
മലയാളകഥയിൽ സാഹിത്യപരമായ ചർച്ച നടക്കാത്ത കാലമാണിത്. വലിയ കഥാകൃത്തുക്കൾ എങ്ങനെ ചിന്തിച്ചു, എഴുതി എന്ന് എഴുത്തുകാരുടെ ചർച്ചകളിൽ കടന്നുവരുന്നില്ല .കഴിഞ്ഞ ഏതാനും വർഷങ്ങളായി ചർച്ചചെയ്യുന്നത് പ്രവാസികളായ എഴുത്തുകാരുടെ കഥകളെക്കുറിച്ചാണ്. എന്നാൽ ഇനിയും അത്തരമൊരു ഗണം മലയാളകഥയിൽ ഭാവുകത്വപരമായ വ്യതിയാനത്തോടെ ആവിർഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

ഒരു കാലത്ത് മുംബൈയിൽ ധാരാളം കഥയെഴുത്തുകാരുണ്ടായിരുന്നു. പി.എ.ദിവാകരൻ ,വി.ബി. ജ്യോതിരാജ് ,ബാലകൃഷ്ണൻ ,മേഘനാദൻ ,സുരേഷ് വർമ്മ തുടങ്ങിയവർ അവരിൽ ഉൾപ്പെടുന്നു. എങ്കിലും മുംബൈയിൽ നിന്നുള്ള കഥകളെ വേർതിരിച്ചു കാണാനാവുന്ന വിധം സവിശേഷമായ ഒരു സ്വരം രൂപപ്പെട്ടിട്ടില്ല. നാഗരിക ജീവിതാനുഭവത്തിൽ നിസ്സഹായനായ ഒരു മനുഷ്യൻ തൻ്റെ യുക്തിയെ അവിശ്വസിക്കുന്ന തലത്തിലേക്ക് വികസിക്കുന്നതിൻ്റെ ആന്തരികമായ സന്ത്രാസം പകരുന്ന ടോൺ ഉണ്ടായില്ല.ഏത് നഗരവും ഒരു ഭീകരജീവിയെ പോലെ ഏകാകികളായ മനുഷ്യരെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുകയാണ്. ചിലപ്പോൾ നഗരം തലയില്ലാത്തതും എന്നാൽ ജീവനുള്ളതുമായ ശരീരംപോലെ ചലിച്ചുകൊണ്ടിരിക്കുകയാണ്. അതിനു പേരുണ്ടാവില്ല .

കാലിഡോസ്കോപ്പുപോലെ ഓരോ ചലനത്തിലും നഗരം മാറിക്കൊണ്ടിരിക്കും. ഓരോ നിമിഷത്തിലും വിശ്വാസത്തിലെത്തിച്ചേരാനാവാത്ത വിധം നാം ദുർബ്ബലപ്പെട്ടുകൊണ്ടിരിക്കും. നഗരം നമ്മുടെ ശരീരത്തിൻ്റെ ഭാഗമായി എപ്പോഴും കൂടെയുണ്ടാവും .ചിലപ്പോൾ അത് വർണമാണ് ,പനിയാണ് ,ഓർമ്മയാണ്,ദുരൂഹതയാണ്. അത് ഒരു ബാധപോലെയാണ്. ഒറ്റപ്പെടൽ ഒരു വിധിയാണ്. നഗരങ്ങളിലെ മനുഷ്യർ ചിലപ്പോൾ ഒരുപോലെയാണ് . അല്ലെങ്കിൽ ഒരു നഗരത്തിനും പേരില്ല. അവർ എവിടെനിന്നോ വന്ന് എവിടേക്കോ പോകുന്നു. അവർക്ക് പേരില്ല .അവർ അനുസരണയോടെ ട്രെയിനുകളിൽ കുത്തി നിറഞ്ഞ് വരുകയും പോവുകയും ചെയ്യുന്നു. ഒരിക്കലേ അവരെ നമുക്ക് കാണാനൊക്കൂ .നൊടി നേരംകൊണ്ട് ട്രെയിനുകളിൽ അന്യഗ്രഹജീവികളെപോലെ അവർ എന്നെന്നേക്കുമായി അപ്രത്യക്ഷരായിട്ടുണ്ടാകും .അവർ വിരഹം ആലേഖനം ചെയ്ത ശരീരരൂപികളാണ് .അവർക്ക് വ്യക്തിത്വമോ മതമോ ദേശമോ ഭാഷയോ ഇല്ല. ഈ മിഥ്യയിൽ തളച്ചിടപ്പെട്ട നാഗരികൻ്റെ അസ്തിത്വപരമായ സങ്കീർണതകൾ എഴുതപ്പെട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത് .സുധീർ പട്വർധൻ്റെ സൈറ്റിംഗ് ദ് സിറ്റി (Citing the City) പോലുള്ള ചിത്രങ്ങളിൽ ചലിക്കുന്ന നഗരത്തിലെ നിശ്ചലമാക്കപ്പെട്ട ആഗ്രഹങ്ങളുടെ രൂപങ്ങൾ കാണാം. മനുഷ്യൻ എങ്ങനെ ധ്യാനവത്മീകമാകുന്നുവെന്ന് അത് കാണിച്ചു തരും. നഗരങ്ങളിൽ ഒഴുകുന്ന മനുഷ്യനാണ് വത്മീകം.

ജയരാജിനു ശേഷം ?
എന്നാൽ എൺപതുകളിൽ എഴുതിയ യു.പി. ജയരാജിൻ്റെ രണ്ടു കഥാസമാഹാരങ്ങൾ (നിരാശാഭരിതനായ സുഹൃത്തിനു ഒരു കത്ത് ,ഓക്കിനാവയിലെ പതിവ്രതകൾ )എൻ്റെ മുറിയിൽ എപ്പോഴും പ്രാധാന്യത്തോടെ ഇടം പിടിച്ചിട്ടുണ്ട്. ജയരാജിനെ വായിക്കാൻ തുടങ്ങിയശേഷം എനിക്ക് കൈവിടാൻ തോന്നിയിട്ടില്ല. ജയരാജിൻ്റെ ആത്മാർത്ഥത പിന്നീട് വന്ന ഒരു കഥാകൃത്തിലും കണ്ടില്ല. സ്വന്തം കഥയെഴുത്തിനെ ഒരു പ്രൊഫഷനാക്കാനോ ,അതിൻ്റെ പേരിൽ മേനി നടിക്കാനോ , പത്രങ്ങളെ വിലക്കെടുക്കാനോ, പ്രസാധകനെ ദുഷിച്ച രീതിയിൽ സ്വാധീനിക്കാനോ ,പുരസ്കാരങ്ങളുടെ അട്ടിപ്പേറവകാശം വാങ്ങിയെടുക്കാനോ ,ഒരു പ്രസ്ഥാനമാണെന്ന് ധരിച്ച് സുഹൃത്തുക്കളെ കൂട്ടി ശക്തിപ്രകടനം നടത്താനോ തുനിയാതെ ജയരാജ് പിൻവാങ്ങുകയാണ് ചെയ്ത് .
ഒരു ശക്തിക്കും ആ കഥകളെ ഇനി തകർക്കാനാവില്ല .കാരണം, അത് സൂര്യനയനങ്ങളായി നമ്മുടെ മുന്നിൽ വന്നു ജ്വലിക്കുകയാണ്. നമ്മെ ആ കഥകൾ നോക്കി അസ്ഥിരപ്പെടുത്തുന്നു, ചലിപ്പിക്കുന്നു.നമ്മുടെ അനക്കമറ്റ സംവേദനതലങ്ങളിൽ അത് ശക്തിയേറിയ പ്രഹരമായി വന്നു പതിക്കുകയാണ്.നിസ്സഹായരായ മനുഷ്യരെ ആധുനിക ലോകം ചൂഷണം ചെയ്യുന്നതും ധർമ്മത്തിൻ്റെ പേരു പറഞ്ഞ് വഞ്ചിക്കുന്നതും ഇത്ര തീക്ഷ്ണമായി മറ്റൊരു കഥാകൃത്തും അവതരിപ്പിച്ചില്ല .ജയരാജ് ആധുനികതയുടെയോ ഉത്തരാധുനികതയുടെയോ വക്താവല്ല .അദ്ദേഹം ഒരു സംക്രമണ കാലമാണ്. ജയരാജിനു ശേഷം അതിൻ്റെ വീര്യം നിലനിർത്തുന്ന മറ്റു കഥാകാരന്മാരെ കാണാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിൻ്റെ ‘ബിഹാർ’ എന്ന കഥ സിംഹം ഗർജിക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടുന്നു. ഈ ഭാഗം നോക്കുക: “എൻ്റെ അമ്മയെ നിങ്ങൾ കുടിലിനകത്ത് വ്യഭിചരിച്ചുകൊണ്ടിരുന്നപ്പോൾ പുറത്തെ ഇരുട്ടിലെ ഇല്ലാത്ത അർത്ഥങ്ങൾ തേടുന്ന രണ്ടു പകച്ച കണ്ണുകളായിരുന്നു ഞാൻ .എൻ്റെ പെങ്ങളെ വാ പൊത്തി ,കൈകൾ കൂട്ടിപ്പിടിച്ച് നിങ്ങൾ തൂക്കിയെടുത്തു കൊണ്ടുപോയപ്പോൾ ഇരുട്ടിൽ തല പോയ തെങ്ങുപോലെ മരവിച്ചുനിന്ന നിശ്ചലതയായിരുന്നു ഞാൻ. നിങ്ങൾക്കും ഇതൊക്കെ ഓർമ്മയുണ്ട് .ഓർമ്മയില്ലെന്നു ഭാവിക്കുകയാണെന്നു മാത്രം “.
കഥാകൃത്തിൻ്റെ
അനുഭവങ്ങളുടെ തീച്ചൂട് ഇവിടെയുണ്ട്. ഇതിൻ്റെ സാക്ഷ്യം പറയാനാണ് ജയരാജ് കഥകളെഴുതിയത് .തുടർന്ന് കഥയിൽ ഇങ്ങനെ വായിക്കാം :”നിങ്ങളുടെ രാമായണത്തിൽ പതിവ്രതയായ ഒരു പെണ്ണിൻ്റെ പാവന ചരിതമാണുള്ളതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട് .നിങ്ങളും നിങ്ങളുടെ അപ്പനപ്പൂപ്പൻമാരും , നിങ്ങളും നിങ്ങളുടെ മക്കളും ചെറുമക്കളും രാമായണം വായിച്ച് ഹൃദിസ്ഥമാക്കി ,എന്നിട്ട് ഞങ്ങളുടെ ചെറ്റക്കതകുകൾ ചവിട്ടിപ്പൊളിച്ച് ഞങ്ങളുടെ പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തി. നിങ്ങളുടെ മഹാഭാരതത്തിൽ അന്യൻ്റെ മുതൽ അപഹരിച്ചും കള്ളച്ചൂതുകളിച്ചു സഹോദരങ്ങളെ തോൽപ്പിച്ചും കഴിഞ്ഞ അഹങ്കാരികളുടെ പതനചരിത്രമാണുള്ളതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട് .നിങ്ങളും നിങ്ങളുടെ അപ്പനപ്പൂപ്പന്മാരും നിങ്ങളും നിങ്ങളുടെ മക്കളും ചെറുമക്കളും മഹാഭാരതം മുഴുവൻ മന:പാഠമാക്കി. എന്നിട്ട് ഞങ്ങളുടെ വിളഭൂമികൾ അപഹരിച്ചു .ഞങ്ങളെ കള്ളച്ചൂതുകളിച്ചു തോൽപ്പിച്ച് അടിമകളാക്കി “.
ഈ ധീരമായ ആഖ്യാനം മലയാള ചെറുകഥയിലാണ് പ്രത്യക്ഷപ്പെട്ടതെന്ന് എത്ര പേർക്കറിയാം?. കത്തുന്ന യാഥാർത്ഥ്യങ്ങളിൽനിന്ന് ഓടിയൊളിക്കുന്ന കലാകാരന്മാരെയാണ് നാം ഇന്ന് കൂടുതലും കാണുന്നത്. അവർ എല്ലാറ്റിനോടും താദാത്മ്യപ്പെട്ട് , ആത്മാവു നഷ്ടപ്പെടുത്തി ,ചിന്ത പണയം വച്ച് ,നിശ്ശബ്ദതയെ മതിവരാതെ പാനം ചെയ്ത് ,സ്വയം ഒറ്റിക്കൊടുത്ത് ,അസത്യങ്ങൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് ,ആർക്കും പ്രയോജനമില്ലാത്ത വിഷയങ്ങൾ എഴുതി കാലം കഴിക്കുന്നു. അവിടെയാണ് ജയരാജ് തൻ്റെ പ്രതിഛായ വകവയ്ക്കാതെ സത്യത്തെക്കുറിച്ചുള്ള അഗാധമായ അറിവുകൾ അസ്ത്രംപോലെ നാലുപാടും എയ്തുവിട്ടത്.

ഗോവിന്ദൻ്റെ മൂഷികൻ
മഹാനായ കവിയും ചിന്തകനുമായ എം.ഗോവിന്ദൻ എഴുതിയ ‘ബഷീറിൻ്റെ പുന്നാരമൂഷികൻ എന്ന കഥ ഇവിടുത്തെ ഗോവിന്ദഭക്തന്മാർ പോലും വായിച്ചിട്ടുണ്ടാവില്ല .എന്നാൽ അങ്ങനെയൊരു കഥയുണ്ട്. കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന എരിവുള്ള ചിന്തകൾ ആ കഥയിൽ കലർന്നിട്ടുണ്ട്. ബഷീറിൻ്റെ മുറിയിൽ ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്ന
ഒരാളുടെ (ഗോവിന്ദൻ്റെ)കഥയാണത്. അവിടെ ഉറക്കം വരാതെ കിടന്നപ്പോൾ ഫ്രഞ്ച് പോസ്റ്റ് ഇംപ്രഷണിസ്റ്റ് പെയിൻ്റർ പോൾ സെസാൻ (Paul Cezanne) വരച്ച ആപ്പിൾസ് (1878) എന്ന ചിത്രം ഭിത്തിയിൽ തൂക്കിയിരിക്കുന്നതു കണ്ടു.
സെസാൻ്റെ ആപ്പിൾ കലയിലെ കാതലായ വിപ്ളവമാണെന്ന് ആ കഥാപാത്രം നിരീക്ഷിക്കുന്നു. പൊടുന്നനെയാണ് ഒരു മൂഷികൻ ദേഹത്തു വന്നു വീണത്. പിന്നീട് ആ മൂഷികനുമായുള്ള സംവാദമാണ് നടക്കുന്നത് .ആ മുഷികൻ്റെ മുന്നിൽ ഗോവിന്ദൻ്റെ മനസ്സു മാറി. മൂഷികൻ തത്ത്വചിന്തകനെപോലെ സംസാരിക്കുന്നതായി ഗോവിന്ദനു തോന്നി.
മൂഷികൻ ഗോവിന്ദനോട് ഇങ്ങനെ പറഞ്ഞു: ” ഞാൻ മൂഷികവർഗത്തിൻ്റെ മഹാകവിയാണ്. ആഖ്യായികാ കാരനാണ് .നാടകകൃത്തും കവിയുമാണ്. ഞാനെഴുതിയ ഇതിഹാസങ്ങൾ മൂഷികവർഗം എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ പ്രചരിക്കുന്നു. നിങ്ങൾ ചിരിക്കണ്ട. മനുഷ്യൻ്റെ ഇളിഞ്ഞ ചിരി ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് .കുശുമ്പിൻ്റെ കുസൃതിച്ചിരി. അവൻ്റെ വിചാരം തനിക്കേ കലയും ശാസ്ത്രവും മറ്റും ഉള്ളുവെന്നാണ്. തന്നിൽ നിന്നപ്പുറം യാതൊന്നും തന്നെയില്ലെന്നു വിശ്വസിക്കുന്ന ധിക്കാരിയാണ് ആ വിദ്വാൻ. മൂഷികവർഗത്തിനിടയിൽ ബുദ്ധനെയും ക്രിസ്തുവിനെയും ഗാന്ധിയെയും വെല്ലുന്ന മഹാത്മാക്കളുണ്ട്. മൂഷികവർഗത്തിൽ അലക്സാന്തരെയും അശോകനെയും വെല്ലുന്ന ചക്രവർത്തികളുണ്ട്. പക്ഷേ ,ഠാവട്ടത്തിൽക്കഴിയുന്ന മനുഷ്യകീടങ്ങൾക്ക് ഇതെന്തെങ്കിലും അറിയാമോ?” .
ഗോവിന്ദൻ തമാശ കലർത്തിയാണ് പറയുന്നതെങ്കിലും ഇതിൽ ഇതര പ്രകൃതിജീവിതങ്ങളെ സ്വാംശീകരിക്കുന്ന വലിയ അറിവുകളുണ്ട്. ഉന്നതമായ വ്യക്തിത്വമുള്ള എലികളും പന്നികളുമുണ്ട്.The Ants എന്ന പുസ്തകത്തിൽ എഡ്വേർഡ് ഓ വിൽസൺ (Edward O Wilson) ഇങ്ങനെ പറയുന്നു: മനുഷ്യവർഗം ഭൂമുഖത്ത് ഇല്ലാതായാൽ പതിനായിരം വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഒരു സന്തുലിതാവസ്ഥയിലേക്ക് ലോകം തിരിച്ചെത്തും. എന്നാൽ പ്രാണികൾ ഇല്ലാതായാൽ സർവ്വ പരിസ്ഥിതിയും നശിച്ചു എല്ലാം തകരും’.ഉറുമ്പുകൾക്ക് മനുഷ്യരേക്കാൾ വലിയ സാംസ്കാരിക ജീവിതമുണ്ടെന്നു ദക്ഷിണ കൊറിയൻ പ്രൊഫസർ ജേ ചോ (Jae cho) എഴുതിയ Secret lives of Ants എന്ന പുസ്തകത്തിൽ തെളിവുസഹിതം നിരത്തുന്നുണ്ട്.
വരുംതലമുറകളെ ദോഷകരമായി ബാധിക്കാത്ത വിധമാണ് ഉറുമ്പുകളുടെ സമൂഹം തങ്ങൾക്ക് ലഭിച്ചിട്ടുള്ള അറിവുകൾ പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നത്.
നിസ്സാരമായ ആത്മകഥകൾ
എന്നാൽ ഇന്നു എഴുത്തുകാർക്ക് ചുറ്റുമുള്ള ലോകത്തോട് ബന്ധമില്ലാതായി. എല്ലാം അവനവനിൽ കേന്ദ്രീകരിക്കുകയാണ്, കൃത്യമായ ലാഭ, നഷ്ടങ്ങളുടെ ബോധത്തോടെ. അവർ ആത്മകഥകളിലാണ് അഭയം തേടുന്നത്. ‘ഞാൻ’ എന്ന അനുഭവത്തെ ബലൂൺപോലെ വീർപ്പിച്ചുകൊണ്ടുവരികയാണ്. ‘ഞാൻ’ ഊണുകഴിച്ചത് ,ബന്ധുവീടുകളിൽ സന്ദർശനം നടത്തിയത് , കിടന്നുറങ്ങിയത് ,പ്രേമിച്ചത് ,കല്യാണം കഴിച്ചത് ,വഴക്കുണ്ടാക്കിയത് ,പഠിച്ചത്,തോറ്റത് തുടങ്ങിയവയെല്ലാം എഴുതിവിടുകയാണ്. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം .’ഞാൻ’ എന്തു ഭക്ഷണം കഴിച്ചുവെന്നതോ, എത്ര രൂപ വിലയുള്ള കട്ടിലിൽ കിടന്നുറങ്ങിയെന്നതോ ,ഏതെല്ലാം കാറുകളിൽ സഞ്ചരിച്ചുവെന്നതോ ചരിത്രത്തിൽ യാതൊരു പ്രാധാന്യവുമില്ലാത്ത കാര്യങ്ങളാണ്. ഒരാളെയും അത് ത്രില്ലടിപ്പിക്കില്ല. നമുക്ക് മാത്രം ഊതി വീർപ്പിക്കാനുള്ള ബലൂണായി നമ്മുടെ മനസ്സ് ചുരുങ്ങരുതെന്ന് അഭ്യർത്ഥിക്കുകയാണ്. എന്താണ് ഇങ്ങനെ ഊതിവീർപ്പിക്കാൻ ‘എന്നി’ലുള്ളത് ?
നമ്മളിലൂടെ കടന്നുപോയ മനുഷ്യോപകാരപ്രദമായ ചിന്തകൾ, കാഴ്ചപ്പാടുകൾ ,ഉൾവെളിച്ചങ്ങൾ തുടങ്ങിയവയാണ് എഴുതേണ്ടത്.
മഹാനായ കവി ഡബ്ളിയു .ബി. യേറ്റ്സ് എഴുതിയ ആത്മകഥാപരമായ ലേഖനങ്ങളും കുറിപ്പുകളും അടങ്ങുന്ന ‘ഓട്ടോബയോഗ്രഫീസ്’ പ്രധാനമാണ്. തിന്നതും കുടിച്ചതുമൊന്നുമല്ല അദ്ദേഹത്തിൻ്റെ ആത്മകഥ .യേറ്റ്സിൻ്റെ ‘ഓട്ടോബയോഗ്രഫീസ്’ വായിക്കാതെ എഴുത്തുകാരനാകാൻ മെനക്കെടരുതെന്ന് ഏണസ്റ്റ് ഹെമിംഗ്വേ(Hemingway) വിദ്യാർത്ഥിളുമായുള്ള മുഖാമുഖത്തിൽ പറയുന്നുണ്ട് .
യേറ്റ്സ് അനന്തതയുമായാണ് തന്നെ ബന്ധിപ്പിക്കുന്നത്; ഇത്തിരിപ്പോന്ന ഒരു ഗ്രാമത്തിലെ സ്കൂളുമായല്ല , അല്ലെങ്കിൽ വീടുമായല്ല .ജ്ഞാനത്തിനായി ഭ്രാന്തമായി അലയുന്ന ഒരാൾ പ്രതിബന്ധങ്ങളെ തട്ടിമാറ്റി സാർവ്വലൗകികമായ ജീവിതത്തിൻ്റെ അകക്കാഴ്ചകൾ എങ്ങനെ നേടുന്നുവെന്നാണ് നാം മനസ്സിലാക്കുന്നത്. യേറ്റ്സ് എഴുതി :”മനസ്സ് മനസ്സിലേക്ക് തന്നെ ഒഴുകി ലയിക്കുന്നു; ശരീരവും മനസ്സും തമ്മിൽ വേർപെടുത്താനാവാത്ത അവസ്ഥയുണ്ടാവുന്നു .തൻ്റെ ആത്മീയമായ സാഹസിക ജീവിതത്തെ അതിൻ്റെ ആന്തരികതയിൽ പകർത്തുകയാണ് യേറ്റ്സ്.
അനുഭവത്തിൻ്റെ അതിശയങ്ങൾ
ഗഹനമായ സാഹിത്യചർച്ചകൾ എല്ലാവരിലും എത്തണമെന്നില്ല. ചിലർ ഇപ്പോഴും സ്കൂളിലും കോളേജിലും പഠിച്ച സൗന്ദര്യചിന്തകളുമായി കഴിയുകയാണ്. ഇവർ അധ്യാപകരായാലും ഇതു തന്നെ പഠിപ്പിക്കുന്നു. ഒരു പുതിയ വഴി അവർക്ക് അസാധ്യമായിരിക്കും. ഉന്നതവും അർത്ഥപൂർണവും ദാർശനികവുമായ ഒരു സമീപനം കൊണ്ടുനടക്കാൻ പ്രായം ഒരു തടസ്സമല്ല; വിദ്യാഭ്യാസം പോലും പ്രശ്നമല്ല. നമുക്ക് അതിനുള്ള മനസ്സാണ് വേണ്ടത്. പ്രത്യേക മനസ്സുള്ളവരാണ് നവീനകല സൃഷ്ടിക്കുന്നത് .
എൻ്റെ ‘ആത്മായനങ്ങളുടെ ഖസാക്ക് (1984)’,മനുഷ്യാംബരാന്തങ്ങൾ'(1989) എന്നീ കൃതികളെ ദുർഗ്രഹമെന്ന് പറഞ്ഞ് ആക്ഷേപിച്ചവരുണ്ട്. യുക്തിവാദിയും എഴുത്തുകാരനുമായ പവനൻ എന്നോടു ചോദിച്ചത് ഇങ്ങനെയാണ്: ”താങ്കൾ എഴുതിയ ‘ആത്മായനങ്ങളുടെ ഖസാക്കി’ലെ ഒരു പേജ് വായിച്ച് അർത്ഥം പറയാമെങ്കിൽ നുറു രൂപ തരാം!” .ഞാൻ വിനയത്തോടെ പറഞ്ഞു: “സാർ ഇത് മനസ്സിലാക്കാനുള്ളതല്ല ;അനുഭവിക്കാനുള്ളതാണ്. പിക്കാസ്സോയുടെ ‘ഗ്വർണിക്ക ‘എന്ന ചിത്രം സ്പാനിഷ് യുദ്ധത്തിലെ കെടുതികൾ പഠിക്കാൻ വേണ്ടി വരച്ചതല്ല. അത് ഒരു ചിത്രകാരനിലുണ്ടാക്കിയ പ്രകമ്പനങ്ങൾ സൗന്ദര്യാത്മകമായ ശൈലിയിൽ ആവിഷ്കരിച്ചതാണ്. അതുപോലെ ഒരു കലാവിഷ്കാരം എന്ന നിലയിലാണ് ഞാൻ വിമർശനത്തെ കാണുന്നത് ” .
‘മനുഷ്യാംബരാന്തങ്ങൾ’ എന്ന പുസ്തകത്തിനെതിരെ പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു മാഗസിനിൽ എഴുതുകയും അമേരിക്കയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുകയും ചെയ്തു. അവിടെ പ്രസംഗിച്ച വിവരം കവി ജയൻ ചെറിയാനാണ് എന്നെ അറിയിച്ചത്. ‘മനുഷ്യാംബരാന്തങ്ങൾ ‘ എന്ന പ്രയോഗം തെറ്റാണെന്നും പറഞ്ഞു. എന്നാൽ അത് വ്യാകരണത്തിൽ ശരിയാണെന്ന് സുകുമാർ അഴീക്കോട് അങ്കണം അവാർഡ് സമർപ്പണവേളയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കഥാകൃത്ത് ഇളവൂർ ശ്രീകുമാർ ‘ആത്മായനങ്ങളുടെ ഖസാക്ക് ‘,’മനുഷ്യാംബരാന്തങ്ങൾ’ എന്നീ പുസ്തകങ്ങളെപ്പറ്റി വിദ്യാർഥി ജീവിതകാലത്ത് കോളേജ് മാഗസിനിൽ താൻ പഠനം എഴുതിയെന്നു അറിയിച്ചു. ഇത് പുതിയ അറിവായിരുന്നു. ഒരു വിദ്യാർത്ഥിയെ ചലിപ്പിച്ച പുസ്തകങ്ങളാണ് ഞാനെഴുതിയത് എന്നറിയുകയാണ്. പ്രബുദ്ധമനസ്സുകൾക്ക് വായനയുടെ കാര്യത്തിൽ സങ്കുചിതത്വമില്ല .അവർ ആന്തരികതലങ്ങളിലെ സൗന്ദര്യത്തെ തേടുകയാണ്. വാക്കുകൾ ചിലപ്പോൾ അർത്ഥം മാത്രമല്ല ഉൽപ്പാദിപ്പിക്കുന്നത് ;നിറവും മനസ്സും സ്വപ്നവുമാണ്.

‘ആത്മായനങ്ങളുടെ ഖസാക്ക് ‘ യൂണിവേഴ്സിറ്റി റിസർച്ച് പ്രബന്ധമല്ല; മറിച്ച് ,സർഗ്ഗാത്മകമായ വിമർശനമാണ്. കലയെന്ന നിലയിലാണ് അതെഴുതിയത്. ആധുനികതാവിമർശനത്തിൻ്റെ കാലത്ത് എൻ്റെ പുസ്തകം തമസ്ക്കരിക്കപ്പെട്ടു .എങ്കിലും ശ്രദ്ധാലുക്കളായ കുറെ വായനക്കാർ എനിക്കൊപ്പമായിരുന്നു. യഥാർത്ഥത്തിൽ മലയാളവിമർശനത്തിൽ തീർത്തും കലയെന്നു വിവക്ഷിക്കാവുന്ന ഒരു ടെക്സ്റ്റ് ഉണ്ടാവുകയായിരുന്നു. ‘ആത്മായനങ്ങളുടെ ഖസാക്കി’ലൂടെ മലയാളവിമർശനം ആദ്യമായി കലയായി; സറിയലിസത്തിൻ്റെയും ആന്തരദർശനത്തിൻ്റെയും വെളിപാടിൻ്റെയും പെയിൻ്റിംഗിൻ്റെയും ദാർശനികതയുടെയും തലത്തിലേക്ക് വഴിമാറി. അർത്ഥമോ വ്യാഖ്യാനമോ അല്ല അത് അവതരിപ്പിക്കുന്നത്: കലാപരമായ അനുഭവലോകത്തിൻ്റെ അതിശയങ്ങളാണ്. ചിത്രകാരനായ പീറ്റർ മോൺഡ്രിയാൻ (peter Mondrian ) പറഞ്ഞു :”ഉപരിതലത്തിൽനിന്നു ഉള്ളിലേക്ക് പോകുന്തോറും വസ്തുവിൻ്റെ ആന്തരനിയമങ്ങളിലേക്ക് കൂടുതൽ അടുക്കും. അത് ആത്മാവിൻ്റെ ലോകമാണ് ” .ഇതാണ് കലയിൽ അനിവാര്യമായിട്ടുള്ളത്.
മോൺഗ്രയാൻ വരച്ച മരങ്ങൾ(Gray Tree,1911)കാണണം. ലോകചിത്രകലയിലെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നാണത് .മരങ്ങൾ പല കാൻവാസുകളിലൂടെ പരിണമിക്കുകയാണ്. അത് യഥാർത്ഥ മരമല്ല: ചിത്രകാരൻ മരത്തിൽ കണ്ട ആന്തരരമ്യതയുണ്ട്. മനഷ്യമനസ്സിൻ്റെ ആഴത്തിലുള്ള ഏകാന്തതയിൽ അത് ആത്മീയമായ സ്വയം സാക്ഷാത്കാരമാവുകയാണ്. ആ ചിത്രത്തിൽ ,കലാകാരൻ കണ്ട പ്രാപഞ്ചിക ലയമാണുള്ളത്. ‘ഖസാക്കിക്കിൻ്റെ ഇതിഹാസ ‘ത്തെക്കുറിച്ച് ഞാൻ ‘ആത്മായനങ്ങളുടെ ഖസാക്ക് ‘ എന്ന പുസ്തകമെഴുതിയത് ഇതിനു സമാനമായാണ് .ഞാൻ കണ്ട ലോകം ഉള്ളിൽ മറ്റൊന്നാവുകയാണ്; അയാർത്ഥമായത് കൂടുതൽ സുന്ദരമാണ്.