എമിലിയാന റോസ്

കനൽ പോലെ ചുട്ടുപഴുത്ത ഉച്ച. ലോഡ്ജു മുറിയിൽ ഫിയാസ് പാതി മയക്കത്തിലായിരുന്നു. അവുധി ദിവസമാണ്. എഴുന്നേറ്റ് ഒന്നും ചെയ്യാനില്ല. എഴുന്നേറ്റാൽ പണച്ചിലവാണ്. വെള്ളം കുടിക്കാൻ മാത്രമാണെങ്കിൽ പോലും നഗരത്തിലെ ജീവിതം പണമൊഴിവാക്കി സാധ്യമല്ല . പുറത്തിറങ്ങാൻ പെട്രോളിന്റെ തീവില. അതു കൊണ്ട് ജോലിക്ക് പോകുന്നതു പോലും കാൽനടയാക്കി. ഒരു സ്വകാര്യ കമ്പനിയിലെ കണക്കപ്പിള്ളയ്ക്ക് ജീവിക്കാനാകാത്ത കാലമാണ്.  ഭക്ഷണത്തിനും വേണം പണം. അതു കൊണ്ട് അവധി ദിവസങ്ങളിൽ ഫിയാസ് വൈകി മാത്രം എഴുന്നേൽക്കും.
പകുതി ഉറക്കത്തിലും പകുതി സ്വപ്നത്തിലും തിരിഞ്ഞു മറിഞ്ഞ് ഫിയാസ് കിടന്നു. സമയം ഇഴഞ്ഞ് നീങ്ങുന്നു. വെയിലാറിയാൽ എഴുന്നേറ്റ് പപ്പു പിള്ളയുടെ തട്ടുകടയിൽ പോകാം. അങ്ങനെ ചിന്തിച്ച് വീണ്ടും മയക്കത്തിലേയ്ക്ക് വീഴവെ വാതുക്കൽ ഒരു കാൽപെരുമാറ്റം. സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് തിരിച്ചറിവ് ഇല്ലാത്തതു കൊണ്ട് എഴുന്നേറ്റില്ല. ഏതാനും നിമിഷം കഴിഞ്ഞ് വാതിലിൽ മുട്ടു കേട്ടു . സ്വപനമല്ല. ഉറക്കത്തിൽ നിന്നും ഉണർവ്വിന്റെ ലോകത്തേക്ക് വീണു അയാൾ.
ആരാകും വാതിൽക്കൽ ? മനീറോ ബിജു മോനോ ആവാം. കിടന്ന കിടപ്പിൽ തന്നെ പറഞ്ഞു.
 “കേറിപ്പോരടാ …. കൊളുത്തിട്ടിട്ടില്ല …. “
മറുപടി ഉണ്ടായില്ല. വാതിൽ തുറക്കപ്പെട്ടു. സാമാന്യം വലുപ്പമുള്ള ഒരു നായ കുരച്ചു കൊണ്ട് അകത്തേക്ക് പ്രവേശിച്ചു. ഇപ്പോൾ ഫിയാസ് ഭയന്നു പോയി. ഒന്നു കണ്ണു തിരുമ്മി നോക്കി. സ്വപ്നമോ യാഥാർത്ഥ്യമോ? പക്ഷെ അങ്ങനെ ചിന്തിക്കുന്നതിനു മുമ്പ് നാലഞ്ച് പോലീസുകാരും അകത്തേയ്ക്ക് പ്രവേശിച്ചു. ഫിയാസ് പിടഞ്ഞെഴുന്നേറ്റു . ഭയം ഒരു വിറയലായി അയാളെ പിടികൂടി.
തന്നെ നോക്കി കുരച്ച നായ് പിന്നെ അരികിലുള്ള മേശയിലേക്ക് നോക്കി കുരക്കാൻ തുടങ്ങി. മേശയിലെ ചെൽ സ്റ്റാന്റ് കേന്ദ്രീകരിച്ച നായുടെ ഭാവമാറ്റം പോലീസ് നിരീക്ഷിച്ചു. എസ്.ഐ കോൺസ്റ്റബിളിനെ നോക്കി. അതിന്റെ അർത്ഥം മനസിലാക്കിയ അയാൾ ഒരു കർച്ചീഫ് ചേർത്ത് അതെടുത്തു.
ഇതിനിടക്ക് ഫിയാസിനെ പോലീസ് ചോദ്യം ചെയ്തു. പേരെന്ത് ? വീടെവിടെ? ഇവിടെന്തു ജോലി? പകൽ കിടന്നുറങ്ങുന്നത് എന്തുകൊണ്ട്? രാത്രി എന്താണ് പണി? അങ്ങനെ നൂറ് നൂറ് ചോദ്യങ്ങൾ. ഒടുവിൽ
”എമിലിയാന റോസ് ആരാണ്?”
ഫിയാസ് അന്തം വിട്ടു. അതാരാണെന്ന് അയാൾക്ക് അറിയില്ല. അങ്ങനെ ഒരു പേരു പോലും ഓർമ്മയിൽ ഇല്ല.. പക്ഷെ പോലീസ് വീണ്ടും ചോദിക്കുന്നു.
 “അവളിപ്പോൾ എവിടെയുണ്ടെന്ന്. “
ഫിയസ് ഉത്തരം പറയാനാകാതെ കഴങ്ങി. പോലീസിന് ആളുമാറിയതാണോ? അയാൾക്ക് തല ചുറ്റുന്നതു പോലെ തോന്നി. അതിനാൽ  പറഞ്ഞതൊന്നും പുറത്തു വന്നില്ല. പോലീസ് അയാളെയും പെൻസ്റ്റാന്റിനെയും ജീപ്പിൽ കയറ്റി. മുറി പൂട്ടി. തൊട്ടടുത്തുള്ള മുറികളിൽ ആരുമില്ല . പുറത്ത് കുറച്ചു പേർ ശ്രദ്ധിക്കുന്നുണ്ട്. പോലീസ് ആയതു കൊണ്ടു മാത്രം ആരും അടുത്ത് വന്നില്ല.
ജീപ്പിനകത്ത് ഇരിക്കുമ്പോൾ വയർലസ് സംഭാഷണങ്ങൾ കേൾക്കാം. ശവം കിട്ടിയോ എന്നും മറ്റുമുള്ള ചോദ്യങ്ങൾ ഫിയാസ് ഒരു മായാലോകത്തായിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ ആൾക്കൂട്ടമുണ്ട്. പലരും അയാളെ നോക്കി പിറുപിറുക്കന്നുണ്ട്. പക്ഷെ അയാൾ ആരെയും കണ്ടില്ല. പോലീസ് അയാളുടെ മുഖം മൂടിയിരുന്നു.  പോലീസ് കൈപിടിച്ച് അയാളെ അകത്തേയ്ക്ക് കൊണ്ടുപോയി. ഒരടഞ്ഞ മുറിയിൽ ഇരുത്തി. മുഖം മൂടിയ തുണി മാറ്റി. അയാൾക്ക് അതൊന്നും ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. എന്താണ് ശരിക്ക് സംഭവിച്ചത്. ഇന്നലെ താൻ മദ്യപിച്ചിരുന്നോ? ഉറക്കത്തിലാണോ ഇപ്പോഴും.? കൂടെ ഉണ്ടായിരുന്ന ചെറുപ്പക്കാരനായ പോലീസ് കോൺസ്റ്റബിളിനോട് ഫിയാസ് അൽപം വെള്ളം ചോദിച്ചു. അയാൾ വെള്ളം കൊണ്ടു കൊടുത്തു. അയാളുടെ മുഖത്തെ സൗമ്യഭാവം കണ്ട ഫിയാസ് പതുക്കെ ചോദിച്ചു.
“സർ, എന്താണിതെല്ലാം …. എന്തിനാണ് എന്നെ :”
അയാൾ ചോദിച്ചു.
” അപ്പോൾ നിനക്കൊന്നും മനസിലായില്ല ?”
ഫിയാസ് പറഞ്ഞു:
“സാറെ, ഇന്നലെ ജോലി കഴിഞ്ഞ് വന്നു കിടന്നതാണ് ….”
അയാൾ ചോദിച്ചു.
“ജോലി കഴിഞ്ഞ് നേരെ വന്നു കിടന്നോ ?”
ഫിയാസ് തിരുത്തി.
” അതല്ല സാറെ. 8 മണിക്ക് ജോലി കഴിഞ്ഞു. കുറച്ചു നേരം പാർക്കിൽ ഇരുന്നു. തട്ടുകടയിൽ നിന്ന് മുറിയിലേക്ക് … അത്രയേ ഓർമ്മയുള്ളു..”
പോലിസുകാരൻ പറഞ്ഞു.
” നീ പറഞ്ഞത് സത്യമാകാം. പക്ഷെ, ഇപ്പോൾ ഒരു കൊലക്കേസിന്റെ ഒരറ്റത്ത് നീയാണ് “
ഫിയാസ് തലയ്ക്ക് കൈ കൊടുത്തു. അവന്റെ ചുണ്ടുകൾ വിറച്ചു. അവൻ കരഞ്ഞു പോയേക്കുമെന്ന് തോന്നി.
യുവാവായ ആ പോലീസുകാരൻ പറഞ്ഞു.
” നീ നിരപരാധിയാണോ എന്ന് എനിക്കറിയില്ല. ഞാനറിഞ്ഞിട്ടും കാര്യമില്ല. കായലിൽ ആ ജഢം തേടുകയാണ് പോലീസ്….”
” പക്ഷെ, ഏതു ജഢം….ഞാനെന്തു ചെയ്തു ?”
“ഇന്നലെ നീ നെഹ്റു പാർക്കിൽ പോയിരുന്നോ…. “
ഫിയാസ് പറഞ്ഞു.
” പോയിരുന്നു. ഇന്നലെ മാത്രമല്ല എന്നും ജോലി കഴിഞ്ഞ് ഞാൻ പാർക്കിൽ പോയിരിക്കും. ഒറ്റക്ക് നഗരത്തിൽ താമസിക്കുന്നവന്റെ ഏകാന്തത …. അത് മാറ്റാനുള്ള  ഒരു കൂട്ടുകെട്ടും എനിക്കില്ല …. “
” പാർക്കിൽ നിന്ന് കിട്ടിയ ഒരു ബാഗ് എമിലിയാന റോസിന്റേതായിരുന്നു “
“ആരാണവൾ”
“അവളുടെ ശവം തേടുകയാണ് പോലീസ് “
പോലീസുകാരൻ തുടർന്നു.
” അവൾ നഗരത്തിലെ ലോ കോളേജ് വിദ്യാർത്ഥിനിയാണ്. ഇന്നലെ മുതൽ അവളെ കാണാനില്ല. വൈകീട്ട് മിസ്സിംഗ് കേസ്. കുറേ കഴിഞ്ഞ് അവളുടെ ബാഗ് പാർക്കിനരുകിൽ”
“അതിന് ഞാൻ എന്തു പിഴച്ചു. “
അയാൾ പറഞ്ഞു:
“അതെനിക്കും അറിയില്ല.. : പക്ഷെ പാർക്കിൽ എന്നു കിട്ടിയ ബാഗ് മണുത്ത പോലീസ് നായ് നിന്റെ മുറിയിൽ വന്നു…. നിന്നെ നോക്കി കുരച്ചു. നിന്റെ മേശപ്പുറത്തെ പെൻ സ്റ്റാന്റ് നോക്കി കുരച്ചു ….”
പെട്ടന്നാണ് ഫിയാസ് അതോർത്തത്.
“സർ , ഇപ്പോൾ ഓർമ്മ വരുന്നു. അത് ആ പേന പറ്റിച്ച പണിയാണ് സാർ ….”
“ഏതു ചേന?”
“എന്റെ മേശപ്പുറത്തിരുന്ന പെൻസ്റ്റാന്റിലെ സ്വർണ്ണ നിറമുള്ള പേന ….”
“എന്താണ് ആ പേനയുടെ പ്രത്യേകത ?”
“ഇന്നലെ രാത്രി പാർക്കിൽ നിന്നും വരുന്ന വഴിക്ക് വച്ച് കളഞ്ഞു കിട്ടിയതാണ് ആ പേന “
” പക്ഷെ, അതിനൊന്നും തെളിവില്ലല്ലോ “
എങ്കിലും ഫിയസിന് അൽപം ആശ്വാസമായി. പോലീസ് നായ കരച്ചതിനും പോലീസ് പിടിച്ചതിനും കാര്യമെന്തെന്ന് മനസിലായി. താൻ തെറ്റുകാരനല്ലെന്ന്  സ്വയ ബോധ്യം ഉണ്ടായി. അത് അൽപം ബലം പകർന്നു.
പിന്നെ വളരെ നേരത്തേയ്ക്ക് ആരും ഫിയാസിനെ ശ്രദ്ധിച്ചില്ല.
നേരം വൈകുന്നേരത്തോടടുത്തു. എമിലിയാനയുടെ സുഹൃത്തുക്കൾ സ്റ്റേഷനിലേക്ക് വന്നു. അവർ പോലീസുമായി ദീർഘനേരം സംസാരിച്ചു. ജൂലിയറ്റും മധുരിമയും അവളുടെ പ്രേമ ബന്ധത്തെയും അതിന്റെ തകർച്ചയെയും പറ്റി പറഞ്ഞു. അവർ അങ്ങനെ സംസാരിച്ചിരിക്കെ ജൂലിയറ്റ്  എസ്.ഐയുടെ മേശപ്പുറത്തിരിക്കുന്ന സ്വർണ്ണ നിറമുള്ള പേന കണ്ടു.
അവൾ ചോദിച്ചു.
“സർ ഈ പെൻ എങ്ങനെ …..?”
“ഇന്നലെ സിറ്റിയിലെ ഒരു ലോഡ്ജിൽ നിന്നും പോലീസ് നായ കണ്ടെത്തിയതാണ് ….”
“സർ, ഇതേ പോലൊന്ന്, രാഹുൽ കൃഷ്ണ അവൾക്ക് കൊടുത്തിരുന്നു.
“എന്നിട്ട് “
“കഴിഞ്ഞ ദിവസം അവർ തെറ്റി പിരിഞ്ഞു. ഇന്നലെ വൈകീട്ട് പാർക്കിൽ വച്ച് അവളത് വലിച്ചെറിഞ്ഞ് കളഞ്ഞു. “
“എവിടെ?”
” നെഹ്റു  പാർക്കിന്റെ വഴിയിൽ ”
എസ്.ഐ ചോദിച്ചു.
” അതു നിങ്ങൾക്ക് എങ്ങനെ അറിയാം?”
“ഞങ്ങൾ അപ്പോൾ അവളോടൊപ്പം ഉണ്ടായിരുന്നു.”
എസ്.ഐ. വീണ്ടും ചോദിച്ചു.
” അപ്പോൾ എത്ര മണിയായിട്ടുണ്ടാകും?”
” ഏഴായിട്ടില്ല “
” പിന്നെ അവളെ കാണാതായത് എപ്പോൾ “
” ഏഴു മണിക്ക് മുമ്പ് അവൾ അൽപ നേരം ഒറ്റക്ക് ഇരിക്കട്ടെ എന്നു പറഞ്ഞു. “
മധുരിമ തുടർന്നു.
“ഞങ്ങൾ ഹോസ്റ്റലിലേക്ക് പോന്നു. പക്ഷെ അത്താഴ സമയമായിട്ടും അവളെ കണ്ടില്ല. അപ്പോഴാണ് ഞങ്ങൾ വാർഡനോട് റിപ്പോർട്ട് ചെയ്തത്.”
“എന്നിട്ട്? “
” വാർഡൻ വാച്ച്മാനെ പാർക്കിലേക്ക് വിട്ടു. പക്ഷെ പാർക്ക് അടച്ചിരുന്നു. അങ്ങനെയാണ് വാർഡൻ സാറിനെ വിവരം അറിയിച്ചത്.”
എസ്.ഐ ചോദിച്ചു.
“നിങ്ങൾ അവളെ മൊബൈലിൽ വിളിച്ചില്ലേ?”
“പലവട്ടം:… പക്ഷെ രാഹുലിനോട് വഴക്കിട്ട് രണ്ട് ദിവസമായി അതു ഓഫായിരന്നു.”
“ആ മൊബൈൽ പാർക്കിൽ നിന്നു കിട്ടിയ അവളുടെ ബാഗിൽ ഇല്ലായിരുന്നു … “
ഒന്നു നിറുത്തി എസ്. ഐ. പറഞ്ഞു.
” വീണ്ടും നിങ്ങൾ വരേണ്ടി വരും “
“തീർച്ചയായും സർ. അവളെ ജീവനോടെ തിരികെ കിട്ടണമേ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന “
അവർ പറഞ്ഞു.
“ഞങ്ങളുടെ ആഗ്രഹവും “
അതു പറഞ്ഞ് എസ് ഐ. അവരെ വിട്ടു.
“അൽപം കഴിഞ്ഞ് യുവാവും സൗമ്യനുമായ ആ പോലീസുകാരൻ വീണ്ടും ഫിയാസിന്റെ അടുത്തു വന്നു.
“ടോ… സാറ് വിളിക്കുന്നു ”
അയാളുടെ പിറകെ ഫിയാസ് എസ് ഐ യുടെ മുറിയിൽ ചെന്നു.
എസ്.ഐ അവനോടു പറഞ്ഞു.
“മേലിൽ വഴിയിൽ കാണുന്നതൊന്നും പെറുക്കരുത്.”
അവൻ തല കുമ്പിട്ടു
എസ് ഐ. വീണ്ടും പറഞ്ഞു.
” തൽക്കാലം നിനക്ക് പോകാം. പക്ഷെ വിളിപ്പിച്ചാൽ വരണം: “
റ്റൈറുടെ അടുത്ത് എഴുതി ഒപ്പിട്ട് തിരിച്ചു നടക്കുമ്പോൾ ഫിയാസ് തിരിഞ്ഞു നോക്കി. എസ് ഐ യുടെ മേശപ്പുറത്ത് സ്വർണ്ണ നിറമുള്ള പേന പിന്നെയും അയാളെ നോക്കി ചിരിക്കുന്നു!
ഒരു നിമിഷം അവൻ പരുങ്ങി.
“എന്താടോ “
“അതല്ല സർ, എമിലിയാന റോസിന് എന്തു പറ്റി?”
” അവൾ തന്റെ ആരാ ?”
” അതല്ല സർ…. ആരായാലും ….”
ഫിയാസ് ഇറങ്ങി നടന്നു.

You can share this post!