ദൈവം വരികയല്ലേ
നിറപുഞ്ചിരിയോടെ ദൈവം വരികയല്ലേ.
കണ്ണിൻതിളക്കവും ഉള്ളിന്റുരുക്കവും
കണ്ടു…ക്ഷിപ്രം തെല്ലുഞാൻ വിവശയായി…
കരങ്ങളെ നീട്ടി.. നിറുകയിൽ മുത്തി.. കവിളിലെ ചാലുകളൊപ്പിയിന്ന്
ദൈവം ചൊല്ലി ….
ഞാനിന്നു വന്നതില്ലേ …
നിൻ ദൈവം ഞാനിന്നു വന്നതില്ലേ….
ചൊല്ലൂ കദനവും കരിന്തിരി കത്തുന്ന ചിന്തതൻ അഗ്നിയും ചിന്തിയ മനസ്സിന്റെ നൊമ്പരഗീതവും…
ഇല്ലേ മനസ്സിൽ വീണു മയങ്ങും മാറാല കെട്ടിയ മോഹഭംഗങ്ങൾ..
പിന്നെ എത്രയോ തീഷ്ണതയേറിചിതറും തിരകളുമില്ലേ ഹൃത്തിലേറെ…
ദൈവം പിന്നെയും പിന്നെയും ചൊല്ലിപ്പകരുന്നു
പുത്തനാമുണർവ്വിന്റെ സ്വാതന്ത്ര്യ ഗീതികൾ
ദൈവം പിന്നേയും പിന്നേയും കാഴ്ചയിലേറെ വളർന്നിടുന്നു…
ദൈവം കനിവിൻ മാലാഖയായി
പിന്നെയും പിന്നെയും, പുഞ്ചിരിച്ചു….
നിൻ നെഞ്ചിലായ് ആളുന്ന അഗ്നിയിൽ കുരുത്തൊരാ വേദനാ പുഷ്പങ്ങൾ ഞാൻ അടർത്തിടട്ടേ
സങ്കട ചിന്തുകൾ നുള്ളിയെടുത്തു ഞാൻ ആർദ്രമാം അരുവിയായ് ഒഴുകിയെത്താം…..
ദൈവം
വന്നിതാ കരം കവരുന്നു ചൊല്ലുന്നു
കരയേണ്ട ഓമലേ നിൻ മിഴി തുടയ്ക്കൂ
ചെന്താരൊളി പുരണ്ട നിൻമിഴികളെ തഴുകി
ചുംബിച്ചവയെ
താരകപ്പൂക്കളായ് വിടർത്തി വയ്ക്കാം …
തളരുന്ന വേളയിൽ താങ്ങുവാൻ ചുമലിതാ
ഓമലേ നീയിന്ന് ചാഞ്ഞിടുക…
ശാന്തമായിരിക്കയാ മിഴിയിമ ചേർക്കുക
നീയൊന്നു
ശാന്തമായ് മയങ്ങിത്തെളിയുക
കൈത്തിരി കൊളുത്തി ഞാൻ മുൻപേ ഗമിക്കാം
ഭയമേതും കൂടാതെ അനുഗമിക്ക….
ചുണ്ടിലെ പുഞ്ചിരി നാളമായെരിയാം
നിന്നിലെ ഊർജ്ജമായ് പരിലസിക്കാം…
ഒടുവിലെ ശ്വാസം നിലക്കുന്ന നേരവും
ഈ സ്നേഹസ്പന്ദനം നീ അറിഞ്ഞിടേണം…..
ദൈവമായ് വന്നതറിയുന്നു ഇന്ന്
നിന്നുടെ സ്പന്ദനം അറിയുന്നു ഞാൻ…
കനിവിന്റെ മഴയായ് പൊഴിയുന്ന ദൈവം
മിഴിയിലൊരുറവയായ് കിനിയുന്നു ദൈവം
ഹൃദയത്തിൽ വീശുന്ന നൊമ്പരചാട്ടുളി
തട്ടിയകറ്റി ദൂരേക്കെറിഞ്ഞ പോൽ…
വ്രണങ്ങളിൽ ഔഷധം തൂവലാൽ പകർന്നവൻ
പനിനീർ വിശറിയാൽ വീശീട്ടു മെല്ലെ
പരീക്ഷീണയാമെന്നെ ചേർത്തണച്ചു……
ദൈവം പരീക്ഷിണയാമെന്നെ ചേർത്തണച്ചു…
കവിതയെന്നാൽ എനിക്ക്
ദീപാസോമൻ ദേവീകൃപ
കവിതയെന്നാൽ
മനസ്സിലെ ചിരിയും കണ്ണീരും നൊമ്പരവും നിരാശയും പ്രത്യാശകളും
പിന്നെ ചിന്തതൻ ആഴങ്ങളിൽ ഊളിയിട്ട് പെറുക്കിയെടുക്കുന്ന മുത്തുകളും പവിഴങ്ങളുമത്രേ…
കവിതയെന്നാൽ
നിന്റെ മിഴികളിൽ ഞാൻ തേടുന്ന വസന്തത്തിൻ വർണ്ണങ്ങളും മിഴിതന്നാഴങ്ങളിൽ നീ ഒരുക്കിയെടുക്കുന്ന കിനാവിൻ രസക്കൂട്ടുകളുമത്രേ…..
കവിതയെന്നാൽ
നിന്റെ ഹൃദയത്തുടിപ്പുകളിൽ എന്നോടുള്ള പ്രണയത്തിന്റെ സ്പന്ദനങ്ങൾ അതിലോലമായലിഞ്ഞ് നിന്റെ അധരങ്ങളിൽ നിഗൂഢമായ പുഞ്ചിരിപ്പൂക്കൾ വിരിയുന്നതത്രേ…
കവിതയെന്നാൽ
നീ അരികെയണയാഞ്ഞാൽ അഗാധമായ വേപഥുവെൻ ഹൃദയ തന്ത്രികളിൽ വിരഹഗാനത്തിൻ ശ്രുതിമീട്ടി മഴമേഘത്തെ പെയ്യിക്കുന്നതത്രേ…
കവിതയെന്നാൽ
തമസ്സിന്റെ പാളികൾ കാഴ്ചയെ മറയ്ക്കുമ്പോളും നിശബ്ദത കനം വച്ച് തണുപ്പിന്റെ മരവിച്ച കരങ്ങൾ പുണരുമ്പോളും സ്നിഗ്ദമായൊരു തൽപ്പത്തിലെനിക്ക് സുഖമൃദുലാളനമേകുന്ന നിൻ ഊഷ്മള സ്നേഹവായ്പ്പത്രേ…..
കവിതയെന്നാൽ
ഞാനെന്റെ ഹൃദയത്തിൽ വിരിഞ്ഞ സുന്ദരസുരഭില പുഷ്പങ്ങളെ ഇരുകരങ്ങളാലേ വാരിയെടുത്ത് നിനക്കായ് നീട്ടുമ്പോൾ തിരിഞ്ഞു നടക്കുന്ന നിന്നിലെ മൗനം എന്റെ തൂലികയിൽ വിരിയിക്കുന്ന കുതിർന്ന മഷിപ്പൂക്കളത്രേ.