എന്റെ വർണ്ണ പരീക്ഷണങ്ങൾ

ഗോപൻ മൂവാറ്റുപുഴ

”വർണ്ണക്കണ്ണാടിയിലൂടെ പ്രകൃതിയെ നോക്കി നിൽക്കേ നിറങ്ങളുടെ സമഞ്ജസ സമ്മേളനം കണ്ട് മനം നിറഞ്ഞു. പേനയിൽ നിന്നും ബ്രഷിലേക്ക് ഒരു കൈമാറ്റം നടത്തിയാലോ എന്ന ചിന്ത മനസ്സിൽ കലങ്ങി”.

ജീവിതം ചിലപ്പോൾ പൊടുന്നനെ ഒഴുക്കു നിലച്ച് അനിശ്ചിതമായി തളം കെട്ടിക്കിടക്കും.ചെളിയുറഞ്ഞ്, തെളിനീർ തിളങ്ങി, മറ്റുള്ളവർ നോക്കുമ്പോൾ, അച്ച സ്ഥടികജലാശയമെന്നു് തോന്നിപ്പിച്ച്, ആകാശത്തിലെ മേഘങ്ങളേയും, പക്ഷികളേയും പ്രതിഭലിപ്പിച്ച് ശാന്തമായി അങ്ങിനെ കിടക്കും…

അപ്പോഴും നമുക്കറിയാം തളം കെട്ടിക്കിടക്കുന്ന ശാന്തതയും നിശ്ചലതയും കൊണ്ടു സ്റുഷ്ടിക്കപ്പെട്ട ശീലങ്ങളും എത്രത്തോളം മടുപ്പുളവാക്കുന്നു എന്ന് ”..

എത്ര തന്നെ താനൊരു ഒഴുക്കുള്ള പുഴയാണെന്നു വിശ്വസിച്ചാലും, താൻ വെറും കെട്ടിക്കിടക്കുന്ന വെള്ളമാണെന്നും, ആർക്കും എപ്പോൾ വേണമെങ്കിലും ചവിട്ടിക്കലക്കാമെന്നും ദൈന്യതയോടെ തിരിച്ചറിയും.

അക്ഷരങ്ങൾ അർത്ഥവിലോപമാർന്ന് ഒഴുക്ക് നിലച് കെട്ടിക്കിടക്കുമ്പോൾ അതിന്റെ അഴുക്ക് കലങ്ങിയ ചെളി വെള്ളം കോരിയെടുത്ത്, ഗംഗാതീർത്ഥമെന്നു് കരുതി പുണ്ണ്യാഹം ചെയ്യാൻ മനസ്സ് വിരോധിച്ച് നിൽക്കേ, മഴ തെളിഞ്ഞ മാനത്തു കണ്ടൊരു മഴവില്ലിന്റെ വർണ്ണങ്ങൾ പൊടുന്നനെ മനസ്സിലേക്കു തിർന്നു വീണു

വർണ്ണക്കണ്ണാടിയിലൂടെ പ്രകൃതിയെ നോക്കി നിൽക്കേ നിറങ്ങളുടെ സമഞ്ജസ സമ്മേളനം കണ്ട് മനം നിറഞ്ഞു. പേനയിൽ നിന്നും ബ്രഷിലേക്ക് ഒരു കൈമാറ്റം നടത്തിയാലോ എന്ന ചിന്ത മനസ്സിൽ കലങ്ങി.


ചിത്രകലയുടെ ബാലപാഠങ്ങൾ പോലുമറിയാതെ ബ്രഷ് ചായത്തിൽ മുക്കി ആദ്യത്തെ വര വരച്ചപ്പോൾ സംഭ്രമമായിരുന്നു!:..പക്ഷെ മഷിത്തണ്ടിനാൽ മായ്ക്കാൻ കഴിയുന്ന വക്ക് പൊട്ടിയൊരു സ്ലേറ്റിന്റെ ചിത്രം മനസ്സിൽ കടന്നു വന്നപ്പോൾ, ഒരു അരാജകവാദിയുടെ ധൈര്യം ഉള്ളിൽ തൈയ്യക്കോലം കെട്ടി ഉറഞ്ഞു തുള്ളി…

വരച്ചും മായ്ച്ചും ,സന്ദേഹിച്ചും കാൻവാസ് സ്ലേറ്റിൽ ചിത്രം വരച്ചുകൊണ്ടിരുന്നപ്പോൾ അവാച്യമായൊരാനന്ദം ഉള്ളിൽ നിറഞ്ഞു! കെട്ടിക്കിടന്ന വെള്ളത്തിൽ ചായത്തുള്ളികൾ വീണു കഥകളിയാടി.

ഒരിക്കൽ ജല സഞ്ചാരമുള്ളൊരു കയ്യാണിയിൽ, ചെളിയിൽ പുതഞ്ഞ്, ജീർണിച്ച് സുഷിര സുഷുപ്തിയാർന്നൊരു മരക്കഷണം കണ്ണിൽ പെട്ടപ്പോഴാണ്, നിറമുള്ള ലോകത്തു തന്നെ നിറമില്ലാത്ത വേറൊരു ലോകവും ഉണ്ടെന്നു തിരിച്ചറിഞ്ഞത് ” …

ഒരു കാലം ഹരിത സമ്രദ്ധിയിൽ ആകാശത്തേക്ക് തല ഉയർത്തി നിന്ന്, കാറ്റിനേയും, മഴയേയും വെല്ലുവിളിച്ച് ഒടുവിൽ അനിവാര്യമായ വിധിക്കു കീഴടങ്ങി, ഭൂ ജിഹ്വകൾ ആഹരിച്ചവശേഷിച്ച ദഹിക്കാത്ത ഒരു മുള്ളായി ഒരു മരക്കഷണം!” ”:

കൗതുകം കൊണ്ട് കൈയ്യിലെടുത്തപ്പോൾ, നിറങ്ങൾ നഷ്ടപ്പെട്ട ഒരു ലോകത്തിന്റെ താക്കോലാണത് എന്നു തോന്നിപ്പിച്ചു
കാലത്തിന്റെ നൈരന്ത്യരസ്പന്ദനത്തിനെതിരാണെന്നറിയാമെങ്കിലും ഒരു പരീക്ഷണമെന്ന നിലയിൽ ജീർണാവശിഷ്ടങ്ങളിൽ കഥകളി ചായം പുരട്ടി തുടങ്ങുമ്പോൾ അതിനുള്ളിൽ ഒളിച്ചിരുന്ന കാലത്തിന്റെ നേർക്കുള്ള പരിഹാസം കണ്ട് അറിയാതെ ചിരിച്ചു പോയി:… എന്തായാലും എന്റെ ചിത്രാന്വേഷണ പരീക്ഷണങ്ങൾ തുടരാൻ തന്നെ തീരുമാനിച്ചു.

കെട്ടിക്കിടക്കുന്ന വെള്ളവും ഒരു മഹാസമുദ്രത്തിന്റെ ഭാഗം തന്നെയാണെന്നും അത് നിരന്തരം തിരയിളക്കാറുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു
ചിലപ്പോൾനിറങ്ങൾ നഷ്ടപ്പെട്ട ലോകത്തിന്റെ പ്രതിനിധികൾ എവിടെയോ കാത്തിരിപ്പുണ്ടാവാം ;ഇനിയും, ഇനിയും.

You can share this post!