മഴ ചാറി നില്ക്കുന്ന മുറ്റം.
മേഘങ്ങൾ കറുപ്പിച്ച പകലിൽ……
ചെറുമഴത്തുള്ളികൾ ചേമ്പിലയ്ക്കുള്ളിലൊരു മുത്തായ് തുളുമ്പി നിന്നു !
മൈലാഞ്ചി നിറമുള്ള കൈകളാലെന്നെ…
പ്പുണർന്നു നീ കൂടെയുണ്ടെങ്കിൽ,
മറ്റൊരു പൗർണ്ണമി ഇനിയെന്തിന്?
പ്രിയമോടെയെന്നും പുഞ്ചിരിയേകുമ്പോൾ,
എന്തിനു വേറൊരു സ്വർഗം?
പൂവിതൾ പോലെ തഴുകിയുണർത്താം..
നീയെന്നുമരികിലുണ്ടെങ്കിൽ.
അനുരാഗലോലയായ് നിദ്ര വന്നെത്തുമ്പോൾ,
എന്മനം പൂത്തുമ്പിയായ് പറക്കും !
കാണാതിരിക്കുമ്പോൾ
മിഴികൾ നനഞ്ഞിടും,
ഹൃദയത്തിൽ പെയ്തിടും പ്രണയമഴ.
തോരാമഴയിൽ നാം പ്രണയിച്ചിടുമ്പോൾ,
എല്ലാ വസന്തവുമെന്നിൽ നിറയുന്നു !
നീയെന്റെ പൂകാലമല്ലെ?
ചാരെ നീയുള്ളപ്പൊഴെല്ലാമെൻ ഹൃത്തിലും……
നിറയുന്നു നന്മതൻ പുണ്യകാലം.