ഋതു സംക്രമം -16

കല്ലിൽ തട്ടി താഴെ വീഴാൻ തുടങ്ങിയ മുത്തശ്ശിയെ താൻ താങ്ങിപ്പിടിച്ചു . ചോര ഒലിച്ചിറങ്ങിയ കാൽ വലിച്ചു വച്ച് മുത്തശ്ശി നടന്നു .

വേദനയുണ്ടോ മുത്തശ്ശി ‘ . തന്റെ ചോദ്യം കേട്ട് മുത്തശ്ശി പറഞ്ഞു

ഒന്നും സാരല്യ കുട്ട്യേ . ഇതിലും എത്ര വലിയ ശാരീരികവേദന പണ്ട് രുദ്രന്റെ അടിയാളരായിരുന്നപ്പോൾ ഞാൻ തിന്നിരിക്കുണു . എല്ലാം ശ്രീരാമ സ്വാമിഭേദാക്കിക്കോളും …മുത്തശ്ശി പഴയ കാലം ഓർമ്മിച്ചു പറഞ്ഞു . മുത്തശ്ശിയുടെ നാവിലപ്പോൾ അലയടിച്ചിരുന്ന രാമമന്ത്രം മുത്തശ്ശിയെ വേദനയിൽ നിന്നകറ്റിയതു പോലെ . …

ബസ്സിനുള്ളിൽ പിടിച്ചു കയറാൻ മുത്തശ്ശിയെ സഹായിച്ചു . ഞങ്ങൾ മൂവരും കേറിയ ഉടൻ തന്നെ ബസ് സ്റ്റാർട്ടാകുകയും ചെയ്തു . മുത്തശ്ശി ഇരിക്കാൻ സ്വസ്ഥമായ ഒരിടം തേടുന്നത് കണ്ട് വിനോദ് മാഷ് അടുത്തെത്തി . മുത്തശ്ശിയെ ഒഴിഞ്ഞു കിടന്ന ഒരു സീറ്റിൽ പിടിച്ചിരുത്തി . അടുത്തു തന്നെ വല്യമ്മക്കും തനിക്കും ഇരിയ്ക്കാൻ ഇടം നൽകി . അപ്പോൾ അല്പം അകലെ ഇരുന്ന കേളുമൂപ്പൻ ചോദിച്ചു .

എന്തെ ഇത്ര വൈകിയത് ?തേവന്റെ അസുഖത്തിന് കുറവൊന്നുല്ലേ ?”. കേളു മൂപ്പനെ തല ചരിച്ചു നോക്കി ,മുത്തശ്ശി പറഞ്ഞു .

അസുഖത്തിന് കുറവൊന്നൂല്യാ . ആയുർവേദ ചികിത്സ മുറക്ക് നടക്കണ് ണ്ട്.” അത് കേട്ട് കേളുമൂപ്പൻ പ്രതിവചിച്ചു .

ങാ എല്ലാം ഒരു യോഗം . പണ്ട് മലയിളകി വന്നാലും കുലുങ്ങാത്ത ആളായിരുന്നു തേവൻ . ഇന്നിപ്പൊളെഴുന്നേൽക്കാനാവാതെ കിടക്കുന്ന ആ കിടപ്പു കണ്ടാൽ ആർക്കും സഹിക്കില്ല . ”.

ഗതകാലത്തിന്റെ ഊട് വഴിയിലേക്ക് ആഴ്ന്നിറങ്ങിയത് പോലെ കേളു മൂപ്പൻ നിശബ്ദനായി . ഒരു കൊടുങ്കാറ്റ് ആ ഹൃദയത്തിൽ ആഞ്ഞടിക്കുന്നുണ്ടെന്ന് ദൂരക്കാഴ്ചയിൽ ആർക്കും തോന്നുമായിരുന്നു . മുത്തശ്ശനോടൊപ്പം പണിയെടുത്തിരുന്ന ആളാണ് കേളുമൂപ്പൻ . മുത്തശ്ശന്റെ കൂടെ ദാരിദ്ര്യത്തിലും ജന്മിമാർക്കെതിരായ പോ രാട്ടത്തിലും ഒരുപോലെ കൂടെ നിന്ന ആൾ . അദ്ധ്വാനത്തിന്റെ ഉരുക്കു മൂശയിൽ വാർത്തെടുത്ത ശരീരം . ആരോഗ്യത്തിന് ഒരൂനവും തട്ടാതെ ഇന്നും കേളു മൂപ്പൻ ജീവിക്കുന്നു .

വണ്ടി കുലുങ്ങി കുലുങ്ങി ഏതോ ദുർഘട പാതകളിലൂടെ മുന്നോട്ടു പൊയ് ക്കൊ ണ്ടിരുന്നു . വഴിനീളെ , വസന്തത്തിന്റെ ആഗമനം വിളിച്ചറിയിച്ചു പറന്നിറങ്ങുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കി ഇരുന്നു . കർക്കിടമഴയിൽ കുതിർന്നു കിടക്കുന്ന പാടവരമ്പത്തു അവ കൂട്ടത്തോടെ പറന്നിറങ്ങി . അവയുടെ കൊക്കുകൾ കെട്ടി നിൽക്കുന്ന വെള്ളത്തിൽ നീന്തി നടക്കുന്ന ചെറു മൽസ്യങ്ങളിലേക്കു നീണ്ടു ചെന്നു . ആ കാഴ്ച നോക്കിയിരുന്നപ്പോൾ മനസ്സിനുള്ളിൽ അറിയാതെ ഒരാഹ്ലാദം നുരയിട്ടു . അപ്പോൾ തോന്നി ഇപ്പോൾ മനുസാർ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് .

അല്പം കഴിഞ്ഞപ്പോൾ അങ്ങകലെ ലക്ഷണമൊത്ത ഗജവീരനെപ്പോലെ ഉയർന്നു നിൽക്കുന്ന വനശൃംഗങ്ങൾകണ്ടു. അവയെ നോക്കിയിരുന്നപ്പോൾ മനസ്സിനുള്ളിൽ അറിയാതെ ഒരു പിടച്ചിൽ ഉയർന്നു താണു . മനുസാറിനോടുള്ള ബന്ധം അതിരു കടക്കുന്നുവോ ?.തന്റെ മനസ്സ് കടിഞ്ഞാൺ ഊരിയ അശ്വത്തെപ്പോലെ പിടിവിട്ട് പായുകയാണോ . ഏതോ ദുർഘട വീഥിയിലൂടെ ഗഹ്വരതയുടെ , അനന്തമായ അഗാധതയിലേക്ക് , അത് ചെന്നു നിപതിക്കുമോ .?……. അവിടെ അഗാധതയിലെ എണ്ണിയാലൊടുങ്ങാത്ത കല്ലുംമുള്ളുമേറ്റ് , തന്റെ ഹൃദയം കുത്തിക്കീറുമോ ?പിടഞ്ഞു തുടങ്ങിയ മനസ്സിനെ കടിഞ്ഞാണിട്ട് പിടിച്ചു നിർത്തി . പെട്ടെന്ന് ബസ്സിന്റെ ചക്രങ്ങൾ ബ്രേക്കിൽ ഉരഞ്ഞു നിന്നു . തല പുറത്തേക്കിട്ടു നോക്കി . തങ്ങൾക്കിറങ്ങേണ്ട സ്ഥലമായിരിക്കുന്നു . ”

എല്ലാപേർക്കും ഇവിടെ ഇറങ്ങാം ഇവിടെ നിന്ന് അല്പം നടന്നാൽ ശ്രീരാമ ക്ഷേത്രമായി”’. .സംഘാടകനായ വിനോദ് മാഷ് ഉറക്കെ പറഞ്ഞത് കേട്ട് എല്ലാവരും ആലസ്യം വിട്ടുണർന്നു . പിന്നെ ഓരോരുത്തരായി താഴേക്കിറങ്ങുവാൻ തുടങ്ങി . മുത്തശ്ശിയെ പിടിച്ചെഴുന്നേല്പിച്ച് മെല്ലെ നടത്തി

.” കുട്ടി നടന്നോളൂ … …ബസ്സിൽനിന്നുമിറങ്ങാനുള്ള ,അല്പം പ്രയാസ്സേ ഉള്ളൂ . …അത് കഴിഞ്ഞാൽ ഞാൻ നടന്നോളാം ”.

ബസ്സിൽ നിന്നുമിറങ്ങിക്കഴിഞ്ഞപ്പോൾ കൈ വിടുവിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു .നിരത്ത് മഴ പെയ്തു ചെളി നിറഞ്ഞു കിടക്കുന്നതിനാലും, പടിക്കെട്ടുകൾ കയറാനും മുത്തശ്ശിക്ക് സഹായം വേണ്ടിവന്നു . അപ്പോഴേക്കും അമ്പലത്തിനകത്തു പ്രത്യക്ഷപ്പെട്ടിരുന്ന. വലിയ ക്യു വിൽ ഞങ്ങൾ മൂവരും ചെന്ന് നിന്നു .ക്യു പെട്ടെന്ന് നീങ്ങിക്കൊണ്ടിരുന്നതിനാൽ അകത്തു കടക്കുവാൻ അധികനേരം വേണ്ടി വന്നില്ല .പുറത്തുള്ള കൗണ്ടറിൽ നിന്നും വഴിപാടുകൾക്കുള്ള രസീത് വാങ്ങിയിരുന്നു . അകത്തുചെന്നപ്പോൾ രസീത് നൽകി പ്രസാദം വാങ്ങി നീട്ടുമ്പോൾ മുത്തശ്ശി പറഞ്ഞു .”അമ്മുവിന്റെ എല്ലാ ആഗ്രഹവും ശ്രീരാമസ്വാമി നടത്തിത്തരട്ടെ . ”

ആ അനുഗ്രഹ മഴയിൽ കുതിർന്നു താൻ പുഞ്ചിരി പൊഴിച്ചു . പിന്നെ അധികം അകലെയല്ലാതെയുള്ള ലക്ഷ്മണ ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങളിലേക്കും ബസ്സിൽ യാത്റ ചെയ്തു പോയി . അവിടെയെല്ലാം ദർശനം കഴിച്ച് തിരികെ ശ്രീരാമ ക്ഷേത്ര സന്നിധിയിലെത്തിയപ്പോഴാണ് അത് സംഭവിച്ചത് . നടയിൽ തൊഴുതു കൊണ്ട് നിന്ന മുത്തശ്ശിയുടെ പുടവയിൽ വിളക്കിൽ നിന്നും തീ പടർന്നു പിടിക്കുന്നത് താനാണാദ്യം കണ്ടത് . പെട്ടെന്ന് താൻ മുത്തശ്ശിയുടെ പുടവത്തുമ്പു കൂട്ടിത്തിരുമ്മി തീയണച്ചു . കണ്ടു നിന്നവരോടെല്ലാം അമ്മിണിയമ്മ ആശ്വാസത്തോടെ പറഞ്ഞു . ”ചെറുമോള് കണ്ടതുകൊണ്ടു ഒരു വലിയ അപകടം ഒഴിവായി” .

എന്നാൽ മുത്തശ്ശിക്കതു ഒരു ദുശ്ശകുനമായിട്ടാണ് തോന്നിയത് .

ശ്രീരാമസ്വാമി എന്തോ ദുരന്തം മുന്നിൽ കണ്ടിരിക്കണു . അതാണിങ്ങനെയൊക്കെ സംഭവിച്ചത് . ഒരു പക്ഷെ എന്റെ ദോഷകാലം ആയതുമാകാം . ഏതായാലും മുകളിലേക്ക് വിളിക്കാനാണെങ്കി അതീ സന്നിധിയിൽ വച്ച് തന്നെ ആകായിരുന്നു ” . അത് കേട്ട് താൻ സ്നേഹത്തോടെ മുത്തശ്ശിയെ ശാസിച്ചു .

ഒന്ന് മിണ്ടാതിരിക്കു മുത്തശ്ശി..മുത്തശ്ശിക്ക് നല്ല കാലമായത് കൊണ്ടല്ലേ ആപത്തു ഒഴിഞ്ഞു പോയത് . ”

എന്നാലാ വാക്കുകൾ പാഴ്വാക്കുകളായി മാറിയത് താൻ പോലുമറിഞ്ഞില്ല . അധികം അകലെയല്ലാതെ അപ്പോൾ തങ്ങൾക്കു പ്രിയപ്പെട്ട ഒരാളിലപ്പോൾ ദുരന്തം പേമാരിയായി പെയ്തിറങ്ങുകയായിരുന്നു . അതറിയാതെ ഉച്ചക്ക് അമ്പലത്തിൽ നിന്നും പ്രസാദ ഊട്ടിന്റെ കഞ്ഞി കഴിച്ചിട്ട് ഞങ്ങൾ നടകളിറങ്ങി .

ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നത് കണ്ട് ഞങ്ങൾ വേഗം ബസ്സിനടുത്തേക്കു നടന്നെത്തി . അകത്തുകയറിയ ഞങ്ങൾ സീറ്റു കിട്ടാതെ വിഷമിച്ചു

”.മൂത്തന്നൂർക്ക് പോകാൻ മൂന്നു നാല് പേർ അമ്പലനടയിൽ നിന്നും പുതിയതായി കയറിയതാണ് ബസ്സിനുളളിൽ തിരക്ക് വർദ്ധിക്കാൻ കാരണം .”

അടുത്തിരുന്ന് അരോ പറയുന്നത് കേട്ടു . മുത്തശ്ശിക്കും വല്യമ്മക്കും ഒരു സീറ്റിൽ ഇടം നേടിക്കൊടുത്ത് താനും ശാരദാമ്മയും കമ്പിയിൽ പിടിച്ചു നിന്നു . ഏകദേശം ഒരു മണിക്കൂർ നിൽക്കേണ്ടി വരുന്നതോർത്ത് വിഷമിച്ചു നിൽക്കുമ്പോളാണ് പുറകിൽ നിന്നും ആ വിളി വന്നത് .

പ്രിയ ഇങ്ങോട്ടു പോന്നോളൂ . ഇവിടെ ഇരിക്കാൻ സ്ഥലമുണ്ട്‘ ”. പരിചയമുള്ള സ്വരം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ മനുസാർ ഇരിക്കുന്നത് കണ്ടു . കൂടെ അമ്മയും ,അനുജത്തിയും . ഏറ്റവും ബാക്കിലത്തെ സീറ്റിലായിരുന്നതിനാൽ അവരെ ആദ്യം കണ്ടിരുന്നില്ല . പുറകിലേക്ക് നീങ്ങി അവരുടെ അടുത്തെത്തിയപ്പോൾ മനുസാർ പറഞ്ഞു .

ഞങ്ങൾ മൂത്തന്നൂർ അമ്പലത്തിൽ എത്തിയപ്പോൾ ഈ ബസ് വിട്ടുപോയതുകൊണ്ടു മറ്റൊരു ബസ്സിൽ കയറി ഇവിടെ എത്തി . തിരിച്ചിറങ്ങിയപ്പോൾ ഈ ബസ് കണ്ടത് കൊണ്ട് ഇതിൽ കയറിയതാണ് ” . മനുസാറിന്റെ വിവരണം കേട്ട് താൻ വെറുതെ ചിരിച്ചു

.”എന്താ മോളെ ചിരിച്ചു കൊണ്ട് നിൽക്കണത്ഇവിടെ ഇരുന്നോളൂ

.

അല്പം സ്ഥലമുണ്ടാക്കി മനുസാറിന്റെ അമ്മ ക്ഷണിച്ചതനുസ്സരിച്ച് അവരുടെ അടുത്തിരുന്നു. . അപ്പോൾ മനസ്സിൽ വിചാരിച്ചു . ഇങ്ങോട്ടു പോരുമ്പോൾ മനുസാർകൂടെയുണ്ടായിരുന്നെങ്കിൽ എന്നാലോചിച്ചതാണ് . അപ്പോളിതാ തിരികെയുള്ള യാത്രയിൽ അദ്ദേഹം കൂടെയെത്തിയിരിക്കുന്നു. . ദൈവം തങ്ങൾക്കൊപ്പമാണോ എന്ന് ആദ്യമായി അത്ഭുതപ്പെട്ടു . അജ്ഞാതമായ ഏതോ ശക്തി തങ്ങളെ മുന്നോട്ടു നയിക്കുന്നത് പോലെ .

. ”അല്ലാ ..’മോൾ തനിച്ചാണോ വന്നത് മനുസാറിന്റെ അമ്മയുടെ ചോദ്യം കേട്ട് ചിന്തയിൽ നിന്നുമുണർന്നു

.”മുത്തശ്ശിയും വല്യമ്മയും കൂടെയുണ്ട് താൻ പറഞ്ഞത് കേട്ട് അമ്മയും അനുജത്തിയും പുഞ്ചിരിച്ചു . ശ്രീത്വം തുളുമ്പുന്ന രണ്ടു മുഖങ്ങൾ . ഉണ്ണിമായ എന്ന് പേരുള്ള അനുജത്തിയെ പരിചയപ്പെട്ടു . മാഗ്ലൂർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണവൾ . ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു . പെട്ടെന്നവൾ വാചാലയായി

”.ചേച്ചിയെപ്പറ്റി മനുവേട്ടൻ എപ്പോഴും പറയും . ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസാത്രെ . ”

.ഞാൻ ഇടം കണ്ണിട്ട് മനുസാറിനെ നോക്കി . ഒരുപക്ഷെ ആ മനസ്സിലും താൻ ഇടം നേടിക്കഴിഞ്ഞുവോ . …

അദ്ദേഹം ഒരു പുഞ്ചിരിയോടെ ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല .അമ്മയും അനുജത്തിയും ഇരുന്നത് കൊണ്ടാകാം ആൾ മിക്കവാറും നിശ്ശബ്ദനായാണ് ഇരുന്നത് . അല്പം കഴിഞ്ഞുതാൻ ചോദിച്ചു . ”അമ്മ അമ്പലത്തിൽ വരാറില്ലേ ഞാൻ ഇതുവരെ കണ്ടിട്ടില്ല .

ഞാൻ വരാറുണ്ട് മോളെ . പിന്നെ അല്പം വാതത്തിന്റെ അസ്ഖിതയുണ്ട്. . അതുവരെ നടക്കാൻ ആവാത്തോണ്ട്, എപ്പഴും വരാറില്ലെന്നു മാത്രം” . തങ്ങളുടെ സംസാരം ശ്രദ്ധിച്ച മുത്തശ്ശി തിരിഞ്ഞു നോക്കി .

അല്ലാ ..ശ്രീദേവി വാരസ്യാരല്ലേ ഇത് . നിങ്ങളുമുണ്ടായിരുന്നോ ഞങ്ങൾക്കൊപ്പം ഈ ബസ്സില് . ” മുത്തശ്ശി അത്ഭുതം കൂറി . അതിനുത്തരമായി മനീഷ് പറഞ്ഞത് തന്നെ വാരസ്യാരും പറഞ്ഞു . വാരസ്യാരുടെ ഉത്തരം കേട്ട് മുത്തശ്ശി സന്തോഷത്തോടെ ചിരിച്ചു .

കുറേക്കാലായില്യേ നമ്മൾ തമ്മിൽ കണ്ടിട്ട് . എനിക്കാണെങ്കിൽ നടക്കാൻ കുറച്ചു വിഷമോള്ളതു കൊണ്ടിപ്പോൾ അമ്പലത്തിലേക്കുള്ള വരവും നിന്നു . ഏതായാലും വാരസ്യാരെ കണ്ടത് വലിയ സന്തോഷായി . ”

എനിക്കും അങ്ങിനെത്തന്നെയാ ശാരദേച്ചി . പിന്നെ ആയുർവേദ ചികിത്സയിലായതു കൊണ്ടാ ഇങ്ങിനെയൊക്ക നടക്കണെ . ഞാനിപ്പോളതു പ്രിയ മോളോട് പറയുകയായിരുന്നു ”. ബസ്സിനകത്തു പുറം തിരിഞ്ഞിരുന്ന് സംസാരിക്കാൻ ബുദ്ധിമുട്ടായതു കൊണ്ടാവാം മുത്തശ്ശി വീണ്ടും മുഖം തിരിച്ച് പുറം കാഴ്ചകളിലേക്ക് നോക്കിയിരുന്നു . . .

മുത്തശ്ശന് ഇപ്പോഴെങ്ങിനെയുണ്ട് മോളെ? . എഴുന്നേറ്റു നടക്കാറായോ?”

മനീഷിന്റെ അമ്മയുടെ ചോദ്യം കേട്ട് മുത്തശ്ശന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി പറഞ്ഞു .

അതുകേട്ട് വാരസ്യാർ ഭൂതകാലത്തിലേക്ക് മിഴി നട്ടുകൊണ്ട് പറഞ്ഞു . ”തേവൻ ചേട്ടൻ നല്ലൊരു പണിക്കാരനായിരുന്നു . നല്ല ചങ്കൂറ്റവും ഉണ്ടായിരുന്നു.. എന്ത് പറഞ്ഞിട്ടെന്താ കാര്യം. പ്രായം എല്ലാപേരെയും തളർത്തിക്കളയുമല്ലോ. . മനീഷിന്റച്ഛന് മോളുടെ മുത്തശ്ശനോട് വലിയ കാര്യായിരുന്നു. ” . അങ്ങിനെ പറഞ്ഞവർ അൽപനേരം മിണ്ടാതിരുന്നു. . ഏതോ ഓർമകളുടെ തണലിൽ അവർ വിശ്രമിക്കുന്നത് പോലെ തോന്നി . .അല്പം കഴിഞ്ഞവർ ചോദിച്ചു . ”മാധവനും ദേവികയുമൊന്നും അടുത്തൊന്നും ഇങ്ങോട്ട് വരണില്ലേ ?..” .

.”വരുന്നുണ്ടമ്മേ . ഓണത്തിന് മിക്കവാറും അവരിങ്ങെത്തും . ”

സംസാരം അത്രയുമായപ്പോൾ ബസ് മൂത്തന്നൂരെത്തിക്കഴിഞ്ഞിരുന്നു . ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ മനീഷ് എഴുന്നേറ്റു , തന്റെ നേരെ നോക്കി പറഞ്ഞു

എന്നാൽ ശരി , തിങ്കളാഴ്ച കാണാം . പ്രിയ ഹോസ്റ്റലിൽ ചേരുവാനുള്ള തയ്യാറെടുപ്പുമായി വന്നോളൂ ”. ”താൻ തലകുലുക്കി സമ്മതിച്ചു .

ശരി മോളെ . ഒരു ദിവസം മനുവിന്റെ കൂടെ വീട്ടിലേക്കു വരൂ . നമുക്ക് ഒരുപാട് സംസാരിച്ചിരിക്കാം . ഉണ്ണിമായ ഹോസ്റ്റലിലായതു കൊണ്ട് എനിക്കിപ്പം വല്ലാതെ ബോറടിച്ചു തുടങ്ങി . ”മനീഷിന്റെ അമ്മ സീറ്റിൽ നിന്നുമെഴുന്നേറ്റുകൊണ്ട് തന്റെ നേരെ നോക്കി പറഞ്ഞു

ശരി അമ്മെ ഞാൻ വരാം ””താൻ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ മനീഷ് പറഞ്ഞു ”’അമ്മ സൂക്ഷിച്ചു സംസാരിച്ചാൽ മതി . നാളത്തെ നമ്മുടെ കലക്ടറാകേണ്ട ആളാ . അതുകേട്ട് വാരസ്യാർ പുഞ്ചിരിച്ചു കൊണ്ട് തന്നെ നോക്കി പറഞ്ഞു

അതിനുള്ള കഴിവൊക്കെ മോൾക്കുണ്ടെന്നു കണ്ടാലറിയാം താൻ അതൊരു അനുഗ്രഹമായി കരുതി . ഇറങ്ങാൻ നേരം ശ്രീദേവി വാരസ്യാർ മുത്തശ്ശിയുടെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു ഞങ്ങളിറങ്ങുവാ ശാരദേച്ചി ഇനി ഇതുപോലെ എപ്പഴെങ്കിലും കാണാം” …

അങ്ങനെയാകട്ടെ വാരസ്യാരെ” . മുത്തശ്ശി പുഞ്ചിരിച്ചുകൊണ്ട് യാത്രാനുമതി നൽകി .

” .ചേച്ചി ഒരൊഴിവ് ദിവസ്സം നോക്കി വീട്ടിൽ വന്നാൽ മതി. അപ്പോൾ ഞാനും വീട്ടിലെത്താം” . ഉണ്ണിമായ തന്നെനോക്കി പുഞ്ചിരി തൂകിക്കൊണ്ടു പറഞ്ഞു .

ശരി മോളെ” . അവരെ കൈ വീശി യാത്ര അയക്കുമ്പോ ൾ എത്ര വിശാല ഹൃദയമുള്ള ആൾക്കാർ എന്ന് മനസ്സിൽ ചിന്തിച്ചു .

ഏതാനും മിനിട്ടു കൂടിക്കഴിഞ്ഞപ്പോൾ തങ്ങൾക്കിറങ്ങേണ്ടസ്ഥലമായി. . മുത്തശ്ശിയുടെ കൈപിടിച്ചു പതുക്കെ എഴുന്നേൽപ്പിച്ചു . തറവാടിനു ഏകദേശം ഒരു മീറ്ററകലെ തങ്ങൾബസ്സിറങ്ങി നടന്നു . അങ്ങോട്ടു പോകുമ്പോഴുള്ളതിനേക്കാൾ ക്ഷീണിതയായിക്കഴിഞ്ഞിരുന്നു മുത്തശ്ശി . മുത്തശ്ശിയുടെ കാലിനു പറ്റിയ പരുക്ക് അത്ര ചെറുതല്ലെന്നു കണ്ടു . അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങിക്കാമെന്നു താൻ പറഞ്ഞതുകേട്ട് മുത്തശ്ശി ചിരിച്ചു കൊണ്ട് പറഞ്ഞു .

ഒന്നും വേണ്ട കൂട്ടി .ഞാൻ പറഞ്ഞില്ലേ . ഇതിലും വലിയ വേദന മുത്തശ്ശി താങ്ങിയിട്ടുണ്ട് . പിന്നെയാണോ ഈ ചെറിയ വേദന

””അതൊക്കെ ചെറുപ്പകാലത്തല്ലേ മുത്തശ്ശി . ഇപ്പോൾ മുത്തശ്ശിക്ക് വയസ്സായില്ലേ

ങാ ..അതും ശരിയാ അമ്മൂ . പ്രായം കൂടി വരുന്തോറും ആരോഗ്യവും കുറഞ്ഞു വരികയാപണ്ടത്തെ തന്റേടമൊന്നും ഇപ്പോൾമനസ്സിനുമില്ല ശരീരത്തിനുമില്ല . ..മുത്തശ്ശനെത്തന്നെ കണ്ടില്ലേ . എന്തിനെയും നേരിടാനുള്ള തന്റേടവും മുത്തശ്ശനോളം ഈ നാട്ടിൽ മറ്റാർക്കും ഉണ്ടായിരുന്നില്ല. . എന്നിട്ടുമിപ്പോൾ കിടക്കുന്നതു കണ്ടില്ലേ?” മുത്തശ്ശിയുടെ കണ്ണുകളിൽ നീർ നിറയുന്നത് കണ്ടു .

മുത്തശ്ശനെല്ലാം ശരിയാകും മുത്തശ്ശി . മുത്തശി നോക്കിക്കോളൂ. . അച്ഛനിങ്ങോട്ടു വന്നാൽ ഏറ്റവും നല്ല ചികിത്സ കിട്ടുന്ന ഹോസ്പിറ്റലിൽ മുത്തശ്ശനെ നമുക്ക് കൊണ്ടുപോയി ചികിൽസിപ്പിക്കണം” . തന്റെ വാക്കുകൾക്കു മുന്നിൽ മുത്തശ്ശി കണ്ണുനീർ തുടച്ചു സമാശ്വസിച്ചു . അപ്പോഴേക്കും തറവാട്ടിൽ എത്തിക്കഴിഞ്ഞിരുന്നു . മുത്തശ്ശിയെ സിറ്റൗട്ടിലിരുത്തി അയ്യപ്പൻ നായരുടെ കൈയ്യിൽ നിന്നും താക്കോൽ വാങ്ങാനായി മുത്തശ്ശന്റെ മുറിയിലേക്ക് ചെന്നു . മുത്തശ്ശൻ ഉണർന്നു കിടക്കുകയായിരുന്നു . ”എവിടെപ്പോയിരുന്നു എന്ന മുത്തശ്ശന്റെ ചോദ്യത്തിന് നാലമ്പലത്തിൽ പോയ വിശേഷമെല്ലാം പറഞ്ഞു.

വന്നു വന്നിപ്പോൾ ശാരദ കാരണം അമ്മുക്കുട്ടിയും വലിയ ഭക്തയായിഎന്ന് തോന്നണല്ലോ ”. മുത്തശ്ശൻ അല്പം അതിശയത്തോടെ പറഞ്ഞു . പിന്നെ താൻ ബസിനുള്ളിൽ മനീഷിനെക്കണ്ട കാര്യം പറഞ്ഞു

”.അവരെല്ലാം വളരെ നല്ല ആൾക്കാരാണ് അമ്മൂ. ആ അച്യുത വാര്യരുണ്ടായിരുണ്ടായിരുന്നപ്പോ എന്ത് നല്ല സ്നേഹായിരുന്നെന്നോ. . നല്ല മനുഷ്യൻ . ഭാഗവത പണ്ഡിതൻ . അദ്ദേഹത്തിന്റെ ഭാഗവതം വായന അമ്പലത്തിൽ പതിവായിരുന്നു . അവർക്കു രണ്ടു മക്കളല്ലേ ഉള്ളത് ” . മുത്തശ്ശന്റെ ചോദ്യത്തിനുത്തരമായി താൻ അവരെപ്പറ്റി തനിക്കറിയാവുന്ന എല്ലാ വിവരങ്ങളും പറഞ്ഞു. മനീഷിനെപ്പറ്റിപറയുമ്പോഴുള്ള തന്റെ ഉത്സാഹം കണ്ടു മുത്തശ്ശൻതമാശ്ശ കലർത്തി ചോദിച്ചു

.”അപ്പൊ പ്രിയ മോൾക്ക് മനീഷിനെ നല്ലോണം പിടിച്ചൂന്ന് തോന്നണു

തന്റെ മുഖത്ത് പരന്ന അരുണിമ കണ്ടു മുത്തശ്ശൻ വാത്സല്യത്തോടെ തന്നെ നോക്കി പറഞ്ഞു .” അവരൊക്കെ നല്ല ആൾക്കാരാ . എങ്കിലും നമ്മള് എല്ലാ അർത്ഥത്തിലും

അവരെക്കാൾ താഴ്ന്നവരാ മോളെ . ഇപ്പൊ കുറച്ചു സമ്പത്തൊക്കെ നമുക്കുണ്ടെങ്കിലും അവരുടെ അടുത്തെത്താൻ നമുക്ക് യോഗ്യത പോരാ . അതുമല്ല അങ്ങിനെയൊരു ബന്ധം നടന്നാൽ ആ മിത്രനടക്കം കുറെപ്പേർക്കെങ്കിലുംഈ നാട്ടിൽ കോലാഹലമുണ്ടാക്കാൻ അത് മതി ”. അതുകേട്ട് താൻ പറഞ്ഞു

ഏയ് ..ഞാനങ്ങനെയൊന്നും വിചാരിച്ചിട്ടില്ല മുത്തശ്ശാ . നല്ല ഫ്രിണ്ട്ഷിപ്പിൽ കവിഞ്ഞൊരു റിലേഷൻ ഷിപ്പൊന്നും ഞങ്ങളുടെ ഇടയിലില്ല അങ്ങനെപറഞ്ഞു മുത്തശ്ശന്റെ അടുത്തുനിന്നും എഴുന്നേറ്റു .

അയ്യോ ഞാൻ മറന്നു . മുത്തശ്ശിയും വല്യമ്മയും താക്കോലിന് വേണ്ടി കാത്തിരിക്യാ . ഞാൻ പോണു മുത്തശ്ശാ . ”. അങ്ങിനെ പറഞ്ഞു മുത്തശ്ശന്റെ അടുത്തുനിന്നും ഓടിപ്പോന്നു . താൻ ചെല്ലുമ്പോൾ സിറ്റൗട്ടിലെ ചാരുപടിയിൽ വല്യമ്മയോടോപ്പം ക്ഷീണിതയായിരുന്ന മുത്തശിയോട് വൈകിയതിന് ക്ഷമാപണം നടത്തി. താക്കോലെടുത്തു വാതിൽ തുറന്നു. . മുത്തശ്ശി നടക്കാൻ വിഷമിക്കുന്നത് കണ്ടു. തന്റെ മുറിയിൽ നിന്നും ഓരോയിന്മെന്റ് എടുത്തുകൊണ്ടു വന്നു. കാൽ കഴുകി തുടച്ചുഓയിന്മെന്റ് പുരട്ടിക്കൊടുത്തു . ഇനി മുത്തശ്ശി കിടന്നോളൂ . ഞാനും വല്യമ്മയും കൂടി അത്താഴത്തിനുള്ളതെല്ലാം കാലാക്കിക്കൊള്ളാം അതുകേട്ട് മുത്തശ്ശി പറഞ്ഞു . ”അതൊന്നും വേണ്ടകുട്ടി . ഞാനും കാർത്തുവും കൂടി രാത്രിയിലത്തേക്കും കൂടി കലാക്കിട്ടാ വന്നത് . ഇനീപ്പോ മുത്തശ്ശനും കൊടുത്തു അമ്മുവും എന്തെങ്കിലും കഴിച്ചോളൂ . ഞങ്ങൾക്ക് ഒന്നും വേണ്ട

ഉച്ചക്ക് അമ്പലത്തിൽ നിന്നുംവയറു നിറച്ചു സദ്യ ഉണ്ടതിനാൽ ആർക്കും വിശപ്പ് ഉണ്ടായിരുന്നില്ല .

മുത്തശ്ശന് ഞാൻ കൊണ്ടുപോയി കൊടുത്തുകൊള്ളാംഎന്ന് സമ്മതിച്ചു .  ആഹാരവും കൊണ്ട് മുത്തശ്ശന്റെ മുറിയിലേക്ക് നടക്കുന്നതിനിടയിൽ ചോദിച്ചു .”വിനുവിനെ കണ്ടില്ലല്ലോ മുത്തശ്ശി .?”

” .ശരിയാണ് അമ്മൂ . അവൻ എന്താണിത്ര താമസിക്കുന്നതെന്നറിയില്ല. . ഇനി പട്ടണത്തിലെ കൂട്ടുകാരുമൊത്തു വല്ല രാത്രി സിനിമക്കും കേറി കാണും മുത്തശ്ശി പറഞ്ഞത് കേട്ട് താൻ വെറുതെ ചിരിച്ചു ..

മുറിയിലെത്തിയപ്പോൾ മുത്തശ്ശൻ നല്ല ഉറക്കമാണെന്നു കണ്ടു. മുത്തശ്ശനുള്ള ആഹാരം അയ്യപ്പനമ്മാവനെ ഏൽപ്പിച്ചു താൻ സ്വന്തം മുറിയിലേക്ക് തിരികെ നടന്നു . മുറിയിലെത്തി മനീഷിനെ ഫോണിൽ വിളിച്ചു, താൻ പിറ്റേന്ന് ഹോസ്റ്റലിൽ ചേരാൻ പോകുന്നതിനാൽ കോച്ചിങ് ക്ലാസ്സിൽ ആദ്യമായെത്തുന്ന ആരതിക്കു വേണ്ട സഹായങ്ങൾ ചെയ്യണമെന്നഭ്യർത്ഥിച്ചു . അവളുടെ ഫീസിന്റെ കാര്യമെല്ലാം താൻ നോക്കിക്കൊള്ളാം എന്നും പറഞ്ഞു .

 യു ആർ ഗ്രേറ്റ് പ്രിയ . അച്ഛനെപ്പോലെതന്നെ മകളും പാവങ്ങളെ സഹായിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണല്ലോ എന്ന് പറഞ്ഞു മനീഷ്  അഭിനന്ദിച്ചു .

അതുകേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി . . ”സീയൂ ടുമാറോ എന്ന് പറഞ്ഞു ഫോൺ തിരികെ വച്ചു . ഉമ്മറത്തേക്ക് നടക്കുമ്പോൾ അമ്മിണിയമ്മ പരിഭ്രമിച്ചു ഓടി വരുന്നത് കണ്ടു .

അയ്യോ കുഞ്ഞേ നമ്മുടെ വിനുക്കുട്ടൻ… ” അത്രയും പറഞ്ഞു അമ്മിണിയമ്മ ശ്വാസം എടുക്കാൻ വിഷമിക്കുന്നത് പോലെ നിന്നു . . .

by

സുധ അജിത് 

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006