കാർത്തിക വല്യമ്മ ഞങ്ങൾക്ക് ചോറും കറികളും വിളമ്പി .
”അപ്പോൾ താങ്കളാണല്ലേ ആ ധീരനായ രാഷ്ട്രീയ നേതാവ് . ..പ്രിയ എപ്പോഴും പറയാറുണ്ട് …”-
അതുകേട്ട് വിനു അല്പം ചൂളി എന്ന് തോന്നി . ”ഓ നമ്മൾ രാഷ്ട്രീയമൊക്കെ എന്നെ വിട്ടു . അന്നത്തെ ആ സംഭവത്തോടെ ഞാൻ എല്ലാം ഉപേക്ഷിച്ചു .ഇപ്പോൾ പഠിത്തത്തിൽ മാത്രമാണ് ശ്രദ്ധ….”
”ങാ അത് നന്നായി അല്ലെങ്കിൽ ഞങ്ങൾക്കെല്ലാവർക്കും അതൊരു തലവേദന ആയേനെ . ”
ഞാനും , രെഞ്ചുവും , കാർത്തിക വല്യമ്മയും ഒക്കെ അത് കേട്ട് ചിരിച്ചു . വീണ്ടും വിനുവിന്റെ വക നർമ സംഭാഷണങ്ങൾ ഒഴുകിയെത്തി അന്തരീക്ഷത്തെ കുളിർപ്പിച്ചു . അല്പം ചൂട് പിടിച്ചു നിന്നിരുന്ന എന്റെ മനസ്സും അതോടെ ശാന്തമായി . താൻ വേഗം ഊണ് കഴിച്ചു എഴുന്നേറ്റ് കാർത്തിക വല്യമ്മക്കും വിളമ്പിക്കൊടുത്തു . ഊണ് കഴിഞ്ഞശേഷം എല്ലാവരും വീണ്ടും നടുത്തളത്തിലേക്കു ചെന്നു . അവിടെ അപ്പോഴും തൻറെ വിവാഹക്കാര്യമാണ് ചർച്ച ചെയ്തു കൊണ്ടിരുന്നത്. .അടുത്ത ബന്ധുക്കളും ചാർച്ചക്കാരുമായ ചിലർ അപ്പോഴവിടെ ഉണ്ടായിരുന്നു. ..അവർ തന്റെ വിവാഹ കാര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ അമ്മ മറുപടി പറയുകയായിരുന്നു .
”പ്രിയക്കിപ്പോൾവയസ്സു ഇരുപത്തഞ്ചായിരിക്കുണു . ഇനിയും താമസിക്കാതെ ഒരു വിവാഹം ഉടനെ നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം ”.’അമ്മ അവിടെ കൂടിയിരുന്നവരോടായി പറഞ്ഞു .
”അത് വേഗം നടത്തിക്കോളൂ . ഇനിയും താമസിക്കുന്നത് നന്നല്ല . പെണ്കുട്ടിയോള് ഇരുപത്തഞ്ചിന് മുന്നേ വിവാഹം കഴിക്കുന്നതാണ് എന്തു കൊണ്ടും നല്ലത് ”ബന്ധുക്കളിൽ ചിലർ അമ്മയെ പിന്താങ്ങി .
”ഇന്നിവിടെ വന്ന അകന്ന ബന്ധത്തിലുള്ള ചിലർ അല്പം മുമ്പ് ഒന്നുരണ്ടു വിവാഹാലോചനകൾ കൊണ്ടുവരികയുണ്ടായി . ഒരാളിന്റെ മകൻ ഒരു എൻജിനീയറും മറ്റെയാളിന്റേത് ഡോക്ടറുമാണ് . രണ്ടു പേരും ആൺമക്കളുടെ ജാതകങ്ങൾ എന്നെ ഏൽപ്പിക്കുകയുണ്ടായി .അവ രണ്ടും പ്രിയയുടേതുമായി ചേരുമോന്നറിയാൻ ഒരു ജ്യോൽസ്യനെക്കാണണമല്ലോ അമ്മെ .അവർ നോക്കിയിട്ട് നല്ല ചേർച്ചയുണ്ടത്രേ ”
അമ്മ മുത്തശിയെ നോക്കി ചോദിച്ചു .
”ആരാണ് നമ്മുടെ തങ്കമണിയും ഭാനുമതിയും ആണോ .ഏതാനും ദിവസം മുമ്പ് അവർ പ്രിയയുടെ ജനനസമയവും നാളും എന്നോട് ചോദിച്ചിട്ടു ഞാൻ കൊടുത്തിരുന്നു . അവരായിരിക്കും അല്ലെ . ”
”അതെ അമ്മെ . അല്പം മുമ്പ് അവരാണ് എന്നെ വിളിച്ചു സംസാരിച്ചത് . മക്കളുടെ ജാതകവും എനിക്ക് തന്നു . അവർക്കു രണ്ടുപേർക്കും പ്രിയയുടെ കാര്യത്തിൽ നല്ല താല്പര്യംണ്ട് .”
”എങ്കിൽ നമ്മുടെ കൃഷ്ണക്കണിയാനെക്കൊണ്ട് വേഗം നോക്കിച്ചോളൂ . ചിലപ്പോ ഇതായിരിക്കും അവളുടെ സമയം . ” . അമ്മയും മുത്തശ്ശിയും പറഞ്ഞത് കേട്ട് തൻറെ ഉടൽ അറിയാതെ വിറകൊണ്ടു . .ശ്രീദേവിവാരസ്യാരുടെ മുഖം എന്തുകൊണ്ടോ അപ്പോൾ വിവർണമായി . അല്പം ഇഷ്ടക്കേടുണ്ടായിരുന്നുവെങ്കിലും
മനുവേട്ടനും അപകടം മണത്തു . തനിക്കു പ്രിയയെ നഷ്ടമാകുവാൻ പോവുകയാണെന്ന് ആ മനസ്സ് പറഞ്ഞു . തനിക്കു പറയാനുള്ളത് ഇപ്പോൾ ഇവിടെ വച്ചു പറയണമെന്ന് മനുവേട്ടന് തോന്നി . അദ്ദേഹം പെട്ടെന്ന് മുന്നോട്ട് നീങ്ങി നിന്നു കൊണ്ട് പറഞ്ഞു .
.” എല്ലാപേരും എന്നോട് ക്ഷമിക്കണം .ഞാൻ പറയുന്നത് അവിവേകമാണോ എന്ന് എനിക്കറിയില്ല . എങ്കിലും എനിക്കുപറയാതിരിക്കാനാവില്ല . . കാരണം പ്രിയയെ എനിക്കിഷ്ടമാണ് . പ്രിയക്ക് എന്നെയും . അവളെ എനിക്ക് വിവാഹം ചെയ്തു തരുമെങ്കിൽ അത് ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവുംസന്തോഷമുള്ള കാര്യമായിരിക്കും. ”
മനുവേട്ടൻ അത്രയും പറഞ്ഞു എല്ലാവരെയും നോക്കി . അതുവരെ ശബ്ദ കോലാഹലങ്ങൾനിറഞ്ഞ ആ സദസ്സ് പെട്ടെന്ന് നിശബ്ദമായി . എന്തോ അവിശ്വസവനീയമായതു കേട്ടതുപോലെ എല്ലാവരും അനക്കമറ്റ് നിന്നു . ആരും ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ മനുവേട്ടൻ വീണ്ടും പറഞ്ഞു .
”എല്ലാവരുടെയുംസമ്മതത്തോടെ വിവാഹം ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം . പക്ഷെ ഇപ്പോൾ ഇവിടെ എല്ലാവരും മിണ്ടാതിരിക്കുന്നത് കാണുമ്പോൾ എനിക്കെന്തോ അയോഗ്യത ഉണ്ടെന്നു തോന്നിപോകുന്നു . ”
പെട്ടെന്ന് മാധവൻ എന്തോ ഓർത്തു മുൻപോട്ട് വന്നിട്ട് പറഞ്ഞു .
”മനീഷ് പറഞ്ഞത് കേട്ട് അത്ഭുതം തോന്നിയിട്ടാണ് ഞാൻ മിണ്ടാതിരുന്നത് . പ്രിയക്ക് മറ്റാരെയുംകാൾ യോഗ്യനായ പയ്യൻ മനീഷായിരിക്കും . പക്ഷെ നിങ്ങളുടെ ആൾക്കാർ അതിനു സമ്മതിക്കുമോ എന്നാണു ഞങ്ങൾക്കറിയേണ്ടത് . മാത്രമല്ല ഈ നാട്ടുകാർ പലരും ഈ ബന്ധത്തെ എതിർത്തുവെന്നു വരും . പോരാത്തതിന് ശ്രീദേവി വാരസ്യാരുടെ അഭിപ്രായവും ഇക്കാര്യത്തിൽ അറിയേണ്ടതുണ്ട്” .
മാധവൻ പറഞ്ഞതുകേട്ട് എല്ലാവരുടെയും ശ്രദ്ധ ശ്രീദേവിവാരസ്യാരിലായി. വാരസ്യാർ എഴുന്നേറ്റു നിന്നു തന്റെ അഭിപ്രായം വെളിപ്പെടുത്തി .
” ഞാൻ ഒരു സത്യം വെളിപ്പെടുത്തുകയാണ് . ഇന്നിപ്പോൾ ഇവിടെ ഞാൻ വന്നതുതന്നെ മനുവിന്റെ ആവശ്യപ്രകാരം പ്രിയയെ പെണ്ണ് ചോദിക്കാനാണ് . ഇവർ തമ്മിലുള്ള വിവാഹം നടന്നാലുള്ള ഭവിഷ്യത്തുകളെപ്പറ്റി ഞാൻ മനുവിനെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി . എന്നാലവൻ പ്രിയയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് . അക്കാര്യത്തിൽ എനിക്ക് ചില എതിർപ്പുകൾ ഉണ്ടായിരുന്നു എന്ന് പറയാതിരിക്കാനാവില്ല . കാരണം എനിക്കും ഒരു പെണ്കുട്ടിയുണ്ട് . അവളുടെ വിവാഹത്തിന് ഈ വിവാഹം എന്തെങ്കിലും തടസ്സം ഉണ്ടാക്കുമോ എന്ന ഭയം എനിക്കുണ്ട് . എന്റെ വീട്ടുകാരും കാര്യമായ എതിർപ്പിലാണ് . പക്ഷെ പ്രിയയെ എനിക്കിഷ്ടപ്പെട്ടു . പിന്നെ ഈ വീടുമായുള്ള വളരെക്കാലമായുള്ള ബന്ധം . അതുകൊണ്ടുതന്നെ നമ്മൾ വ്യത്യസ്ത ജാതിക്കാരാണെങ്കിലും ഞാൻ ഈ വിവാഹം നടത്താൻ തയ്യാറാണ് . എന്നാണ് നിങ്ങൾക്കു സൗകര്യമെന്നു വച്ചാൽ ഒരു തീയതി നിശ്ചയിച്ചോളൂ . നമുക്ക് നിശ്ചയം നടത്താം ”.
വാരസ്യാരുടെ വാക്കുകൾ ഒരു വലിയ പ്രതിസന്ധി ഒഴിവാക്കി . എല്ലാവരും ആശ്വാസ നിശ്വാസങ്ങളുതിർത്തു . അമ്മ മാത്രം അൽ പം മുഖം വീർപ്പിച്ചു . അതിന്റ കാരണം മനസ്സിലാക്കി മനുവേട്ടൻ പറഞ്ഞു
.”ഞാൻ സെന്റ് മൈക്കിൾസിലെ ഇന്റർവ്യൂ കഴിഞ്ഞു ഇരിക്കുകയാണ് . ഉടനെ തന്നെ പോസ്റ്റിങ്ങ് ആകും . ”
അതോടെ അമ്മയുടെ എതിർപ്പും അവസാനിച്ചു . അടുത്തു തന്നെ നിശ്ചയത്തിനുള്ള തീയതി അറിയിക്കാമെന്ന് പറഞ്ഞു അച്ഛൻ അവരെ യാത്രയാക്കി .
സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു കൊണ്ട് ദിവസ്സങ്ങൾ പറന്നകന്നു . ദുബായിലേക്ക് മടങ്ങിപ്പോകും മുമ്പ് നിശ്ചയം നടത്താനുള്ള ഒരുക്കങ്ങൾ അച്ഛൻ തുടങ്ങി . ജ്യോത്സനെക്കണ്ടു തീയതി കുറിച്ചു .തന്റെ മനസ്സിൽ ആകാംക്ഷയും ആഹ്ലാദവും ഒരുപോലെ തുടി കൊട്ടി . മനുവേട്ടന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല . ഇടിവെട്ടും മിന്നലുമായി ആകാശത്തു ഒരുക്കൂട്ടി നിന്ന ഒരു വലിയ കാർമേഘം ഒഴിഞ്ഞു പോയതുപോലെ ഞങ്ങൾ ആനന്ദിച്ചു . ഇത്ര പെട്ടെന്ന് കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമാകുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല . നിശ്ചയം തറവാട്ടിൽ വച്ചുതന്നെ നടത്താൻ തീരുമാനമായി . കാരണം മുത്തശ്ശനും കൂടി ചടങ്ങുകൾ കാണുവാനുള്ള സൗകര്യത്തിനു വേണ്ടിയായിരുന്നു അത് . നാട്ടിൽ ഞങ്ങളോടടുപ്പമുള്ള ചിലരെയും ക്ഷണിച്ചു . കൂടാതെ എന്റെ റൂമിലുള്ള സുഹൃത്തുക്കളെയും . അഞ്ജലിയും റിൻസിയും മറ്റും താനൊരു കള്ളിയാണെന്നു പറഞ്ഞു കളിയാക്കി . കാരണം ഇങ്ങനെ ഒരു സ്നേഹബന്ധം ഉള്ള കാര്യം താൻ അവരിൽ നിന്നൊക്കെ ഒളിച്ചു വച്ചത്രേ . ആരതി തൻറെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ചടങ്ങാണിതെന്നു പറഞ്ഞ് ആ ദിനങ്ങൾക്കായി കാത്തിരുന്നു .
ഒടുവിൽ ആ ദിനവും വന്നെത്തി . മുത്തശ്ശിയുടെ നിർദേശ പ്രകാരം അതിരാവിലെ കുളിച്ചൊരുങ്ങി ഞാൻ അമ്പലത്തിലേക്കു പുറപ്പെട്ടു .രെഞ്ചുവും എന്റെ കൂടെ അമ്പലത്തിലേക്ക് വന്നു . അമ്മയ്ക്കും വരണമെന്നുണ്ടായിരുന്നുവെങ്കിലും രാവിലെ തന്നെ എത്തിത്തുടങ്ങിയ ആൾക്കാരെ സ്വീകരിക്കേണ്ടിയിരുന്നതിനാൽ അത് വേണ്ടെന്നുവച്ചു . ഞങ്ങൾ അമ്പലത്തിലെത്തി തൊഴുതു നിൽക്കുമ്പോൾ നാട്ടുകാരിൽ ചിലർ അഭിനന്ദനങ്ങളുമായി എത്തി . അവർ തനിക്കു എല്ലാ ഭാവുകങ്ങളും നേർന്നു . ഏറെക്കാലം കൂടിയാണ് ഇങ്ങനെ വ്യത്യസ്ത ജാതിയിൽപ്പെട്ട രണ്ടുപേർ തമ്മിലുള്ള വിവാഹം ആ നാട്ടിൽ നടക്കുന്നതെന്നു അവർ പറഞ്ഞു . കാരണം ആരെങ്കിലും അതിനു തുനിയുമ്പോൾ തന്നെ മിത്രനും കൂട്ടരും അത് മുടക്കാറാണ് പതിവ്. ഇത്തവണ അങ്ങിനെയൊന്നും ഉണ്ടാകാതിരിക്കട്ടെ എന്നവർ ആശംസിച്ചു . പെട്ടെന്ന് മിത്രനും ഉണ്ണിവാര്യരും ഊട്ടുപുരയുടെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു .
”ഹും ..കലികാലത്തിൽ പലതും നടക്കുമെന്ന് പണ്ട് കാരണവന്മാർ പറഞ്ഞിട്ടുണ്ട് . അതിപ്പോൾ സംഭവ്യമായിരിക്കുന്നു . ഉം .നടക്കട്ടെ …നടക്കട്ടെ ..എവിടം വരെ എത്തുമെന്ന് നമുക്ക് നോക്കാം …”.
അതിൽ ഒരു ഭീഷണിയുടെ സ്വരം തങ്ങി നിൽക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു . ഭയത്തോടെ രെഞ്ചുവിനെ താൻ നോക്കി . എന്നാൽ രെഞ്ചു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .
”അവർ വിചാരിച്ചാൽ ഇന്നത്തെക്കാലത്തു ഒന്നും നടക്കുകയില്ല ചേച്ചി . ചേച്ചി ഒന്നും ഓർത്തു വിഷമിക്കേണ്ട . വീട്ടിൽ ആരോടും ഇതിപ്പോൾ പറയുകയും വേണ്ട ”
രെഞ്ചുവിന്റെ വാക്കുകൾ ധൈര്യം പകർന്നുവെങ്കിലും തന്റെ മനസ്സിൽ ചില അശുഭ ചിന്തകൾ ഉടലെടുത്തു . വീട്ടിലെത്തി രെഞ്ചുവിന്റെ നിർദേശപ്രകാരം ഒന്നും ആരോടും പറയാതെ കഴിച്ചു കൂട്ടുമ്പോഴും മനസ് എന്തിനെന്നറിയാതെ കിടിലം കൊണ്ടു . ഒടുവിൽ മനുവേട്ടനോട് എല്ലാം പറഞ്ഞു . മനുവേട്ടൻ തന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു .
”മിത്രൻ വിചാരിച്ചാൽ ഒന്നും നടക്കുകയില്ല . താൻ അതോർത്തു വിഷമിക്കേണ്ട . അഥവാ അയാൾ ഇത് മുടക്കാൻ ശ്രമിച്ചാൽ ഞാൻ വിചാരിച്ചാലും കുറച്ചു ചെറുപ്പക്കാരെയൊക്കെ സംഘടിപ്പിക്കാൻ പറ്റും” മനുവേട്ടൻ തന്നെആശ്വസിപ്പിച്ചു . അതോടെ ആശങ്കകളകന്ന് താൻ സന്തോഷവതിയായി . കൃത്യ സമയത്തു തന്നെ മനുവേട്ടനും അമ്മയും ഉണ്ണിമായയും എത്തിച്ചേർന്നു . രഞ്ജുവും അമ്മയും ഗിരിജചിറ്റയും എല്ലാം ചേർന്ന് തന്നെ അണിയിച്ചൊരുക്കി . അണിഞ്ഞൊരുങ്ങി എത്തിയ തന്നെക്കണ്ടു മനുവേട്ടൻ പറഞ്ഞു .”ഒരു ദേവ വധുവിനെപ്പോലുണ്ട് ”
എല്ലാപേരുടെയും കാൽ തൊട്ടു വന്ദിച്ച് താൻ അനുഗ്രഹം വാങ്ങി . മുത്തശ്ശന്റെ അടുത്തെത്തിയപ്പോൾ വിങ്ങിപ്പൊട്ടിക്കൊണ്ടു മുത്തശ്ശൻ പറഞ്ഞു .
”അമ്മുക്കുട്ടിയുടെ ഈ മംഗളകർമം കാണാൻ യോഗമുണ്ടാകുമെന്നു കരുതി . പക്ഷെ ഇപ്രാവശ്യം അതിനു കഴിയുമെന്ന് തോന്നണില്ല. തീരെ വയ്യാണ്ടായി കുട്ടീ .ഇനി അധികകാലം ഈ മുത്തശ്ശൻ ഉണ്ടാവുമെന്ന് തോന്നണില്ലാ ” ”
”’മുത്തശ്ശൻ എന്റെയും രെഞ്ചുവിന്റെയും വിനുവിന്റെയും കുഞ്ഞുങ്ങളെക്കൂടി കണ്ടിട്ടേ മരിക്കുകയുള്ളു . ”താൻ കണ്ണീർ പൊഴിച്ച് കൊണ്ട് പറഞ്ഞു . .