ഋതുസംക്രമം -34

 

കുനിഞ്ഞ്‌ആ കാലുകളിൽ തൊടുമ്പോൾ ഒരുതുള്ളി കണ്ണുനീർ ആ കാലുകളിൽ വീണു ചിതറി.

ദൈവാനുഗ്രഹം എല്ലായ്പ്പോഴും എന്റെ കുട്ടിക്കുണ്ടാകട്ടെ . നിന്റെ ആഗ്രഹം പോലെ എല്ലാ സൗഭാഗ്യങ്ങളും ജീവിതത്തിൽ വന്നു നിറയട്ടെ . ” .വിറക്കുന്ന കരങ്ങളാൽ മുത്തശ്ശൻ തന്റെ ശിരസ്സിൽ തൊട്ടു മുത്തശ്ശന്റെ കാൽതൊട്ടു വന്ദിച്ച് താൻ മണ്ഡപത്തിലേക്ക് നടന്നു . അവിടെ മനുവേട്ടൻ തന്നെ കാത്തിരുന്നിരുന്നു.

ഒടുവിൽ മോതിരക്കൈമാറ്റത്തിനുള്ള മുഹൂർത്തമായി

പണ്ടൊക്കെ  ചെക്കൻ നിശ്ചയത്തിനെത്താറില്ലായിരുന്നു . ഇപ്പോൾ എല്ലാം മോഡേണായില്ലേ

കാരണവന്മാരിൽ ആരോ പറയുന്നത് കേട്ടു . അതുകേട്ട് അടുത്തിരുന്ന തന്നെ നോക്കി മനുവേട്ടൻ ചിരിച്ചു . അപ്പോൾ അല്പം അകലെ വിനുവും ഉണ്ണിമായയും നിന്ന് സംസാരിക്കുന്നതു കണ്ടു . അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും എന്തോ പ്രത്യേകത തോന്നി .വിനുവിന്റെ മുമ്പിൽ ഉണ്ണിമായ ഒരു നവ വധുവിനെപ്പോലെ നാണിച്ചു നിൽക്കുന്നു .

ആ കാഴ്ച താൻ മനുവേട്ടനെ ചൂണ്ടിക്കാണിച്ചു . ”അവർ തമ്മിൽ ലൈനിലായി എന്നാണ് തോന്നുന്നത് .”മനുവേട്ടൻ പറഞ്ഞു . അതുകേട്ടു തന്റെ മനസ്സിലും ആനന്ദം നിറഞ്ഞു . താൻ അങ്ങോട്ട് പോകുമ്പോൾ അതേ വീട്ടിൽ നിന്ന് തന്നെവിനുവും ഒരു പെണ്ണിനെ കൊണ്ടു വരിക . ഒരു മാറ്റ കല്യാണത്തിനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നതായി തനിക്കു തോന്നി

.അപ്പോൾ മോതിരക്കൈമാറ്റത്തിനുള്ള മുഹൂർത്തമായതായി ആരോ അറിയിച്ചു . മനുവേട്ടൻ ബോക്സ് തുറന്നു മോതിരം കൈയ്യിലെടുത്തു . ഒരു നിമിഷത്തേക്ക് ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി . ഏതോ അവാച്യമായ ആനന്ദാനുഭൂതി മനസ്സിൽ നിറഞ്ഞ് തുളുമ്പി . അത്യന്തംവികാരഭരിതനായി മനുവേട്ടൻ തൻറെ കൈകളിൽ മോതിരമണിയിക്കാൻ തുടങ്ങുകയായിരുന്നു . പെട്ടെന്ന് എവിടെനിന്നെന്നറിയാതെ ഒരു കൂട്ടം ആൾക്കാർ അവിടെ വന്നെത്തി . അവർ സദസ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ പല രീതിയിൽ ഭീഷണിപ്പെടുത്താൻ തുടങ്ങി അതിൽ ഉണ്ണിവാര്യരുമുണ്ടായിരുന്നു .അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു .

നിങ്ങൾ എല്ലാവരും എഴുന്നേറ്റു പോകണം . ഈ ചടങ്ങ് ഇന്നിവിടെ നടക്കാൻ പാടില്ല്യ . ഇവർ വിവാഹിതരായാൽ ഇന്നാട്ടിൽ പല അനിഷ്ടങ്ങളും സംഭവിക്കും . അങ്ങിനെ മിത്രൻ നമ്പൂതിരി പ്രശ്നവിധിയിൽ കണ്ടിരിക്കുണു . നിങ്ങൾപോയില്ലെങ്കിൽ ഞങ്ങൾക്ക് നിർബന്ധപൂർവം ഈ ചടങ്ങ് അലങ്കോലപ്പെടുത്തേണ്ടി വരും . എന്ത് പറയണു?. ഞങ്ങൾ ചടങ്ങ് അലങ്കോലപ്പെടുത്തണമോ അതോ നിങ്ങൾ സ്വയം എഴുന്നേറ്റു പോകുമോ. ”

വന്നിരിക്കുന്നവർ പലരും മിത്രന്റെ ശിങ്കിടികളും റൗഡികളുമാണെന്നു മനസ്സിലാക്കി ആളുകൾ പലരും എഴുന്നേറ്റു പോകാൻ തുടങ്ങി . അമ്പരന്നു നിന്ന ഞങ്ങളുടെ നേർക്ക്ഉണ്ണിവാര്യർ ആക്രോശിച്ചു .

നിങ്ങൾ മര്യാദക്ക് ഈ ചടങ്ങു നിർത്തിവക്കണതാണ് നല്ലത് . അല്ലെങ്കിൽ ഞങ്ങൾക്ക് അക്രമം അഴിച്ചുവിടേണ്ടി വരും .എന്തിനും തയ്യാറായ കുറെപ്പേരാണ് എന്റെ കൂടെ ഉള്ളത്. ഈ വീടിനും പന്തലിനും തീവെക്കാനും അവർ മടിക്കില്യാ . നിങ്ങൾക്ക് എന്ത് വേണമെന്ന് തീരുമാനിക്കാം . ”

അയാളുടെ വാക്കുകൾ കേട്ട് പതറി നിന്ന ശ്രീദേവിവരസ്യരോട് അയാൾ ചോദിച്ചു .

എന്താ ശ്രീദേവി . നിനക്ക് ഇന്നാട്ടിൽ ജീവിക്കണം ന്നില്ല്യേ ?. ഇവിടെ ഇതൊന്നും നടക്കുകയില്യ . മാത്രമല്ല ഞാൻ നിന്റെ ഒരു ആങ്ങളയുടെ സ്ഥാനത്തായതു കൊണ്ട് ഇതൊട്ടു അനുവദിക്കുകയുമില്ല്യ നിന്റെ മകളുടെ വിവാഹവും സ്വജാതിക്കാതിക്കാരിൽ നിന്ന് നടക്കുമെന്ന് വിചാരിക്കുണുണ്ടോ . ഞാനുൾപ്പെടെയുള്ള നമ്മുടെ ആൾക്കാർ അതിനെ എതിർക്കും .നിന്റെ മകൾ ഒരു കെട്ടാപ്പെണ്ണായി ആജീവനാന്തംകഴിയണമെന്നു നിനക്ക് നിർബന്ധം ണ്ടോ .?..”

ആ വാക്കുകൾ കേട്ട് ശ്രീദേവി വാരസ്യാർ സ്തബ്ധയായി നിന്നു . പെട്ടെന്ന് അവർ മനുവേട്ടനെ നോക്കി ഭീതിയോടെ പറഞ്ഞു

വേണ്ട മനു . നമുക്കീ ബന്ധം വേണ്ട . ഉണ്ണിമായയുടെ ഭാവിയാണ് എനിക്ക് വലുത് . അവളുടെ ജീവിതം വച്ച് കളിക്കാൻ ഞാനില്യ . നമുക്കിത് ഇവിടെ വച്ച് നിർത്താം . ”അതുകേട്ട് മനുവേട്ടൻ പറഞ്ഞു .

അമ്മ വെറുതെ വിഢിത്തം പറയാതെ . ആരുടെയെങ്കിലും ഭീഷണികൾക്ക് മുന്നിൽ വഴങ്ങിക്കൊടുക്കേണ്ട കാര്യം നമുക്കില്ല . ഞങ്ങളുടെ വിവാഹം നടന്നത് കൊണ്ട് ഇന്നാട്ടിൽ ഒന്നും സംഭവിക്കുകയില്ല. മാത്രമല്ല ഉണ്ണിമായയുടെ ഭാവിയെയും അത് ബാധിക്കുകയില്ല .”

എന്നാൽ ശ്രീദേവിവാരസ്യാർ അത് കേൾക്കാത്തമട്ടിൽ മുത്തശ്ശിയുടെ അടുത്തെത്തിപ്പറഞ്ഞു .

ഞങ്ങൾ പോകുകയാണ് ശാരദേച്ചി . എന്നോട് ക്ഷമിക്കണം ഈ വിവാഹം നടത്താൻ ഞാനൊരുക്കല്ല . എനിക്ക് വലുത് എന്റെ മകളുടെ ഭാവിയാണ് . പിന്നെ ഇതിന്റെ പേരിൽ ഇവിടെയൊരു ലഹള ഉണ്ടാക്കാനും ഞാനൊരുക്കല്ല

അവർ ഉണ്ണിമായയെയും കൊണ്ട് പുറത്തേക്കിറങ്ങിക്കഴിഞ്ഞിരുന്നു . അതുകണ്ടു ഉണ്ണിവാര്യരും കൂട്ടരും പന്തൽവിട്ടിറങ്ങി . പോകുന്നതിനു മുമ്പ് അയാൾ ശ്രീദേവിവാരസ്യാരെ നോക്കിപ്പറഞ്ഞു .

നിനക്കേതായാലും നല്ല ബുദ്ധി തോന്നിയത് നന്നായി . ഇല്ലെങ്കിൽ ഇന്നിവിടെ പലതും നടക്കുമായിരുന്നു . നിന്റെ മകനോട് മര്യാദക്കിരിക്കാൻ പറഞ്ഞേക്ക് . അല്ലെങ്കിൽ ഞങ്ങൾക്ക് ആ കൊശവനെതിരെ തിരിയേണ്ടി വരും . അവനു ആയുസ്സു കുറവാണോ ന്ന് അവന്റെ ജാതകം പരിശോധിച്ച് ഒന്ന് നോക്കുന്നതും കൊള്ളാം ”. അങ്ങിനെ പറഞ്ഞ് പടിക്കൽ നിർത്തിയിട്ടിരുന്ന വാനിൽ ക്കയറി അവർ യാത്രയായി

വാരസ്യാരുടെ മുഖം പാല് പോലെ വിവർണമായി . അവർചലനമില്ലാതെ നിൽക്കുന്ന മനുവേട്ടനെ നോക്കി പറഞ്ഞു.

മനൂ നീ വരുന്നില്ലെങ്കിൽ വേണ്ട . പക്ഷെ ഞാനും നീയും തമ്മിലുള്ള ബന്ധം ഇതോടെ തീരും ”. മകളെയും പിടിച്ചു വലിച്ചു വേഗത്തിൽ നടക്കുന്നതിനിടയിൽ അവർ പറയുന്നുണ്ടായിരുന്നു .

എന്റെ ഭഗോതിഇത്ര കുഴപ്പം പിടിച്ച കാര്യാന്നറിഞ്ഞിരുന്നെങ്കിൽ ഞാനിതിനു തുനിയില്ല്യായിരുന്നു ”.

പടിക്കൽ കാത്തു കിടന്ന ടാക്സി കാറിൽ കയറിയിരുന്നുകൊണ്ടു അവർ ഡ്രൈവറോട് വേഗം വിടുവാൻ പറഞ്ഞു . എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിച്ചതുകണ്ട്‌ സ്തബ്ധരായ അച്ഛനോടും അമ്മയോടും മുത്തശ്ശിയോടുമൊപ്പം ഞാനും നിന്നു . അനക്കമറ്റ്‌ നിന്ന ഞങ്ങളെ നോക്കി മനുവേട്ടൻ പറഞ്ഞു .

നിങ്ങൾ വിഷമിക്കേണ്ട . അമ്മയെ പറഞ്ഞു സമാധാനിപ്പിച്ച് മറ്റൊരു ദിവസം നമുക്കീ ചടങ്ങു നടത്താം . അച്ഛനില്ലാത്തതു കൊണ്ട് അമ്മയെയും , ഉണ്ണിമായയെയും തനിച്ചാക്കുവാൻ എനിക്കാവുകയില്ല . അല്ലെങ്കിൽ ഞാനീ മോതിരക്കൈമാറ്റം നടത്തിയിട്ടേ പോകുമായിരുന്നുള്ളൂ . എനിക്കൊരു ഉണ്ണിവാര്യരെയും പേടിയില്ല” .

അങ്ങിനെ പറഞ്ഞ് എന്റെ കൈ പിടിച്ചമർത്തി മനുവേട്ടൻ തിരിഞ്ഞു നടന്നു. എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. പൊട്ടിക്കരഞ്ഞു കൊണ്ട് അവിടെ നിന്നും ഓടിപ്പോയി, എന്റെ മുറിയിലെത്തി കട്ടിലിൽ വീണു കിടന്നു . രഞ്ചു എന്നെ സമാധാനിപ്പിച്ചു കൊണ്ട് അരികിലിരുന്നു . അതിനടുത്ത ഏതാനും ദിനരാത്രങ്ങൾ അന്നപാനാദികളില്ലാതെ ഒരു തുരുത്തിലെന്നപോലെ കഴിഞ്ഞു . തറവാട്ടിൽ ആർക്കും മുഖം കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇടക്ക് മുത്തശ്ശി വന്നു സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും ഞാൻ എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ പൊട്ടിക്കരഞ്ഞു .

അച്ഛനുമമ്മയും പരസ്പരം പഴിചാരിക്കൊണ്ടിരുന്നതായി രഞ്ജുവിൽ നിന്നും അറിഞ്ഞു . അച്ഛൻ സാരോപദേശവുമായി എത്തി . താൻഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു . ഒടുവിൽ അച്ഛൻ പറഞ്ഞു .

ഇതിന്റെ പേരിൽ ദുഖിതയായിനീ നിന്റെ ഭാവി നശിപ്പിക്കരുത് . നിനക്ക് മുന്നിൽ നല്ലൊരു ലക്ഷ്യമുണ്ട് . അത് നിറവേറ്റാനാണ് നീ ഇപ്പോൾ ശ്രമിക്കേണ്ടത് . അല്ലാതെ മനുവുമായുള്ള നിന്റെ വിവാഹമാകരുത് നിന്റെ ലക്‌ഷ്യം .നിനക്ക് ഭാഗ്യമുണ്ടെങ്കിൽ അത് എപ്പോൾ വേണമെങ്കിലും നടക്കാം . പക്ഷെ ഐ എ എസ് അങ്ങിനെയല്ലഅച്ഛന്റെ വാക്കുകൾ തന്നിൽ മനസാന്തരമുണ്ടാക്കി . കൂടാതെ മനുവേട്ടനും ഇടക്ക് വിളിച്ചപ്പോൾ അതുതന്നെ പറഞ്ഞു . അതോടെകടുത്ത ദുഃഖത്തിൽ നിന്നുംതാൻ മോചനം തേടി .

കല്യാണനിശ്ചയത്തിന് വന്നുചേർന്ന എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ആ വീട്ടിൽ പതിവില്ലാത്ത ഒരു ശൂന്യത പരന്നു അതുവരെ തങ്ങി നിന്ന ആഘോഷത്തിന്റെ അന്തരീക്ഷത്തിനു മേൽ ആരോ കറുത്ത മൂടുപടം വലിച്ചിട്ടതുപോലെ .ആകാശത്തും മേഘങ്ങൾഇരമ്പി നടന്നു . അല്പം കഴിഞ്ഞപ്പോൾ മഴ തകർത്തു പെയ്തു തുടങ്ങി . എന്റെ മനസ്സിലും ദുഃഖം ഘനീഭവിച്ചു നിന്നു . എങ്കിലും ഞാൻ മറ്റെല്ലാം വിസ്മരിച്ചു പഠനത്തിൽ മുഴുകാൻ ശ്രമിച്ചു . എന്നാൽഎത്ര ശ്രമിച്ചിട്ടും ഹൃദയത്തിൽ വന്നു നിറഞ്ഞ ദുഃഖ ചിന്തകൾ , തന്നെ പഠനത്തിൽ നിന്നുമകറ്റി . മുത്തശ്ശനെ കാണണമെന്നും ഒന്ന് പൊട്ടിക്കരയണമെന്നും തോന്നി . തലേന്ന് തീരെ വയ്യാതിരുന്നത് കാരണം മുത്തശ്ശനെ മുറിയിൽ നിന്ന് പുറത്തിറക്കിയിരുന്നില്ല . അതുകൊണ്ടുതന്നെ നിശ്ചയം മുടങ്ങിയ കാര്യമൊന്നും മുത്തശ്ശനറിഞ്ഞിട്ടില്ല മുത്തശ്ശന്റെ മുറിയിലേക്ക് ചെന്ന് ആ മാറിൽ വീണു പൊട്ടി കരഞ്ഞപ്പോൾ മുത്തശ്ശൻ അമ്പരപ്പോടെ ചോദിച്ചു .

എന്താ പറ്റിയത്‌ എന്റെ അമ്മൂന് ?.എന്തുണ്ടെങ്കിലും കുട്ടിക്ക് മുത്തശ്ശനോട് പറയാലോ. മുത്തശ്ശന് ആവുന്നതാണെങ്കിൽ പരിഹരിച്ചു തരാം

അലിവാർന്ന ആ വാക്കുകൾ ഹൃദയത്തിലെ മുറിവുണക്കുന്ന ലേപനമായി .തേങ്ങലടക്കി പറഞ്ഞു .

ആദ്യം ഞാനല്പം കരഞ്ഞോട്ടെ മുത്തശ്ശാ . മനസ്സിലെ ഭാരം ഞാനൊന്നു ഇറക്കിവച്ചോട്ടെ

എന്നാൽ എന്റെ കുട്ടി അല്പം കരഞ്ഞോളൂ . കരച്ചിൽകൊണ്ട് ആശ്വാസം കിട്ടുമെങ്കിൽ അതാ നല്ലത്.എങ്കിലും എന്താ സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാകണില്ല . ഇന്നലെ നിശ്ചയൊക്കെ ഭംഗിയായി നടന്നൂന്നാണല്ലോ ഞാനറിഞ്ഞത്. ഇനി കല്യാണം കഴിഞ്ഞ് ഇവിടന്ന് പോകുന്ന കാര്യം ഓർത്തിട്ടാണോ എന്റെ കുട്ടി കരയുന്നത് ” . മുത്തശ്ശൻ ജിജ്ഞാസയോടെ ചോദിച്ചു . ആരും മുത്തശ്ശനെ ഒന്നുമറിയിച്ചിട്ടില്ലെന്നു മനസ്സിലായപ്പോൾ ജാള്യത തോന്നി. വേണ്ടാ.. താനായിട്ട് മുത്തശ്ശനെ എല്ലാമറിയിക്കരുത് . മുത്തശ്ശനറിഞ്ഞാൽ സഹിക്കാൻ ആ മനസ്സിനാവുകയില്ല .അതോർത്തുകള്ളം പറഞ്ഞു

ഞാൻ ..ഞാൻ കല്യാണം കഴിഞ്ഞാലിവിടന്ന് പോകുന്ന കാര്യമോർത്തു സങ്കടപ്പെട്ടതാ മുത്തശ്ശാ ..”

പക്ഷെ തൻറെ മുഖത്തു വിരിഞ്ഞ കള്ളം മുത്തശ്ശൻ കണ്ടുപിടിച്ചു

. ”അതല്ല എന്റെ കുട്ടി സങ്കടപ്പെടാൻ മറ്റെന്തോ കാരണമുണ്ട് . അമ്മു പേടിക്കേണ്ട. മറ്റുള്ളവർ വിചാരിക്കുമ്പോലെ അല്ല . മുത്തശ്ശനിപ്പോഴും നല്ല മനക്കരുത്തുണ്ട് . അതുകൊണ്ടു പേടിക്കാതെ പറഞ്ഞോളൂ

തലേന്നത്തെകാര്യങ്ങൾ എല്ലാം മുത്തശ്ശനോട് വിസ്തരിച്ചു പറഞ്ഞു . എല്ലാം കേട്ട് മുത്തശ്ശൻ പറഞ്ഞു . ”ഇത്രയൊക്കെ നടക്കൂന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല . ശാരദ ചിലതൊക്കെ സൂചിപ്പിച്ചപ്പളും ആ മിത്രനും ഉണ്ണിവാര്യരും ഇത്രയൊക്കെ ഒപ്പിക്കുമെന്നു ഞാൻ കരുതിയില്ല . ഇന്നാട്ടിലെ മൃഗങ്ങളാണ് അവര് രണ്ടുപേരും . അവര് മരിക്കാതെ ഈ നാട് നന്നാവൂല്ല . ങാ.. ഭഗവാൻ അവർക്കുള്ളതു കണ്ടു വച്ചിട്ടുണ്ടാകും . ഏതായാലും അമ്മു വിഷമിക്കേണ്ട . കുട്ടി കണ്ടെത്തിയിരിക്കുന്നത് ശരിയായ ആളെത്തന്നെയാ . പക്ഷെ ആ ആളെ കിട്ടണമെങ്കിൽ ഇത്രയൊന്നും തന്റേടം പോരാ. നിങ്ങളുടെ വിവാഹത്തിന് പല എതിർപ്പുകളും ഉണ്ടാകും. അതിനെയൊക്കെ നേരിടണം . ശ്രീദേവി പഴയ ആളാ ..അവൾക്കിതൊന്നും പെട്ടെന്ന് സ്വീകരിക്കാൻ പറ്റിയെന്നു വരില്ല .സാരല്യ . എല്ലാം ശരിയാകുമെന്ന് മുത്തശ്ശന്റെ പഴമനസ് പറയുന്നു. മോള് സമാധാനമായിട്ടിരുന്നോളൂ . ”

You can share this post!