എന്തിനാണ് ശ്രീമതി ടീച്ചർ പൊട്ടിക്കരഞ്ഞത്?/ജി.ഹരി നീലഗിരി



എം.സി ജോസഫൈൻ: ഓരോർമ്മക്കുറിപ്പ്…

             സഖാവ്‌എം.സി.ജോസഫൈനെ എനിക്ക് ഉറ്റപരിചയമൊന്നുമില്ല… എന്നാൽ, കേരളത്തിലെ വനിതാവിമോചന ഇടതുപക്ഷ രാഷ്ട്രീയത്തിലെ ശുക്രനക്ഷത്രങ്ങളിൽ ഒന്നായിരുന്നു ജോസഫൈനെന്നു സാമാന്യ ജനത്തെപ്പോലെ എനിക്കു മറിയാം…

 ഗൗരിയമ്മ മുതൽ സി.എസ് സുജാതയോളം നീളുന്ന സി.പി.എമ്മിന്റെ ചെറുതെങ്കിലും കരുത്തുറ്റ വനിതാ നേതൃനിരയിലെ മുതിർന്ന കണ്ണികളിൽ പ്രമുഖയായിരുന്നു ഇക്കഴിഞ്ഞ ദിവസം 
വിശ്വചേതനയിൽ ലയിച്ച എം.സി.ജോസഫൈൻ എന്ന വിപ്ലവ നായിക.!

പാർട്ടിതന്നെ എല്ലാം!

…പാർട്ടി തന്നെയാണ് തന്റെ എല്ലാമെല്ലാമെന്നു ഏതു വിപര്യയ ഘട്ടത്തിലും ഉറപ്പിച്ച ശക്തയായ ഒരു വനിതാ നേതാവിനെയാണ് സി.പി. എമ്മിനു പാർട്ടികോണ്ഗ്രസിന്റെ രക്തപതാക ആഹ്ലാദാരവങ്ങളോടെ താഴ്ത്തിയ ഈ വേളയിൽ നഷ്ടമായത്…
സംസ്ഥാന വനിതാകമ്മീഷൻ അധ്യക്ഷ,ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്,
സംസ്ഥാന പ്രസിഡന്റ്,
വനിതാവികസന കോപ്പറേഷൻ ചെയർപേഴ്സണ്‌ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം,ജി.സി.ഡി.എ അധ്യക്ഷ,അങ്കമാലിയെ പോറ്റമ്മയാക്കിയ നഗരസഭാ കൗണ്സിലർ, എന്നീ നിലകളിലെല്ലാം   ശ്രദ്ധേയമായ സേവനമാണ് ജോസഫൈൻ പാർട്ടിക്കും കേരളീയ സമൂഹത്തിനും നൽകിയത്… 

സമരവീര്യം,നിലപാടുകളിലെ
സ്ഥൈര്യത,
വി.എസ്സിനൊപ്പം അടിയുറച്ചുനിന്ന പെണ്പോരാളിത്തം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷങ്ങളുടെ പൊൻതൂവലുകൾക്ക് അസന്നിഗ്ദ്
ധമാംവിധം അർഹയായിരുന്നു ജോസഫൈൻ എന്ന കരുത്തയായ ഈ പെണ്സഖാവ്…

കൂടും കുടുംബവും

മറന്നവൾ…

പാർട്ടി എന്ന എന്നത്തേയും ഈ മാഹാവൃക്ഷത്തിൽ ഒരു പെണ്കുയിലായി വന്നു ജോസഫൈൻ യുവത്വത്തിലേ കൂടുകൂട്ടി.
എന്നാലവിടെ പൊരുന്നിരുന്നൊടുവിൽ വിരിഞ്ഞിറങ്ങിയത് അടിയന്തിരാവസ്ഥയ്
ക്കു ശേഷം മാത്രം!
ജീവിതസഖാവ് കൂടിയായ പള്ളിപ്പാട്ട് മത്തായിയുടെ കാൽനഖേന്ദുമരീചികകൾ പിന്തുടർന്നായിരുന്നു ജോസഫൈന്റെ പൊതുജീവിതവും ജീവിതവും.

ഒരു മലയാളി പുരുഷന്റെജീവിതത്തിൽ സഖാവ്

ജോസഫൈൻറ്റെ സ്ഥാനം.

ഒരാഴ്ചയായി തിരുവനന്തപുരം കനകക്കുന്നു നിശാഗന്ധിയിൽ പിണറായി മന്ത്രിസഭയുടെ രണ്ടാംവാർഷികത്തോടനുബന്ധിച്ചു കുടുംബശ്രീ ഒരുക്കിയ ‘ദേശീയ സരസസ്സ് മേള-2022’ എന്ന ഭക്ഷ്യ-സാംസ്കാരിക മേളയിൽ സജീവമായിപങ്കെടുത്തുവരികയായിരുന്നു ഞാൻ…

ഇരുപത്തെട്ടു സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും തനത്‌ ഉൽപ്പന്നങ്ങളുടെ ഇരുനൂറ്റമ്പത് സ്റ്റാളുകൾ ഒരുക്കിയിരുന്ന നിശാഗന്ധീപരിസരം പെണ്ണായ്മയുടെ ഒരു പൂക്കടലായി മാറിയിരുന്നു..!💐

സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമ്മാർജനരംഗത്ത് ലോകത്തിനുതന്നെ മാതൃകയായ ‘കുടുംബശ്രീ’ ഉൾപ്പെടെ ഈ മേഖലയിൽ കയ്യൊപ്പുപതിപ്പിച്ച വനിതാസംരംഭകർ പങ്കെടുത്ത ദേശീയമേളയായിരുന്നു ‘സരസ്സ്’.
കലാപരിപാടികളും അനന്തവൈവിധ്യമാർന്ന ഭക്ഷ്യപുണ്യങ്ങളുമായി നിയമസഭാ നഗരിയെ
ഈ മേള 
അക്ഷരാർഥത്തിൽതന്നെ കൊഴുപ്പിച്ചു…!

…പരിചിതവും അപരിചിതവുമായ പെണ് സാന്നിധ്യങ്ങളാൽ എന്നിൽ കോവിടോത്തര കാലത്തിന്റെ ജഢത പെയ്തൊഴിയുകയായിരുന്നു..!

കുഴിച്ചു കുളംതോണ്ടുന്ന പെണ്ണിടങ്ങൾ

നിശാഗന്ധീസായാഹ്നങ്ങൾ സ്റ്റീഫൻ ദേവസ്സി,’ഉമ്പായീസ് കാരവൻ’,സിത്താരാ കൃഷ്ണകുമാർ,ജാസി ഗിഫ്റ്റ്,ജി.വേണുഗോപാൽ,വിധുപ്രതാപ്‌ തുടങ്ങിയ സംഗീത ജ്വാലകളാൽ കത്തിയമർന്നപ്പോൾ, ഒന്നുരണ്ടു മണ്‌ തിട്ടകൾ താഴെയുള്ള വലിയൊരു കുഴിയിലെ(ആർക്കു കൊട്ടാരം കെട്ടാനാകുമോ ആവോ, പെണ്ണിടത്തെ ഇങ്ങിനെ കുഴിച്ചുകുളംതൊണ്ടിയത് !? വിശാലമായ ഫുഡ്കോർട്ട് ടെൻറ്റിലെ ഭക്ഷ്യാരവത്തിൽ,മലയാളിനാരീസ്വത്വത്തി ന്റെ കുലീനകുല്യകൾ തിരമാലകൾപോൽ    അലയടിച്ചാർക്കുകയായിരുന്നു..!!!

 ….അന്നേരമൊക്കെയും എന്റെ മനസിൽ വിരിഞ്ഞ സമകാലിക മലയാളി സ്ത്രീസ്വത്വത്തിന്റെ അധൃഷ്യബിംബങ്ങളിൽ സഖാവ്എം.സി.ജോസഫൈന്റെ സുസ്മേരവദനം മുൻനിരയിൽ തന്നെയുണ്ടായിരുന്നു..

ജോസഫൈൻ എന്ന ഈ പെണ്ണിനു പ്രായമാകില്ല,സഖാക്കളെ…!വി.എസ്സിനെപ്പോലെ നിങ്ങൾക്കവളെ അരികുവൽക്കരിക്കാനാകില്ല സഖാക്കളെ..!
ഇന്നു നമ്മൾ കിന്നരികളായി കൊണ്ടുനടക്കുന്ന ഈ സ്ഥാനമാനങ്ങൾ ജനങ്ങളിൽ നിന്നു നമുക്കു നേടിത്തന്നവരിൽ മുൻനിരയിൽത്തന്നെ ഉണ്ടായിരുന്നു,ജോസഫൈൻഎന്ന ഈ പാവം പെണ്ണ്‌..!

ഇതു നമുക്കു മനസ്സിലാകണമെങ്കിൽ ലളിതാസഹസ്രനാമവും വടക്കൻപാട്ടുകളുംമുതൽ ധന്യവേങ്ങാച്ചേരിയുടെ
വരെ
കവിതകൾ നാം മനസ്സിരുത്തി പഠിക്കണം…

അമ്മ,അമ്മിഞ്ഞപ്പാൽ,മുല,പെണ്ണ്‌,യോനി എന്നൊക്കെ മന്ത്രങ്ങൾ പോലെ ഇടക്കിടയ്ക്കു ഉരുക്കഴിക്കണം…!
….ഉച്ചയോടെ ഞാനാ മരണവാർത്തയറിഞ്ഞു…
 ചങ്കൂറ്റമുള്ള മലയാളി പെണ്നേതൃത്വ നിരയിൽനിന്നും ഒരു രക്തപുഷ്പ്പം കൂടി അടർന്നുവീണിരിക്കുന്നു…

പെണ്ണിനു നാം നൽക സ്നേഹസമ്മാനങ്ങൾ…


കൃതഘ്‌നത മണക്കുന്ന മനസ്സാൽ ഇപ്പോൾ ഞാനോർക്കുന്നത് കേരളീയ സമൂഹം പലേ പ്രകാരത്തിലും കടപ്പെട്ടിരിക്കുന്ന ജോസഫൈൻ എന്ന ത്യാഗമായിയായ ഈ പെണ്ണിന്
എന്തൊക്കെ സ്നേഹസമ്മാനങ്ങളാണ് നാം നല്കിയിട്ടുള്ളതെന്നാണ്‌ ♀ ♂!??

 മലയാളംഐച്ഛികവിഷയമായെടുത്ത്
എം.എ പാസ്സായ ജോസഫൈൻ ഉത്തരകൗമാരകാലത്തു
തന്നെ തന്റെ സാഹിത്യാഭിരുചികളെ പാർട്ടിക്കു വേണ്ടി രക്തപതാക ചാർത്തി മാറ്റിക്കിടത്തി…

എന്നാൽ, നാമോ, നാലുപതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ചോദ്യംചെയ്യലിന്റെയും 
തിരുത്തൽവാദത്തിന്റയും
ഒടുവിലൊരു
നാവുപിഴവിന്റെയും
പേരിൽ അവരെ ഒരുപാട് ഒരുപാട്‌ ശിക്ഷിച്ചു…

കണ്ണൂർ എ. കെ.ജി ആശുപത്രിയിൽ
ആ ശരീരം രക്തപതാകപുതച്ചു കിടക്കുമ്പോൾ,
ഇങ്ങിവിടെ നിയമസഭാ നഗരിയിൽ ഒരനുസ്‌മരണാവചനം പോലും മൊഴിയാതെ,നാം സിനിമാപ്പാട്ടുകൾക്കൊപ്പം ആനന്ദനൃത്തം ചവുട്ടുകയായിരുന്നു…

… അതെ, നാം, ജോസഫൈൻ എന്ന ആ വിപ്ലവനായികയ്ക്കു മെഡിക്കൽ കോളേജിൽ കുട്ടികൾക്കു പഠിക്കാനായി ഒരു മൃതശരീരമായി മാറ്റപ്പെടുംമുൻപ്  വീരോചിതമായ യാത്രയയപ്പ് തന്നെ നൽകി..! 

 ….ഇതൊക്കെ മനസ്സിൽ ഓർത്താകണം, കണ്ണൂരെ അന്ത്യയാത്രാവേദിയിൽ ശ്രീമതിടീച്ചർ പരിസരം മറന്നു പൊട്ടിക്കരഞ്ഞത്‌….

കുഴഞ്ഞു വീഴുന്ന പെണ്ണുങ്ങൾ….

കണ്ണൂരിൽ സി.പി എം പാർട്ടി കൊണ്ഗ്രസ് പ്രതിനിധി സമ്മേളനം നടന്ന നായനാർ അക്കാദമി ഹാളിനു മുന്നിൽ ശനിയാഴ്ച്ച കുഴഞ്ഞുവീഴുകയായിരുന്നു എം.സി ജോസഫൈൻ.

കണ്ണൂർ എ.കെ. ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഞായാറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തന്റെ ത്യാഗോജ്വലമായ ജീവിതത്തിന്റെ മറക്കാനാവാത്ത ഓർമ്മകൾ സ്നേഹിതരിൽ അവശേഷിപ്പിച്ചുകൊണ്ട്, ജോസഫൈൻ എന്ന ആ പെണ്സഖാവ് അന്ത്യയാത്രയായി…

തന്റെ ഉറ്റസ്നേഹിതയുടെ വേർപാടിൽ ശ്രീമതി ടീച്ചർ വാവിട്ട് കരഞ്ഞുപോയത് ഒരുകണക്കിൽ എനിക്ക്‌ ആശ്വാസകരമായ ദൃശ്യാനുഭവമായി…

ഇവിടെ ഞാൻ വായ്‌ത്താരി ഇട്ടില്ലെങ്കിലും അവിടെ ശ്രീമതി ടീച്ചർ അതു ഭംഗിയായി നിർവ്വഹിച്ചുവല്ലോ

പാർട്ടിയും സമൂഹവും അരികുവൽക്കരി ച്ചവൾക്കായ് ഒരു പെണ്ണെങ്കിലും പൊട്ടിക്കരഞ്ഞുവല്ലോ…👍

ജി.ഹരി നീലഗിരി,

നിത്യചൈതന്യ ഗുരുകുലം,

‘സൗപർണിക’,

You can share this post!