ഋതുസംക്രമം-36

 

 

കോച്ചിങ് ക്ലാസിന്റെ ഗേറ്റിൽ എത്തിയപ്പോൾ ആ വാർത്ത കേട്ടു . ആരതിയെ ആരോക്കെയോ കൂടിച്ചേർന്ന് മാനഭംഗം ചെയ്തുവെന്നും അവൾ ഇപ്പോൾ ഹോസ്പിറ്റലിലാണെന്നുമുള്ള വാർത്ത !……..

.ആ വാർത്ത കേട്ട് വല്ലാതെ ഞെട്ടി . അവിടവിടെ കൂടി നിന്ന് വർത്തമാനം പറയുന്ന വിദ്യാർത്ഥികളിൽ നിന്നും ഒന്നു കൂടി അറിഞ്ഞു . നെടുങ്ങാടി മാഷും പുറത്തുനിന്നുമുള്ള അയാളുടെ ഒന്നുരണ്ടു കൂട്ടുകാരും കൂടിച്ചേർന്നാണ് അവളെ മാനഭംഗം ചെയ്‌തത്രേ . തലേന്ന് സ്‌പെഷ്യൽ ക്ലാസുണ്ടെന്ന് പറഞ്ഞു അയാൾ ആരതിയെ കോച്ചിങ് ക്ലാസിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. പാവം ആരതിസ്വയമറിയാതെ അയാൾ വിരിച്ച വലയിൽ കുടുങ്ങി . അയാൾ അപ്പോൾ ഒരെട്ടുകാലിയെപ്പോലെ അവൾക്കു വേണ്ടി വല നെയ്തു കാത്തിരിക്കുകയായിരുന്നു എന്ന് ഊഹിച്ചു . അവളെ രക്ഷിക്കാമെന്നു വാക്കു കൊടുത്ത തനിക്കും മനുവേട്ടനും അതിനായില്ലല്ലോ എന്നും കുറ്റബോധത്തോടെ ഓർത്തു

. മനുവേട്ടനായി കണ്ണുകൾ എല്ലായിടത്തും തിരഞ്ഞു . അപ്പോളറിഞ്ഞു ഹോസ്പിറ്റലിൽ ആരതിയുടെ അടുത്തുണ്ടെന്നും, അവൾക്കു വേണ്ടി ഹോസ്പിറ്റൽ ചെലവ് വഹിക്കാനും , അവളെയും അച്ഛനെയും ആശ്വസിപ്പിക്കാനും വേണ്ടിയാണ് മനു വേട്ടൻ അവിടെ നിൽക്കുന്നത് എന്ന് ,. . !അന്ന് കോച്ചിങ് ക്ലാസിന് അവധി നല്കിയിരിക്കുകയാണെന്നും ,ഈ ഒരു ദുരന്തം എല്ലാപേരെയും വല്ലാതെ ഞെട്ടിച്ചുവെന്നും ഈ സംഭവത്തെത്തുടർന്ന് നെടുങ്ങാടി മാഷ് ഒളിവിലാണെന്നും കേട്ടറിഞ്ഞു . അയാളെ പോലീസ് തിരയുന്നുണ്ടത്രേ . ഒന്നുരണ്ടുപേർ ഹോസ്പിറ്റലിൽ പോയാൽ മതിയെന്ന് പ്രിൻസിപ്പൽ വിലക്കി . ഹോസ്പിറ്റലിലെത്തുമ്പോൾ ആരതി ഐ സി യു വിലാണെന്നറിഞ്ഞു അങ്ങോട്ട് ചെന്നു . ഐ സിയു വിന്റെ വാതിൽക്കൽ അത്യഗാധമായ ദു;ഖമടക്കി ഇരിക്കുന്ന മനുവേട്ടനെക്കണ്ടു . ചോദിച്ചപ്പോൾ ആരതി തീരെ അവശ നിലയിലാണെന്നും അവൾ മാനസികമായി തകർന്നിരിക്കുകയാണെന്നും അറിഞ്ഞു . അല്പം മാറി ഒടിഞ്ഞു തൂങ്ങിയ നിലയിൽ ഒരു പ്രാകൃത രൂപി നിന്നിരുന്നത് ശിവൻ കുട്ടി അമ്മാവനാണെന്നു മനസ്സിലാക്കാൻ അല്പസമയമെടുത്തു . മകളുടെ ദുരന്തം ആ മനുഷ്യനെ പാടെ തകർത്തിരിക്കുന്നു . അയാളുടെ സമീപമെത്തി . മുഖമുയർത്തി തന്നെ തുറിച്ചു നോക്കിയ ആ മനുഷ്യൻ വികാരാധീനനായി ചോദിച്ചു .

ഇതിനാണോ എന്റെ മോളെ ഐ എ എസ് കോച്ചിങ് ക്ലാസ്സിൽ ചേർത്ത് പഠിപ്പിക്കാമെന്നു കുഞ്ഞു പറഞ്ഞത് . ..എന്റെ മോളുടെ സംരക്ഷണം കുഞ്ഞു ഏറ്റെടുക്കാമെന്ന് പറഞ്ഞത് ഇതിനു വേണ്ടിയായിരുന്നോ കുഞ്ഞേ…”.

ഹൃദയം പൊട്ടി തകർന്ന നിലയിൽ കണ്ഠമിടറിക്കൊണ്ടുള്ള ആമനുഷ്യന്റെ ചോദ്യത്തെ നേരിടാനാവാതെ താൻ തല കുനിച്ചു . അപ്പുറത്തു അതേനിലയിൽ കുറ്റബോധത്താൽ കുനിഞ്ഞ ശിരസ്സുമായി മനുവേട്ടനിരുന്നു. .വിലപിച്ചു കൊണ്ട് നിന്ന ആ മനുഷ്യനോട് എന്ത് പറയണമെന്നറിയാതെ ഞങ്ങൾ കുഴങ്ങി . ഒരു പക്ഷെ തങ്ങൾക്കു തടുക്കുവാനാകുമായിരുന്ന ഒരു ദുരന്തം . ദുഖവും കുറ്റബോധവും ഇടകലർന്ന ശബ്ദത്തിൽ എന്നാൽ ശിവൻകുട്ടി അമ്മാവൻ കേൾക്കാതെ അല്പം മാറിനിന്നു മനുവേട്ടനോട് കൂടുതൽ കാര്യങ്ങളന്വേഷിച്ചു ..അല്പം ഇടറിയ സ്വരത്തിൽ മനുവേട്ടൻ പറഞ്ഞു തുടങ്ങി

. ‘ ഓണാവധിക്കു എല്ലാവരും പോയപ്പോൾ ആരതി മാത്രം വീട്ടിൽ പോയില്ല . പഠിക്കുവാൻ നല്ലത് ഹോസ്റ്റലാണെന്ന് കരുതിയാണ് അവൾ പോകാതിരുന്നത് .അവളെപ്പോലെ മറ്റു ചില അന്തേ വാസികളും അപ്പോൾ ഹോസ്റ്റലിലുണ്ടായിരുന്നു .. എന്നാൽ നെടുങ്ങാടി മാഷ് ഹോസ്റ്റലിലേക്ക് വിളിച്ചു ശനിയാഴ്ച്ച ക്ലാസ്സുണ്ടെന്നു അവളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു .വിവാഹ നിശ്ചയം പ്രമാണിച്ച് അവധിയിലായിരുന്നതിനാൽ ഞങ്ങളിരുവരുടെയും സംരക്ഷണ വലയത്തിലല്ല അവളിപ്പോഴെന്നു അയാൾ മനസ്സിലാക്കി.. കോച്ചിങ് ക്ലാസ്സിലെത്തിയ അവളെ അയാളും കൂട്ടുകാരും ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നു . ഇതെല്ലം സംഭവിക്കുമ്പോൾ അതിനു ദൃക്‌സാക്ഷിയായി ആ സ്ഥാപനത്തിലെ വാച്ചർ അരവിന്ദൻ അപ്പോൾ അവിടെ വന്നെത്തി . എന്നാൽ അയാൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് നെടുങ്ങാടി മാഷും കൂട്ടരും അവളെ കൂട്ട ബലാത്സംഗം ചെയ്ത് കീഴ് പെടുത്തിയിരുന്നു . വാച്ചറെ കണ്ടപ്പോൾ ആരതിയെ ഉപേക്ഷിച്ചു അവർ ഓടിപ്പോയി . എന്നാൽ ആരതിയാകട്ടെ ആ കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് ഓടിക്കയറി അവിടെ നിന്നും ചാടി . അവൾ ചാടിയതു രണ്ടാം നിലയിൽ നിന്നാണെന്നതും ഒരു ആസ്ബസ്റ്റോസ് ഷീറ്റിന്റെ മുകളിലേക്കാണെന്നതും ആ ചാടലിന്റെ അപകടം കുറച്ചു . ഒടുവിൽ വാച്ചർ മറ്റു ചിലരെ വിളിച്ചുകൂട്ടി അവളെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു

അപ്പോൾ മനുവേട്ടൻകുറ്റബോധത്തിനടിപ്പെട്ടതുപോലെ മറ്റൊന്ന് കൂടിപറഞ്ഞു. ” ഞാൻ കാരണമാണത്രെ അയാളിത് ചെയ്തത് . ആരതിയുടെ പുറകെ നടക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരിക്കൽ അയാളെ ചോദ്യം ചെയ്തു രണ്ടു കൊടുത്തിരുന്നു .. അതിനു പകരം വീട്ടിയതാണെന്ന് .പീഢനത്തിനിടയിൽ അയാൾ അവളോട് പറഞ്ഞുവത്രേ മനുവേട്ടൻ പറഞ്ഞത് കേട്ട് ഞാൻ സ്തംഭിച്ചു നിന്നു .ഞങ്ങൾ പറഞ്ഞത് ശിവൻകുട്ടി അമ്മാവൻ കേൾക്കുന്നുണ്ടായിരുന്നു

അമ്മാവൻ ഞങ്ങളുടെ അടുത്തെത്തി , മനുവേട്ടനെ നോക്കി പറഞ്ഞു . ” ”അവനെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ ഞാനും തല്ലിക്കൊല്ലുമായിരുന്നു . ഒരു പേപ്പട്ടിയെപ്പോലെ . …പക്ഷെ ഇപ്പോൾ ഞാൻ തളർന്നു പോകുന്നു കുഞ്ഞേ .ഒന്നുമെനിക്ക് ചെയ്യാനാവുന്നില്ല .”. പിന്നെ എന്നെ നോക്കി ശിവൻ കുട്ടി അമ്മാവൻ കരഞ്ഞു .

ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് കുഞ്ഞേ ?..മകളെ ഐ എ എസ് ഓഫീസർ ആയിക്കാണാൻ ആഗ്രഹിച്ചത് ഈ കിഴവന്റെ വിഡ്ഢിത്തം . അതിനു പകരമായി ഞാൻ ആത്മഹത്യാ ചെയ്‌താൽ അതൊരു പ്രായശ്ചിത്തമാകുമെങ്കിൽ അതിനും ഞാൻ തയ്യാറാണ് കുഞ്ഞേ . അല്ലെങ്കിൽ തന്നെ ഇനി ഞങ്ങൾ ജീവിച്ചിട്ട് എന്തിനാണ് കുഞ്ഞേ ? .. ആകപ്പാടെ അല്പം മാനം മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ .അതും പോയിക്കിട്ടി . ഇനി ഞങ്ങൾ എന്ത് ചെയ്യണം കുഞ്ഞേ ?…”ആ മനുഷ്യന്റെ പൊട്ടിക്കരച്ചിൽ സഹിക്കാനാവാതെ വിങ്ങിപ്പൊട്ടിപ്പറഞ്ഞു .

ശിവൻ കുട്ടി അമ്മാവൻ എന്നോട് ക്ഷമിക്കണം . ആരതിയുടെ സം രക്ഷണം ഞാൻ ഏറ്റെടുത്തിരുന്നതാണ് . എന്നിട്ടും അവളെ ഈ വിപത്തിൽ നിന്നും രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല . മനഃപൂർവമല്ലെങ്കിലും ആ തെറ്റ് ഞാൻ ഏറ്റെടുക്കുന്നു . ഈ ദുരന്തത്തിൽ നിന്ന് അവളെ ഞാൻ രക്ഷിക്കുമെന്ന് ശിവൻകുട്ടി അമ്മാവന് ഉറപ്പു നൽകുന്നു . അമ്മാവൻ സമാധാനമായിട്ടിരിക്കണം . അമ്മാവന്റെ മോൾ ഐ എ എസ്സ് പാസ്സാകുക തന്നെ ചെയ്യും . ” ഞാൻ ഹൃദയത്തിൽ തട്ടി പറഞ്ഞ വാക്കുകൾ ആ ഓട്ടോഡ്രൈവറുടെ കണ്ണുകളിൽ ആശയുടെ തിരിനാളം തെളിയിച്ചു

എങ്കിലും അയാൾ കരഞ്ഞു കൊണ്ടുവീണ്ടും പറഞ്ഞു . ”ഇനി അവൾ ഐ എഎസ് പാസായിട്ട് എന്തിനാ കുഞ്ഞേ അവളുടെ ജീവിതം പോയില്ലേ. ഇനി ഈ അപമാനോം സഹിച്ചോണ്ട് അവൾ എങ്ങിനെ ജീവിക്കും ?”

അങ്ങിനെയൊന്നും ചിന്തിക്കരുത് ശിവൻ കുട്ടി അമ്മാവാ . ആരതിക്കൊന്നും പറ്റിയിട്ടില്ല . അവളുടെ ശരീരം ചില വൃത്തികെട്ട ജന്തുക്കൾ കടിച്ചു കീറിയത് കൊണ്ട് ശരീരത്തിനല്പം മുറിവ് പറ്റിയെന്നേ ഉള്ളൂ .ആ മുറിവ് ഒരു പട്ടികടിയേറ്റതുപോലെയെ ഉള്ളൂ . കാലക്രമത്തിൽ ഉണങ്ങുന്ന ആ മുറിവിനെ ഓർത്തു ആരതി ജീവിതം പാഴാക്കേണ്ടതില്ല .അവളുടെ സ്വപ്നങ്ങൾ അവളുടെ മനസ്സിലാണുള്ളത് . ആ മനസ്സിന് ഒരുടവും പറ്റിയിട്ടില്ല . അവളിപ്പോഴും പരിശുദ്ധയാണ് . ഞാനതു അവളെ ബോധ്യപ്പെടുത്തിക്കോളാം .”

അതെ . ചില പേപ്പട്ടികളാണ് അവളെ കടിച്ചു കീറിയത് . അവരെക്കണ്ടെത്തി ഞാൻ തല്ലിക്കൊല്ലും . അതോടെ ആ ജന്തുക്കളെക്കൊണ്ടുള്ള ഉപദ്രവം തീരും കുഞ്ഞേ ..”. ആ കണ്ണുകളിൽ കത്തി നിൽക്കുന്ന രോഷാഗ്നി അവിടെ കൂടി നിൽക്കുന്നവരെയെല്ലാം ഭയപ്പെടുത്തി . അതുവരെ മാറിനിന്ന മനുവേട്ടൻ ഞങ്ങളുടെ അടുത്തെത്തി പറഞ്ഞു . .”ശിവൻ ചേട്ടനോടൊപ്പം ഞാനുമുണ്ട് . അവരിനി ആരെയും ഇതുപോലെ ഉപദ്രവിക്കരുത് . ” അതുകേട്ട് താൻ പറഞ്ഞു

നെടുങ്ങാടി മാഷിനെയും കൂട്ടരെയും തല്ലിക്കൊന്നതുകൊണ്ടു നിങ്ങൾക്ക് ജയിലിൽ പോകാമെന്നല്ലാതെ വേറെ പ്രയോജനമൊന്നുമില്ല . അവരെ പോലീസ് കണ്ടെത്തി ശിക്ഷിച്ചോളും . നമുക്കിപ്പോൾ വേണ്ടത് ആരതിയുടെ മനസ്സ് മാറ്റി അവളെ പഠനത്തിനു സജ്ജമാക്കുകയാണ് . ”

തന്റെ വാക്കുകൾ അവരിൽ ഉചിതമായ ഫലമുളവാക്കി . മനുവേട്ടൻ പറഞ്ഞു .”പ്രിയ പറഞ്ഞത് ശരിയാണ് . ആരതിയുടെ മനസ്സ് മാറ്റി അവളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരികയാണ് ഇപ്പോഴത്തെ ആവശ്യം . അതിനു പ്രിയക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട് . ”’മനുവേട്ടൻ സൗമ്യനായി പറഞ്ഞു .

അതെ മനുവേട്ടാ .നിങ്ങളെല്ലാം നോക്കിക്കോളൂ. ആരതിയെ ഞാൻ തിരിച്ചു കൊണ്ട് വരും. അവൾ ഈ അവസ്ഥയെ മറികടക്കും . ”ആത്മവിശ്വാസം തുളുമ്പുന്ന എന്റെ വാക്കുകൾ ശിവൻകുട്ടി അമ്മാവനിലും മനുവേട്ടനിലും ഒരുപോലെ സ്വാധീനം ചെലുത്തി . അമ്മാവന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ പൊൻതിളക്കം പ്രകടമായി . പിന്നീട് ആരതിയെ ഞങ്ങൾ ഐ സി യൂ വിൽ ചെന്ന് കണ്ടു . അവൾ എന്നെക്കണ്ടു പൊട്ടിക്കരഞ്ഞു . ”ഞാനിനി എന്തിനു ജീവിക്കണം ചേച്ചി . ? ”

അടുത്തിരുന്നു ആ നെറ്റിയിൽ തഴുകിക്കൊണ്ടു പറഞ്ഞു .

നീ ജീവിക്കണം മോളെ .. ഐ എ എസ് എടുക്കണം . നിന്നെ നശിപ്പിച്ച ആ മനുഷ്യനോടുള്ള പ്രതികാരം നീ അങ്ങിനെയാണ് തീർക്കേണ്ടത് . നീ നശിച്ചിട്ടില്ലെന്നും നല്ല നിലയിൽ ജീവിക്കുമെന്നും ഈ സമൂഹത്തിനെയും അയാളെയും ബോധ്യപ്പെടുത്തണം .നിന്റെ തെറ്റ് കൊണ്ടല്ല ഇത് സംഭവിച്ചത് . അതോർത്തു കുറ്റബോധം വേണ്ട . ‘

ഒരാഴ്ചയോളം താൻ അടുത്തിരുന്നുഒരു സഹോദരിയെപ്പോലെ അവളെ ശുശ്രൂഷിച്ചു , സാരോപദേശം നൽകി . തൻറെ സ്‌നേഹമസൃണമായ വാക്കുകൾ ആരതിയുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി . അതവൾക്കു ഒരു പുതിയ കാഴ്ചപ്പാടു് നല്കുകയായിരുന്നു .പലപ്പോഴും നിയന്ത്രണം വിട്ടു പൊട്ടിക്കരയുകയും . നിരാശയുടെ അന്ധകൂപത്തിലേക്കു ഊളിയിട്ടെത്തുകയും , ചെയ്ത അവളെ അതിൽ നിന്നും മോചിപ്പിച്ചു ഒരു നല്ല നാളെയുടെ പ്രതീക്ഷ വളർത്തുവാൻ തനിക്കു കഴിഞ്ഞു . ഒരു മാസത്തിനുള്ളിൽ അവൾ പൂർവ നില വീണ്ടെടുത്തു . പൂർവാധികം ആത്മവിശ്വാസവും ഊർജസ്വലതയും പ്രകടിപ്പിച്ചു . ഡിസ്ചാർജായപ്പോൾഅവളെ ഹോസ്റ്റലിലേക്കു കൊണ്ട് വന്നു . അപ്പോൾ അവളുടെ അടുത്തിരുന്നു സ്നേഹം വഴിയുന്ന സ്വരത്തിൽ താൻ പറഞ്ഞു .” ” മോളിനിയും കഴിഞ്ഞതൊന്നുമോർക്കരുത് ഒരു ദുസ്വപ്നം പോലെ ആ നാളുകളെ മറന്നു കളയുക . ഇനിയും മുന്നോട്ടുള്ള പാതയിൽ ആരതിയെ കാത്തു ഒരു ഭാസുര ഭാവിയുടെ നറുമലരുകൾ വിരിഞ്ഞു നിൽപ്പുണ്ട് . അങ്ങോട്ട് നടന്നെത്തുവാനുള്ള ഊർജം സംഭരിക്കുകയെ വേണ്ടു.. നഷ്ടങ്ങളുടെ കണക്കുകൾ അതോടെ വാടികൊഴിഞ്ഞു പോകും . അവയെ ചവിട്ടിമെതിച്ചു മുന്നോട്ടുതന്നെ.നടക്കുക, വാശിയോടെവീറോടെ…. ..എന്ത് പറയുന്നു . .”

തന്റെ വാക്കുകൾ പുതു ഊർജത്തിന്റെ സന്ദേശവാഹകരായി അവളുടെ ഉള്ളിൽ നിറഞ്ഞു . അവളിൽ നിന്ന് നിരാശയുടെ കാർമേഘങ്ങൾ അകന്നു പോയി . പകരം പുതു പ്രതീക്ഷയുടെ പൂന്തെന്നൽ , സൗരഭ്യം പരത്തിക്കൊണ്ടു ആഞ്ഞു വീശി !….

ഞങ്ങൾ വീണ്ടും കോച്ചിങ് ക്ലാസിലെത്തി .മനുവേട്ടന്റെ സഹായത്തോടെ കൊഴിഞ്ഞുപോയ ദിനങ്ങൾ വീണ്ടെടുത്തു . ആരും ആരതിയെ കഴിഞ്ഞതൊന്നും ഓർമ്മിപ്പിക്കാതിരിക്കാൻ ശ്രമിച്ചു . മാത്രമല്ല എല്ലാവരും കൂടുതൽ സ്നേഹം പ്രകടിപ്പിച്ചു . അതോടെ തനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന തോന്നൽ ആരതിയിലും ഉളവായി .

ഇതിനിടയിൽ പോലീസ് നെടുങ്ങാടി മാഷിനെയും , കൂട്ടരെയും തിരഞ്ഞു പിടിച്ചു അറസ്റ്റു ചെയ്തു . അവർ അവിടെയുള്ള ഒരു പ്രാദേശിക നേതാവിന്റെ വീട്ടിൽ അഭയം തേടിയിരിക്കുകയായിരുന്നു .തങ്ങളല്ല ആരതിയെ

ഉപദ്രവിച്ചതെന്നു അവർ വാദിച്ചു നോക്കിയെങ്കിലും ആരതിയുടെ മൊഴിയും വാച്ചറുടെ മൊഴിയും അവർക്കെതിരായിരുന്നു . സ്‌ത്രീ പീഡനത്തിന് ഇരുപതു വർഷത്തേക്ക് കോടതി അവരെ ശിക്ഷിച്ചു . അതോടെ കോളേജിലെ പെൺകുട്ടികൾ പലരും ആശ്വാസ നിശ്വാസങ്ങളുതിർത്തു . നെടുങ്ങാടി മാഷിനെ പേടിച്ചാണ് പല പെൺകുട്ടികളും കോളേജിൽ വന്നുപോയിരുന്നത് .അയാളിത്തരത്തിൽ ദുഷ്ടലാക്കോടെ പല പെൺകുട്ടികളെയും സമീപിച്ചിരുന്നതായി പിന്നീടറിഞ്ഞു .

അയാളെ പണ്ടേ തല്ലിക്കൊന്ന് കെട്ടിതൂക്കേണ്ടതായിരുന്നു” . കോളേജിൽപലരുടെയും പ്രതികരണം ഇത്തരത്തിലായിരുന്നു .

നാളുകൾ മാസങ്ങളായി മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു . ഐ എ എസ്സ് പ്രിലിമിനറി പരീക്ഷയുടെ തീയതി അടുത്തു വന്നു . ഞങ്ങളിൽ ഉടലെടുത്ത ആശങ്കകൾ മനുവേട്ടൻ ഇന്റർനെറ്റ് വഴിയും മറ്റും അപ്പോഴപ്പോൾ ദൂരീകരണം ചെയ്തു കൊണ്ടിരുന്നു . അങ്ങിനെ പ്രിലിമിനറി പരീക്ഷ വന്നെത്തി ,.ഞാൻ ആരതിയെയും കൂട്ടി ഹോസ്റ്റലിനടുത്തുള്ള അമ്പലത്തിൽ തൊഴുതു പ്രാർത്ഥിച്ചു വന്നു . പിന്നീട് ഗൾഫിലേക്കു വിളിച്ചു അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി . അവർ മനസ്സർപ്പിച്ചു പ്രാർത്ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു .

പ്രിലിമിനറി സാമാന്യം ഭംഗിയായിത്തന്നെ ഞങ്ങൾ തരണം ചെയ്തു . അതോടെ ഏതാനും ദിവസത്തെ അവധി ലഭിച്ചതിനാൽ ഞങ്ങൾ അവരവരുടെ വീടുകളിലേക്ക് യാത്രയായി . ഇതിനിടയിലാണ് ആ സന്തോഷ വർത്തമാനം ഞങ്ങളെത്തേടിയെത്തിയത്

 

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006