ഋതുസംക്രമം-43

         

ട്രെയിനിങ് ദിനങ്ങൾ അതിവേഗം കടന്നുപൊക്കോണ്ടിരുന്നു . പരിശീലനത്തിനിടയിൽ താൻ എല്ലാറ്റിലും ഒന്നാമതെത്തി . ആരതിയും അവളുടെ കൂട്ടുകാരനും ഞങ്ങളവിടെയെത്തി, ഒന്ന് രണ്ടു മാസങ്ങൾക്കു ശേഷം ഹൈദരാബാദിലെ ട്രെയിനിങ് സെന്ററിലേക്ക് പോയി .താനൊറ്റക്കാണെന്ന ചിന്ത മനസ്സിനെ അലട്ടുവാൻ തുടങ്ങി .പക്ഷെ അപ്പോഴേക്കും ഉത്തരേന്ത്യക്കാരായ ഏതാനും നല്ല സുഹൃത്തുക്കളെ തനിക്ക് ലഭിച്ചു . .

കൊഴിഞ്ഞു വീണദിനങ്ങൾക്കൊടുവിൽ ഭാരതപര്യടനത്തിന്റെ നാളുകളെത്തി . ആ നാളുകൾസമ്മാനിച്ചതു മറക്കാനാവാത്ത ദിനങ്ങളായിരുന്നു . ഭാരതത്തിന്റെ ഗ്രാമഹൃദയങ്ങളിലൂടെ സഞ്ചരിച്ചു ഏറ്റവും മോശമായ സാഹചര്യങ്ങളെയും തരണം ചെയ്യേണ്ടത് എങ്ങിനെയെന്ന് പഠിച്ചു . അത്തരം സാഹചര്യങ്ങളിൽ കഴിയുന്ന ആളുകളോടൊത്തു ജീവിച്ച് അവരുടെ കഷ്ടതകളറിഞ്ഞു . എല്ലാം പുതിയ അനുഭവങ്ങളായിരുന്നു . താൻ കൂടുതൽ മനക്കരുത്തുള്ളവളായിത്തീർന്നുവെന്നു തോന്നി . ഒടുവിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യുട്ടിൽ നിന്ന് ഒന്നാമതായി താൻ പുറത്തു വന്നു . ആരതിയും നിധീഷും അതുപോലെ ഉയർന്ന നിലയിൽ തന്നെ പാസ്സായി . രണ്ടുവർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് തിരിക്കുമ്പോൾ താൻ ആഹ്ലാദവതിയായിരുന്നു . നാട്ടിൽ തന്നെ സബ് കളക്ടറായി തനിക്ക് പോസ്റ്റിങ്ങ് ആയി . ആരതിയും നിധീഷും അസിസ്റ്റന്റ് കമ്മീഷണർമാരായി അവരവരുടെ നാട്ടിൽ നിയമിതരായി .

ഔദ്യോഗിക ജീവിതത്തിലെ നിർണായക ഘട്ടങ്ങളാണ് ഇനി കടന്നുപോകാനിരിക്കുന്നതെന്നു അറിഞ്ഞിട്ടും തനിക്കു അധൈര്യമൊന്നും തോന്നിയില്ല . എന്തിനെയും നേരിടാൻ മാത്രം ചങ്കൂറ്റം മനസ്സിന് ഉണ്ടായിക്കഴിഞ്ഞിരുന്നു . ട്രെയ്നിങ് കഴിഞ്ഞു നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ താനേകയായിരുന്നു . ആരതിയും നിധീഷും പിന്നീടെത്തിക്കോളാമെന്നു അറിയിച്ചു .

നാട്ടിലെത്തിയ ഉടനെ മനുവേട്ടൻ തന്നെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയത് ഹൃദയത്തിൽ ആഹ്ലാദത്തിന്റെ വേലിയേറ്റങ്ങൾ സൃഷ്ട്ടിച്ചു . പ്രേമ സന്ദേശവുമായി പറക്കുന്ന പ്രാവിനെപ്പോലെ ചുണ്ടിൽ പ്രണയത്തിന്റെ ഒലിവ് ഇലകളുമായി താൻ ആ സമീപം ഓടിയെത്തി . നനഞ്ഞ മിഴികളോടെ മനുവേട്ടൻ തന്നെ ആലിംഗനം ചെയ്തു കൊണ്ട് പറഞ്ഞു ”’കഴിഞ്ഞ രണ്ടു വർഷങ്ങൾ എനിക്ക് രണ്ടു യുഗങ്ങളായാണ് അനുഭവപ്പെട്ടത് പ്രിയ ………..”

എയർ പോർട്ടിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടയിൽ മനുവേട്ടൻ അമ്മയെപ്പറ്റി പറഞ്ഞു . ”അമ്മ ഇപ്പോഴും നീയുമായുള്ള വിവാഹത്തിനു എതിരാണ് . കാരണം മായമോൾക്കു ഇതുവരെ ഒരു നല്ല വരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . ഞങ്ങളുടെ ആൾക്കാർ എല്ലാവരും പഴയ പോലെ അകൽച്ച സൂക്ഷിക്കുന്നു . നമ്മളെപ്പറ്റി നാട്ടിൽ പരക്കുന്ന അപവാദങ്ങളാണ് എല്ലാറ്റിനുംകാരണം ” .

അതുകേട്ടു തന്റെ സന്തോഷത്തിനും അല്പം മങ്ങലേറ്റു .എങ്കിലും ശുഭാപ്തി വിശ്വാസം മുറുകെപ്പിടിക്കുവാൻ താൻ ശ്രമിച്ചു . അല്പസമയങ്ങൾക്കുള്ളിൽ ഞങ്ങൾ തറവാട്ടിലെത്തി . തന്നെക്കണ്ടു മുത്തശ്ശിയുടെ കണ്ണുകളിൽ നിന്നും അടർന്നു വീണ കണ്ണീർക്കണങ്ങൾ തുടച്ചുനീക്കിക്കൊണ്ടു താൻ പറഞ്ഞു ,”ഞാൻ മടങ്ങിയെത്തിയില്ലേ മുത്തശ്ശി. ഇനി മുത്തശ്ശി കരയരുത് . ”

അല്പം മനസ്സ് നീറിയെങ്കിലും നീയൊരു ഐ എ എസ് കാരിയായി തിരിച്ചെത്തിയില്ലേ മോളെ. മുത്തശ്ശനും മുത്തശ്ശിക്കും ഇതില്പരം സന്തോഷം എന്താണുള്ളത് ഇനിയുള്ള ദിനങ്ങൾ എന്റെ അമ്മുവിനോടൊപ്പം എല്ലാവർക്കും മധുരമുള്ളതാകട്ടെ . ”.

അങ്ങിനെ പറഞ്ഞുകൊണ്ട് മുത്തശ്ശി ഞങ്ങൾക്കെല്ലാവർക്കും മധുരം വിളമ്പി .പിന്നീട് മുത്തശ്ശന്റെ മുറിയിലേക്ക് നടക്കുന്നതിനിടയിൽ മുത്തശ്ശി പറഞ്ഞു . ”നിന്നെക്കാണാതെ ഈ ദിനങ്ങൾ കഴിച്ചുകൂട്ടിയതെങ്ങിനെയെന്നു ഞങ്ങൾക്ക് മാത്രമേ അറിയൂ..അമ്മു വരുന്നതിനു മുമ്പ് തനിക്കെന്തെങ്കിലും സംഭവിക്കുമോ എന്നായിരുന്നു മുത്തശ്ശന് പേടി

ആ വാക്കുകൾ ഹൃദയ ഭിത്തിയിൽ തീമഴയായി പെയ്തിറങ്ങി . അധികം വിദൂരമല്ലാതെ മരണം മുത്തശ്ശനെ കവർന്നെടുക്കുമെന്ന ചിന്ത മനസ്സിൽ നിറച്ച ആസ്വാസ്ഥ്യവുമായാണ് താൻ മുത്തശ്ശന്റെ മുറിയിൽ പ്രവേശിച്ചത് . അവിടെ തീരെ അവശനിലയിൽ,ആയിത്തീർന്ന മുത്തശ്ശനെയാണ് കാണാൻ കഴിഞ്ഞത് . താൻ അടുത്തെത്തിയിട്ടും മുത്തശ്ശന് തന്നെ മനസിലായില്ലെന്നുതോന്നി . പീള കെട്ടിയ കണ്ണുകളുയർത്തി അദ്ദേഹം ചോദിച്ചു .

ആരാ മനസ്സിലായില്ലല്ലോ ?”

ഞാൻ മുത്തശ്ശന്റെ അമ്മുവാണ് മുത്തശ്ശാ…. .മുത്തശ്ശനെന്നെ മനസ്സിലായില്ലേ?”താൻ മുത്തശ്ശന്റെ അരികിലിരുന്ന് ആ കരങ്ങളെടുത്തു മടിയിൽ വച്ചു മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു .

അമ്മുവോ?……. നീയെപ്പോഴെത്തി കുഞ്ഞേ ?..എന്റെ കാലം തീരാറായി എന്ന് തോന്നുന്നു . ഏതായാലുംമരിക്കും മുൻപ് നിന്നെ ഒന്നുകൂടി കാണാൻ കഴിഞ്ഞല്ലോ . ”

അതെ മുത്തശ്ശാമുത്തശ്ശന്റെ അമ്മൂ സബ് കളക്ടറായി ഈ നാട്ടിൽതന്നെ തിരിച്ചെത്തി

” .എനിക്ക് സന്തോഷമായി കുഞ്ഞേ ?.. നീ ഈ നാട്ടിൽ തന്നെ ഉയർന്ന ഓഫീസറായി എത്തി എന്നറിയുന്നതിൽപ്പരം സന്തോഷം ഈ മുത്തശ്ശനെന്താണുള്ളത് ?..ആട്ടെനീ നിന്റ അച്ഛനെയും , അമ്മയെയും വിളിച്ചോ ?”.മുത്തശ്ശൻ ഇഴഞ്ഞ സ്വരത്തിലന്വേഷിച്ചു .

ഞാൻസബ് കലക്ടറായി ചാർജെടുക്കാൻ നാട്ടിലേക്കു തിരിക്കുന്ന വിവരം അവരെ വിളിച്ചറിയിച്ചിരുന്നു മുത്തശ്ശാ. അവർക്കു വലിയ സന്തോഷമായി .എന്നെ അഭിനന്ദിക്കുകയും ചെയ്തു . ഇപ്പോൾ എന്നോടൊപ്പം മനുവേട്ടനും ഉണ്ട് മുത്തശ്ശാ . മനുവേട്ടൻ മുത്തശ്ശനെ കാണാൻ എത്തിയതാണ് .”

മനുവേട്ടൻ മുത്തശ്ശനു കാണത്തക്കവിധത്തിൽ അരികിലേക്ക് നീങ്ങി നിന്നു അപ്പോൾ മുത്തശ്ശൻ പറഞ്ഞു .

സന്തോഷായി കുഞ്ഞേ . നിങ്ങളെ രണ്ടുപേരെയും ഒരുമിച്ചു കാണാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു . ഇപ്പോളത് സാധിച്ചു . ദൈവാനുഗ്രഹത്താൽ ,നിങ്ങളുടെ വിവാഹം വേഗം നടക്കട്ടെ മക്കളെ ങാ …. ഏതായാലും ….എനിക്കതു കാണാൻ യോഗമുണ്ടാകുമെന്നു തോന്നുന്നില്ല… . അമ്മൂ നീയിങ്ങട് നീങ്ങി നിൽക്ക്….. നിന്നെ മനീഷിനോടോപ്പം മുത്തശ്ശനൊന്നു നല്ലതുപോലെ കാണട്ടെ …”താൻ മനുവേട്ടന്റെ അരികിലേക്ക് നീങ്ങി നിന്നപ്പോൾ മുത്തശ്ശൻകൈപ്പടം കണ്ണിൽവച്ച് ഞങ്ങളെ സൂക്ഷിച്ചുനോക്കി . എന്നിട്ട് വിവശമായ ശബ്ദത്തിൽ പറഞ്ഞു

കാഴ്ചമങ്ങിയെങ്കിലും നിങ്ങളെ എനിക്ക് കാണാം . നല്ല മന പൊരുത്തമുള്ള ദമ്പതികളായിരിക്കും നിങ്ങൾ . ഈ മുത്തശ്ശന്റെ അനുഗ്രഹം നിങ്ങൾക്കെപ്പോഴുമുണ്ടാകും ….. … പിന്നെ അമ്മൂ നിന്നോടൊന്നു കൂടി മുത്തശ്ശന് പറയാനുണ്ട് നീയൊരു നല്ല ഉദ്യോഗസ്ഥയാവണം .ആരുടെയും കുതന്ത്രങ്ങൾക്കു മുന്നിൽ തല കുനിക്കരുത് . അന്യായമായ എന്തിനെയും നേരിടണം ..പാവങ്ങളെ സഹായിക്കണം ..മിത്രനെയും കൂട്ടരെയും പോലുള്ളവരെസമൂഹത്തിൽ നിന്ന് അകറ്റി നിർത്തണം പണ്ട് ഞങ്ങൾ അനുഭവിച്ച കഷ്ടതകൾക്കെല്ലാം ഫലമുണ്ടാക്കാൻ നിന്നെക്കൊണ്ടു കഴിയും മോളെ ……..ഈ മുത്തശ്ശന്റെ ജന്മം സഫലമായത് ഇപ്പോഴാണ് … .പിന്നെ..പിന്നെ.”

.. അത്രയുംപറഞ്ഞു കഴിഞ്ഞപ്പോഴേക്കും മുത്തശ്ശൻ ക്ഷീണിതനായി . ഓർമ്മയ്ക്ക് മങ്ങലേറ്റതു പോലെ അസ്പഷ്ടമായി വാക്കുകൾ ഉച്ചരിച്ചു കൊണ്ട് അദ്ദേഹം മയങ്ങി വീണു . അടുത്തു നിന്ന മുത്തശ്ശി കണ്ണീരോടെ പറഞ്ഞു

. ”ഏതാനും നാളുകളായി ഇതാണ് സ്ഥിതി . പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ഓർമ പോകും .പിന്നെ ഏറെ നേരം കഴിഞ്ഞേ ഉണരൂ. ”മുത്തശിയുടെ വാക്കുകൾ തന്നെയും വേദനിപ്പിച്ചു.എങ്കിലും സ്വയം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു .

മുത്തശ്ശന് ഒന്നും വരികയില്ല മുത്തശ്ശി നമുക്ക് പ്രാർത്ഥിക്കാം ..” മുത്തശ്ശിയെ സമാധാനിപ്പിച്ചു അകത്തേക്ക് നയിച്ചു . അല്പം കഴിഞ്ഞു നിയന്ത്രണം വിട്ടു തേങ്ങിക്കരഞ്ഞ തന്നെയും ശാരദ മുത്തശ്ശിയെയും സമാധാനിപ്പിച്ച ശേഷം മനുവേട്ടൻ മടങ്ങിപ്പോയി . ദിനങ്ങൾക്കുള്ളിൽ മുത്തശ്ശന്റെ നില കൂടുതൽ വഷളായി .ഡോക്ടർ എത്തി പരിശോധിച്ചു . ”എല്ലാവരെയും അറിയിച്ചോളൂ അദ്ദേഹം പറഞ്ഞു .

ഗിരിജ ചിറ്റയും സുരേന്ദ്രൻ ചിറ്റപ്പനും വന്നെത്തി . അന്നൊരു ശനിയാഴ്ചയായിരുന്നു . മുത്തശ്ശൻ എല്ലാവരെയും വിട്ടകന്നു അന്യ ലോകത്തേക്ക് യാത്രയായി . ദുഃഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ തന്നെ മനുവേട്ടൻ ആശ്വസിപ്പിച്ചു . അച്ഛനുമമ്മയുംരഞ്ജുവും പിറ്റേന്ന് തന്നെ ഗൾഫിൽ നിന്നുമെത്തി . താൻ സബ് കലക്ടറായി നാട്ടിൽ തിരിച്ചെത്തിയ ആഹ്ലാദത്തോടൊപ്പം കടന്നുവന്ന മുത്തശ്ശന്റെ വേർപാട് എല്ലാവരെയും ഏറെ വേദനിപ്പിച്ചു ,പ്രത്യേകിച്ചുതന്നെ . ചെറുപ്പം മുതൽ, വേണ്ടപ്പോൾ തനിക്കു താങ്ങു നൽകിയിരുന്ന കൽതൂണായിരുന്നു മുത്തശ്ശൻ. സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞപ്പോൾ താൻ പറഞ്ഞു .

മുത്തശ്ശൻ എന്നെ ആശിർ വദിച്ചിട്ടാണ് പോയത് അച്ഛാ. അദ്ദേഹത്തിന്റെ വാക്കുകൾക്കനുസരിച്ച് ഔദ്യോഗിക ജീവിതത്തിൽ എനിക്കു പ്രവർത്തിക്കണം

തൻറെ ഉറച്ച തീരുമാനം അച്ഛനെയും സന്തോഷിപ്പിച്ചു . മരണാനന്തര ചടങ്ങുകൾക്ക് ശേഷം അവർ ഗൾഫിലേക്ക് തിരിച്ചുപോയി . ദുഃഖ നിമഗ്നമായ ദിനങ്ങൾക്കൊടുവിൽ തന്റെ പോസ്റ്റിംഗിന്റെ ഓർഡർ വന്നു .

പാലക്കാട് അസിസ്റ്റന്റ് കളക്ടറായിട്ട് . പോസ്റ്റിങ്ങ് ഓർഡർ കൈയ്യിൽ കിട്ടിയപ്പോൾ താൻ അച്ഛനെ വിളിച്ചു .

പ്രിയ ,നിന്നെ നിന്റെ മുത്തശ്ശൻ ഓർമിപ്പിച്ചതുപോലെ നേരിന്റെ വഴിയെ മാത്രം നടക്കുക .യാതൊരു വിധ പ്രലോഭനങ്ങൾക്കും വശം വദയാകാതിരിക്കാൻ ശ്രദ്ധിക്കുക .”

വീണ്ടും വീണ്ടുമുള്ള അച്ഛന്റെ ഓർ മ്മപ്പെടുത്തലുകൾ അക്ഷരാർത്ഥത്തിൽ താൻ ചെവിക്കൊണ്ടു . തന്റെ സഹോദരി അസിസ്റ്റന്റ് കലക്ടറായതിൽ രഞ്ജുവിനായിരുന്നു ഏറെ സന്തോഷം പിന്നീട് അമ്മയുടെയും ഗിരിജ ചിറ്റ യുടെയും സുരേന്ദ്രൻ ചിറ്റപ്പന്റെയും മുത്തശ്ശിയുടെയും കാർത്തികവല്യമ്മയുടേയുമൊക്കെ അനുഗ്രഹം വാങ്ങി .അമ്മക്ക് തന്റെ വിവാഹം നടന്നു കാണാത്തതിലായിരുന്നു അപ്പോഴും വിഷമം

.” മുത്തശ്ശൻ നിന്നോടൊപ്പം എപ്പോഴുമുണ്ടാകും കുഞ്ഞേ ”. കണ്ണുനീരോടെ മുത്തശ്ശി ആശിർവദിച്ചു

ചാർജെടുക്കുന്ന ദിവസം മനുവേട്ടനും തന്നോടൊപ്പം വന്നു . എന്നാൽചാർജെടുത്ത ശേഷം ആദ്യമായി ഔദ്യോഗിക കൃത്യ നിർവഹണത്തിൽ ഏർപ്പെടുമ്പോൾ തനിക്കു സന്തോഷിക്കാനായില്ല . മുത്തശ്ശന്റെ വേർപാടിന്റെ വേദന ഉള്ളിൽ തളം കെട്ടിനിന്നു . എങ്കിലും എല്ലാം മറന്നു ഔദ്യോഗിക ജീവിതത്തിൽ മുഴുകാൻ താൻ ശ്രമിച്ചു . മുത്തശ്ശന്റെയും അച്ഛന്റെയും ഉപദേശങ്ങൾ എല്ലായ്പ്പോഴും മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു .അവ വിലപ്പെട്ട മുത്തുകളായി താൻ മനസ്സിന്റെ അടിത്തട്ടിൽ സൂക്ഷിച്ചു വച്ചു

അസിസ്റ്റന്റ് കളക്ടർക്ക് കളക്ടേഴ്‌സ് ബംഗ്ലാവിൽതാമസസൗകര്യമൊരുക്കിയിരുന്നു . ജീവിതത്തിലെ വിലപ്പെട്ട ദിനങ്ങളാണ് മുന്നിലൂടെ കടന്നുപോകുന്നതെന്ന ചിന്ത ഓരോ ദിനവും തന്നെ കർമ്മോൽസുകയാക്കി . ന്യായത്തിന്റെ മാർഗത്തിലൂടെ മാത്രം ചലിക്കുവാനും അന്യായത്തിനെതിരെ പ്രതികരിക്കാനും തനിക്കു കഴിഞ്ഞു . പ്രത്യേകിച്ച് മനഃസംഘർഷങ്ങളൊന്നുമില്ലാതെ കടന്നുപോയിക്കൊണ്ടിരുന്ന ദിനങ്ങളിലും മനുവേട്ടന്റെ അഭാവം തന്നെ വീർപ്പു മുട്ടിക്കുന്നതു അറിഞ്ഞു .തിരക്കുകൾക്കിടയിൽ ചെയ്യാൻ കഴിയാതിരുന്ന ഫോൺവിളി താൻ പുനരാരംഭിച്ചു .

പ്രിയ നീ ഔദ്യോഗിക തിരക്കുകളിലാണെന്നത് കൊണ്ടാണ്‌ഞാൻ നിന്നെ ഫോൺ ചെയ്യാതിരുന്നത് . എങ്ങിനെയുണ്ട് പുതിയ ജീവിതം

ഞാൻ ഈ ദിനങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ട് മനുവേട്ടാ . ഇതുവരെ മാനസിക സംഘർഷങ്ങൾ ഒന്നുമുണ്ടായിട്ടില്ല . ”

അതിനുള്ള ആവസരങ്ങൾ വരുന്നതേയുള്ളു പ്രിയ . ഏതായാലും ഏതൊരു പ്രതിസന്ധിയിലും നീ ആത്മധൈര്യം കൈവെടിയരുത് ”.

ആ വാക്കുകൾ തന്റെ ആത്മ ധൈര്യത്തെ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു .ഏതൊരവസ്ഥയിലും ഈ വാക്കുകളും തുണയും മതി തനിക്കതിനെ മറികടക്കാൻ . …മനസ്സ് മന്ത്രിച്ചു

ദിനങ്ങൾ അതിവേഗം ഓടിയകന്നുകൊണ്ടിരുന്നു . അച്ഛനും മനുവേട്ടനും വിനുവുമെല്ലാം മാറിമാറി ഫോണിൽ വിളിച്ചുകൊണ്ടിരുന്നു . അതുകൊണ്ടു താനൊറ്റക്കാണെന്നു തോന്നിയില്ല .തറവാട്ടിലേക്കു വിളിച്ചു മുത്തശ്ശിയോടും താൻ സംസാരിക്കാറുണ്ടായിരുന്നു .മുത്തശ്ശനെ പിരിഞ്ഞ മുത്തശ്ശിയുടെ ദുഃഖം ആറിത്തണുക്കാതെ അപ്പോഴും നിലനിന്നു . ഇടക്കെല്ലാം ഗിരിജചിറ്റയും സുരേന്ദ്രൻ അങ്കിളും വന്നു നിൽക്കാറുണ്ടെന്നു മുത്തശ്ശി പറഞ്ഞു . താൻ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുത്തശ്ശിഓർമിപ്പിച്ചു കൊണ്ടിരുന്നു . സ്വന്തം കൈ കൊണ്ട് തന്നെ ഊട്ടാൻ പറ്റാത്തതിൽ മുത്തശ്ശിക്ക് ദുഖമുണ്ടായിരുന്നു . അപ്പോഴാണ് മുത്തശ്ശിയെക്കൂടി തന്റെ ബംഗ്ളാവിൽ കൊണ്ട് വന്നു നിർത്തിയാലോ എന്ന് താനാലോചിച്ചത്

 

You can share this post!