റിപ്പോർട്ട് :എൻ.രവി
കൂത്താട്ടുകളം: ജീവിതത്തിൻ്റെ അമിത വേഗം മനുഷ്യനെ മനുഷ്യത്വമില്ലാത്തവനാക്കി മാറ്റിയെന്ന് സാഹിത്യവിമർശകനും കോളമിസ്റ്റും എഴുത്തുകാരനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.
കൂത്താട്ടുകുളം ശ്രീധരീയം നഗർ റെസിഡൻ്റ്സ് അസോസിയേഷൻ വാർഷികത്തോടനുബന്ധിച്ച് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തിൻ്റെ നാല്പത്തി രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ച ഹരികുമാറിനെ റസിഡൻ്റ്സ് അസോസിയേഷൻ ആദരിച്ചു.അനൂപ് ജേക്കബ് എം.എൽ.എ ഹരികുമാറിന് ഉപഹാരം സമ്മാനിച്ചു.
1981 ലാണ് എം.കെ.ഹരികുമാർ സാഹിത്യരംഗത്ത് പ്രവേശിച്ചത്. തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ച ‘സംക്രമണം’ മാസികയിലൂടെ ആനുകാലികങ്ങളുടെ ലോകത്ത് ചുവടുറപ്പിച്ചു. 1984 ൽ ആദ്യ പുസ്തകമായ ‘ആത്മായനങ്ങളുടെ ഖസാക്ക് ‘പ്രസിദ്ധീകരിച്ചു. 1998 ൽ
‘അക്ഷരജാലകം’ എന്ന പ്രതിവാര പംക്തി കേരളകൗമുദിയിൽ എഴുതി തുടങ്ങി. അത് ഇപ്പോൾ ‘മെട്രോവാർത്ത’ പത്രത്തിൽ തിങ്കളാഴ്ച തോറും പ്രസിദ്ധീകരിക്കുന്നു. ‘അക്ഷരജാലകം’ 25 വർഷം പിന്നിട്ടിരിക്കുന്നു. സാഹിത്യരചനയുടെ 42 വർഷത്തിനിടയ്ക്ക് ഹരികുമാർ 28 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അതിൽ മൂന്നു നോവലുകളുണ്ട്: ജലഛായ ,ശ്രീനാരായണായ ,വാൻഗോഗിന് .കേന്ദ്ര സർക്കാരിൻ്റെ ഫെലോഷിപ്പ് ,കേരള സാഹിത്യ അക്കാദമിയുടെ ഗവേഷണ സ്കോളർഷിപ്പ് ,കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം ,അങ്കണം അവാർഡ് തുടങ്ങി ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മംഗളം ,കേരളകൗമുദി ,കലാകൗമുദി എന്നിവിടങ്ങളിൽ പത്രാധിപ സമിതിയംഗമായിരുന്നു.
“അമിതവേഗം മനുഷ്യന്റെ ജീവിതത്തോടുള്ള സമീപനം മാറ്റിമറിച്ചതായി മുഖ്യപ്രഭാഷകനായ എം.കെ.ഹരികുമാർ പറഞ്ഞു. പുതിയൊരു പരിപ്രേക്ഷ്യമാണിത്. ജീവിതത്തിന്റെ വേഗത കൂടിയതനുസരിച്ച് എല്ലാത്തിനോടു മുള്ള സമീപനം മാറി. ഇപ്പോൾ പ്രേമിക്കുന്നത് അതിവേഗതയിലാണ്. ഒരു വീഡിയോ കോളിൽ ,ചാറ്റ് ബോക്സിൽ വികാരങ്ങൾ അതിവേഗത്തിൽ എരിഞ്ഞു തീർന്ന് മനുഷ്യൻ ശൂന്യനാകുന്നു .അതുകൊണ്ട് അവനു പ്രണയം അവസാനിപ്പിക്കാനുള്ളതാണ്. മറ്റേതൊരു ലാഭക്കണ്ണുള്ള ക്രയവിക്രയവും പോലെയാണ് പ്രണയവും. പ്രണയത്തിൻ്റെ ആത്മീയ മൂല്യം നഷ്ടപ്പെട്ടു .പ്രണയം അതിവേഗം അവസാനിപ്പിക്കാനുള്ളതാകയാൽ അത് ആരംഭിക്കുന്നത് അതിവേഗത്തിലായിരിക്കും. അവസാനിപ്പിക്കുന്നതിനും തിടുക്കമുണ്ട്. ഉദ്ദേശിച്ച വേഗതയിൽ കാര്യങ്ങൾ പരിസമാപ്തിയിലെത്താതെ വരുമ്പോൾ മനുഷ്യൻ ക്രുദ്ധനാവുന്നു ,ആസിഡ് ഉപയോഗിക്കുന്നു. ഈ ‘മൂല്യം’ പുതിയ കാലം സൃഷ്ടിച്ചതാണ് .ഇതിൽ നിന്നു എങ്ങനെ രക്ഷപ്പെടാമെന്നാണ് ആലോചിക്കേണ്ടത്. നമ്മുടെ സംസ്കാരം പ്രണയത്തെ വിശുദ്ധീകരണമായാണ് കണ്ടിട്ടുള്ളത്.കുമാരനാശാൻ്റെ കൃതികളിൽ പ്രണയത്തിനു ജീവിതത്തേക്കാൾ പ്രാധാന്യമുണ്ട്. പ്രണയം കിട്ടിയില്ലെങ്കിൽ മരിച്ചാലും മതി എന്നാണ് ആശാൻ്റ നായികമാർ ചിന്തിക്കുന്നത്. ജീവിതം ഒരിടത്ത് വച്ച് ശുദ്ധമാകുന്ന അനുഭവമാണ് പ്രണയം. നമ്മുടെ പഴയകാല സിനിമകളിലും ഇത് കാണാം .പ്രണയിച്ച പെണ്ണിനെ നഷ്ടപ്പെട്ട ഒരു കാമുകൻ അമ്പതുകളിലോ അറുപതുകളിലോ ഒരു ക്രൂരമൃഗമാവുകയില്ലായിരുന്നു. അവൻ തൻ്റെ നഷ്ടപ്പെട്ട പ്രണയത്തെ തന്നെ വീണ്ടും സ്നേഹിക്കാൻ ശ്രമിക്കും. അവന്റെ ദുഃഖത്തിലും ഒരു വിശുദ്ധിയുണ്ടായിരുന്നു. അവനിൽ പ്രണയത്തിൻ്റെ പേരിൽ വിദ്വേഷമുണ്ടാവുകയില്ലായിരുന്നു. ഇരുമ്പ് ഉലയിൽ വച്ച് പഴുപ്പിച്ചെടുക്കുമ്പോൾ അതിലെ മാലിന്യം പോയി ശുദ്ധമാകുന്നു. അതുപോലെയാണ് പ്രണയിക്കുന്നതും.
പ്രണയിക്കുതോടെ ജീവിതത്തിലെ മാലിന്യം പോകുന്നു. അതുകൊണ്ട് പ്രണയം നഷ്ടപ്പെട്ടാലും വിശുദ്ധി നിലനിൽക്കും. ഇതായിരുന്നു നമ്മുടെ വലിയ കണ്ടെത്തൽ. എന്നാൽ ഇപ്പോൾ മനുഷ്യൻ അമിതലാഭത്തിനും സ്വാർത്ഥതയ്ക്കും നേട്ടങ്ങൾക്കും ഏറ്റവും വലിയ വില കൊടുക്കുന്നു” – ഹരികുമാർ ചൂണ്ടിക്കാട്ടി.
“ഇന്ന് സംസ്കാരം വിലക്ക് വാങ്ങാം. ഒരു വലിയ ഫുഡ് കോർട്ടിൽ ചെന്ന് വിലകൂടിയ ഭക്ഷണം ഓർഡർ ചെയ്ത് ഇരിക്കുന്നത് തന്നെ സാംസ്കാരിക പ്രവർത്തനമായി വ്യാഖ്യാനിക്കപ്പെടുകയാണ് .ഏറ്റവും വിലകൂടിയത് വാങ്ങുന്നവനാണ് സമൂഹത്തിലെ ഏറ്റവും വലിയ സാംസ്കാരിക ബുദ്ധിജീവി എന്ന നില വന്നിരിക്കുന്നു .വില കൂടിയ അനുഭവങ്ങൾ വാങ്ങാൻ പലരും ക്യൂ നിൽക്കുകയാണ്.വിദ്യാഭ്യാസം ഈ രീതിയിൽ മുന്നേറാനല്ല ഉദ്ദേശിച്ചിട്ടുള്ളത്. അത് ജീവിതത്തെ സമഭാവനയിലേക്ക് നയിക്കാനുള്ളതാണ്. സാഹിത്യകലകളോട് പുറം തിരിഞ്ഞു നിൽക്കുന്നവർ വിദ്യാഭ്യാസം എന്ന സംസ്കാരത്തിന് തന്നെ എതിരാണ്. വായിക്കുക എന്നാൽ ഒരു ലൈബ്രറിയിൽ ചെന്ന് ഒരറ്റം മുതൽ വായിച്ചു തുടങ്ങുക എന്നല്ല അർത്ഥം. ലൈബ്രറിയിൽ നിന്ന് ശരിയായ പുസ്തകം തിരഞ്ഞെടുക്കാൻ തന്നെ പഠിക്കേണ്ടതുണ്ട് .നിരന്തരമായ പരിശ്രമം കൊണ്ട് നമുക്ക് അത് മനസ്സിലാക്കാവുന്നതാണ്. വായിക്കേണ്ടത് എന്താണെന്ന് സ്വയം കണ്ടുപിടിക്കണം .നമുക്ക് ഒരു മികച്ച പുസ്തകവും നിഷേധിക്കപ്പെട്ടിട്ടില്ല. ജീവിതത്തിലെ ഏറ്റവും ഉണർവ്വുള്ള നിമിഷങ്ങളിൽ നല്ലൊരു പുസ്തകത്തിൻ്റെ ഒന്നോ രണ്ടോ താളുകൾ വായിക്കുന്നത് പ്രയോജനം ചെയ്യും .ഈ ലോകം നമ്മുടെ ഇടുങ്ങിയ ചിന്തകൾക്ക് വെളിയിൽ എങ്ങനെയെല്ലാം വികസിച്ചു മുന്നോട്ടുപോയി എന്ന് അതിൽ നിന്ന് ഗ്രഹിക്കാനാവും .വായനയെ വിട്ടു സ്ഥാവരജംഗമ സ്വത്തുക്കൾ മാത്രം സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ വയസ്സായി രോഗബാധിതനാകുന്നതോടെ അതൊക്കെ വ്യർത്ഥമാണെന്ന് അനുഭവപ്പെടും .ജരാനരകളാണ് യഥാർത്ഥ പ്രളയം. ജരാനരകൾ മനുഷ്യനെ പൂർണമായി അപഹരിക്കുകയാണ്. അതിൽ നിന്ന് രക്ഷനേടാനാവില്ല .അതുകൊണ്ട് ആ പ്രളയം വരുന്നതിനു മുമ്പ് നമുക്ക് ഇഷ്ടമുള്ളതൊക്കെ വായിക്കുകയും കാണുകയും ചെയ്യുക ” -ഹരികുമാർ പറഞ്ഞു.
“സ്കൂളിലെ ഒരു ചിത്രകലാ അദ്ധ്യാപകനോട് ലോകത്തിലെ ഏറ്റവും വലിയ ചിത്രകാരൻ ഹെൻറി മാറ്റിസാണെന്ന് പറഞ്ഞപ്പോൾ അതാരാണെന്ന് തിരിച്ചു ചോദിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതുപോലുള്ള അദ്ധ്യാപകരാണ് മിക്കയിടങ്ങളിലുമുള്ളത്. ഇവർക്ക് എഴുത്തുകാരെ അറിയില്ല. കലാകാരന്മാരെ അറിയില്ല. ലോകം ആദരിക്കുന്ന ഇന്ത്യൻ ചലച്ചിത്ര സംവിധായകനായ സത്യജിത് റായിയുടെ ‘പഥേർ പാഞ്ചാലി’ കാണാത്ത അധ്യാപകന് എന്താണ് കുട്ടികളോടെ സംവദിക്കാനുള്ളത് “?-ഹരികുമാർ ചോദിച്ചു.
നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ വിദ്യാപ്രതിഭാ പുരസ്കാര സമർപ്പണം നടത്തി .ഗാനരചയിതാവ് ഉദനേശ്വർ പ്രസാദ് ,ലൈഫ് കൊച്ചി റിപ്പോർട്ടർ ലോട്ടസ് എന്നിവരെ ചങ്ങിൽ ആദരിച്ചു.അസോസിയേഷൻ പ്രസിഡണ്ട് ഹരി എൻ നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ചന്ദ്രശേഖരൻ, റോബിൻ ജോൺ, പി.ജി.സുനിൽകുമാർ ,വി.എ.രവി വള്ളിയാങ്കൽ ,ബിജു തോമസ് , സി.ആർ.രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.