മനുവേട്ടന് സെന്റ് മൈക്കിൾസിൽ ജോലി ലഭിച്ചു . അലപം വൈകിയെങ്കിലും ഒരു ജോലി ലഭിച്ചതിൽ ഞങ്ങൾ ആഹ്ലാദിച്ചു . മനുവേട്ടന്റെ പി എച്ച് ഡി പഠനവും കോച്ചിങ് ക്ലാസ്സിലെ പഠിപ്പിക്കലും മുടങ്ങി . എങ്കിലും സ്വപരിശ്രമം കൊണ്ട് അദ്ദേഹം അത് വീണ്ടെടുത്തു . കോളേജിലെ ഇടവേളകളിൽ ലൈബ്രറിയിലിരുന്നു പി എ ച്ച് ഡി പഠനവും, ക്ലാസ്സു കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ കോച്ചിങ് ക്‌ളാസ്സിലെ പഠിപ്പിക്കലും തുടർന്നു . ഞങ്ങൾക്ക് വേണ്ടി ഒരുമണിക്കൂർ കൂടി പ്രത്യേകമായി ചിലവിടാനും മറന്നില്ല . ഏഴു മണിക്ക് മുമ്പ് ഞങ്ങളെ ഹോസ്റ്റലിലെത്തിക്കാനും മനുവേട്ടൻ സമയം കണ്ടെത്തി .
ആയിടെ മനുവേട്ടൻ ലോണെടുത്തു ഒരു പുതിയ കാർ വാങ്ങി . ഞങ്ങൾ പിന്നീട് ആ കാറിലാണ് യാത്ര ചെയ്തത് . ഇതിനിടയിൽ മനുവേട്ടൻ അമ്മയെയും വാടക വീട്ടിലേക്കു കൂട്ടിയിരുന്നു .മാസാന്ത്യത്തിൽ നാട്ടിലേക്കു പോകാൻ അമ്മയോടൊപ്പം അദ്ദേഹം എന്നെയുംകൂട്ടി , .അവിടെ മനുവേട്ടന്റെ വീട്ടിൽ അപ്പോൾ ഉണ്ണിമായ വന്നെത്തിയിട്ടുണ്ടാകും ..അല്പസമയം അവളോടൊപ്പം അവിടെ ചിലവഴിച്ചശേഷം ഞാൻ തറവാട്ടിലേക്കു മടങ്ങും . മനുവേട്ടന്റെ അമ്മക്ക് ആ കൂടിച്ചേരലിൽ ഈർഷ്യ ഉണ്ടായിരുന്നു . പണ്ടത്തെപ്പോലെ സന്തോഷത്തോടെ തന്നോട് അധികം സംസാരിക്കാത്തതിൽ ആ ഈർഷ്യ പ്രകടമായിരുന്നു .മനുവേട്ടൻ എത്ര നിർബന്ധിച്ചിട്ടും അമ്മയാകട്ടെ ഞങ്ങളുടെ വിവാഹത്തിന് പച്ചക്കൊടി കാട്ടിയതുമില്ല .
വെക്കേഷൻ ആയിട്ടും ആരതി വീട്ടിലേക്കു പോകാതെ കഴിച്ചുകൂട്ടി .നാട്ടിലുള്ളവരുടെ മുനവച്ചുള്ള ചോദ്യങ്ങളെ നേരിടാൻ കഴിയാത്തതാണ് അതിനുകാരണമായി അവൾ പറഞ്ഞത് . ഇടക്കെല്ലാം ശിവൻകുട്ടി അമ്മാവൻ പ്രത്യേകമായിഎന്തെങ്കിലും ചെറിയ സമ്മാനം വാങ്ങിക്കൊണ്ടു വന്നു അവളെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു . അവൾക്കിഷ്ടമുള്ള ചേരിപ്പോ ഡ്രെസ്സോ എന്തെങ്കിലുമായിരിക്കുമത് . അതെല്ലാം അവളെ പഴയതെല്ലാം മറക്കാനും , ഒരു പുതുജീവിതത്തിലേക്കുള്ള ആഹ്ലാദകരമായ ചുവടുവയ്പ്പായി കാണാനും പ്രേരിപ്പിച്ചു . ഇതിനിടക്കവൾ കൂടുതലായി ഈശ്വരനോടടുത്തു കൊണ്ടിരുന്നു . ഭക്തിയുടെഅനർഘ നിമിഷങ്ങൾ ഹൃദയത്തിനേറ്റ മുറിവുകളെ തലോടി ഉണക്കുന്ന സാന്ത്വന സ്പർശമായി അവൾക്കനുഭവപ്പെട്ടു .. ചിലപ്പോളവൾ യേശുവിൽ കൂടുതലായി വിശ്വസിച്ചു . അവൾ പഠിച്ച കന്യാസ്ട്രീകൾ നടത്തുന്ന കോളേജും,ഇപ്പോൾ ഈ ഹോസ്റ്റലും അവളെ അതിലേക്കു വഴി നടത്തി . അവൾക്കു സംഭവിച്ച ദുരിതമറിഞ്ഞു ഹോസ്റ്റൽ വാർഡൻ അവൾക്കരികിലെത്തി , ഒരു സാന്ത്വനം പോലെ ബൈബിൾ വായിച്ചു കേൾപ്പിക്കുമായിരുന്നു . അതെല്ലാം അവളെ ഏറെ സ്വാധീനിച്ചു. അവൾ ദുഖങ്ങളിൽ നിന്നും മോചിതയായി. പഴയതുപോലെ പ്രസ്സന്നവതിയായ യുവതിയായി .
അങ്ങനെ പറന്നകന്ന ദിനങ്ങൾക്കൊടുവിൽ ഫൈനൽ പരീക്ഷയും വന്നണഞ്ഞു . കാലത്തു തന്നെ മൂത്തന്നൂർ ക്ഷേത്രത്തിലെത്തി ചില വഴിപാടുകൾ നടത്തി . ഒപ്പം മനുവേട്ടനുമുണ്ടായിരുന്നു. അല്പംമാറി നിന്ന് ഞങ്ങളിരുവരേയും വീക്ഷിച്ച മിത്രന്റെ കണ്ണുകളിൽ തീ പാറുന്നുണ്ടായിരുന്നു . അയാൾ അടുത്തെത്തി പുഛസ്വരത്തിൽ പറഞ്ഞു .
”ചെറുമിക്കുട്ടിക്ക് വാര്യരുടെ അകമ്പടിയില്ലാതെ പറ്റില്ലാന്നായിട്ടുണ്ടെന്നു തോന്നണു . വാര്യര് എന്താണാവോ ഭാവം ?സ്വന്തം കുടുംബത്തെയും അനുജത്തിയേയും കുരുതി കൊടുക്കാൻ തന്നെയാണോ ?…അല്ല അനുജത്തിക്കൊരു വേളിയും, നല്ല ഭാവിയും വേണ്ടാന്നുണ്ടോ ?..’
‘അയാളുടെ പറച്ചിൽ കേട്ടിട്ട് മനുവേട്ടന് ദേഷ്യം ഇരച്ചു കയറി . മനുവേട്ടൻ അയാളുടെ അടുത്തെത്തി കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു .
”എന്റെ കുടുംബത്തെക്കുറിച്ചോർത്തു താൻ ഉൽക്കണ്ഠപ്പെടേണ്ട. എന്റെ അനുജത്തിയുടെ ഭാവി നല്ലതോ ചീത്തയോ എന്ന് ഞാൻ നോക്കിക്കോളാം അതിനു തന്റെ ഒത്താശയൊന്നും വേണ്ട . പിന്നെ ഈ പെൺകുട്ടിയെ ജാതിപ്പേരു പറഞ്ഞു വിളിക്കുന്നത് ഇനി വേണ്ട . അത് ചിലപ്പോൾ തന്റെ നല്ല ഭാവിക്കു ദോഷം ചെയ്യും . അത് മാത്രം താൻ നോക്കിയാൽ മതി ”.
മറ്റു ചില ചെറുപ്പക്കാരും മനുവേട്ടനെ പിന്തുണച്ചു കൊണ്ട് അവിടെ വന്നെത്തി. അത് കണ്ടു മിത്രൻ” ഉം ”എന്നൊന്നിരുത്തി മൂളി പിന്തിരിഞ്ഞു .
ആ ഇരുത്തി മൂളലിൽ ”തന്നെ പിന്നെക്കണ്ടോളാം” എന്നൊരു ഭാവമുണ്ടായിരുന്നു . മനുവേട്ടൻ പുച്ഛ രസത്തോടെ അതിനെ നേരിട്ട് എന്റെ അടുത്തെത്തിപ്പറഞ്ഞു .
”അയാൾ പൂച്ചുകാട്ടി നമ്മളെ പേടിപ്പിക്കാൻ നോക്കുകയാ . അയാളുടെ തെമ്മാടിത്തരമൊന്നും എന്റടുത്തു വിലപ്പോകില്ലെന്നു അയാൾക്കറിയില്ല കുടുംബത്തിലെ ഒരു കാരണവരാണല്ലോന്ന് കരുതി ഇത്ര നാളും ക്ഷമിച്ചു . ഇനി ഇമ്മാതിരി ഭാവോം കൊണ്ട് അയാൾ എന്റടുത്തു വരട്ടെ . അപ്പോൾ ഞാൻ കാണിച്ചു കൊടുക്കാം . ”
മനുവേട്ടന്റെ ഭാവമാറ്റം കണ്ടു താൻ പറഞ്ഞു .
”വേണ്ട മനുവേട്ടാ , വേണ്ടാത്ത പൊല്ലാപ്പിനൊന്നും പോകേണ്ട… അയാൾ എന്തെങ്കിലും പറഞ്ഞിട്ട് പോകട്ടെ
”. അല്ല പ്രിയ നോക്കിക്കോളൂ . അയാൾ എന്നെങ്കിലും എന്റെ കൈയ്യിൽ നിന്നും മേടിക്കും . ഇന്നൊരു നല്ല ദിവസ്സമായതുകൊണ്ടു ഞാൻ അയാളെ വെറുതെ വിട്ടതാണ് . ”
അന്യായം കാണുമ്പോൾ, ആ കണ്ണുകളിൽ കത്തി നിൽക്കുന്ന കോപം പലപ്പോഴുമെന്നതുപോലെ തന്നെ ഭയപ്പെടുത്തി . ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്ന് ദേവിയെ പ്രാർത്ഥിച്ചു .” അമ്മെ ദേവി ആപത്തൊന്നും വരുത്താതെ കാത്തു കൊള്ളണേ ..മനുവേട്ടന് നല്ല ബുദ്ധി നൽകണേ ”
തന്റെ പ്രാർത്ഥന കൈക്കൊണ്ടതു പോലെ ദേവി പ്രസ്സന്നവതിയായി പുഞ്ചിരി തൂകി നിന്നു . .
കണ്ണടച്ചു തുറക്കും മുൻപേഫൈനൽ പരീക്ഷാ ദിനങ്ങൾ . കടന്നുപോയി . പരീക്ഷക്ക് താൻ വിചാരിച്ചതുപോലെ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ലല്ലോ എന്നോർത്തു . നന്നായി പ്രിപ്പയർ ചെയ്തതിനാലാവാം അത് . ആരതിയും പരീക്ഷ കഴിഞ്ഞപ്പോൾ സന്തോഷവതിയായിരുന്നു . ഐ എ എസ് കിട്ടുമെന്ന പ്രതീക്ഷയിൽ ഞങ്ങളിരുവരും ദിവസങ്ങൾ തള്ളി നീക്കി. ആകാംക്ഷാ ഭരിതമായ ദിനങ്ങൾക്കൊടുവിൽ റിസൾട്ടു വന്നു . രണ്ടുപേരും വിജയികളായിട്ടുണ്ടെന്നറിഞ്ഞു .ഇനി ഇന്റർവ്യൂ എന്ന കടമ്പ കടക്കണം . അതിനായി ഡൽഹിയിലേക്ക് യാത്ര പോകണം . ഞാൻ യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി . എന്നാൽ ആരതിയാകട്ടെ വിഷാദവതിയായിരുന്നു . യാത്രക്കുള്ള പണച്ചിലവോർത്താണ് ആരതിയുടെ വിഷമമെന്നു ഞാൻ മനസ്സിലാക്കി .
ഞാൻ ആരതിയെസമാശ്വസിപ്പിച്ചുകൊണ്ടു പ റഞ്ഞു
”ആരതി ഇപ്പോൾ ഇന്റർവ്യൂന് പ്രിപ്പയർ ചെയ്യുക . മറ്റെല്ലാം എനിക്ക് വിട്ടുതരിക . ഡൽഹിയിലേക്ക് രണ്ടു ദിവസത്തിനുള്ളിൽ നമ്മൾ പുറപ്പെടുകയാണ് . മനുവേട്ടനും നമ്മളോടൊപ്പം ഉണ്ടാകും . ”
തന്റെ വാക്കുകൾ ആരതിയുടെ സ്വപ്നങ്ങൾക്കു ചിറകു നൽകി . അവൾ പ്രതീക്ഷ നിറഞ്ഞ മനസ്സുമായി ഡൽഹിക്കു പോകുവാൻ തയ്യാറെടുത്തു .
ഇന്റർവ്യൂന് രണ്ടു ദിവസം മുൻപ് കോഴിക്കോട് എയർ പോർട്ടിൽ നിന്നും ഫ്ലൈറ്റിൽഞങ്ങൾ യാത്ര തിരിച്ചു . കോഴിക്കോട് എയർ പോർട്ട് വരെ ഞങ്ങൾ മനുവേട്ടന്റെ കാറിൽപോയി .പോകുന്നതിനു മുൻപ് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പിന്നെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹങ്ങൾ വാങ്ങിയിരുന്നു . എല്ലാ മംഗളങ്ങളും ഉണ്ടാകുവാൻ അവർ അനുഗ്രഹിച്ചു . കുടുംബത്തിൽ എല്ലാവരുടെയും പ്രാർത്ഥന തനിക്കൊപ്പം ഉണ്ടാകുമെന്നും പറഞ്ഞു .
.ഫ്ലൈറ്റിൽ താൻ മനുവേട്ടന്റെ അടുത്താണിരുന്നത് . ആരതി മറ്റൊരു സീറ്റിലും. തങ്ങൾ വിവാഹിതരായ ശേഷം ഇങ്ങനെയൊരു യാത്ര പോകുന്നത് താൻ മനക്കണ്ണിൽ കണ്ട് ആഹ്ലാദിച്ചു .എന്നാൽ മനുവേട്ടന്റെ അമ്മയുടെ എതിർപ്പ് ഇപ്പോഴും നില നിൽക്കുന്നതോർത്തപ്പോൾ ആആഹ്ലാദം മുഴുവൻ കെട്ടടങ്ങി ഇപ്പോളീ യാത്രയിൽപ്പോലും മനുവേട്ടൻ തങ്ങളെ അനുഗമിക്കുന്നത് അവർ ഇഷ്ടപ്പെട്ടിരുന്നില്ല . എന്നാൽഞങ്ങൾരണ്ടു പെൺകുട്ടികളെ ഒറ്റക്കു വിടുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് മനുവേട്ടൻ ഏതാനുംദിവസത്തേക്ക് കോളേജിൽ നിന്നും ലീവെടുത്ത് കൂടെ ഇറങ്ങിയത് . കാറിലിരുന്ന് തിരിഞ്ഞു നോക്കുമ്പോൾ ശ്രീദേവി വാരസ്യാർ മുഖം വീർപ്പിച്ചു നിൽക്കുന്നത് താൻ കണ്ടിരുന്നു . അമ്മയുടെ എതിർപ്പ് സാരമില്ലെന്നും ,നമ്മൾ തിരികെയെത്തുമ്പോൾ എല്ലാം മാറിക്കോളും എന്ന് പറഞ്ഞു മനുവേട്ടൻ തന്നെ സമാധാനിപ്പിക്കുകയായിരുന്നു .
ഒടുവിൽ ഞങ്ങൾ ഡൽഹിയിലെത്തുമ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു .
എയർ പോർട്ടിനടുത്ത് ഒരു ഹോട്ടലിൽ മുറിയെടുത്ത് വിശ്രമിച്ചു . മനുവേട്ടൻ ഒരു മുറിയിലും താനും ആരതിയും മറ്റൊരു മുറിയിലുമായി , ഞങ്ങൾ കിടന്നു . രാത്രിയിൽ ഉറങ്ങുമ്പോൾ ഏതോ ദു : സ്വപ്നം കണ്ടു ആരതി ഞെട്ടി ഉണർന്നു . അവളെ ആരോ ഉപദ്രവിക്കാൻ വരുന്നതായി സ്വപ്നം കണ്ടുവത്രെ . അങ്ങിനെപറഞ്ഞു അവൾ തേങ്ങിക്കരയുകയും വല്ലാതെ വിറകൊള്ളൂകയും ചെയ്തു . താൻ ഒരു സഹോദരിയെ എന്നപോലെ അവളെ സമാശ്വസിപ്പിച്ചു . തലോടി ഉറക്കി . പേടി മൂലം അവൾ തന്നെ കെട്ടിപ്പിടിച്ചാണ് കിടന്നുറങ്ങിയത് .
ആരതിയുടെ മനസ്സിലെ ഭയം മുഴുവൻ വിട്ടു മാറിയിട്ടില്ലെന്നു അതോടെ മനസ്സിലായി . നാട്ടിലെത്തിയിട്ട് അവളെ ഒരു നല്ല സൈക്കോളജിസ്റ്റിനെ കാണിക്കണമെന്ന് താൻ നിശ്ചയിച്ചു . പിറ്റേന്ന് നേരം വെളുത്ത് എണീറ്റപ്പോൾ ആരതി പ്രസ്സന്നവതിയായിരുന്നു . തലേന്നാളത്തെ സംഭവങ്ങൾ അവൾ മറന്നു കഴിഞ്ഞിരുന്നു . അതോടെ അവളുടെ അബോധ മനസ്സിലാണ് ഭീതിയടിഞ്ഞു കിടക്കുന്നതെന്നു മനസിലായി . ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും ഭീതിദമായ നിമിഷങ്ങളെയാണല്ലോ അവൾ തരണം ചെയ്തത് . ആ ഒരു ഷോക്ക് വിട്ടുമാറാൻ കാലങ്ങളെടുത്തേക്കുമെ.ന്ന് ചിന്തിച്ചു . എങ്കിലും ഈ ഇളം പ്രായത്തിൽ ദുരനുഭവങ്ങളെ അതിജീവിക്കാൻ അവൾ പുറമെ കാണിക്കുന്ന ധൈര്യമോർത്ത് ആഹ്ലാദിച്ചു .
രാവിലെ പത്തുമണിയോടടുപ്പിച്ചാണ് ഇന്റർവ്യൂ ആരംഭിച്ചത് . ഇന്റർ വ്യൂ നടക്കുന്ന സ്ഥലത്തിനോടനുബന്ധിച്ചുള്ള ഹാളിൽ നിരവധിപേർ തങ്ങളുടെ ഊഴം കാത്തിരിക്കുന്നുണ്ടായിരുന്നു . ഞങ്ങൾ രണ്ടുപേരും അവർക്കിടയിൽ ഇടം നേടി . മനുവേട്ടൻ ഞങ്ങൾക്ക് ധൈര്യം പകർന്നുകൊണ്ട് അടുത്തു തന്നെ നിന്നു . ഒടുവിൽ ഇന്റർവ്യൂനുള്ള സമയമായി .ഇന്റർ വ്യൂ ബോർഡിന് മുമ്പിൽതാൻ അനിതരസാധാരണമായ അറിവും ധൈര്യവും കാഴ്ചവച്ചു . തന്നിൽ മതിപ്പു തോന്നിയ ബോർഡ്അംഗങ്ങൾ അതെടുത്തു പറഞ്ഞു അഭിനന്ദിക്കാനും മറന്നില്ല . ആരതിയും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു . ഇന്റർവ്യൂ കഴിഞ്ഞിറങ്ങമ്പോൾ രണ്ടുപേർക്കും വിജയത്തെക്കുറിച്ച് അനല്പമായ ആത്മവിശ്വാസം കൈവന്നിരുന്നു .
മനുവേട്ടനും ഞങ്ങളുടെ ആത്മവിശ്വാസം കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി . ഒരധ്യാപകനെന്ന നിലയിലും ,ഒരു കാമുകനെന്ന നിലയിലും തന്റെ ആഹ്ലാദം പങ്കുവച്ചു കൊണ്ട് മനുവേട്ടൻ പറഞ്ഞു .
”ഇന്ന് എനിക്ക് ഏറെ ആഹ്ലാദമുള്ള ദിവസമാണ് . ഈ സന്തോഷത്തിൽ നമുക്ക് ഈ ഡൽഹി മുഴുവൻ കറങ്ങി, ഒന്ന് അടിച്ചുപൊളിച്ചാലോ .ഇന്നത്തെ ചെലവ് മുഴുവൻ എന്റെ വക . ”
ഞങ്ങൾക്ക് അത് കേട്ടപ്പോൾ സന്തോഷമായി .
ഞങ്ങൾ ടൂറിസ്റ്റു സ്പോട്ടുകളിലേക്കു പോകുന്ന ഒരു ബസ്സിൽ കയറി . കുത്തബ്‌മീനാർ , മുഗൾ ഗാർഡൻസ് ,ജുമാമസ്‌ജിദ് ,രാജ്‌ഘട്ട് ,ജന്തർമന്ദിർ ,ഇന്ത്യാഗേറ്റ് , ഹുമയൂൺസ് ടോംബ് , ലോധിഗാർഡൻസ് , ലോട്ടസ് ടെമ്പിൾ , അക്ഷർധാം ടെമ്പിൾ , ദില്ലി ഹാട്ട് , ചാന്ദ്‌നി ചൗക്ക് , എന്നിവിടങ്ങളിലെല്ലാം കറങ്ങി . തിരിച്ചെത്തിയ[പ്പോൾ രാത്രി വളരെ വൈകിയിരുന്നു . റെസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ചു ഞങ്ങൾ കിടന്നുറങ്ങി .
അതിരാവിലെ എയർ പോർട്ടിലെത്തി . ഫ്ലൈറ്റ് രണ്ടു മണിക്കൂർ കഴിഞ്ഞേ ഉണ്ടാവുകയുള്ളൂ എന്നറിയിപ്പു വന്നതിനാൽ ഞങ്ങൾ തമാശ പറഞ്ഞും, തലേ ദിവസം വിവിധ സ്ഥലങ്ങളിൽ വച്ചെടുത്ത ഫോട്ടോകൾ നോക്കിയും സമയം ചിലവിട്ടു . മുഗൾ ഗാർഡൻസിന്റെ മുന്നിൽ വച്ച് ഞാനും മനുവേട്ടനും ചേർന്ന് നിന്നെടുത്ത ഫോട്ടോ കണ്ടു ആരതി പറഞ്ഞു .
”രണ്ടു പേരെയും കണ്ടാൽ ഭാര്യയും ഭർത്താവുമാണെന്നേ തോന്നുകയുള്ളൂ അത്രയ്ക്ക് ചേർച്ചയുണ്ട് രണ്ടു പേർക്കും ”. അത് കേട്ട് ഞങ്ങൾ പരസ്പരം നോക്കി . ഞങ്ങളുടെ കണ്ണുകളിൽ കത്തി നിന്ന അഭിലാഷത്തിന്റെ ബഹിർസ്ഫുരണം ഞങ്ങളുടെ കണ്ണുകളിൽ കാണാമായിരുന്നു .
പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിന്ന ഞങ്ങളെ നോക്കി ആരതി കളിയാക്കി .
”അല്ല കാമുകിയും കാമുകനും പരിസരം മറന്നു പോയോ ? . ഇത് ഡൽഹി എയർ പോർട്ടാണ് . താജ് മഹലല്ല . ”
അപ്പോഴാണ് ഞങ്ങൾ താജ് മഹൽ കാണാൻ പോയില്ലല്ലോ എന്നോർത്തത് .
”അടുത്ത യാത്ര നമുക്കങ്ങോട്ടേക്കാം . ഇത്തവണ അതിനുള്ള സമയമുണ്ടായിരുന്നില്ലല്ലോ . ”
മനുവേട്ടൻ ഞങ്ങളിരുവരെയും സമാധാനിപ്പിച്ചു . മനുവേട്ടൻ പറയുന്നത് കേട്ട് അതുവരെ ഉത്സാഹഭരിതയായി നിന്നിരുന്ന ആരതിയുടെ കണ്ണുകളിൽ വിഷാദം തളം കെട്ടി . . ആരതിയുടെ ഭാവമാറ്റം ഞങ്ങൾ ശ്രദ്ധിച്ചു ഞാൻ അവളുടെസമീപമെത്തി, താടിയിൽ പിടിച്ചു സ്നേഹത്തോടെ ചോദിച്ചു . ”അപ്പോഴേക്കും ആരതി കുട്ടിയുടെ മുഖം മങ്ങിയല്ലോ. എന്താ കാര്യം ?”
അത് കേട്ട് അവളുടെ കണ്ണുകൾ നിറയുകയും ചുണ്ടുകൾ വിറകൊള്ളുകയും ചെയ്തു .