അമ്പലത്തിൽനിന്നും മടങ്ങി എത്തുമ്പോൾ പടിക്കൽ ഒരു കാർ കിടക്കുന്നത് ദൂരെ നിന്ന് കണ്ടു . വീടിനോട് സമീപിച്ചപ്പോൾ ,ഗിരിജചിറ്റയും വിനുവും സിറ്റൗട്ടിൽ നിന്ന് സംസാരിക്കുന്നതും കണ്ടു . വിനുവിന് ചെറിയ ആക്‌സിഡന്റുണ്ടായതായി മുത്തശ്ശി നേരത്തെ ഗിരിജചിറ്റയെ അറിയിച്ചിരുന്നു . എന്നാൽ അത് മുത്തശ്ശി പറഞ്ഞതുപോലെ ഒരാക്‌സിഡന്റ് അല്ലായിരുന്നുവെന്ന് ഗിരിജചിറ്റയും സുരേന്ദ്രൻ അങ്കിളും അറിഞ്ഞു . ”മകന് ഇപ്പോൾ എങ്ങിനെയുണ്ടെന്നും ,പത്രത്തിലുംടിവിചാനലിലുമെല്ലാം വാർത്തയുണ്ടായിരുന്നുവെന്നും ഒരു കല്യാണത്തിന് ചെന്നപ്പോൾ ആരോ അവരോട് അന്വേഷിച്ചുവത്രെ . എന്നാൽ അന്നത്തെ ടി വി യും പത്രവും അവർ കണ്ടിരുന്നില്ല . വാർത്ത കേട്ടയുടൻ മകന് എന്താണ് സംഭവിച്ചതെന്നറിയാൻ ഗിരിജചിറ്റ തിടുക്കം പൂണ്ട് ഓടിയെത്തിയതാണ് . മകന് കാര്യമായിട്ടെന്തോ സംഭവിച്ചുവെന്നാണവർ കരുതിയത് . എന്നാൽ വിനുവിനെ നേരിട്ടുകണ്ടപ്പോൾ ചിറ്റക്കു സമാധാനമായി . എങ്കിലും ഗിരിജചിറ്റ വന്നയുടനെ സിനിമക്കു തന്നെക്കൂട്ടിപ്പോയതിന് വിനുവിനെ വഴക്കു പറഞ്ഞു.. വിദ്യാർത്ഥി രാഷ്ട്രീയത്തിലുള്ളതുകൊണ്ടു എതിരാളികൾ വിനുവിനെ ഉപദ്രവിക്കാൻ തക്കം പാർത്തു നടക്കുകയാണെന്ന് ചിറ്റക്കറിയാം .
” ഞാൻ ഇവനോട് എത്രതവണ പറഞ്ഞിട്ടുണ്ടെന്നോ . ഈ രാഷ്ട്രീയമൊന്നും വേണ്ടായെന്ന് . ഇവൻ പറഞ്ഞാൽ കേൾക്കണ്ടേ ? . ഇതെല്ലാം ഭാവിയിൽ പ്രയോജനപ്പെടുമെന്നാണ് അവന്റെ പറച്ചിൽ .”ചിറ്റ കരഞ്ഞു കൊണ്ട് പറഞ്ഞു .
”ചിറ്റ വിഷമിക്കേണ്ടാ. ഞാൻ ഇവനെ ഉപദേശിച്ചു നന്നാക്കിക്കോളാം. ” ഗിരിജ ചിറ്റ കരയുന്നതു കണ്ടു വിഷമത്തോടെ പറഞ്ഞു
”.മാധവേട്ടനും ചെറുപ്പത്തിൽ രാഷ്ട്രീയമുണ്ടായിരുന്നുവെങ്കി
വിനു ഞാൻ പറയുന്നത് അനുസ്സരിക്കുന്നുണ്ട് ചിറ്റേ . അവൻ എല്ലാവരോടും സ്നേഹമുള്ള നല്ല കുട്ടിയാണ് ”. താൻ പറയുന്നതുകേട്ട് വിനു ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു
അപ്പോൾ സുരേന്ദ്രൻ അങ്കിൾ ഗിരിജചിറ്റയുടെ ഫോണിൽ വിളിച്ചു ”.എനിക്ക് അവനോടൊന്നു സംസാരിക്കണം നീ ഫോൺ അവന്റെ കയ്യിൽ കൊടുക്ക് ”.ചിറ്റ ഫോൺ സ്‌പീക്കറിലിട്ട് വിനുവിന്റെ കൈയ്യിൽ കൊടുത്തു
സ്‌പീക്കറിലൂടെ അങ്കിൾ വിനുവിനോട് പറയുന്നത് കേട്ടു . . ” വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നൊക്കെ പിന്മാറുവാൻ ഞാൻ നിന്നെ കുറെയായിഉപദേശിക്കുന്നു ..നീ എത്ര പറഞ്ഞാലും കേൾക്കില്ല അല്ലെ ” . വിനു ഭയത്തോടെ അച്ഛന്റെ സംസാരം കേട്ടു . പ്രിയയെയും കൊണ്ട് സിനിമക്കുപോയതിനും രാഷ്ട്രീയം . കളിച്ചു നടന്നു വഴക്കുണ്ടാക്കിയതിനും അങ്കിൾ വിനുവിനെ വഴക്കു പറഞ്ഞു . പ്രിയക്കെന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ ആരോടൊക്കെ സമാധാനം പറയേണ്ടിവരുമായിരുന്നെന്നു സുരേന്ദ്രൻ അങ്കിൾ വിനുവിനെ കുറ്റപ്പെടുത്തി . പത്രത്തിലും ചാനലിലുമൊക്കെ ”ദളിത് സ്ത്രീ പീഡനമെന്ന ” പേരിൽ വന്ന വാർത്തയെക്കുറിച്ചും അങ്കിൾ പറഞ്ഞു .ഇതിനെത്തുടർന്ന് തന്റെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ചീത്തപ്പേരിനെക്കുറിച്ചും അങ്കിൾ സൂചിപ്പിച്ചു. .
”മിത്രൻ തിരുമേനിമൂലം ചീത്തപ്പേരുണ്ടായിട്ടുംഗിരിജയെ വിവാഹം കഴിക്കാൻ ഞാനുണ്ടായിരുന്നു . എന്നാൽ ഈ സംഭവം മൂലം ചീത്തപ്പേരുണ്ടായിപ്രിയ മോളുടെ വിവാഹം നടക്കാതെ വന്നാൽ പയ്യനെ നീ കണ്ടുപിടിച്ചു കൊടുക്കുമോടാ‘ ”. അങ്കിൾ വിനുവിനോട് കയർത്തു . ടി വി യിലും പത്രത്തിലും വാർത്ത വന്ന വിവരം തന്റെ കൂട്ടുകാർ പോലും പറഞ്ഞില്ലല്ലോ എന്ന് വിനു ഓർത്തു . അവൻ കുറ്റബോധത്തോടെ ക്ഷമാപണം നടത്തി . ”സോറി അച്ഛാ കാര്യങ്ങൾ ഇത്രത്തോളമെത്തിയെന്നു ഞാനറിഞ്ഞില്ല . ഇനിയും ഇത്തരം കുഴപ്പങ്ങളൊന്നുമെനിക്കും പ്രിയേച്ചിക്കും ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം ..”അത് കേട്ട് അങ്കിളിന്റെ ദേഷ്യം ശമിച്ചു . അദ്ദേഹം വികാരഭരിതനായി അവനോട് പറഞ്ഞു .
”അച്ഛൻ വിഷമം കൊണ്ട് നിന്നെ വഴക്കു പറഞ്ഞു പോയതാണ് മോനെ .നീ ക്ഷമിക്ക് .ഇതുപോലെയുള്ള സംഭവങ്ങൾ നിനക്കും പ്രിയക്കും ഒരുപോലെ ദോഷം ചെയ്യും . ഇനി മുതൽ ഒരു പ്രയോജനവുമില്ലാത്ത വിദ്യാർത്ഥി രാഷ്ട്രീയമൊക്ക ഉപേക്ഷിച്ചു നീ പഠിക്കാൻ നോക്ക് ” . അത് കേട്ട് വിനു പറഞ്ഞു
.”ഇനി മുതൽ രാഷ്ട്രീയമുപേക്ഷിച്ചു ഞാൻ പഠിക്കാൻ തുടങ്ങും . പഠിച്ചു നല്ല മാർക്ക് വാങ്ങും . അച്ഛന്റെ വിനുക്കുട്ടൻ പ്രോമിസ്സ് ചെയ്യുകയാണ് .”
”ഇതുമതി മോനെ എനിക്കിപ്പോൾ സമാധാനമായി .” അങ്ങിനെ പറഞ്ഞു സുരേന്ദ്രൻ അങ്കിൾ ഫോൺ ഡിസ് കണക്ട് ചെയ്തു . ഫോൺ തിരികെ അമ്മയുടെ കൈയ്യിൽ കൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. .അവൻ തന്റെ കൈയ്യിൽ പിടിച്ചു വികാരാധീനനായി പറഞ്ഞു .
”ഞാൻ മുഖാന്തിരം പ്രിയേച്ചിക്ക് എന്തെങ്കിലും അപമാനം ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു . ഇതുമൂലം ചേച്ചിയുടെ ഭാവിക്കു എന്തെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കിൽ ഞാനായിരിക്കുമല്ലോ അതിനുത്തരവാദി എന്നോർക്കുമ്പോൾ ……” വാക്കുകൾ പൂർത്തിയാക്കാതെ വിനു തേങ്ങി കരഞ്ഞു . ”ചേച്ചിക്കറിയ്യോ .തീയേറ്ററിൽ നടന്നതെല്ലാം പത്രത്തിലും ടീവിയിലുമെല്ലാം ഫോട്ടൊയും വാർത്തയുംആയി വന്നുവത്രേ . എന്റെ കാര്യം പോകട്ടെ . ചേച്ചിക്ക് അപമാനമായല്ലോ എന്നോർത്താണെനിക്ക് ..” അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി . ഇപ്പോഴാണ് തനിക്ക് കാര്യം പിടികിട്ടിയത് . ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് മനഃസംയമനം വീണ്ടെടുത്തുകൊണ്ടു പറഞ്ഞു
.”സാരമില്ല വിനു. ഇന്നാട്ടിൽ വന്നിട്ട് ഇത്തരം അനുഭവങ്ങൾ എനിക്ക് പുത്തരിയല്ല . ഞാൻ എല്ലാറ്റിനോടും പൊരുത്തപ്പെട്ടുകൊണ്ടിരിക്കുകയാ
”സോറി ചേച്ചി… ഞാൻ പെട്ടെന്ന് ….അച്ഛൻ അങ്ങിനെയൊക്കെ പറഞ്ഞപ്പോൾ എന്റെ നിയന്ത്രണം വിട്ടു പോയി . …”അങ്ങിനെ പറഞ്ഞു കൊണ്ട് അവൻ കണ്ണുകൾ തുടച്ചു അകത്തേക്ക് നടന്നു . .
ഗിരിജയാകട്ടെ എല്ലാം കണ്ടും കേട്ടും നിൽക്കുകയായിരുന്നു . താൻ ചിറ്റയുടെ അടുത്തെത്തി പറഞ്ഞു . . ”സാരമില്ല ചിറ്റേ. ഇത് കൊണ്ടൊന്നും എന്റെയോ വിനുവിന്റെയോ ഭാവിക്കു ദോഷമൊന്നുമുണ്ടാവുകയില്ല ..അതോർത്ത് ചിറ്റയും അങ്കിളും വിഷമിക്കേണ്ട .”ചിറ്റപെട്ടെന്ന് തന്റെ കൈകവർന്നു കൊണ്ടു പറഞ്ഞു . ”എന്റെമോൻ കാരണം നിന്റെയും കൂടി ലൈഫ് മോശമാകുമല്ലോയെന്നായിരുന്നു ഞങ്ങൾക്ക് . ഏതായാലും നീ ധൈര്യമുള്ള കുട്ടിയാണ് .ഇതൊന്നും നിന്റെ ജീവിതത്തെ ബാധിക്കുകയില്ല എന്നെനിക്കു മനസ്സിലായി . ”
”അതെ ചിറ്റേ എന്റെ ലക്‌ഷ്യം വേറെയാണ് . ഒരു വിവാഹമൊന്നുമിപ്പോൾ എന്റെ മനസിലില്ല . പിന്നെ വിനുവിന്റെ കാര്യം ചിറ്റ നോക്കിക്കോളൂ . ഇതോടു കൂടി അവൻ രാഷ്ട്രീയമൊക്കെ വിട്ട് പഠിക്കാൻ തുടങ്ങും . ”ആത്മവിശ്വാസം തുളുമ്പുന്ന തന്റെ വാക്കുകൾ കേട്ട് ചിറ്റ പറഞ്ഞു .
”ശരി മോളെ ഭഗവതി തുണച്ചു് നീ പറയും പോലെ വരട്ടെ കാര്യങ്ങൾ . ഞാനിന്നു തന്നെ മടങ്ങിപ്പോവുകയാണ് .അകത്തു ചെന്ന് അമ്മയോടും കൂടി പറയട്ടെ. ” .ഗിരിജ ചിറ്റ അകത്തേക്ക് നടന്നു കഴിഞ്ഞിരുന്നു. പക്ഷെ മുത്തശ്ശിയുടെ നിർബന്ധം കാരണം ചിറ്റ സന്ധ്യയായപ്പോഴാണ് മടങ്ങിപ്പോയത് . ..
കോരിച്ചൊരിയുന്ന കർക്കിടകമഴ ജനലിലൂടെ കണ്ടുകൊണ്ടാണ് പിറ്റേന്ന് ഉറക്കമുണർന്നത് . മുറ്റത്തു അവിടവിടെയായി തളം കെട്ടി നിൽക്കുന്ന മഴവെള്ളം തന്നിൽ ബാല്യകാല സ്മരണകളുണർത്തി . പണ്ട് മുത്തശ്ശനും താനും കൂടി ഈ വെള്ളത്തിൽ കടലാസ്സു തോണിയിറക്കി കളിച്ചിരുന്നത് ഓർത്തു . കൊച്ചു കൊച്ചുറുമ്പുകളെയാണ് തങ്ങൾഅന്ന് ആ വഞ്ചികളിലെ യാത്രക്കാരാക്കിയത് . അതിവേഗത്തിൽ പറമ്പിനതിരിലുള്ള തോട്ടിലൂടെ ആ കളിവള്ളം നീന്തിപ്പോകുന്നത് നോക്കി കൈകൊട്ടി ചിരിച്ചു നിന്ന ഒരു ബാല്യകാലം . ഇന്നിനിമടങ്ങി വരാത്തവിധം കടന്നുപോയ ആ നാളുകനാളുകളെക്കുറിച്ചും വലുതാകുന്തോറും ബാല്യത്തിലെ നിഷ്കളങ്കതകൾ ചോർന്നുപോകുന്നതിനെക്കുറിച്ചും ഓർത്തപ്പോൾ ദുഃഖം തോന്നി. പൂജാമുറിയിൽ നിന്ന് മുത്തശ്ശിയുടെ ഉറക്കെയുള്ള രാമായണം വായന കേൾക്കുന്നുണ്ടായിരുന്നു. . നന്നായി അർഥം മനസ്സിലാക്കി ഈണത്തോടെയുള്ള ആ വായന കേൾക്കുമ്പോൾ തോന്നും വെറുതെയല്ല തന്റെ അച്ഛനും ഇത്ര വിജ്ഞാനിയായതെന്നു. മുത്തശ്ശിയിൽനിന്നും പകർന്നുകിട്ടിയതാണത് . തൃശൂർ ജില്ലയിൽ ജനിച്ചു ,പതിനാറു വയസ്സുള്ളപ്പോൾ മുത്തശ്ശനെ വിവാഹം കഴിച്ചു ഇങ്ങോട്ടു പോന്നതാണ് മുത്തശ്ശി . ചെറുമനായിരുന്നുവെങ്കിലും മുത്തശ്ശിയുടെ അച്ഛൻ പുരോഗമനവാദിയായിരുന്നു… അദ്ദേഹത്തിന് വിദ്യാഭ്യാസ്സമില്ലെങ്കിലും ഏക മകളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ അദ്ദേഹം മുൻകൈയ്യെടുത്തു… പണ്ടത്തെ ബ്രിട്ടീഷ് ഭരണകാലത്ത് ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച മുത്തശ്ശി ,ധാരാളം പുസ്തകങ്ങൾ വായിക്കുന്നത് കണ്ടിട്ടുണ്ട് . മുത്തശ്ശിയുടെ സംസാരത്തിലും ആ വായനാവൈഭവം തെളിഞ്ഞുകാണാം .
കർക്കിടകക്കുളിരിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുവാൻ തോന്നുന്ന അന്തരീക്ഷം . എങ്കിലും അന്ന് പട്ടണത്തിലേക്കു പോയി കോച്ചിങ് ക്‌ളാസിൽ ചേരുന്നതിനെക്കുറിച്ചോർത്തപ്പോൾ ആലസ്യമെല്ലാം പമ്പ കടന്നു . തലേന്ന് മനീഷ് വിളിച്ചു കോച്ചിങ് സെന്റർ എവിടെയാണെന്നും അവിടെ എത്തിച്ചേരേണ്ട വിധവും ഫീസിനെക്കുറിച്ചും മറ്റ് ഫോർമാലിറ്റീസ്സിനെക്കുറിച്ചുമെ
തുടരും