ഋതുസംക്രമം-29


               

മുത്തശ്ശന്റെ മുറിയിലേക്ക് നടക്കുന്നതിനിടയിൽ അമ്മ മുത്തശ്ശന്റെ ആരോഗ്യകാര്യത്തെക്കുറിച്ചന്വേഷിച്ചു

ഓ വല്യ കുറവൊന്നുമില്യ കുട്ടി . എല്ലാം അല്പം കൂടീട്ടൊങ്കിലേ ഉള്ളൂ . ഇപ്പോ ശ്വാസം മുട്ടും കൂടീണ്ട് .പിന്നെ അച്ഛന് പണ്ടേ ഉള്ള മനക്കരുത്തുണ്ടല്ലോ അതിപ്പഴും ഉണ്ട് .അതുകൊണ്ടിങ്ങനെയൊക്കെ അങ്ങുപോകുന്നു.. ങ്ങ അത് പോട്ടെ . ദേവികേടെ ആരോഗ്യൊക്കെ ഇപ്പൊ എങ്ങനേണ്ട്” .

അമ്മക്ക് എന്നെകണ്ടിട്ടിപ്പോൾ എന്ത് തോന്നുന്നു ”.

. ”ദേവികെ ഇപ്പൊ കണ്ടിട്ട് തീരെ വയ്യാണ്ട് കിടപ്പിലായ ആളാണെന്നൊന്നും തോന്നണില്യ . മാത്രല്ല പണ്ടത്തേക്കാൾ ആരോഗ്യവുംഉത്സാഹവും തോന്നണുണ്ട്” ”മുത്തശ്ശി അല്പം അതിശയോക്തി കലർത്തി പറഞ്ഞു .

എല്ലാം ഈശ്വര കാരുണ്യം അമ്മെ ..അല്ലെങ്കിൽ ഞാനിങ്ങനെ എഴുന്നേറ്റു നടക്കുമായിരുന്നില്ല . അതുപോലൊരു ആക്‌സിഡന്റ് ആയിരുന്നു അത് . പിന്നെ എല്ലാം മാധവേട്ടന്റെയും മക്കളുടെയും പ്രാർത്ഥനയുടെയും , ശുശ്രൂഷയുടെയും ഫലം .” വർത്തമാനത്തിനിടയിൽ എല്ലാവരും മുത്തശ്ശന്റെ മുറിയുടെ അടുത്തെത്തിക്കഴിഞ്ഞിരുന്നു . മുത്തശ്ശനെ കുഴമ്പു തേച്ചു പിടിപ്പിക്കുകയായിരുന്ന അയ്യപ്പൻ ഞങ്ങളെ എല്ലാവരെയും കണ്ടു ആശ്ചര്യചിഹ്നം പുറപ്പെടുവിച്ചു

അല്ല ആരൊക്കെയാ ഇത് എല്ലാരുമുണ്ടല്ലോ ..”അങ്ങിനെ പറഞ്ഞു കൊണ്ട് അയാൾ വിനയപൂർവം ഒതുങ്ങി നിന്നു . .കണ്ണിന്റെ കാഴ്ചക്കുറവുമൂലം മുത്തശ്ശന് ഞങ്ങളെ മനസ്സിലാകാതിരുന്നപ്പോൾ അയ്യപ്പൻ പറഞ്ഞു . ”അല്ല മക്കളൊക്കെ അച്ഛനെ കാണാൻ വന്നിരിക്കയല്ലേ. …ഇളയ മകനും, ഭാര്യയും, മക്കളും എല്ലാരും ഉണ്ട് . അത് കേട്ട് മുത്തശ്ശന്റെ മങ്ങിയ കണ്ണുകളിൽ പ്രകാശം കതിരിട്ടു . ചുളുങ്ങിയ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തിയുയരുന്നതു എല്ലാവരും കണ്ടു .

അച്ഛനെങ്ങനെയുണ്ട് എന്ന മാധവ െൻറ ചോദ്യം ആ വൃദ്ധ നയനങ്ങളെ വിഷാദ കലുഷിതമാക്കി .

എന്ത് പറയാനാ കുട്ടി എല്ലാം ഒരു യോഗം . ഈ കിടപ്പു മതിയായി . ഇനി അങ്ങ്‌ട്‌ വിളിച്ചാൽ മതിയായിരുന്നു …”അച്ഛന്റ്റെ ഏവാക്കുകൾ മാധവനെയും ദുഖിതനാക്കി

”.എന്റെ അച്ഛൻ തന്നെയാണോ ഇപ്പറയുന്നത് എന്തുവന്നാലും കുലുങ്ങാത്ത ആളായിരുന്നല്ലോ അച്ഛൻ .”

ശരിയാണ് കുട്ടി . ഇപ്പോ പണ്ടത്തെ ധൈര്യോക്കെ കുറഞ്ഞു തുടങ്ങി. ആട്ടെ എല്ലാരും ഇങ്ങട്ട് അടുത്തു വരൂ.. ഞാൻ ശരിക്കൊന്നു കാണട്ടെ.

അടുത്തേക്ക് നീങ്ങിനിന്ന് മുത്തശ്ശന് ഞങ്ങളെയൊക്കെ മനസ്സിലായോ എന്ന രഞ്ജുവിന്റെ ചോദ്യം മുത്തശ്ശനെ തെല്ലു അരിശം പിടിപ്പിക്കാതെയിരുന്നില്ല . ”അല്ല രണ്ഞു മോളല്ലേ ഇത്. നീയിപ്പോഴും പണ്ടത്തെ മാതിരി വായാടിക്കോത തന്നെയാണല്ലേ.. നീ എന്നോട് ചോദിച്ച ചോദ്യം കൊള്ളാല്ലോ . എനിക്കെന്റെ മക്കളെ കണ്ടാൽ മനസ്സിലാക്കാനെന്താ പ്രയാസം. നിങ്ങളെല്ലാം ഈ വയസ്സന്റെ മനസ്സിൽ തന്നെയുണ്ട് കുഞ്ഞേ കണ്ണിന്റെ കാഴ്ച ഒട്ടുമില്ലാതെയായാലും എനിക്ക് നിങ്ങളെയൊക്കെ കാണാൻ കഴിയും അതിനു ഈവയസ്സനാരുടെയുംസഹായം വേണ്ട . ”

വികാര വിക്ഷോഭത്താൽ മുത്തശ്ശ െൻറ ശബ്ദം വല്ലതെ വിറകൊള്ളുന്നതു പോലെ തോന്നി .രണ്ഞു അബദ്ധം പറ്റിയത്.പോലെ ഇളിഭ്യയായി നിന്നു . അതുകണ്ടു താൻ അടുത്തു ചെന്ന് പറഞ്ഞു .

മുത്തശ്ശനെ വേദനിപ്പിക്കണമെന്നു കരുതിയില്ല അവളങ്ങിനെ പറഞ്ഞത് . മുത്തശ്ശന് ഞങ്ങളോടൊക്കെയുള്ള സ്നേഹം ഞങ്ങൾക്കെല്ലാവർക്കും അറിയുന്നതല്ലേ .അതുപോട്ടെ . ഈഓണത്തിനു നമുക്കെല്ലാവർക്കും കൂടി അടിച്ചു പൊളിക്കണ്ടേ മുത്തശ്ശാ അതിനാണിവർ വന്നിരിക്കുന്നത്

.”പറഞ്ഞതുപോലെ ഓണം വന്നതൊന്നും ഞാനറിഞ്ഞില്ലല്ലോ മോളെ .

ഈ ഇരുട്ടു മുറിയിലിപ്പോൾ കാലം മാറണതൊന്നും ഞാനറിയണില്ല. ”

മുത്തശ്ശ െൻറ ഈസംസാരം എല്ലാവരെയും വേദനയിലാഴ്ത്തി . താൻ എല്ലാവരുടെയും വിഷാദം അകറ്റാനായി പറഞ്ഞു . ഇത്തവണ ഓണത്തിന് നമ്മൾബന്ധുക്കളും സുഹൃത്തുക്കളും എല്ലാപേരും ഒന്നിച്ചു കൂടുന്നു . അത്തപ്പൂവിടലും സദ്യയൊരുക്കലും ഊഞ്ഞാലാട്ടവുമെല്ലാമായി അങ്ങിനെ കേമായിട്ട് ഓരോണാഘോഷം .. എന്ത് പറയുന്നു മുത്തശ്ശാ .’

അതുശരിയാ എത്രകാലമായി അങ്ങിനെയൊരു ഓണം കണ്ടിട്ട് . നിങ്ങളെല്ലാം ഇവിടെന്നു പോയതില്പിന്നെ ഞങ്ങൾക്കും ഓണം ഇല്ലാണ്ടായി

മുത്തശ്ശന്റെ അടുത്തിരുന്നു മുത്തശ്ശി വിഷാദമഗ്നയായി പറഞ്ഞു . ”അതിനെന്താ .ഇത്തവണ പ്രിയേച്ചിയുടെ ജന്മദിനവും മുത്തശ്ശന്റെ നവതിയും നമുക്കു കേമായിട്ട് ആഘോഷിക്കണം

രണ്ഞു പറഞ്ഞത് കേട്ട് മുത്തശ്ശൻ പറഞ്ഞു .

എന്റെ നവതിയോ . എനിക്കത്ര വയസ്സൊന്നും ആയിട്ടില്ല മക്കളെ . ഞാനിപ്പഴും ചെറുപ്പമാണെന്നു അറിഞ്ഞു കൂടെ. ”

അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. അങ്ങിനെ കളിചിരികളും വർത്തമാനങ്ങളുമായി ഒരിക്കൽക്കൂടി ആനന്ദമഗ്നമായ ഒരു പൂക്കാലം ഞങ്ങളുടെ തറവാട്ടിൽ വിരുന്നിനെത്തുകയായിരുന്നു . ഇതിനിടയിൽ അമ്മ തന്റെ വിവാഹക്കാര്യം എടുത്തിട്ടു . അത് കേൾക്കെ മുത്തശ്ശൻ പറഞ്ഞു

ഇനി നിങ്ങളുടെ മക്കളെക്കൂടി കണ്ടിട്ടെ ഞാൻ പോകുകയുള്ളൂ .”

അതിനു ഞാനും പ്രിയേച്ചിയുമൊക്കെ വിദേശത്തേക്കല്ലേ മുത്തശ്ശാ വിവാഹം കഴിഞ്ഞു പോകുന്നത് പിന്നെങ്ങിനെ മുത്തശ്ശൻ ഞങ്ങളുടെ കുഞ്ഞുങ്ങളെ കളിപ്പിക്കും .”രഞ്ജുവുവിന്റെ ചോദ്യം കേട്ട് മുത്തശ്ശന്റെ മുഖം മങ്ങുന്നത് കണ്ടു താൻ പറഞ്ഞു .

കല്യാണം കഴിഞ്ഞാലും ഞാൻ ഇവിടെത്തന്നെയുണ്ടാകും മുത്തശ്ശാ

ഐ എ എസ് എടുത്തു കഴിഞ്ഞു കളക്ടറായി ഈനാട്ടിൽ തന്നെ ജീവിക്കണംന്നാ എന്റെ മോഹം

അതുകേട്ടു എല്ലാവരുടെയും മുഖം തെളിഞ്ഞു . മുത്തശ്ശി മാത്രം ഏതോ ഗൗരവമേറിയ ആലോചനയിൽ മുഴുകി ഇരുന്നു . അത് കണ്ടപ്പോൾ തന്റെ മനസ്സും കലുഷമായിക്കൊണ്ടിരുന്നു

.”പ്രിയയുടെ വിവാഹം കാണാൻ അമ്മക്കായിരുന്നല്ലോ ഏറ്റവും മോഹം ദേവിക ചോദിച്ചു .

ഒക്കെ ഒരു യോഗമാണ് ദേവികെ . ഇവളുടെ വിവാഹം എപ്പോ നടക്കണമെന്നും ആരുടെ കൂടെ നടക്കണമെന്നും ഒക്കെ തീരുമാനിക്കുന്നത് മുകളിരിക്കുന്ന ഒരാളല്ലേ . നമ്മുടെ കൈയ്യിലല്ലല്ലോ അതൊന്നും. ”.അമ്മ ദുസ്സൂചനയോടെ എന്തോ അർഥം വച്ച് പറഞ്ഞതാണെന്ന് ദേവികക്കും മാധവനും തോന്നി . അമ്മയുടെ വാക്കുകളുണർത്തിയ കുണ്ഠിതത്തോടെ മാധവൻ പറഞ്ഞു

എങ്കിൽ അച്ഛൻ വിശ്രമിച്ചോളൂ . ഞങ്ങളകത്തേക്കു ചെല്ലട്ടെ . അങ്ങിനെ പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്ന മാധവന്റെ പുറകെ എല്ലാവരും ആ മുറിവിട്ടിറങ്ങി . വസന്ത ഋതുവിൽ വിരുന്നിനെത്തിയ വർഷ മേഘം പോലെ മുത്തശ്ശിയുടെ വാക്കുകൾ അന്തരീക്ഷത്തെ അല്പം കാർമേഘാവൃതമാക്കാതെയിരുന്നില്ല . എല്ലാപേരും മുത്തശ്ശന്റെ മുറിയിൽ നിന്നും മടങ്ങിപ്പോന്നപ്പോൾ താൻ മാത്രം സ്വന്തം മുറിയിൽ വിചാര മഗ്നയായിരുന്നു . എന്തുകൊണ്ടാണ് മുത്തശി ദുസൂചനകലർത്തി അങ്ങിനെ പറഞ്ഞത് .താനും മനുവേട്ടനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം മുത്തശ്ശി തിരിച്ചറിഞ്ഞു കാണുമോ ? അല്ലെങ്കിൽ മറ്റാരെങ്കിലും മുത്തശ്ശിയെ അത് ബോധ്യപ്പെടുത്തിയതായിരിക്കുമോ .നാട്ടിൽ മിത്രനുംകൂട്ടരും തങ്ങളുടെ ബന്ധത്തിനെതിരായി ചില അണിയറ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് താൻ അറിഞ്ഞിരുന്നു. ഒരുപക്ഷെ അവരിലാരെങ്കിലും മുത്തശ്ശിയുടെ കാതിൽ എന്തെങ്കിലും എത്തിച്ചു കാണുമോ?. ചെകുത്താനുംകടലിനുമിടയിലെത്തിപ്പെട്ടതുപോലെ ഒരുത്തരത്തിനായി താൻ അലഞ്ഞു നടന്നു ………

ദിനങ്ങൾ അതിവേഗം ഓടി മറഞ്ഞു കൊണ്ടിരുന്നു . ജന്മദിന നവമി ആഘോഷങ്ങൾക്കായി ക്ഷണിച്ചപ്പോൾ മനുവേട്ടൻ പറഞ്ഞു .

അമ്മയോട് ഞാൻ എല്ലാം സംസാരിച്ചുപ്രിയ . അമ്മക്ക് നമ്മുടെ ബന്ധത്തിൽ എതിർപ്പൊന്നുമില്ല . തന്നെ അന്ന് കണ്ടതോടെ അത്രക്കിഷ്ടമായി അമ്മക്ക് . പിന്നെ പണ്ട് മുതൽ നിങ്ങളെ അറിയാവുന്നതുകൊണ്ട് ജാതിയും മതവുമൊന്നും അമ്മക്ക് പ്രശ്നമില്ല . ഞങ്ങൾ അവിടെ വരുന്നത് നമ്മുടെ വിവാഹം പറഞ്ഞുറപ്പിക്കാനാണ് . പറ്റുമെങ്കിൽ ഒരു മോതിരം മാറ്റവും നടത്തേണമെന്നാണ് എന്റെ ആഗ്രഹം .. അമ്മ ശാരദ മുത്തശ്ശിയുമായി എല്ലാം സംസാരിച്ചു കഴിഞ്ഞു . മുത്തശ്ശിക്കും സന്തോഷമായി എന്നാണ് അമ്മ പറഞ്ഞത്

നമ്മുടെ വിവാഹത്തിനു അമ്മക്ക് എതിർപ്പുണ്ടായേക്കുമെന്നാണ് മുത്തശ്ശി

വിചാരിച്ചിരുന്നതത്രെ . ഏതായാലും എല്ലാം ശുഭമായി നടക്കാൻ പോകുന്നു . ഇനിയും നമുക്ക് സന്തോഷത്തിന്റെ ദിനങ്ങളാണ് വരാൻ പോകുന്നത് . ”

ആ വാക്കുകൾ കുറച്ചൊന്നുമല്ല മനസ്സിൽ കുളിർ കോരിയിട്ടത് . ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു . . പിന്നീടുള്ള ദിനങ്ങളിൽ തറവാട്ടിൽ ഒരു ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടന്നു കൊണ്ടിരുന്നു .അച്ഛനുമമ്മയും മുത്തശ്ശിയുമെല്ലാം ബന്ധുക്കളെയും സുഹൃത്തുക്കളെയും ആ ദിനം തങ്ങളുടെ തറവാട്ടിൽ വന്നെത്തുവാനായി ക്ഷണിച്ചു .

ഉള്ളിൽ നിറഞ്ഞ ആനന്ദത്തോടെ ഓണദിനങ്ങളിൽ താനും രഞ്ജുവും അത്തപ്പൂവിട്ടുകൊണ്ടിരുന്നു . രെഞ്ചു ഇടക്കിടക്കു ഓരോ കമന്റുകൾ പാസ്സാക്കുന്നുണ്ടായിരുന്നു . കരയിൽ കെട്ടിയിട്ടിരുന്ന കടത്ത് വഞ്ചി കയറഴിച്ചു വിട്ടതുപോലെ അവളുടെ നാവ് വാക്കുകളുടെ ഓളത്തിലലിഞ്ഞ്‌ മുന്നോട്ട് തെന്നിനീങ്ങിക്കൊണ്ടിരുന്നു . ഏറെനാൾ കൂടിയുള്ള ആ സഹോദര സംഗമത്തിൽ തങ്ങൾ മറ്റെല്ലാം മറന്നു . വിശേഷങ്ങളുടെ ഭാണ്ഡം അഴിച്ചു വച്ചു . മനീഷിനെ കുറിച്ച് പറയുമ്പോൾ തന്റെ കണ്ണിൽ മിന്നിത്തിളങ്ങുന്ന അനുരാഗത്തിന്റെ തിരയിളക്കം ശ്രദ്ധിച്ചു കൊണ്ട് രെഞ്ചു ചോദിച്ചു .

ചേച്ചി മനീഷേട്ടനെയാണോ മനീഷേട്ടൻ ചേച്ചിയെയാണോ ആദ്യം പ്രൊപ്പോസ് ചെയ്തത് . എനിക്ക് തോന്നുന്നു ചേച്ചിയാണെന്നു . കാരണം മനീഷേട്ടനെക്കാണാൻ അത്രക്ക് സുന്ദരനല്ലേ . പ്രിയേച്ചിയോ തനി കുരങ്ങിയല്ലേ” ”

അവൾ തന്നെ ചൊടിപ്പിക്കാൻ വേണ്ടിയാണ് അത് പറഞ്ഞതെങ്കിലും തന്റെ മുഖം ചുവന്നു തുടുത്തു. അവളെ അടിക്കാനോങ്ങിക്കൊണ്ടു താൻ പറഞ്ഞു . ‘പോടി അവിടുന്നു അവൾ ഓരോ കണ്ടുപിടിത്തവുമായി വന്നിരിക്കുന്നു” .

സോറി ചേച്ചി .ഞാൻ ചേച്ചിയെ ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ . ”

പിന്നീടവൾ തങ്ങൾ ആദ്യമായി പരിചയപ്പെട്ട സന്ദർഭത്തെക്കുറിച്ചന്വേഷിച്ചു . താൻ ,അമ്പലത്തിൽ വച്ചുണ്ടായ സംഭവങ്ങളും അതിനെത്തുടർന്ന് മനീഷ് തന്നെ രക്ഷിച്ചതുമെല്ലാം പറഞ്ഞു . അതോടെ മിത്രനെക്കുറിച്ചു ഒരു ഏകദേശ ധാരണയെല്ലാം രഞ്ജുവിനു കിട്ടി . അവൾ പറഞ്ഞു .

ഈ മിത്രൻ ഇത്ര കുഴപ്പക്കാരനാണെന്നു ഞാൻ അറിഞ്ഞില്ല ചേച്ചി . ഏതായാലും ചേച്ചിയും മനീഷേട്ടനും നല്ലവണ്ണം സൂക്ഷിക്കണം . പകയുടെ ആൾ രൂപമാണ് അയാൾ . നിങ്ങളോട് പകരം വീട്ടുവാനുള്ള ഒരു സന്ദർഭം തേടി നടക്കുകയായിരിക്കും അയാൾ

അതെ മോളെ. അതാണ് എന്റെ പേടിയും. പതിയിരുന്നു ആക്രമിക്കുന്ന ഒരു വിഷസർപ്പമാണയാൾ . പണ്ട് ഗിരിജ ചിറ്റയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അച്ഛൻ അയാളെ ചോദ്യം ചെയ്തതും, ഇപ്പോൾ എന്നെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ മനുവേട്ടൻ ചോദ്യം ചെയ്തതുമെല്ലാം അയാളുടെ മനസ്സിൽ പകയുടെ വിഷസർപ്പമായി അടങ്ങിക്കിടപ്പുണ്ട് . കഴിഞ്ഞൊരു ദിവസ്സം എന്നെയും അയ്യപ്പനമ്മാവനെയും അയാളുടെ ഒരു ശിങ്കിടി അവഹേളിക്കാൻ ശ്രമിച്ചിരുന്നു . അയാൾക്ക് അയ്യപ്പനമ്മാവൻ തക്ക മറുപടി കൊടുത്തു.. മുത്തശ്ശി ഞങ്ങളുടെ കല്യാണത്തിന് സമ്മതിച്ചുവെങ്കിലും മുത്തശ്ശിക്കുംനല്ല പേടിയുണ്ട് .ഒപ്പം നിൽക്കുന്ന നാട്ടുകാരെ കൂട്ടി മിത്രൻ വല്ല ഏടാകൂടവും ഒപ്പിക്കുമോ എന്ന് മുത്തശ്ശി ആശങ്കപ്പെടുന്നുണ്ട് . .അമ്മിണിയമ്മ അക്കാര്യത്തിലെന്തോ സൂചന മുത്തശ്ശിക്ക് നല്കിയത്രെ . ഞങ്ങളുടെ വിവാഹക്കാര്യം നാട്ടിലിപ്പോൾ ചർച്ചയാണെന്നും മുത്തശ്ശി പറഞ്ഞു .ഇക്കാര്യം അമ്മയുമായി പങ്കു വക്കുന്നത് ഞാൻ കേട്ടിരുന്നു. അമ്മ അതുകേട്ട് പേടിച്ചതുപോലെ തോന്നി .

അങ്ങിനെയൊരു വിവാഹം നമുക്ക് നടത്തണമോ അമ്മെ എന്ന് ഭയത്തോടെ മുത്തശ്ശിയോട് ചോദിക്കുന്നതു കേട്ടു . അമ്മ ഈ വിവാഹത്തിന് സമ്മതിക്കുമോ എന്നാണ് ഇപ്പോൾ എന്റെ ഭയം . അച്ഛനും ചിലപ്പോൾ എതിർക്കും . കാരണം എന്റെ വിവാഹം കലുഷിതമായ ഒരന്തരീക്ഷത്തിൽ നടന്നുകാണാൻ അച്ഛനുംഅമ്മയും ആഗ്രഹിക്കുകയില്ല . ”

ഈ നാട്ടിൽ പോലീസ്സില്ലേ ചേച്ചി .അയാൾ അതിക്രമം കാണിച്ചാൽ പോലീസിനെ വിളിക്കണം .”

പോലീസ്സുകാരൊക്കെ രാഷ്ട്രീയക്കാരനായ അയാളുടെ ആജ്ഞാനുവർത്തികളാണ് .അന്ധവിശ്വാസികളായ ഈ നാട്ടുകാരെ ജ്യോൽസ്യത്തിലൂടെയും, രാഷ്ട്രീയത്തിലൂടെയും മറ്റും അയാൾ മുതലെടുത്തു കൊണ്ടിരിക്കുന്നു” ”

തന്റെ വാക്കുകൾ രെഞ്ജുവിലും ഭയം ജനിപ്പിച്ചു . ഈ മിത്രൻ അത്ര നിസ്സാരക്കാരനല്ലെന്നും , തന്റെ ചേച്ചിയുടെ മുന്നിലുള്ളത് സംഘർഷഭരിതമായ ദിനങ്ങളാണെന്നും അവൾക്കു തോന്നിത്തുടങ്ങി .എങ്കിലും അവൾ എന്നെ പലതും പറഞ്ഞു സമാശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു . ..അപ്പോഴേക്ക് അയ്യപ്പൻ മുത്തശ്ശനെ ഒരുകസേരയിലിരുത്തി എടുത്തുകൊണ്ടു ഞങ്ങളുടെ സമീപത്തേക്കു വന്നു . മുത്തശ്ശൻ ആവശ്യപ്പെട്ടപ്രകാരമായിരുന്നു അത് . ഞങ്ങൾക്ക് മുത്തശ്ശനെകണ്ടതോടെ സന്തോഷമായി .’ .രഞ്ചു പറഞ്ഞു

അല്ല ….മുത്തശ്ശൻ വന്നത് നന്നായി . ഇനിയിപ്പോ ഞങ്ങൾ പൂവിടുന്നത് നോക്കി മുത്തശ്ശൻ അഭിപ്രായം പറഞ്ഞോളൂ . ”

മുത്തശ്ശൻ അല്പം ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു .

ഇതെന്തു പൂക്കളമാ ..പൂക്കളില്ലാത്ത പൂക്കളമോ .പണ്ടത്തെ പൂക്കളമാണ് പൂക്കളം .പിള്ളേരെല്ലാം കാടും മേടും വലിഞ്ഞുകയറി അന്ന് പൂക്കൾ ശേഖരിച്ചു കൊണ്ട് വരും . മുക്കുറ്റിയും ,കണ്ണാന്തളിയും , ശംഖുപുഷ്പവും, തൊട്ടാവാടിയും എന്നുവേണ്ട നാനാതരം പൂക്കളും അന്ന് സമൃദ്ധമായി ലഭിച്ചിരുന്നു . ഇന്നിപ്പോളവയൊന്നും കണികാണാൻ കൂടികിട്ടണില്ല്യാലോ

അത് ശരിയാ മുത്തശ്ശാ ..പണ്ട് ഞങ്ങൾ കുട്ടികളും മുത്തശ്ശനും കൂടിയാണല്ലോ ഓണക്കാലത്തു കാടും ,മേടും കയറിയിറങ്ങിയിരുന്നത്. അന്നൊക്കെ എന്തുരസമായിരുന്നു . ഓണക്കാലമാവാൻ ഞങ്ങൾ കാത്തിരിക്കുമായിരുന്നു. അതുപോകട്ടെ മുത്തശ്ശാ . അന്ന് മുത്തശ്ശൻ കാഴ്ചക്കുലകളുമായി പോകുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട് ,എങ്ങോട്ടാ മുത്തശ്ശാ ആ കാഴ്ചക്കുലകൾ കൊണ്ടുപോയിരുന്നത് . ” . രെഞ്ചു ജിജ്ഞാസയോടെ ചോദിച്ചു .

അത് തമ്പുരാക്കന്മാർക്കുള്ള കാഴ്ചക്കുലകളാണ് കുഞ്ഞേ . പകരം അവർ മുണ്ടും നാണയങ്ങളും തരും . ആ കാഴ്ചക്കുലകൾ സമയത്തിനെത്തിച്ചില്ലെങ്കിൽ തമ്പുരാക്കന്മാരുടെ വക ശിക്ഷയുണ്ടായിരുന്നു അന്ന് . അവർ നിർദേശിക്കുന്നതനുസ്സരിച്ചു അവരുടെ ഭൃത്യന്മാർ ഞങ്ങളെ ആഞ്ഞടിക്കും . അടിയുടെ എണ്ണവും തമ്പുരാക്കൻമാരാണ് നിശ്ചയിക്കുന്നത് . അടികൊണ്ടു എന്റെ പുറം പൊളിഞ്ഞിട്ടുണ്ട് . ”

അല്ല മുത്തശ്ശാ അന്ന് അതിനെയൊന്നും ആരും ചോദ്യം ചെയ്തിരുന്നില്ലേ

പ്രിയയുടെ ചോദ്യം മുത്തശ്ശന്റെ വാർദ്ധക്യം ബാധിച്ച മുഖത്ത് വിളറിയ ഒരു പുഞ്ചിരി വിരിയിച്ചു .

 

You can share this post!