എം.കെ ഹരികുമാറിന്റെ “ശ്രീനാരായണായ” എന്ന ദാർശനിക നോവൽ

”എം.കെ.ഹരികുമാർ എന്ന ദാർശനിക നോവലിസ്റ്റിലൂടെ , മലയാള ഭാഷാശാസ്ത്രജ്ഞനിലൂടെ ഞങ്ങൾ ശ്രീനാരായണായ എന്ന ഗുരുദേവചരിതത്തിന്റെ വായനക്കാർ വിശുദ്ധരാക്കപ്പെട്ടിരിക്കുന്നു.
ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനവും വിഷയമാക്കി രചിച്ച ശ്രീനാരായണായ എന്ന വിശുദ്ധഗ്രന്ഥത്തിലൂടെ ഒരു തീർത്ഥയാത്ര നടത്തിയപ്പോൾ അനുഭവിച്ചതു ഇവിടെ പകർത്തി എന്നു മാത്രം…..”
ഋഷിമുനിയായ വൈശമ്പായനന്റെ നൈമിഷികാരണ്യത്തിലെ ആശ്രമം .വിശാലമായ മുറ്റത്തെ പുൽത്തകിടിയിൽ തന്റെ പ്രിയശിഷ്യനായ യാജ്ഞ്യവൽക്യനും ശിഷ്യരത്നം ഗാർഗ്ഗിയും മറ്റു പതിമൂന്നു ശിഷ്യഗണങ്ങളുമായി വേദാന്ത സംവാദങ്ങൾക്കുശേഷം ഗുരുവിന്റെ ആജ്ഞക്കുവേണ്ടി അക്ഷമരായി കാതോർത്തിരിക്കുകയാണ്‌. എല്ലാ സംവാദങ്ങളിലും പരസ്പരം ഏറ്റുമുട്ടാറുള്ള ഗാർഗിയും യാജ്ഞവൽക്യനും നിശ്ശബ്ദരാണ്‌. എന്തായിരിക്കും പുതിയ ദൗത്യം ഗുരു തങ്ങൾക്കു തരിക എന്ന ആശങ്കയും എല്ലാവർക്കുമുണ്ട്‌.
പെട്ടെന്നാണ്‌ ഗുരു വൈശമ്പായനൻ അവർക്കു മുമ്പിൽ എത്തിയത്‌.
പതിവ്‌ ആചാരങ്ങൾക്കു ശേഷം ഋഷി വൈശമ്പായനൻ ഇങ്ങനെ വിഷയം അവതരിപ്പിച്ചു:
‘പ്രിയരേ, ഞാൻ എന്തൊക്കെയാണോ നിങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌, അതെല്ലാം നിങ്ങൾ അത്യധികം ഉത്സാഹത്തോടും ഉദാത്തമായും ചെയ്തിട്ടുണ്ട്‌. സമ്പൂർണതയിൽ എത്തിച്ചിട്ടുണ്ട്‌. നിങ്ങളുടെ ഗുരുസേവയിലും സമർപ്പണത്തിലും ഞാൻ അതീവസന്തുഷ്ടനാണ്‌.
അതുകൊണ്ട്‌ ഈ പരിപാവനമായ ദൗത്യവും ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു. ആ ഋഷിമുനി എല്ലാവരെയും മാറിമാറി നോക്കി. ഓരോരുത്തരുടെയും മുഖത്ത്‌ തെളിയുന്ന ഭാവങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ആ മഹാഗുരു.
ഋഷിവര്യൻ തുടർന്നു:
‘നമ്മുടെ പരംപൂജനീയ മഹാഗുരുവായ, മഹർഷിവര്യനായ ബാദരായണ മഹർഷിയുടെ ജന്മദിനാഘോഷങ്ങൾ കഴിഞ്ഞതേയുള്ളൂ. ദൂരദേശങ്ങളിൽനിന്ന്‌ വന്ന അതിഥികൾ മടക്കയാത്ര ആരംഭിച്ചിട്ടില്ല. അവർ വിശ്രമിക്കുകയാണ്‌.
അവരുടെ യാത്രയയപ്പു കഴിഞ്ഞാലുടനെ നിങ്ങൾ പുതിയ ജോലി ആരംഭിക്കണം. ശിഷ്യരുടെ മുഖത്ത്‌ നിഴലിച്ച വ്യത്യസ്ത ഭാവങ്ങൾക്ക്‌ അനേകം വ്യാഖ്യാനങ്ങൾ കൊടുക്കുവാൻ ഗുരുവിന്‌ കഴിഞ്ഞിരുന്നു.
ഗുരു വീണ്ടും തുടർന്നു: നിങ്ങളെ ഏൽപിക്കുന്ന ദൗത്യമിതാണ്‌. മഹർഷിവര്യന്റെ ജീവിതവും ദർശനവും വിലയിരുത്തിക്കൊണ്ട്‌ ഓരോ സ്മൃതിഗ്രന്ഥങ്ങൾ രചിക്കണം. ഓരോന്നും വ്യത്യസ്തമായിരിക്കണം.
അടുത്ത ഗുരുപൂർണ്ണിമാദിവസം നമുക്ക്‌ മഹാഗുരു സമക്ഷം ഈ പതിനഞ്ചു സ്മൃതിഗ്രത്ഥങ്ങൾ ഒന്നായി ഒരു മഹത്ഗ്രന്ഥമായി അവതരിപ്പിച്ച്‌ ഗുരുവിന്റെ അനുഗ്രഹവും സംപ്രീതിയും നേടണം. നാം ധന്യരാകും.
ഈ ഭാരിച്ച ഉത്തരവാദിത്വം നിങ്ങൾ നിറഞ്ഞ ഹൃദയത്തോടെ, ഗുരുഭക്തിയുടെ പരമകാഷ്ടയിലെത്തി ഏറ്റെടുക്കണം. ഓരോ സ്മൃതിഗ്രന്ഥവും ഗാർഗ്ഗിയുടെ മേധയിലൂടെ ഊർന്നു വരുന്ന വേദവേദാന്ത വിശകലനത്തിനു ശേഷമായിരിക്കും ഒരു മഹദ്ഗ്രന്ഥമായി മഹാഗുരു മുമ്പാകെ അവതരിപ്പിക്കുക.
ഇത്‌ മനസ്സിൽ കുറിച്ചിടുക.
ഇനി എല്ലാവർക്കും മടങ്ങാം .എല്ലാവരും വൈശമ്പായന മഹർഷിയെ പ്രണമിച്ചു മടങ്ങി.
ഒരു വർഷം കഴിഞ്ഞു.
നൈമിഷികാരണ്യത്തിലെ വൈശമ്പായനന്റെ ഗുരുകുലത്തിലെ അതിവിശാലമായ പുൽത്തകിടിയിൽ വേദവേദാന്തങ്ങളുടെയും ദർശങ്ങളുടെയും ദീർഘമായ സംവാദങ്ങൾ അവസാനിച്ചതേയുള്ളൂ. ശിഷ്യഗണങ്ങൾ അവരുടെ വാസസ്ഥാനങ്ങളിലേക്കു പോയി യാജ്ഞ്യവൽക്യമഹർഷിയും മാർഗ്ഗിയും മറ്റു പതിമൂന്നു ശിഷ്യഗണങ്ങളും മാത്രം. അവർ വൈശമ്പായന മഹർഷിയെ പ്രതീക്ഷിച്ചിരിക്കുന്നു. അവർ കഴിഞ്ഞ ഒരു വർഷമായി തയ്യാറാക്കിയ വിശുദ്ധഗ്രന്ഥവുമായി എത്തിയിരിക്കുകയാണ്‌.
എല്ലാ ഗ്രന്ഥങ്ങളും സ്ത്രീരത്നം ഗാർഗ്ഗിയുടെ മുമ്പിൽ പീഠത്തിൽ സൂക്ഷിച്ചിരിക്കുന്നു. മഹർഷി വൈശമ്പായനൻ ഓരോ ഗ്രന്ഥവും പരിശോധന തുടങ്ങി. വിശ്വമഹാഗുരുവായ ബാദരായണന്റെ, അതേ, അനേകായിരം വർഷങ്ങളിലൂടെ, ശ്രുതിയായി, ശ്രുതിഗ്രന്ഥങ്ങളായി, തലമുറകളിലൂടെ കടന്നുവന്ന പരിപാവനമായ വേദങ്ങൾ, ഋക്ക്‌, യജുസ്‌, സാമം, അഥർവം, അവയെ വീണ്ടും ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ എന്ന്‌ വീണ്ടും വിഭജിച്ച, പുരാണങ്ങളും, ഇതിഹാസങ്ങളും രചിച്ച അതേ വേദവ്യാസമഹർഷിയുടെ വ്യത്യസ്ഥങ്ങളായ പതിനഞ്ചു മുഖങ്ങൾ അവിടെ അനാവരണം ചെയ്യപ്പെട്ടു.
ഓരോ മുഖത്തു നിന്നും വജ്രശോഭ പരക്കുന്ന അത്ഭുതക്കാഴ്ചകൾ.
വേദങ്ങൾ, ഉപനിഷത്തുകൾ, വേദാംഗങ്ങൾ, ഉപവേദങ്ങൾ, ദർശനങ്ങൾ, ഇതിഹാസങ്ങൾ, എല്ലാം എല്ലാം വ്യക്തമായി പ്രതിഫലിക്കുന്ന ഓരോ ഏടും, ഗാർഗ്ഗിയുടെ കൈകളിലൂടെ, യാജ്ഞ്യവൽക്യന്റെ കൈകളിലൂടെ, വൈശമ്പായനന്റെ കൈകളിലെത്തി. അവിടെ ആ വിശുദ്ധ ഗ്രന്ഥത്തിന്റെ വിമോചന കർമ്മം നടന്നു.
ഉദ്ദേശം അയ്യായിരം വർഷങ്ങൾക്കുശേഷം ദൈവത്തിന്റെ സ്വന്തംനാട്ടിൽ അതുപോലൊരു വിശുദ്ധഗ്രന്ഥത്തിന്റെ വിമോചന കർമ്മം നടന്നു. വൈശമ്പായനനും യാജ്ഞവൽക്യനും ഗാർഗ്ഗിക്കും പകരം പുതിയ പുതിയ നാമരൂപങ്ങൾ; രൂപത്തിനു മാറ്റമില്ല. വിഷയത്തിനു മാറ്റമില്ല. മഹാഗുരുവിനു മാറ്റമില്ല. മനസ്സ്‌, ശരീരം, പ്രകൃതി, ആകാശം, ഭൂമി, വായു, ജലം, എന്നിവയ്ക്കു പുറമെ സകല വൃക്ഷങ്ങളും സസ്യജാലങ്ങളും അരുവികളും നീർച്ചാലുകളും തുടങ്ങി പ്രകൃതി ഒന്നാകെ ഇവിടെ പ്രകാശിക്കുന്നു. ആത്മാവ്‌, അറിവ്‌, ദ്വൈതം, അദ്വൈതം, വിശിഷ്ടാദ്വൈതം തുടങ്ങിയ ദാർശനിക വിഷയങ്ങൾക്ക്‌ പുതിയ ഭാഷ്യം ചമച്ച്‌ ഒരു വാൽക്കണ്ണാടിയിലൂടെ അതിന്റെ പ്രതിരൂപങ്ങൾ വരച്ചുകാണിക്കുന്നു.
മലയാളഭാഷ ധന്യമായി. എം.കെ.ഹരികുമാർ എന്ന ദാർശനിക നോവലിസ്റ്റിലൂടെ , മലയാള ഭാഷാശാസ്ത്രജ്ഞനിലൂടെ ഞങ്ങൾ ശ്രീനാരായണായ എന്ന ഗുരുദേവചരിതത്തിന്റെ വായനക്കാർ വിശുദ്ധരാക്കപ്പെട്ടിരിക്കുന്നു.
ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനവും വിഷയമാക്കി രചിച്ച ശ്രീനാരായണായ എന്ന വിശുദ്ധഗ്രന്ഥത്തിലൂടെ ഒരു തീർത്ഥയാത്ര നടത്തിയപ്പോൾ അനുഭവിച്ചതു ഇവിടെ പകർത്തി എന്നു മാത്രം…..
സഹശ്രദളാകാരത്തിൽ വിരിഞ്ഞുനിൽക്കുന്ന ഒരു ചെന്താമരയെ അടുത്തുകാണണമെങ്കിൽ ആദ്യം കാഴ്ചക്കാരന്റെ സഹൃദയത്വത്തിൽ സൗന്ദര്യബോധത്തെ അലിയിപ്പിക്കണം. ബോധവും ഋതുഭേദബോധവും തിരിച്ചറിയണം. ഋതുക്കളോടു പ്രതികരിക്കുന്ന ഒരു ബോധമുണ്ടാകണം. എങ്കിലേ ഋതുഭേദങ്ങളനുസരിച്ച്‌ ചെടിയിൽ വരുന്ന ജൈവമാറ്റങ്ങൾ തിരിച്ചറിയൂ. എങ്കിലെ ഒരു പുഷ്പത്തെ പൂർണ്ണമികവിൽ കാണാനാകൂ. അതേ മാനസികാവസ്ഥയോടെ, തിരിച്ചറിവിന്റെ മികവോടെ ആ മഹാഗുരുവിനെ വരച്ചുകാട്ടിയ തൂലികക്കൊപ്പം ഒരു യാത്രചെയ്യാം.
“വിവേകചൂഡാമണി” എന്ന ദാർശനിക മാസികയുടെ വിശേഷാൽപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ, ആ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ, പ്രഗത്ഭരായ പതിനഞ്ചു എഴുത്തുകാരോട്‌, “ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും” വരച്ചുകാട്ടാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യത്തോടെയാണ്‌ നോവൽ ആരംഭിക്കുന്നത്‌. നോവലിന്റെ സാധാരണ ചട്ടക്കൂടുകളെ അതിലംഘിച്ചുകൊണ്ട്‌, ഒരു പുതിയ ഭാഷാധൈഷണിക ലോകജാലകം കെട്ടിപ്പൊക്കുക എന്ന ദൗത്യം ഏറ്റെടുത്ത്‌ അവതരിച്ച ഒരു പുണ്യപ്രവാചകനെപ്പോലെയാണ്‌, നോവൽ രൂപംപൂണ്ട ഈ പ്രത്യേക പതിപ്പിന്റെ പത്രാധിപരായ മോഹനാംഗൻ പാഠശാലയെ നാം കാണുന്നത്‌.
വിവേകോദയം മാസിക തുടങ്ങുമ്പോൾ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോയുടെ അലയടികൾ ലോകമെമ്പാടും ആഞ്ഞടിക്കുകയാണ്‌. കുമാരനാശാനും അതിൽനിന്ന്‌ ആവേശം ഉൾക്കൊണ്ടാണ്‌ കൽക്കട്ടയിൽനിന്ന്‌ മടങ്ങിയത്‌. ആ വിശുദ്ധപശ്ചാത്തലത്തെ ഓർമ്മിപ്പിക്കുന്ന വിവേകചൂഡാമണി എന്ന പ്രസിദ്ധീകരണവും അതിന്റെ വിശേഷാൽപ്രതിയും വായനക്കാരിൽ ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കും.
വിശേഷാൽപ്രതിയിലേക്കുള്ള രചനകൾ വന്നു. എല്ലാ രചനകളും മൗലികവും ദാർശനികവുമാണ്‌. ഗുരുദേവന്റെ ജീവിതമാണ്‌. നാണുവിൽനിന്ന്‌ നാരായണനിലേക്കുള്ള മൗനമായ പരിണാമ യാത്രാചരിത്രമാണ്‌ എല്ലാ രചനകളും. ഈ മൗനയാത്രയിലെ ഇടത്താവളങ്ങളിൽ ധ്യാനാശ്രമമായി തിരഞ്ഞെടുത്ത മരുത്വാമലയും അവിടുത്തെ അത്ഭുതക്കാഴ്ചകളും ഈ കഥാസാഗരത്തിലെ സ്പന്ദിക്കുന്ന കഥാപാത്രങ്ങളാണ്‌. പ്രഗത്ഭരായ പതിനഞ്ചു എഴുത്തുകാരും അവരവരുടെ മേധയിലൂടെ ഗുരുവിന്റെ ചരിത്രത്തിന്‌ പുതിയ പുതിയ അർത്ഥതലങ്ങൾ നൽകാൻ  ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്‌.
മഴയും മഴത്തുള്ളികളും മഴമേഘങ്ങളും ഇടിമിന്നലും ചെടികളും കുറ്റിച്ചെടികളും വൻമരങ്ങളും മരച്ചോലയിൽ വിശ്രമിക്കുന്ന കാട്ടുമൃഗങ്ങളും വലിയ ഗുഹകളിൽ താമസിക്കുന്ന ഹിംസ്രജന്തുക്കളും കാട്ടരുവികളും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും ഭീമാകാരമായ ഉരുളൻപാറക്കൂട്ടങ്ങളും എല്ലാം കഥാപാത്രങ്ങളായി ഗുരുവിനെ കെട്ടിപ്പുണരുന്നത്‌ ഈ മരുത്വാമലയിൽ നമുക്കു കാണാം. അങ്ങനെ ഗുരുവുമായി ആത്മബന്ധം സ്ഥാപിക്കുന്ന ഈ പ്രകൃതിയാണ്‌ ഗുരുവിന്റെ അദ്വൈതദർശനം എന്ന്‌ വെളിപ്പെടുത്തുന്നു.
ഗുരു ജീവിച്ചതു ശാസ്ത്രയുഗത്തിലാണ്‌. അതുകൊണ്ട്‌ ഗുരുവിന്റെ ചിന്തകൾ ശാസ്ത്രലോകവുമായി പിണഞ്ഞുകിടക്കുകയാണ്‌. ശാസ്ത്രത്തിന്റെ പ്രത്യേകത സകലതിനെയും വിശ്ലേഷണം ചെയ്ത്‌ പരിശോധിക്കുക എന്നതാണ്‌. അതുകൊണ്ട്‌ തന്നെയായിരിക്കാം ഗുരുവിന്റെ അവധൂതജീവിതത്തെ ശാസ്ത്രത്തിന്റെ പരിശോധനാരീതിക്കനുസരിച്ച്‌ അനുസന്ധാനം ചെയ്ത്‌ ഓരോ സാഹിത്യകാരനും ഗുരുചരിതം വിരചിച്ചിരിക്കുന്നത്‌.
ആദിമഗുരുവായ ശിവഗുരുവിനെ അവതരിപ്പിക്കുന്നു. സാക്ഷാൽ ദക്ഷിണാമൂർത്തിയായ കൈലാസനാഥനെ അരുവിപ്പുറത്ത്‌ പ്രതിഷ്ഠിച്ചിരുന്നു. തുടർന്നു സമൂഹത്തിലേക്ക്‌ ഇറങ്ങിവന്ന്‌ ആകുലതകളും വിഹ്വലതകളും നേരിട്ട്‌ പരിഹാരം കാണുന്ന ഗുരുവിന്റെ പ്രവൃത്തികൾ അചഞ്ചലമായ, ധീരമായ തീരുമാനങ്ങളെക്കാണിക്കുന്നു. ഓരോ അദ്ധ്യായത്തിലും ഗുരുവിനെ ത്രിമാനതലത്തിൽ അവതരിപ്പിക്കുന്നത്‌ അസാധാരണ രചനാവൈഭവത്തിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്‌. മൗനിയായി യാത്ര ചെയ്യുന്ന ഗുരു, അപരനൊപ്പം നിഴലിന്റെ നിഴലായി നീങ്ങുന്ന ഗുരു, ഗൗതമ ബുദ്ധനോടൊപ്പം നിങ്ങളുടെ ശരണത്രയങ്ങളെ, വേദാന്തചിന്തകളിൽ നിന്ന്‌ അടർത്തിമാറ്റി നിർത്താതെ രണ്ടു ധാരകളെയും സമന്വയിപ്പിച്ച ഗുരു, ദയാസിന്ധുവായ ഗുരു, കാരുണ്യക്കടലായി മാറുന്ന ഗുരു, അനുകമ്പയുടെ തീരങ്ങൾ സൃഷ്ടിച്ച്‌ തീരങ്ങൾക്കൊപ്പം നടന്ന ഗുരു, മായയും മായാവിയും മായാവിനോദനുമായി അത്ഭുതങ്ങൾ കാട്ടിയ ഗുരു, അങ്ങനെ ഗുരു ഇവിടെ സഹസ്രപത്മദള സൗരഭ്യത്തിടമ്പായി പ്രശോഭിക്കുന്നു.
മരുത്വാമലയിലേക്ക്‌ സതീർത്ഥ്യന്റെ കൈയും പിടിച്ചു കയറിയ ഗുരുവിന്‌, അകലെ ആഴി കാണാം. തിരയും, കാറ്റും ആഴവും ആ തീരങ്ങളും കാണാം. ഇരുൾ മെല്ലെ വെളിച്ചമായി മാറിക്കഴിഞ്ഞു. ഗുരുവിനൊപ്പം മൗനവും ആത്മബോധത്തിനായി ദാഹിക്കുന്ന ഹൃദയവുമാണുള്ളത്‌. കണ്ണുകളഞ്ചുമുള്ളടക്കിയുള്ള ധ്യാനവും, പിന്നെ കാറ്റുമാണ്‌ ഗുരുവിന്‌ കൂട്ടായിരുന്നത്‌.
എഡിറ്റർ മോഹനാംഗൻ പാഠശാല പറയുന്നു: ഗുരുവും കുമാരനാശാനും, വീണപൂവും ഒരു പുതിയ ദർശന സൗഭാഗ്യത്തോടൊപ്പം തെളിമ നിറഞ്ഞ ജീവിതരഹസ്യവും ഇവിടെ അനാവരണം ചെയ്യുന്നു എന്ന്‌.
ജനനം മുതൽ മരണം വരെയുള്ള മനുഷ്യജീവിതത്തിന്റെ അന്യാപദേശമായ കാവ്യ ആവിഷ്കാരമെന്ന നിലയിൽ നിന്ന്‌ വിട്ടിറങ്ങിവന്ന്‌ മനുഷ്യന്റെ നിസ്സഹായാവസ്ഥയിലേക്ക്‌ ചുരുങ്ങുന്ന ഒരനുഭവം ഇവിടെ കാണാം. ഓരോ അദ്ധ്യായത്തിലും ഗുരുവിന്റെ ജനനം മുതൽ മഹാനിർവാണം വരെയുള്ള സചേതനാവസ്ഥയിൽ സംവദിക്കാൻ ഭാഗ്യം കിട്ടിയ അനേകം മഹാത്മാക്കളുടെ രേഖാചിത്രത്തിലൂടെ അമരത്വത്തെ ആവിഷ്കരിക്കാനും ഇവിടെ എം.കെ. ഹരികുമാറിനു കഴിഞ്ഞിട്ടുണ്ട്‌.
കവിതയായി, സ്തോത്രകൃതികളായി, വേദാന്തശാസ്ത്രഗ്രന്ഥങ്ങളായി, അറിവായി, അറിവിലുമേറിയ അറിവായ്‌, ഷഡ്ദർശനങ്ങളുടെ സാരാംശമായ ദർശനമാലയായി, സർവ്വോപരി ഈ പ്രപഞ്ചസൃഷ്ടിയെ ദൈവമേ എന്നു തുടങ്ങുന്ന ദൈവദശകമായി ഈ ലോകജനതയ്ക്കുമുമ്പിൽവച്ച ആ പരമഗുരുവിന്റെ ജീവിതം ഇവിടെ അനാവരണം ചെയ്യുന്നു. ശ്രീനാരായണായ എന്ന വേദാന്തശാസ്ത്ര നോവൽ ഏതൊരു ജ്ഞാന ജിജ്ഞാസുവിനും അത്യപൂർവ്വമായ അനുഭവമായിരിക്കും, ചിന്താസൗരഭമായിരിക്കും.
ശ്രീനാരായണായ
നോവൽ
ബ്ലൂമാംഗോ ബുക്സ്
വില  500/
പേജ്  520

You can share this post!