ലേഖകൻ ശാസ്താംകോട്ട ദേവസ്വംബോർഡ് കോളജിൽ പഠിച്ച കാലം ഓർക്കുന്നു.
ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ നമ്മൾ എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കും. തിക്താനുഭവങ്ങൾ എപ്പോഴും മറക്കാൻ ശ്രമിക്കും. അത് സാധാരണവും മനുഷ്യസഹജവുമാണ്. നമ്മുടെയൊക്കെ കോളേജ് ജീവിതത്തിൽ തിക്താനുഭവങ്ങൾ കുറവും രസകരമായ അനുഭവങ്ങൾ കൂടുതലുമായിരിക്കും. എല്ലാവരെയുംപോലെ എന്റെ കോളേജ് ജീവിതവും അങ്ങനെ തന്നെയായിരുന്നു. അമ്മ വെളുപ്പിനെ എഴുന്നേറ്റ് ചോറും കറികളും മറ്റുമുണ്ടാക്കി നല്ല സ്റ്റൈലിൽ പൊതിഞ്ഞ് , ഞാൻ പോകുന്നതിന് മുമ്പ് എന്റെ ടേബിളിൽ കൊണ്ട് വെയ്ക്കും. ഇതൊക്കെ ചെയ്യുന്ന അമ്മയുടെ ബുദ്ധിമുട്ടും കാര്യങ്ങളും നമ്മൾക്ക് അന്ന് അറിയത്തില്ലല്ലോ. അങ്ങനെ അന്നത്തെ കോളേജ് ജീവിതം ആരംഭിക്കുകയാണ്. 20 മിനിറ്റ് നടന്ന് പാഞ്ചാലി മുക്കിൽ ചെന്ന് കെ.സി.റ്റിക്കാണ് കോളേജിലേക്കുള്ള യാത്ര. ആ സമയത്ത് ആകെ ഒരു ബസ്സാണ് ശാസ്താംകോട്ട ദേവസ്വം ബോഡ് (DB) കോളേജിലേക്ക് പോകാനുള്ളത്. വളരെ തിരക്കുള്ള ഈ ബസ്സിൽ ഞെങ്ങി ഞെരുങ്ങി വേണം യാത്ര ചെയ്യാൻ. ആൾതിരക്ക് കൂടിയാൽ ബസ്സ് നിർത്തത്തില്ല എന്ന് ഞങ്ങൾക്കറിയാം. അതിനാൽ നിർത്താതെ പോകുന്ന ബസ്സിന്റെ പുറകിലെ ലാഡറിൽ ചാടിക്കയറിയും ചിലപ്പോൾ യാത്രചെയ്തിട്ടുണ്ട്. അങ്ങനെ ഒരു ദിവസം വൻ തിരക്കായതിനെ തുടർന്ന് ഞങ്ങൾ കുറെപ്പേർ ലാഡറിൽ ചവിട്ടി ബസ്സിന്റെ ടോപ്പിൽ കേറി യാത്ര ചെയ്ത അനുഭവമുണ്ടായിട്ടുണ്ട്. അന്ന് ബസ്സ് നിർത്തുന്നതിന് വേണ്ടി ഒരു വില്ലൻ സുഹൃത്ത് ടാർപ്പാളിൻ എടുത്ത് ഡ്രൈവർ ഇരിക്കുന്ന ഗ്ലാസ്സിന്റെ ഫ്രണ്ടിലേക്ക് ഇട്ട് ബസ് നിർത്തിച്ചു. അന്നൊക്കെ ബസ്സിന്റെ ലാഡറിൽ നിന്ന് യാത്രചെയ്യുന്നത് വളരെ രസകരമായ സാഹസികാനുഭവമായിരുന്നു. ചിലരൊക്കെ ഇരുന്ന സീറ്റിൽ നിന്നും പുറത്തിറങ്ങി വന്ന് ബസ്സിന്റെ പുറകിലെ ലാഡറിൽ കേറുമായിരുന്നു. അത്രയ്ക്ക് രസകരമാണ് ലാഡറിൽ പിടിച്ചുള്ള യാത്ര.
ഒരിക്കൽ ഒരു ശനിയാഴ്ച ഞാൻ എൻ.സി.സി. (NCC ) ക്ക് കോളേജിൽ പോയപ്പോൾ കെ.സി.റ്റി ബസ്സ് എനിക്ക് കൺസഷൻ തരാൻ തയ്യാറായില്ല. ബസ്സിൽ ഞാനും കണ്ടക്ടറുമായി അഭിപ്രായ സംഘർഷമുണ്ടായി. ഞാൻ എൻ.സി.സി യുടെ യൂണിഫോമിലായിരുന്നു. മറ്റ് കുട്ടികളെല്ലാം ഫുൾ ടിക്കറ്റെടുത്തെങ്കിലും എൻ.സി.സി ക്കാർക്ക് കൺസഷൻ കൊടുക്കണമെന്ന് അന്ന് നിയമമുണ്ടായിരുന്നു. എന്നാൽ കണ്ടക്ടർ എനിക്ക് ‘സി’ തരാൻ തയ്യാറായില്ല. ബസ്സ് ചക്കുവള്ളിയിൽ എത്തിയപ്പോൾ, പോലീസ് സ്റ്റേഷനിലേക്ക് വണ്ടി വിടുമെന്ന് കണ്ടക്ടർ എന്നെ ഭീഷണിപ്പെടുത്തി. എന്നാൽ അങ്ങനെയാവട്ടെ എന്ന് ഞാനും പറഞ്ഞു. അങ്ങനെ എന്നെ അവർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഞാൻ സബ്ബ് ഇൻസ്പെക്ടറോട് വിവരങ്ങൾ പറഞ്ഞു. ഞാൻ എൻ.സി.സി യൂണിഫോമിലായതുകൊണ്ടായിരിക്കണം, അവസാനം എനിക്ക് കൺസ്സഷൻ കൊടുക്കാൻ എസ്.ഐ കണ്ടക്ടറോട് പറഞ്ഞു. വിജയശ്രീലാളിതനായി എത്തിയ എന്നെ കുട്ടികളെല്ലാം ഹർഷാരവത്തോടെ സ്വാഗതം ചെയ്തു. എൻ.സി.സി ജീവിതം എന്റെ കോളേജ് ജീവിതത്തിലെ ഏറ്റവും വലിയ ഹരമായിരുന്നു. അത് എന്നിൽ എന്തൊക്കെയോ ഭ്രമാത്മകമായ അധികാരബോധം സൃഷ്ടിച്ചിരുന്നു. എൻ.സി.സി യൂണിഫോമണിഞ്ഞ് നടക്കുമ്പോൾ, ഞാൻ ഏതൊക്കെയോ ഉയരങ്ങളിലാണെന്നാണ് ചിന്തിച്ചിരുന്നത്.
എൻ.സി.സിക്ക് വേണ്ടി ഞാൻ എന്റെ ഒരുപാടു സമയം ചെലവഴിച്ചിരുന്നു. അക്കാലത്തെ എന്റെ പാഷനും ഫാഷനും ക്രെയിസുമെല്ലാം എൻ.സി.സി ആയിരുന്നു. എൻ.സി.സിയുടെ രണ്ട് പ്രധാന ക്യാമ്പുകളിൽ പങ്കെടുത്ത് ട്രെയിനിംഗ് നേടിയത്, ഇന്നും എന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത അവിസ്മരണീയമായ അനുഭവമാണ്.
ചുറ്റിനുമുള്ള പ്രശാന്തസുന്ദരമായ കായലും ഇടതൂർന്ന മരങ്ങളും ശാസ്താക്ഷേത്രവും അമ്പലക്കുരങ്ങുമാണ് കുന്നിൻ പുറത്ത് ഉയർന്നുനിന്ന ഞങ്ങളുടെ സരസ്വതീ ക്ഷേത്രത്തെ (DB കോളേജിനെ) പ്രകൃതിരമണീയമായി അലങ്കരിച്ചിരുന്നത്. കോളേജിലെ ഓരോ ദിവസവും ഞങ്ങൾക്ക് ഉൽസവമായിരുന്നു. ചോറു പൊതിയുമായി കോളേജിൽ എത്തിച്ചേരുക ചെറിയ ഒരു വെല്ലുവിളിയായിരുന്നു. ചന്തക്കുരങ്ങും അമ്പലക്കുരങ്ങും ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ചു വേണം ചോറുപൊതിയുമായി കോളേജിലെത്താൻ. ഇതിനകം പലരുടെയും ചോറു പൊതി ചന്തക്കുരങ്ങോ അമ്പലക്കുരങ്ങോ തട്ടിയെടുത്തിരിക്കും. കായലിനരികിലുള്ള പറങ്കാവിലിരുന്നാണ് ഞാൻ പലപ്പോഴും കൂട്ടുകാരോടൊപ്പം ചോറ് ഉണ്ടിരുന്നത്., കായലിലിറങ്ങി കൈയ്യും കഴുകാം. ചോറു കൊണ്ടുപോകാത്ത ദിവസം കാന്റീനിൽ പോയി വല്യ ഗമയോടെ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. കോളേജ് കാന്റീനിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ഏതോ വല്യ കാര്യമാണെന്നാണ് അന്ന് ഞാൻ കരുതിയിരുന്നത്. നല്ല ഹൈറ്റും വെയിറ്റുമുള്ളവരാണ് കോളേജിൽ എപ്പോഴും ഷൈൻ ചെയ്യുന്നത്. മിസ്റ്റർ ഡി.ബി ആയി തെരഞ്ഞെടുക്കപ്പെടുന്നവർ ഞങ്ങളുടെ ആരാധ്യപുരുഷന്മാരാണ്. കോളേജ് ഡേയും കോളേജ് ഇലക്ഷനും എന്ന് പറഞ്ഞാൽ ഞങ്ങളുടെ പത്താമുൽസവമാണ്.
ഞാൻ പ്രസംഗിച്ചു പഠിച്ചത് കോളേജിൽ ഡിഗ്രിക്ക് ചേർന്നശേഷമാണ്. ആദ്യമൊക്കെ എന്റെ ക്ലാസ്സിലെ ലെക്ചർ ഫ്ലാറ്റ്ഫോമിൽ കേറി നിന്നാണ് , പ്രസംഗിച്ചു പഠിച്ചത്. പിന്നെ പിന്നെ കോളേജിൽ എസ്.എഫ്.ഐ യുടെ ഇലക്ഷൻ പ്രചരണത്തിന് പല ക്ലാസ്സുകളിലും കേറി പ്രസംഗിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രസംഗിച്ച് പഠിക്കണമെന്ന എന്റെ ഉള്ളിലെ തീവ്രമായ ആവേശമാണ് എന്നെ പ്രസംഗകനാക്കിയത്.
ഒരിക്കൽ ഞാനും അഡ്വ. പി.സി. അജിത്തും (മണപ്പള്ളി, ഇപ്പോൾ കൊല്ലം ബാറിൽ പ്രാക്ടീസ് ചെയ്യുന്നു, ചിത്രത്തിൽ കാണാം) ശാസ്താംകോട്ട രാജേന്ദ്രനും (കവി) കൂടി , കോളേജിൽ പഠിക്കുമ്പോൾ നീണ്ടകരയിലാണെന്ന് തോന്നുന്നു, കപ്പൽ കാണാൻ പോയി. കവി കുമാരപുരം വിജയനായിരുന്നു അന്നത്തെ ഞങ്ങളുടെ ആതിഥേയൻ. നീണ്ടകര എത്തിയപ്പോൾ അയാൾ ഞങ്ങൾക്ക് ഒരു ചെറിയ നാടൻ ഹോട്ടലിൽനിന്ന് ഉച്ചഭക്ഷണം വാങ്ങി തന്നു. മീൻകറിയും കൂട്ടിയുള്ള ആ ഭക്ഷണത്തിന്റെ രുചി ഇപ്പോഴും എന്റെ നാവിലുണ്ട്. ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ നാലുപേരും കൂടി കടൽ തീരത്തെത്തി. ബാർജിൽ കേറി യാത്ര ചെയ്ത് വേണമായിരുന്നു ഉൾക്കടലിൽ കിടക്കുന്ന കപ്പലിൽ കേറാൻ .(എന്റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു ആ സമുദ്രയാത്ര. കോളേജിൽ പോയ ഞങ്ങൾ , ഉൾക്കടലിൽ കപ്പൽ കേറാൻ പോയതൊന്നും വീട്ടുകാരറിഞ്ഞില്ല.
അങ്ങനെ അല്പം ഭയത്തോടെയാണെങ്കിലും ഞങ്ങൾ ബാർജിൽ കേറി. കടൽ ചൊരുക്ക് ഉണ്ടായി തലകറങ്ങുമോ എന്നു ഞാൻ പേടിച്ചിരുന്നു. എന്തായാലും അങ്ങനെയൊന്നും സംഭവിച്ചില്ല. ബാർജ് അതിവേഗതയിൽ കടലിൽ നീങ്ങി. ആകാശം ശൂന്യമായിരുന്നു., കടൽക്കാറ്റ് അടിക്കുന്നുണ്ടായിരുന്നു. തിരമാലകൾ പൊങ്ങിയും താണുമടിച്ചു കൊണ്ടിരുന്നതിനനുസരിച്ച് ബാർജ് പൊങ്ങിയും താണുകൊണ്ടുമിരുന്നു. യാത്ര വളരെ സാഹസികമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അപ്പോൾ ഞങ്ങൾ വീട്ടുകാരെ ആരെയും മനസ്സിലോർത്തില്ല. ചെറുപ്പത്തിന്റെ രക്തത്തിളപ്പല്ലേ. ചെറിയ തണുത്ത കാറ്റുണ്ടായിരുന്നെങ്കിലും ഞങ്ങളെല്ലാവരും ഉല്ലാസവാന്മാരായിരുന്നു. ആരും പ്രത്യേകിച്ച് പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല. അല്ലെങ്കിൽ തന്നെ കടലിൽ ഇങ്ങനെയൊരു സാഹസികയാത്ര ചെയ്യുമ്പോൾ എന്തോ സംസാരിക്കാനാണ്?.
സമുദ്രജലത്തിന്റെ പച്ചയും നീലയും കലർന്ന കടുത്ത നിറവുമായി ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടോ എന്നൊന്നും ചിന്തിക്കാൻ എനിക്ക് അപ്പോൾ സമയം കിട്ടിയില്ല. എങ്ങനെയെങ്കിലും യഗോസ്ലാവിയയുടെ കപ്പലിൽ കേറുക എന്നതായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ഒരേയൊരു ലക്ഷ്യം. ഞങ്ങളുടെ അടുത്തൂടെ ഫിഷിംഗ് ബോട്ടുകൾ ചീറിപ്പാഞ്ഞു പോകുന്നുണ്ടായിരുന്നു. അവരൊക്കെ മീൻപിടുത്തം കഴിഞ്ഞ് ഏഴെട്ട് ദിവസം കഴിഞ്ഞേ വരികയുള്ളൂ എന്നൊന്നും ഞങ്ങൾക്കന്ന് അറിയില്ലായിരുന്നു. യമഹാ എഞ്ചിൻ ഘടിപ്പിച്ച വള്ളങ്ങൾക്കൊക്കെ എന്തൊരു സ്പീഡാണ്. അവരൊന്നും ഞങ്ങളെ നോക്കി ചിരിച്ചില്ല. അല്ലെങ്കിൽ തന്നെ മത്സ്യ ബന്ധനത്തിനായിട്ടുള്ള ഈ ജീവിതത്തിന്റെ മരണപ്പാച്ചിലിൽ എന്ത് ചിരിക്കാനാണ് !. അവരുടെ ജീവിതം എന്നും മീൻ പിടിക്കുന്ന വലയിൽ കുരുങ്ങി കിടന്നിരുന്നു. ഒരിക്കൽ തങ്ങളും ഈ മത്സ്യങ്ങളെപ്പോലെ, ജീവിതത്തിന്റെ അന്തിമവലയിൽ കുടുങ്ങിപ്പോകുമെന്നൊന്നും വിചാരിക്കാൻ അവർക്ക് സമയം കിട്ടിയിട്ടുണ്ടാവില്ല. ഇങ്ങനെ എന്തൊക്കെയോ ഞാൻ ചിന്തിരുന്നപ്പോഴേക്കും ഞങ്ങൾ സഞ്ചരിച്ച ബാർജ് കപ്പലിനരികെ എത്തിയിരുന്നു. എന്തൊരു പടുകൂറ്റൻ കപ്പൽ. ഭീമാകാരം എന്ന് പറഞ്ഞിട്ടേയുളളൂ. ബാർജിൽ നിന്നു നോക്കിയപ്പോൾ കപ്പലിന് അതിഭയങ്കരമായ ഉയരമായിരുന്നു. ഇതിൽ എങ്ങനെ കേറുമെന്ന് ഞങ്ങളെല്ലാം അന്തിച്ചുപോയി. കപ്പലിന്റെ സൈഡിൽ ,മുകളിൽ നിന്ന് താഴേക്ക് ഏണിപോലെ കിടക്കുന്ന പ്ലാസ്റ്റിക് കയർ താഴേക്കിട്ടിരുന്നു. അതിൽ പിടിച്ചുവേണം കപ്പലിന്റെ മുകളിലേക്ക് കേറാൻ .പിന്നെ ഞങ്ങൾ നാലുപേരും ആകെ ആശയക്കുഴപ്പത്തിലായി. ആര് മുമ്പേ കേറും എന്നതായി നിശ്ശബ്ദമായ പ്രശ്നം. എല്ലാവർക്കും പേടിയുണ്ടായിരുന്നു. കേറുന്ന കൂട്ടത്തിൽ പിടിവിട്ട് ബാർജിലോ കടലിലോ വീണുപോയാൽ എന്ത് ചെയ്യും? .
എന്നിവർഒന്നും ചെയ്യാനില്ല. അന്ത്യയാത്ര തന്നെ വഴി. എന്തുകൊണ്ടോ എനിക്ക് ഭയമില്ലായിരുന്നു. (NCC ട്രെയിനിംഗ് കിട്ടിയതുകൊണ്ടായിരിക്കും). ആരോടും ആലോചിക്കാതെ ഞാൻ തന്നെ മുമ്പേ കയറിൽ പിടിച്ച് കേറാൻ തുടങ്ങി. ഞാൻ കയറി കഴിഞ്ഞപ്പോൾ മറ്റുള്ളവരും ഓരോരുത്തരായി മുകളിലേക്ക് കേറി വന്നു. എല്ലാവരുടെയും മുഖത്തെ ഭയം മാറി. ഏതോ ഒരു ദുർഘടമായ കടമ്പ കടന്നതുപോലെയായിരുന്നു എല്ലാവരും. ആകെ കൂടി എല്ലാവരും ഉൽസാഹഭരിതരായി. മുകളിൽ കപ്പലിലെ വെള്ളക്കാരനായ ഒരു ഉദ്യോഗസ്ഥനെ ഞങ്ങൾ കണ്ടു. അയാളോട് ഞങ്ങൾ മുറി ഇംഗ്ലിഷിൽ പേരും സ്ഥലവും മറ്റ് കാര്യങ്ങളുമൊക്കെ ചോദിച്ചറിഞ്ഞു. കപ്പലിനകത്ത് കേറി കാണാൻ അവർ ആരേയും അനുവദിച്ചിരുന്നില്ല. അങ്ങനെ നിരാശരായി ഞങ്ങൾ അവിടെ നിന്ന് തിരികെ മടങ്ങി. എന്നാൽ ഞങ്ങൾ ,ഒരിക്കലും നിരാശരായി എന്ന് പറയാൻ കഴിയില്ല. കടലും കപ്പലും കീഴടക്കിയതിന്റെ – ഒഡീസിയസ്സിനെപ്പോലെയുള്ള – ആവേശോജ്ജ്വലമായ മടക്കയാത്രയായിരുന്നു ഞങ്ങളുടേത്. ആ സാഹസിക യാത്ര കഴിഞ്ഞ്, തിരികെ കടൽക്കരയിലെത്തിയപ്പോൾ, ഞങ്ങളെ ആരും പൂച്ചെണ്ടും ബൊക്കയും തന്ന് വരവേൽക്കാനില്ലാരുന്നെങ്കിലും, ജീവിതത്തിലെ അവിസ്മരണീയമായ ഒരു സാഹസിക യാത്രയായിരുന്നു ഞങ്ങൾക്ക് ആ അനുഭവം.
ഭാഗം 2
കോളേജ് ജീവിതം എല്ലാവർക്കും ഉത്സവം പോലെയാണ്. അതുകൊണ്ടായിരിക്കും, എത്ര വേഗത്തിലാണ് എന്റെ അഞ്ച് വർഷത്തെ ഡി.ബി കോളേജിലെ കാല്പനികജീവിതം ശരവേഗത്തിൽ കടന്നു പോയത്. എല്ലാം ആകാശത്തെ മാരിവില്ലുപോലെയാണ് അതിവേഗത്തിൽ മാഞ്ഞുപോകുന്നത്. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും അനർഘമായ നിമിഷങ്ങൾ പ്രദാനംചെയ്ത കാലം ഏതാണെന്ന് ചോദിച്ചാൽ, എല്ലാവർക്കും ഒരേയൊരുത്തമേയുള്ളൂ. അത് കലാലയജീവിതം തന്നെ. നമുക്കെല്ലാവർക്കും നിരുപാധികസ്നേഹം ലഭിച്ചിട്ടുള്ളത് സ്കൂൾ കലാലയജീവിതത്തിൽ നിന്നാണ്. നമ്മളൊക്കെ എന്തൊക്കെയോ സ്നേഹത്തിന്റെ അനർഘമായ കനികൾ തിന്ന കാലമാണ് കലാലയ ജീവിതകാലഘട്ടം. മരണം വരെയും ആ ഫലത്തിന്റെ രുചി നമ്മുടെ നാവിൻ തുമ്പിൽ നിന്നും മാഞ്ഞ് പോകില്ല. അതാണ് ആ സൗഹൃദ കൂട്ടായ്മയുടെ രുചി.
ഒരു പക്ഷെ ,കോളേജിലെ ജീവിതത്തേക്കാൾ ഏറ്റവും രസകരമായ അനുഭവം കോളജിലേക്കുള്ള യാത്രാനുഭവമാണ്. ഞാൻ എല്ലാ ദിവസവും കെ.സി.റ്റി ബസിലാണ് ശാസ്താംകോട്ട ഡി.ബി കോളേജിലേക്ക് പോകുന്നത്. വെളളപ്പൊക്കമില്ലാത്ത കാലയളവിൽ ഞാൻ എന്റെ വീടിന്റെ കിഴക്കേ പുഞ്ചവയൽ കടന്നാണ് ബസ് കേറാൻ പോകുക. മഴക്കാലത്ത് പുഞ്ചവയൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് കാണാൻ എന്ത് രസമാണ്!. ബ്രാലും മുശിയും പളളത്തിയും കരട്ടിയും പരലും കൂരിയും വെള്ളത്തിൽ കിടന്ന് പുളയുന്നത് ഞാൻ നോക്കി നിൽക്കുമായിരുന്നു. ചിലരൊക്കെ തോട്ടരികിൽ ഇരുന്നു ചൂണ്ടയിട്ട് മീനെ പിടിച്ചുകൊണ്ടിരിക്കും. കൊക്കുകൾ ധ്യാനനിരതമായിരുന്നിട്ട് ,മീനെ കൊത്തിയെടുത്തുകൊണ്ട് ആകാശത്തിലൂടെ പറന്നകന്ന് പോകുന്ന ചിത്രം ഞാൻ ഏറെ നേരം നോക്കിനിന്നിട്ടുണ്ട്.
സ്വന്തം വലയുള്ളവർ അവിടെ വന്ന് പുഞ്ചയിലിറങ്ങി വലവീശി മീൻപിടിക്കുമായിരുന്നു. വലയിൽ കുരുങ്ങുന്ന മീനെ കാണുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് വല്യ സന്തോഷമായിരുന്നു. കാഴ്ചകളൊക്കെ ഇങ്ങനെ ഒട്ടേറെ കണ്ടതിന് ശേഷമാണ് ഞാൻ പഞ്ചാലി മുക്ക് ബസ് സ്റ്റോപ്പിലെത്തുന്നത്. ഒരു ചെറിയ കെ.സി.റ്റി ബസ്സിലാണ് കോളേജിലേക്കുള്ള യാത്ര. തിക്കും തിരക്കുമുള്ള ബസ്സിലെ കണ്ടക്ടറുടെയും വിദ്യാർത്ഥികളുടെയും തമാശ പൊട്ടിച്ചുകൊണ്ടുള്ള യാത്ര ഉല്ലാസഭരിതമായിരുന്നു. ബസ്സിൽ പന്ത് കളിക്കാൻ സ്ഥലമുണ്ടെങ്കിലും കുട്ടികൾ പുറകോട്ട് മാറി നിൽക്കത്തില്ല എന്നതാണ് കണ്ടക്ടറുടെ എപ്പോഴുമുള്ള പരാതി. തിരക്കുള്ളപ്പോൾ വണ്ടി നിർത്തില്ല എന്ന ഊഹാപോഹമുണ്ടായാൽ, ചില വില്ലന്മാർ ബസ്സിന് മുന്നിൽ കേറി നിന്ന് വണ്ടി തടയും. വണ്ടി തടഞ്ഞ് കഴിഞ്ഞാൽ പിന്നെ കണ്ടക്ടറും ഡ്രൈവറും വിദ്യാർത്ഥികളും തമ്മിൽ വഴക്കാണ് .നല്ല തണ്ടും തടിയുള്ള ചെറുപ്പക്കാരായിരുന്നു അന്ന് ഡിഗ്രിക്കൊക്കെ പഠിക്കുന്നവർ. അവരെയൊക്കെ ഞങ്ങൾ ആരാധനയോടെയാണ് നോക്കിക്കണ്ടിരുന്നത്.
കണ്ടക്ടറോടും ഡ്രൈവറോടും വഴക്കിടുന്ന അവരെയൊക്കെ പെൺകുട്ടികൾക്ക് വല്യ ആരാധനയായിരുന്നു. ചിലരൊക്കെ പെൺകുട്ടികളുടെ മുമ്പിൽ ഷൈൻ ചെയ്യാൻ വേണ്ടി വെറുതെ പ്രശ്നങ്ങളുണ്ടാക്കി കണ്ടക്ടറെ വഴക്കും ചീത്തയും പറയുമായിരുന്നു. നല്ല തടിയും വിരിഞ്ഞ മാറിടവുമുള്ള ഞങ്ങളുടെ ചില വിദ്യാർത്ഥി സൃഹുത്തുക്കൾ ഷർട്ടിന്റെ ഫ്രണ്ടിലെ രണ്ട് മൂന്ന് ബട്ടൺസിടാതെ നെഞ്ച് വിരിച്ചായിരിക്കും ഫുട്ബോഡിനടുത്ത് നിൽക്കുന്നത്. അവർ അവിടുന്ന് മാറത്തില്ല. ചിലരൊക്കെ കണ്ടക്ടറുമായി നല്ല ലോഹ്യത്തിലായിരുക്കും. പലപ്പോഴും ആളിനെ കേറ്റി ഫുട്ബോഡിൽ നിന്ന് ബെല്ല് കൊടുക്കുന്നത് വിദ്യാർത്ഥികളായിരിക്കും. അത്തരം വില്ലന്മാരായ കുട്ടികളോട് മറ്റ് കുട്ടികൾക്ക് വല്യ ആരാധനയായിരിക്കും. അവരൊക്കെ രാഷ്ട്രീയ നേതാക്കളാണെങ്കിൽ പിന്നെ പറയുകയും വേണ്ടാ. അവരെയൊക്കെ ഭക്തിയോടെ നോക്കി ഞങ്ങൾ അഭിമാനിക്കും. കാരണം എന്തിനും തയ്യറായി നിൽക്കുന്ന വില്ലന്മാരാണ് അവരൊക്കെ .അവർ ഞങ്ങളുടെ സുഹൃത്തുക്കളായാരിക്കുന്നതിൽ ഞങ്ങൾക്ക് വല്യ ഗമയാണ്. കണ്ടക്ടറെയൊക്കെ വഴക്കടിച്ച് നേരിടുക എന്നത് ചില്ലറകാര്യമല്ലല്ലോ. തിരക്കുള്ള സമയത്ത് ബസ്സിന്റെ ലാഡറിൽ പിടിച്ച് തൂങ്ങിപ്പോകുന്നത് എനിക്കും വല്യ ഇഷ്ടമായിരുന്നു. ലാഡറിൽ കേറാൻ വേണ്ടി തിരക്കുള്ള മറ്റ് ബസ്സുകളിൽ ശാസ്താംകോട്ടയിൽ നിന്ന് ഭരണിക്കാവ് വരെ ഞാൻ ഉല്ലാസയാത്ര ചെയ്യുമായിരുന്നു.
ശാസ്താംകോട്ട ജംഗ്ഷനിൽ എത്തിയാൽ പിന്നെ, കോളേജിലേക്കുള്ള നടത്തയിൽ പലരും രാഷ്ട്രീയ വാഗ്വാദങ്ങളിലും വീരവാദം മുഴക്കലിലും ഏർപ്പെടും. പത്രങ്ങളിലോ വീക്കിലിയിലോ വായിച്ച അറിവുകൾ മേമ്പൊടി ചേർത്ത് തട്ടിവിടുന്നവർ ചർച്ചയിൽ മേൽക്കൈ നേടും. ചിലരൊക്കെ കെ.വേണു, അജിത, വർഗ്ഗീസ്, ഫിലിപ്പ് എം. പ്രസാദ് , നക്സലിസം എന്നൊക്കെ തട്ടി വിടും. അവരൊക്കെ വല്യ ആളുകളാണെന്നാണ് ഞങ്ങളിൽ പലരുടെയും ധാരണ. അങ്ങനെ സാവധാനം കോളേജിലെത്തുകയായി.
കോളേജിലെത്തിയാൽ പിന്നെ, സമരങ്ങളുണ്ടെങ്കിലും ഉത്സവമാണ്, സമരങ്ങളില്ലെങ്കിലും ഉൽസവമാണ്. സമരമായാൽ കുറെയധികം കുട്ടികൾ കോളേജ് വിട്ടുപോകാതെ, അവിടെ കോളേജിന് ചുറ്റും കായൽ തീരത്തുമായി ചുറ്റിയടിച്ച് നടക്കും. സമരമുള്ള കാര്യവും വീട്ടുകാരറിയത്തില്ല. സമരമില്ലാത്തതും ക്ലാസ്സിൽ കേറാത്തതും വീട്ടുകാർ അറിയത്തില്ല; ക്ലാസ്സ് കട്ടുചെയ്താലും അറിയത്തില്ല .ചിലർക്കെക്കെ സമരമായാൽ പിന്നെ സിനിമ തീയറ്ററായിരിക്കും ലക്ഷ്യം. സമരമാണെന്ന് അറിഞ്ഞാൽ ശാസ്താംകോട്ട ദേവി തീയറ്റർ മോർണിംഗ് ഷോക്ക് റിക്കോഡ് ഇടും.
എസ്.എഫ്.ഐയുടെയും കെ.എസ്സ്.യു വിന്റെയും നേതാക്കൾ ഒരിക്കലും പുസ്തകമോ ഫയലോ പിടിച്ച് കോളേജിൽ വരില്ലായിരുന്നു. അവർ നേതാക്കളാവുന്നത് അങ്ങനെയാണ്. അവരൊക്കെ മിക്കവാറും മുണ്ടും വെള്ള ഷർട്ടുമായിരിക്കും ധരിക്കുന്നത്. എസ്.എഫ് .ഐയുടെ പ്രകടനങ്ങൾക്കൊക്കെ ഞാനും പങ്ക് ചേരുമായിരുന്നു. മുദ്രാവാക്യം വിളിക്കുന്നത് എനിക്കും വലിയ ഹരമായിരിന്നു. അവരുടെ കൂട്ടത്തിൽ ചേർന്നു ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുമ്പോൾ, ഞാനും അവരെപ്പോലെ വലിയവനാണെന്ന് ചിന്തിക്കുമായിരുന്നു. ഇടിനാദം മുഴങ്ങട്ടെ , കടൽ രണ്ടായി പിളരട്ടെ , രക്തസാക്ഷികൾ അനശ്വരന്മാർ, ധീരന്മാർ അവർ അമരന്മാർ , നിങ്ങളുറങ്ങും കല്ലറകൾ വിശ്വാസങ്ങൾ മന്ത്രങ്ങൾ ഞങ്ങളീ മണ്ണിൽ ശാശ്വതമാക്കും …തുടങ്ങിയ മുദ്രാവാക്യങ്ങൾ ആരെയും കോൾമയിർ കൊള്ളിക്കുന്നതായിരുന്നു.
ഇലക്ഷനോടനുബന്ധിച്ച് ഞാനും എസ്.എഫ്.ഐക്ക് വേണ്ടി മറ്റു ക്ലാസ്സുകളിൽ പ്രസംഗിച്ചു പ്രചരണം നടത്തിയിട്ടുണ്ട്. കുട്ടികളുടെ വമ്പിച്ച പ്രകടനം കാണുന്നത് എനിക്ക് വലിയ ഹരവും കമ്പവുമായിരുന്നു. ഇലക്ഷൻ സമയത്ത് കോളജിൽ അടിയുണ്ടാവുക സ്വാഭാവികമാണ്. ചിലരൊക്കെ പറയുന്നത് കേൾക്കാം കെമസ്ട്രി ലാബിന്റെ അടുത്ത് വെച്ച് അടിയുണ്ടായി ,ലൈബ്രറിയുടെ അടുത്ത് വെച്ച് അടിയുണ്ടായി എന്നൊക്കെ. കുട്ടികൾ അങ്ങനെയൊക്കെ പറയുന്നത് ഏതോ വല്യ കാര്യം പോലെയാണ്. ചില വിദ്യാർത്ഥി നേതാക്കൾ അടികൊണ്ടതിന് ശേഷം ഷർട്ടൊക്കെ ഊരി കാണിച്ച് കോളേജിന് ചുറ്റും നടക്കും. ആദ്യമൊക്കെ ,ഇവർ എന്തിനാണ് ഇങ്ങനെ അടികൊണ്ട ശേഷം ഷർട്ടും വലിച്ച് കീറി രക്തമൊലിപ്പിച്ച് അവിടൊക്കെ നടക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീടാണ് എനിക്ക് മനസ്സിലായത്, പെൺകുട്ടികളുടെ സഹതാപം പിടിച്ച് പറ്റി ഇലക്ഷന് ജയിക്കാനാണെന്ന്.
അധ്യാപകർക്കും പ്രിൻസിപ്പലിനുമൊക്കെ അവരെ പേടിയായിരുന്നു. അടിയെന്ന് എഴുതികാണിച്ചാലുടനെ ഞങ്ങളൊക്കെ കോളേജ് വിടുമായിരുന്നു. ഒരിക്കൽ എസ്.എഫ്.ഐ യും എ.ഐ.എസ്.എഫ് ഉം തമ്മിൽ അടി നടന്നപ്പോൾ , എസ്.എഫ്.ഐ ക്കാർക്ക് , എ.ഐ.എസ്.എഫ് കാരെ എറിയാൻ വേണ്ടി, ഞാൻ കല്ല് പെറുക്കി കൊടുത്തത് ഇപ്പോൾ ഓർമ്മവരുന്നു. എനിക്ക് ആരെയും എറിയാൻ കഴിയില്ലായിരുന്നു. പകരം ഞാൻ കല്ല് പെറുക്കിയിട്ടുകൊടുക്കുമായിരുന്നു.
വല്യ വല്യ അടി നടക്കുന്ന കോളേജാണ് വല്യ കോളേജെന്ന് അന്ന് എനിക്കൊരു ധാരണയുണ്ടായിരുന്നു. കത്തിക്കുത്ത് നടന്നാൽ അത് അതിലും വല്യ കോളേജാണ്. അടി നടക്കുമ്പോഴാണ്, യഥാർത്ഥത്തിൽ അന്തരീക്ഷമാകെ പ്രകമ്പനംകൊണ്ട് കോളേജിന്റെ പ്രൗഢി ഉയരുന്നത്! അങ്ങനെ ചെറുപ്പത്തിൽ എന്തെല്ലാം മൂഢമായ ധാരണകളാണ് നമ്മൾക്കൊക്കെ ഉണ്ടായിരുന്നത്. സമൂഹികജീവിതത്തിന്റെ സങ്കീർണ്ണത, നമുക്ക് കോളേജിൽ പഠിച്ചു തുടങ്ങമ്പോഴേക്കും മനസ്സിലായി തുടങ്ങും. എങ്ങനെയെന്നാൽ, കോളേജിൽ രാഷ്ട്രീയസംഘട്ടനം മാത്രമല്ല നടന്നിരുന്നത്. ചിലപ്പോൾ സെക്കന്റ് ഈയർ ഡിഗ്രിക്കാരും തേഡ് ഈയർ ഡിഗ്രിക്കാരും തമ്മിൽ അടി നടക്കാറുണ്ട്. മറ്റ് ചിലപ്പോൾ പ്രീ – ഡിഗ്രിക്കാരും ഡിഗ്രിക്കാരും തമ്മിലായിരിക്കും. അങ്ങനെ ഒട്ടേറെ ഗ്രൂപ്പുകൾ തമ്മിൽ പല പ്രശ്നങ്ങളുടെയും പേരിൽ അടി നടക്കാറുണ്ട്.
സംഘർഷഭരിതമല്ലാത്ത സാധാരണ സമരമൊക്കെയാണെങ്കിൽ ,ഞങ്ങൾ കോളേജിലൊക്കെ ചുറ്റിക്കറങ്ങി നടക്കും. ചിലപ്പോൾ കായൽ തീരത്തുകൂടെ നടക്കുക ഞങ്ങൾക്ക് ഒരു വിനോദമായിരുന്നു. വള്ളം കേറി അക്കരെപ്പോകുന്നതും സാധാരണമായിരുന്നു. ശാസ്താംകോട്ട കായലിലെ നീല ജലാശയത്തിലൂടെയുള്ള വള്ളം തുഴഞ്ഞുള്ള യാത്ര ഒരു പ്രത്യേക അനുഭവം തന്നെയാണ്.
കലാകായിക പരിപാടികളുള്ള ദിവസം ,ഞാൻ അതെല്ലാം കഴിഞ്ഞേ കോളേജ് വിടുകയുള്ളു .കോളേജ് കളിക്കളം എനിക്ക് അന്ന് വലിയ ലഹരിയായിരുന്നു. കുട്ടികളുടെ വോളിബാൾ കളി ആരെയും ആകർഷിക്കുന്നതായിരുന്നു. ഞങ്ങൾ ചുറ്റിനും നിന്ന് അവരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കും. ഓരോ പോയിന്റ് നേടുമ്പോഴും എന്തൊരു ആവേശവും ആരവവുമാണ്. കളിക്കളത്തിൽ ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നതിൽ ചിലർ മിടുക്കന്മാരായിരുന്നു. അവരുടെ വിജയഭേരികൾക്ക് ഒരു തരം മാസ്മരികമായ വശ്യതയുണ്ടായിരുന്നു. കോളേജ് ഡേ ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ കുട്ടികൾക്ക് എല്ലാവർക്കും ഒരു തരം വല്ലാത്ത ഭ്രാന്താണ്. കോളേജിലെ യഥാർത്ഥ ഉത്സവം നടക്കുന്നത് കോളേജ് ഡേയ്ക്കാണ്. ഉൽസാഹഭരിതമായ ഈ അന്തരീക്ഷത്തിന്റെ ലഹരിയിൽ അദ്ധ്യാപകർപോലും മുങ്ങിപ്പോകും. കോളേജ് കാന്റീൻ കൂടുതൽ സജീവമാകും. കാന്റീനിലിരുന്ന് ലഘുഭക്ഷണം കഴിക്കുന്നത് എനിക്ക് എന്തോ ഒരു പ്രത്യേകാനുഭൂതിയായിരുന്നു. ചില ഗ്രൂപ്പുകൾ കാന്റീനിൽ വന്നാണ് ബഹളങ്ങളൊക്കെ കാണിക്കുന്നത്. അവർ ഡസ്ക്കിലിരുന്ന് ആടുകയും പാടുകയും നൃത്തം ചവിട്ടുകയും ചെയ്യുമായിരുന്നു. അവർ, ബീഡിയും സിഗററ്റുമൊക്കെ കാന്റീനിലിരുന്ന് വലിച്ചുവിടുന്നത് അധികാര ബോധത്തോടെയും സ്വാതന്ത്ര്യത്തോടെയുമായിരുന്നു.
അങ്ങനെ സിഗററ്റ് വലിച്ച് വിടുന്നവരൊക്കെ വല്യചാമ്പ്യന്മാരായിരുന്നു. ചിലപ്പോൾ ഞങ്ങൾ വടക്കേ വിങ്ങിലുള്ള അപ്പു അണ്ണന്റെയും ചേച്ചിയുടെയും ചായക്കടയിൽ പോയി കാപ്പി കഴിക്കും. ചേച്ചി വല്യ വാചകമടിക്കാരിയായിരുന്നു. ചേച്ചിയോട് വാചകമടിച്ച് പിടിച്ചു നില്ക്കാൻ അപൂർവ്വം ചില കുട്ടികൾക്കേ കഴിഞ്ഞിരുന്നുള്ളൂ. ഭർത്താവുണ്ടെങ്കിലും ചേച്ചിയാണ് ആ ചായക്കട അടക്കി ഭരിച്ചിരുന്നത്.
ഒരിക്കൽ കോളേജ് ലൈബ്രറിയിൽ നിന്നും ഗന്ധിജിയുടെ ആയിരത്തിലധികം പേജ് വരുന്ന തടിച്ച ഒരു ഗാന്ധിസാഹിത്യഗ്രന്ഥം ഞാൻ എടുത്തുകൊണ്ടുവന്ന് വായിച്ചത് ഇപ്പോഴും എന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകം കോളേജ് ജംഗ്ഷനിൽ വെച്ച് വാങ്ങി വായിച്ച കാര്യം എനിക്ക് ഒരിക്കലും മറക്കാൻ കഴിയുന്ന സംഭവമല്ല. കോളേജിലെ യുക്തിവാദ സംഘടനയുടെ സെക്രട്ടറിയായി ഞാൻ തെരഞ്ഞെടുക്കപ്പെടുമ്പോൾ, ആ വിഷയത്തെ സംബന്ധിച്ച് ഉപരിപ്ലവമായി വാചകമടിക്കാനല്ലാതെ, അതിൽ ആഴത്തിലുള്ള യാതൊരു അറിവും എനിക്കില്ലായിരുന്നു എന്നത് ഇപ്പോൾ ഓർക്കുമ്പോൾ നല്ല രസം തോന്നുന്നു. സോവിയറ്റ് നടും സോവിയറ്റ് സമീക്ഷയും പാഠഭേദം മാസികയും ഞാൻ എന്റെ കോളേജ് കാലഘട്ടത്തിലാണ് പരിചയപ്പെടുന്നത്. കലാകൗമുദി വായിക്കുന്നത് അന്നൊക്കെ എന്റെ ശീലമായിരുന്നു. കോളേജിൽ ആർട്ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സാഹിത്യ മൽസരങ്ങളിൽ ഞാൻ പങ്കെടുത്തിരുന്നെങ്കിലും എനിക്ക് സമ്മാനങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഞങ്ങളുടെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രതീകമായിരുന്ന “സാധന” എന്ന കോളേജ് മാഗസിനിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു കാണെണമെന്ന് അന്നൊക്കെ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ മാഗസിൻ പുറത്തിറങ്ങിയപ്പോൾ എന്റെ സൃഷ്ടി പ്രസിദ്ധീകരിക്കുകയുണ്ടായില്ല. അതിൽ എനിക്ക് ചെറിയ ചില വിഷമങ്ങളൊക്കെ ഉണ്ടായിരുന്നു. ഞാൻ കോളേജിൽ വെച്ച്, ഊട്ടിയിലും മൈസൂറിലും മറ്റും അഞ്ച് ദിവസം കറങ്ങിയ വിനോദയാത്രയാണ് എന്റെ ജീവിതത്തിൽ ഇപ്പോഴും പച്ചപിടിച്ച് നിൽക്കുന്ന സുഗന്ധപൂരിതമായ ഓർമ്മകൾ. തനത് നാടകവേദിയുടെ ഉപജ്ഞാതാവ് പ്രൊഫ: ജി. ശങ്കരപ്പിള്ള സാർ ഞങ്ങളുടെ കോളേജിനെ അലങ്കരിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ എം.ആർ.ടി നായർസാറിനെയും ഒട്ടേറെ ചരിത്ര ഗ്രന്ഥങ്ങളുടെ കർത്താവായ ഡോ: എം.എസ്. ജയപ്രകാശ് സാറിനേയും നോവലിസ്റ്റ് എം.ഡി. രത്നമ്മസാറിനേയും സ്പോർട്സ് ഡിപ്പാർട്ട്മെൻറിന്റെ വരാഹൻസാറിനേയും വി.ആർ.പി സാറിനെയും ഞാൻ ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുകയാണ്.
ഞാൻ കോളേജ് വിട്ടിട്ട് ഇപ്പോൾ മുപ്പത് വർഷം കഴിയുന്നെങ്കിലും, എന്റെ കോളേജിന്റെ മഹത്വം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ഞാൻ ഗ്രഹിക്കുന്നത്, എന്റെ ഈ സ്മൃതിചിത്രം എഴുതി പൂർണ്ണമാക്കിയപ്പോഴാണെന്നു വേദനയോടെയും ആഹ്ലാദത്തോടെയും സ്മരിക്കുന്നു.