിനകം തന്നെ, ആക്രമണകാരികളുടെ എണ്ണം തന്റെ ഭാവനയിൽ അനുനിമിഷം പെരുത്തു തുടങ്ങിയിരിക്കുന്നു, ഇരട്ടിയായിക്കൊണ്ടിരുന്നു. എന്നാൽ അതേ സമയം ആ പീഡകനിൽനിന്ന് മോചനം നേടാൻ വസ്ത്രത്തിന്റെ ഒരു ഭാഗമെങ്കിലും അഴിച്ചുമാറ്റുന്നതിൽ കുറഞ്ഞൊരു മാർഗവും മതിയാകില്ലായിരുന്നു. പക്ഷേ ഒരു സ്ത്രീയുടെ സാന്നിദ്ധ്യത്തിൽ വസ്ത്രമഴിക്കുന്നതെങ്ങനെ? അതെത്ര മഹത്തായ ലക്ഷ്യത്തിനുവേണ്ടിയായാലും ചെയ്യുന്നതെങ്ങനെ? ആ ചിന്ത തന്നെ അയാളുടെ ചെവിത്തുമ്പുകളെ പോലും നാണത്തിന്റെ കടുത്ത ചുവപ്പിൽ കുളിപ്പിച്ചു. സ്ത്രീകളരികിലുള്ളപ്പോൾ സോക്സിന്റെ സാന്നിദ്ധ്യമില്ലാത്ത കാലു പോലും കാണിക്കാനയാൾക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോൾ അരികിലിരിക്കുന്ന സ്ത്രീ പൂർണമായും ഉറങ്ങുകയാണെന്ന് തോന്നുന്നു. അത് ഒരു സുരക്ഷിതത്ത്വമാണ്. ആ എലിയാകട്ടെ എത്രയും വേഗം തന്റെ ഈ നീണ്ട അലച്ചിൽ പൂർത്തിയാക്കാൻ ശ്രമിക്കുന്നതുപോലെയായിരുന്നു. അതിനുതകുന്ന ശക്തമായ ചലനങ്ങൾ കാഴ്ചവയ്ക്കുന്നുണ്ടായിരുന്നു. ജീവജാലങ്ങളുടെ പുനർജന്മത്തെക്കുറിച്ചുള്ള സിദ്ധാന്തത്തിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ, ഈ പ്രത്യേകാൽ എലി അതിന്റെ മുൻജന്മത്തിൽ തീർച്ചയായും ആൽപൈൻ ക്ലബ്ബിലെ* അംഗമായിരുന്നിരിക്കണം. ചിലപ്പോൾ അതിയായ ആവേശത്തിലതിനു പിടിവിട്ടുപോകും. അര ഇഞ്ചോളം താഴേക്ക് തെന്നും. അപ്പോൾ, ഭയന്നിട്ടോ അല്ലെങ്കിൽ കോപിച്ചിട്ടോ, അത് കടിക്കും. രണ്ടാമത്തേതാകാനാണ് കൂടുതൽ സാധ്യത. അതിനാലങ്ങനെയങ്ങനെ തിയോഡോറിക് തന്റെ ജീവിതത്തിലെ ഏറ്റവും ധീരമായ ഒരു പ്രവൃത്തി ചെയ്യുവാൻ പ്രേരിതനായി. ബീറ്റ്റൂട്ടിന്റേതു പോലെയുള്ള കടും ചുവപ്പു മുഖവുമായി ഉറങ്ങിക്കിടക്കുന്ന സഹയാത്രികയെ വേദനയോടെ നിരീക്ഷിച്ചുകൊണ്ട്, അയാൾ തന്റെ റെയിൽവേ പുതപ്പിന്റെ രണ്ടറ്റവും കമ്പാർട്ട്മെന്റിന്റെ ഇരുവശങ്ങളിലുമുള്ള ലഗേജ് തട്ടുകളിൽ കെട്ടി. അതിവേഗം. ശബ്ദമുണ്ടാക്കാതെ. കമ്പാർട്ട്മെന്റിനു കുറുകെ ഒരു കനത്ത തിരശ്ശീല തൂങ്ങി. അങ്ങനെ താൽക്കാലികമായൊരുക്കിയെടുത്ത ഇടുങ്ങിയ മുറിക്കുള്ളിൽ, തിയോഡോറിക് അക്രമാസക്തമായ വേഗത്തിൽ തന്റെ ശരീരത്തെ ട്വീഡിന്റെയും പാതി കമ്പിളിയുടെയും വസ്ത്രക്കൂട്ടിൽനിന്ന് ഭാഗികമായി മോചിപ്പിക്കാനാരംഭിച്ചു. അതോടൊപ്പം എലിയെ ആ വസ്ത്രക്കെട്ടുകളിൽനിന്ന് പൂർണമായും പുറത്തെടുക്കുകയും ചെയ്തു. മോചിതനായ എലി വന്യമായ കുതിപ്പോടെ നിലത്തേക്കു ചാടി. അതേ നിമിഷം, ഇരുവശത്തുമുള്ള കെട്ടുകൾ വഴുതി. മറയായിരുന്ന പുതപ്പു താഴേക്കു പതിച്ചു. അതുണ്ടാക്കിയ ഹൃദയം മരവിപ്പിക്കുന്ന ‘ധപ്പ്’ എന്ന ശബ്ദം കേട്ട ഉറങ്ങിക്കിടന്ന യാത്രക്കാരി കണ്ണുതുറന്നു. എലിയെക്കാൾ വേഗത്തിലുള്ള ഒരു ചലനത്തോടെ തിയോഡോറിക് പുതപ്പിന്മേൽ ചാടിവീണു. അതിന്റെ വിശാലമായ മടക്കുകൾ താടിവരെ ഉയർത്തി, വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ തന്റെ ശരീരം അതിനടിയിൽ മറച്ചു. കമ്പാർട്ട്മെന്റിന്റെ അങ്ങേയറ്റത്തെ മൂലയിലേക്ക് ചുരുണ്ടുവീണു. കഴുത്തിലെയും നെറ്റിയിലെയും രക്തധമിനികളുടെ വേഗം വർദ്ധിച്ചു. ഒന്നും മിണ്ടാതെ, സംഭാഷണച്ചരടുകൾ വലിച്ചു മുറുക്കുന്നത് മറുഭാഗത്തു നിന്നാകാൻ കാത്തിരുന്നു. എന്നാൽ ആ സ്ത്രീയാകട്ടെ, വിചിത്രമായി പുതപ്പിൽ പൊതിഞ്ഞിരിക്കുന്ന തന്റെ സഹയാത്രികനെ നിശ്ശബ്ദമായി നോക്കിക്കൊണ്ടിരിക്കുക മാത്രം ചെയ്തു. തന്റെ ശരീരം എത്രമാത്രം വെളിപ്പെട്ടിട്ടുണ്ടാകും? ഇപ്പോഴത്തെ തന്റെ ഈ വിചിത്രമായ ഇരിപ്പു കണ്ടിട്ട് അവരെന്തായിരിക്കും ചിന്തിക്കുന്നുണ്ടാകുക?
“എനിക്ക് ജലദോഷം പിടിപെട്ടുവെന്ന് തോന്നുന്നു,” തിയോഡോറിക് നിരാശയോടെ പറഞ്ഞു.
“ശരിക്കും? എനിക്ക് വിഷമമുണ്ട്,” അവൾ മറുപടി പറഞ്ഞു. “ഈ ജനൽ ഒന്നു തുറന്നുതരുമോ എന്നു നിങ്ങളോട് ചോദിക്കാനിരിക്കുകയായിരുന്നു.”
“മലേറിയയാണോ എന്ന സംശയമുണ്ട്,” അയാൾ കൂട്ടിച്ചേർത്തു. ഭയന്നതുകൊണ്ടും തന്റെ വാദത്തിന് കുറച്ചുകൂടി വിശ്വാസ്യത നൽകണമെന്ന ആഗ്രഹത്താലും പല്ലുകൾ നേരിയ തോതിൽ കൂട്ടിയിടിച്ചുകൊണ്ടിരുന്നു.
“എന്റെ ബാഗിൽ കുറച്ച് ബ്രാൻഡിയുണ്ട്.” സഹയാത്രിക പറഞ്ഞു.
“വേണ്ട. അത് ഉദ്ദേശിച്ചല്ല, എനിക്ക് അങ്ങനെ ഒന്നും കഴിക്കുന്ന പതിവില്ല,” ആയാളുടെ വാക്കുകൾ ആത്മാർത്ഥമായിരുന്നു.
“ഉഷ്ണമേഖലയിൽ വെച്ചായിരിക്കണം നിങ്ങൾക്കിതു പിടിപെട്ടത്?”
ഉഷ്ണമേഖലകളുമായുള്ള തിയോഡോറിക്കിന്റെ പരിചയം, സിലോണിലുള്ള ഒരു അമ്മാവൻ എല്ലാ വർഷവും സമ്മാനമായി അയച്ചിരുന്ന ഒരു പെട്ടി ചായയിൽ ഒതുങ്ങുന്നു. അതുകൊണ്ടുതന്നെ, മലേറിയയും തന്നെ വിട്ടുപോകുന്നുവെന്നയാൾക്കു തോന്നി.
യഥാർത്ഥ അവസ്ഥ ഈ സ്ത്രീയോട് വെളിപ്പെടുത്താൻ കഴിയുമോ? അയാൾ ആലോചിച്ചു.
“നിങ്ങൾക്ക് എലികളെ പേടിയാണോ?” തിയോഡോറിക്ക് ചോദിച്ചു.
“അവ കൂട്ടത്തോടെ വന്നില്ലെങ്കിൽ ഇല്ല. എന്താണു ചോദിക്കാൻ കാരണം?”
“ഇപ്പോൾ ഒരെണ്ണം എന്റെ വസ്ത്രത്തിനുള്ളിൽ ഇഴഞ്ഞുനടക്കുകയായിരുന്നു,” തിയോഡോറിക് പറഞ്ഞു. ആ ശബ്ദം തന്റേതുതന്നെയാണെന്ന് അയാൾക്ക് പോലും തോന്നിയില്ല. “വളരെ അസഹ്യമായ ഒരു അവസ്ഥയായിരുന്നു അത്.”
“നിങ്ങൾ വസ്ത്രങ്ങൾ വളരെ മുറുക്കിയാണ് ധരിക്കുന്നതെങ്കിൽ അങ്ങനെ തന്നെയായിരിക്കണം,” അവർ പറഞ്ഞു. “എന്നാൽ എലികൾക്ക് സുഖസൗകര്യങ്ങളെക്കുറിച്ച് വിചിത്രമായ ധാരണകളാണുള്ളത്.”
“നിങ്ങൾ ഉറങ്ങിക്കിടന്നപ്പോഴാണ് എനിക്ക് അതിനെ പുറത്താക്കേണ്ടിവന്നത്,” അയാൾ തുടർന്നു. പിന്നെ ഒരു നിമിഷമെടുത്തു. “അതിനെ പുറത്താക്കാൻ ശ്രമിച്ചതാണ് എന്നെ, എന്നെ, ഈ അവസ്ഥയിലെത്തിച്ചത്.”
“ഒരു ചെറിയ എലിയെ പുറത്താക്കിയതുകൊണ്ട് ഒരാൾക്ക് ജലദോഷം പിടിക്കുമെന്നോ?” അവർ അതിശയത്തോടെ ചോദിച്ചു. അവരുടെ ലാഘവം തിയോഡോറിക്കിനസഹ്യമായി തോന്നി.
തന്റെ ദുരവസ്ഥയുടെ ചില ഭാഗങ്ങൾ അവർ മനസ്സിലാക്കിയിട്ടുണ്ടെന്നു വ്യക്തമായിരുന്നു. അയാളുടെ ആശയക്കുഴപ്പം ആസ്വദിക്കുകയുമായിരുന്നു അവർ. തന്റെ ശരീരത്തിലെ രക്തം മുഴുക്കെ ഒരൊറ്റ ബിന്ദുവിലേക്കൊന്നിച്ചുകൂടിയതുപോലെ തോന്നി. എണ്ണമറ്റ എലികളേക്കാൾ ഭയാനകമായ ഒരു അപമാനവേദന ആത്മാവിലൂടെ മുകളിലേക്കും താഴേക്കും ഇഴഞ്ഞുനീങ്ങി. പിന്നെ, ചിന്തകൾ പതുക്കെ തിരിച്ചെത്തിയപ്പോൾ, അപമാനത്തിന്റെ സ്ഥാനത്ത് കൊടുംഭയം വന്നു. ഓരോ നിമിഷം കടന്നുപോകുന്തോറും തീവണ്ടി തിരക്കേറിയതും ബഹളമയവുമായ അവസാന സ്റ്റേഷനിലേക്കു പാഞ്ഞടുത്തുകൊണ്ടിരുന്നു. അവിടെ തന്നെ തുറിച്ചുനോക്കുന്ന ഡസൻ കണക്കിനു കണ്ണുകൾ, ഇപ്പോൾ വണ്ടിയുടെ അങ്ങേയറ്റത്തെ മൂലയിൽനിന്ന് തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ആ ഒരൊറ്റ ജോടി കണ്ണുകൾക്കു പകരമാകുമായിരുന്നു. ഇപ്പോൾ നേരിയ, നിരാശാജനകമായൊരു സാധ്യത മാത്രമേ ബാക്കിയുള്ളൂ. അടുത്ത ഏതാനും മിനിറ്റുകൾക്കുള്ളിൽ അതിന്റെ വിധിയും തീരുമാനിക്കപ്പെടും. തന്റെ സഹയാത്രിക വീണ്ടും അനുഗ്രഹീതമായ ഉറക്കത്തിലേക്കു വഴുതിവീണേക്കാം എന്നതായിരുന്നു ആ പ്രതീക്ഷ. പക്ഷേ മിനിറ്റുകൾ തുടർച്ചയായി മിടിച്ചുപോയതോടെ ആ പ്രതീക്ഷയും മങ്ങി. ഇടയ്ക്കിടെ തിയോഡോറിക് അവരെ ഒളികണ്ണിട്ടു നോക്കി. ഓരോ തവണയും കണ്ണിൽപ്പെട്ടത്, അടയാത്ത ഉണർന്നിരിക്കുന്ന, ഒന്നു ചിമ്മുകപോലും ചെയ്യാത്ത കണ്ണുകളായിരുന്നു.
“നമ്മൾ അടുത്തെത്തിക്കൊണ്ടിരിക്കുകയാണെന്നു തോന്നുന്നു,” കുറച്ചുകഴിഞ്ഞവർ പറഞ്ഞു.
യാത്രയുടെ അവസാനം അടുത്തെത്തുന്നതിന്റെ സൂചനകളായി പ്രത്യക്ഷപ്പെടുന്ന ചെറുതും വിരൂപവുമായ വീടുകളുടെ നിരകൾ, ആവർത്തിച്ചുവരുന്നത് തിയോഡോറിക് ഇതിനകം വളരുന്ന ഭീതിയോടെ ശ്രദ്ധിച്ചിരുന്നു. അവരുടെ വാക്കുകൾ ഒരു സൂചനയായി. വേട്ടയാടപ്പെട്ട ഒരു മൃഗം ഒളിത്താവളത്തിൽനിന്നു പുറത്തുചാടി, താൽക്കാലിക സുരക്ഷയ്ക്കായി മറ്റൊരു അഭയസ്ഥാനത്തേക്ക് ഭ്രാന്തമായി പായുന്നതുപോലെ, തിയോഡോറിക് പുതപ്പ് വലിച്ചെറിഞ്ഞു. അഴിച്ചിട്ടിരുന്ന വസ്ത്രങ്ങളിലേക്കുന്മാദത്തോടെ കയറിക്കൂടി. ജനലിന് പുറത്തുകൂടി മങ്ങിയ നഗരപ്രാന്തം പാഞ്ഞുപോകുന്നതു കണ്ടു. തൊണ്ടയിലും ഹൃദയത്തിലും ശ്വാസംമുട്ടിക്കുന്ന, ചുറ്റികകൊണ്ട് അടിക്കുന്നതുപോലെയുള്ള, ഒരു വികാരമാപ്പോളയാളനുഭവിച്ചു. താൻ നോക്കാൻപോലും ധൈര്യപ്പെടാത്ത ആ മൂലയിലാകട്ടെ, മഞ്ഞുപോലെ തണുത്ത നിശ്ശബ്ദത മാത്രം. വസ്ത്രം ധരിച്ച്, ഏതാണ്ട് ഉന്മാദാവസ്ഥയിലായി, വീണ്ടും സീറ്റിലേക്ക് ചാഞ്ഞിരുന്നു. തീവണ്ടി ഇഴഞ്ഞുനീങ്ങാൻ തുടങ്ങി.
അപ്പോൾ ആ സ്ത്രീ സംസാരിച്ചു.
“ഒന്ന് ദയവായി, എന്നെ ഒരു ടാക്സിയിൽ കയറ്റാൻ സഹായിക്കുന്ന ഒരു ചുമട്ടുതൊഴിലാളിയെ വിളിച്ചുതരുമോ? നിങ്ങൾക്ക് സുഖമില്ലാത്തപ്പോൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്നറിയാം. പക്ഷേ, അന്ധയായ ഒരാൾക്ക് റെയിൽവേ സ്റ്റേഷനിൽ വല്ലാത്ത നിസ്സഹായതയാണ് തോന്നുക.”
- ആൽപൈൻ ക്ലബ്ബ് : 1857 ൽ ലണ്ടനിൽ ആൽപ്സ് പർവ്വതാരോഹകർ സ്ഥാപ്പിച്ച ക്ലബ്ബ്. ഇവിടെ എലി കയറുന്നത് അനുഭവസമ്പന്നരായ പർവ്വതാരോഹകരെപ്പോലെയാണെന്ന് വിവക്ഷ.