ഋതുസംക്രമം -26                                                  

                     

അന്ന് കോച്ചിങ് ക്ലാസ് കഴിഞ്ഞയുടനെ ആരതിയെയും കൂട്ടി പ്രിയ നേരെ പോയത് ഓഫീസ് റൂമിലേക്കാണ് . ആരതിയുടെയും തൻെറയും ഫീസ് അടച്ചുകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ ആരതി നന്ദി വാക്കുകൾ കൊണ്ടവളെ മൂടി .പെട്ടെന്നാണ് പുറകിൽ നിന്നും ആ ശബ്ദം കേട്ടത്

.”സുന്ദരികൾ രണ്ടുപേരും താമസസ്ഥലത്തേക്കായിരിക്കും ”.

നോക്കുമ്പോൾ ഞങ്ങളുടെ തൊട്ടുപുറകിൽ നെടുങ്ങാടി മാഷ് !… . അയാളുടെ വാക്കുകൾക്ക് മറുപടി നൽകാതെ ഞങ്ങൾ മിണ്ടാതിരുന്നു

നെടുങ്ങാടിമാഷിനെക്കണ്ട് ആരതിയുടെ കണ്ണുകളിൽ വല്ലാത്ത ഭയം നിഴലിട്ടു. അയാളാകട്ടെ ആരതിയുടെ നേർക്ക് ഒരു വഷളൻ നോട്ടം പായിച്ചുകൊണ്ടു വീണ്ടും ചോദിച്ചു .

രണ്ടുപേരും ഒരേ ഹോസ്റ്റലിലാണോ താമസിക്കുന്നത് .ഒരേ മുറിയിൽ… …”അയാളുടെ ചോദ്യങ്ങൾ കേട്ട് തനിക്കു വല്ലാത്ത ദേഷ്യം വന്നു കൊണ്ടിരുന്നു . എങ്കിലും കോച്ചിങ് സെന്ററിലെ അധ്യാപകനായതുകൊണ്ടു അത് പ്രകടിപ്പിക്കാനാവാതെ നിന്നു . ആരതിഭയത്തോടെ തന്നെ പിടിച്ചു വലിച്ചു. അവൾ പതുക്കെ പറഞ്ഞു .” നമുക്ക് പോകാം ചേച്ചി … ”.അവളുടെ പേടി കണ്ടു താനും പറഞ്ഞു .

ഞങ്ങൾക്കല്പം ധൃതിയുണ്ട് . ഞങ്ങൾ പോകുകയാണ് സർ

അപ്പോഴാണ് എതിരെ മനുവേട്ടൻ നടന്നു വരുന്നത് കണ്ടത് . ഞങ്ങൾ ആശ്വാസപൂർവം,  ല്പം വേഗത്തിൽ മനുവേട്ടന്റെ അടുത്തേക്ക് ,നടന്നെത്തി .അതു കണ്ടു നെടുങ്ങാടി മാഷ്  പരിഹാസത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു .

എന്നെക്കണ്ടിട്ട് ഇവർക്ക് ഭയമാണെന്നു തോന്നുന്നു. ഞാനെന്താ വല്ല കണ്ടാമൃഗമോ മറ്റോ ആണോ . എനിക്ക് പെണ്കുട്ടികളെല്ലാം ഇഷ്ടപ്പെടുന്ന നല്ല ഒരു മുഖമുണ്ടെന്നാണ് വിചാരം . എന്താ ശരിയല്ലേ മനു സാറെ?.. അതുപറഞ്ഞയാൾ ഞങ്ങളെ ഒളികണ്ണിട്ടു നോക്കി

അയാളുടെ ഈ സംസാരം മനുവേട്ടനെയും അല്പം ക്രുദ്ധനാക്കി . അല്പം പരിഹാസച്ചുവയോടെ മനുവേട്ടൻ പറഞ്ഞു.

ഒരധ്യാപകനെ കുട്ടികൾ ഇഷ്ടപ്പെടുന്നത് അയാളുടെ സ്വഭാവഗുണവും അറിവും നോക്കിയാണ് എന്നാണ് എന്റെ വിചാരം. അല്ല ..മറിച്ചാണ് സാറിനു തോന്നുന്നതെങ്കിൽ എനിക്കൊന്നും പറയാനില്ല . അല്ല മുഖമാണല്ലോ മനസ്സിന്റെ കണ്ണാടി. അത് സാറിനെക്കണ്ടപ്പോൾ ഇവർക്ക് തോന്നിക്കാണും

മനുവേട്ടന്റെ മറുപടിയിൽ അല്പം ഇളിഭ്യതയോടെ നെടുങ്ങാടി മാഷ് അവിടെ നിന്നുംനടന്നു നീങ്ങി . അയാൾ നടന്നു മറഞ്ഞപ്പോൾ മനുവേട്ടൻ ഞങ്ങളോട് കാര്യം തിരക്കി

.”അയാളൊരു സ്‌ത്രീ ലമ്പടനാണെന്നു മനുവേട്ടനോട് ഞാനന്ന് പറഞ്ഞിരുന്നില്ലേ. അതിപ്പോൾ ശരിയാണെന്നു എനിക്ക് പൂർണമായും ഉറപ്പായി . അയാളുടെ നോട്ടവും ഭാവവും എന്റെ ആ വിചാരത്തെ അരക്കിട്ടുറപ്പിക്കുന്നു . മാത്രമല്ല ആരതി എന്തുകൊണ്ടോ അയാളെ വല്ലാതെ ഭയക്കുകയും ചെയ്യുന്നുണ്ട് .  അല്ലെ ആരതി ?…”

ആരതി എന്തോ പറയാൻ മടിച്ച് തല കുമ്പിട്ടു നിന്നു . മനുവേട്ടന്റെ മുമ്പിൽ ആയതുകൊണ്ടാണ് അവൾ അങ്ങിനെയെന്ന് തോന്നി .

മനുവേട്ടന്റെ മുമ്പിൽ ആരതിക്ക് എന്തുംതുറന്നു പറയാം . മനുവേട്ടനെ സ്വന്തം ജ്യേഷ്ഠനെപ്പോലെ കരുതിയാൽ മതി ”. താൻ അവളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പറഞ്ഞു .

അല്ല ചേച്ചി.. ഇന്നാളൊരിക്കൽ എനിക്കൊരനുഭവം അയാളിൽ നിന്ന് നേരിടേണ്ടി വന്നു . അതുകൊണ്ടാണ് ഞാൻ അയാളെ ഇത്ര ഭയപ്പെടുന്നത് . ”

എന്താ ആരതി എന്താണെങ്കിലും പറഞ്ഞോളൂ . ഞങ്ങൾ കുട്ടിയെ സഹായിക്കാൻ നോക്കാം . ”

മനുവേട്ടന്റെ വാക്കുകൾ ആരതിക്കു ധൈര്യം പകർന്നു .

ഇന്നാളൊരിക്കൽ ആളൊഴിഞ്ഞ നേരത്തു അയാൾ ഓഫീസ് റൂമിന്റെ വാതിൽക്കൽ എന്നെ തടഞ്ഞു നിർത്തി . ബലാൽക്കാരമായി എന്നെ അയാളിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിച്ചു . ഞാൻ എങ്ങിനെയോ ഓടി രക്ഷപ്പെടുകയായിരുന്നു ചേച്ചി . അയാൾ പലപ്പോഴായി എന്നെ പിന്തുടരുന്നത് ഞാൻ കണ്ടിട്ടുണ്ട് . എന്നെങ്കിലുമൊരിക്കൽ അയാൾ എന്നെ കടന്നാക്രമിക്കുമെന്ന് ഞാൻ ഭയപ്പെടുന്നുണ്ട് ചേച്ചി . ..” . അവൾ തേങ്ങിക്കരച്ചിലോടെ എന്റെ തോളിൽ തല ചായ്ച്ചു .

ഓഹോ .അങ്ങിനെയാണോ കാര്യം ?..ഞാൻ അയാളെ കാണട്ടെ . …എന്റെ കൈയ്യുടെ ചൂട് അയാൾ അറിയാൻ പോകുന്നതേ ഉള്ളൂ . ” . ക്രോധം ജ്വലിക്കുന്ന മനുവേട്ടന്റെ കണ്ണുകൾ ഞങ്ങളെ ഭയപ്പെടുത്തി .

വേണ്ട മനു സാറെ . സാറ് ചോദിയ്ക്കാൻ ചെന്നാൽ അയാൾക്കു എന്നോട് പകരം വീട്ടാൻ തോന്നിയാലോ . അത് വേണ്ട സാറേ .. . ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് ആരുമില്ലാത്തതാ . എനിക്കെന്തെങ്കിലും സംഭവിച്ചാൽപ്പിന്നെ എന്റെ പാവം അച്ഛൻ ജീവിച്ചിരിക്കില്ല . എനിക്കും പിന്നെ ആത്മഹത്യ മാത്രമേ പോംവഴിയായുള്ളൂ . ”

ആരതി തേങ്ങിക്കരച്ചിൽ തുടർന്നുകൊണ്ട് പറഞ്ഞു . അത് കണ്ടു തനിക്കു സഹിച്ചില്ല . താൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു .

നോക്കൂ മോളെ ..നീയെനിക്കു സ്വന്തം അനുജത്തിയെപ്പോലെയാണ് . നിന്നെ രക്ഷിക്കുവാൻ ഞാനും മനുവേട്ടനും ആവുന്നത്ര ശ്രമിക്കും . ആ നെടുങ്ങാടി മാഷിനെപ്പോലെ ഒരു കുറുനരിക്ക് നിന്നെ എറിഞ്ഞു കൊടുത്തിട്ട് ഞങ്ങൾ മിണ്ടാതിരിക്കുമെന്നു നീ കരുതുന്നുണ്ടോ . ”

തൻറെ വാക്കുകൾ അവളിൽ ആശ്വാസം പകർന്നു . അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു .

ചേച്ചിയുടെയും സാറിന്റെയും പിന്തുണയുണ്ടെങ്കിൽ ഞാൻ തീർച്ചയായും പഠിച്ച് ഐ. പി എസ് നേടും . എന്നിട്ടു ഇതുപോലെയുള്ള നരാധമന്മാരെ തിരഞ്ഞു പിടിച്ച് ഞാൻ പ്രതിക്കൂട്ടിലാക്കും . ചേച്ചി നോക്കിക്കോളൂ…” . അവളുടെ വാക്കുകൾ തന്നെയും ഹർഷോന്മാദത്തിലാഴ്ത്തി .

ആരതിയോടൊപ്പം ഞാനുമുണ്ടാകും നമുക്ക് കൈകോർത്തുപിടിച്ചുവേണം ഇത്തരം സാമൂഹിക ദ്രോഹികളെ നേരിടാൻ

ശരി ശരി വീരാംഗനമാർ നടന്നോളൂ. ഞാൻ നിങ്ങളെ ഹോസ്റ്റലിലെത്തിക്കാംമനുവേട്ടൻ ഞങ്ങളെ കളിയാക്കിക്കൊണ്ടു പറഞ്ഞു .

മനുവേട്ടൻ പൊക്കോളൂ. ഞാനും ആരതിയും കൂടി ഹോസ്റ്റലിലേക്ക് പൊക്കോളാംതന്റെ വാക്കുകളെ എതിർത്തുകൊണ്ട് മനുവേട്ടൻ പറഞ്ഞു

ഈ ത്രിസന്ധ്യാ നേരത്തു നിങ്ങളെ ഒറ്റക്കാക്കി പോകുവാൻ എനിക്കിഷ്ടമില്ല . ഞാൻ കൂടെവന്നു ഹോസ്റ്റലിൽ നിങ്ങളെ എത്തിച്ചിട്ടു തിരികെ പൊക്കോളാം” .

അതാണ് നല്ലതെന്നു തനിക്കും തോന്നി . നേരം ഇരുണ്ടു തുടങ്ങിയിരിക്കുന്നു . രാത്രിയുടെ ഇരുണ്ടമറ പല സാമൂഹ്യ ദ്രോഹികളെയും ഊറ്റം കൊള്ളിക്കും .കള്ളക്കടത്തും കരിഞ്ചന്തയും മുതൽ സ്‍ത്രീ പീഡനം വരെ അത്തരക്കാരുടെ ബുദ്ധിയിൽ ഉണർന്നു പ്രവർത്തിക്കുന്ന സമയം.

ഈ സമയത്തെ ദുർബലയായ സ്ത്രീ ഭയപ്പെട്ടെ തീരൂ . അല്ലെങ്കിൽ അതിനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ അവൾ അഭ്യസിച്ചിരിക്കണം . അതോർത്തു പറഞ്ഞു . ” മനുവേട്ടാ ,ഞാനും ആരതിയും കൂടി കരാട്ടെ ക്ലാസ്സിൽ ചേർന്നാലെന്തെന്നു ആലോചിക്കുകയാണ് . ഇത്തരത്തിൽ ഒറ്റപ്പെടുന്ന സാഹചര്യങ്ങളെ നേരിടുവാൻ ഞങ്ങൾക്കാകുമല്ലോ . ”

അത് നല്ല കാര്യമാണ് പ്രിയ . നിങ്ങൾക്കു രണ്ടുപേർക്കും ഭാവിയിൽ ഐ എ എസ് ട്രെയിനിങ്ങിൽ അത് പ്രയോജനപ്പെടുകയും ചെയ്യും . ”’

മനുവേട്ടൻ ഉത്സാഹഭരിതനായി പറഞ്ഞു . പിന്നെ മെയിൻ റോഡിൽ നിന്നും ഒരോട്ടോപിടിച്ചു . ഞങ്ങളെഹോസ്റ്റലിലെത്തിച്ച്‌ മനുവേട്ടൻ താമസസ്ഥലത്തേക്കു പോയി .

ഹോസ്റ്റലിലെത്തിയ ഉടനെ തനിക്കു നല്ലതുപോലെ വിശപ്പനുഭവപ്പെട്ടു . .ആരതിയെ വിളിച്ചപ്പോൾ അവൾക്കു വിശക്കുന്നില്ലെന്നു പറഞ്ഞു മുറിയിലേക്കു മടങ്ങി . അവളെഅലട്ടുന്ന ചിന്തകളിൽ നിന്ന് അവൾ പൂർണമായും മുക്തയല്ലെന്ന് ആ മുഖം വിളിച്ചു പറഞ്ഞു . അവളുടെ മനസിൽ നെടുങ്ങാടി മാഷ് ഭീകര രൂപം പൂണ്ട് വളർന്നിരിക്കുകയാണെന്നു തോന്നി . ഏതെങ്കിലും സാഹചര്യത്തിൽ അവൾ ഒറ്റപ്പെടുകയാണെങ്കിൽ ആ സാഹചര്യം അയാൾ മുതലെടുത്തേക്കുമെന്ന ഭയം അവളോടൊപ്പം ഞങ്ങൾക്കുമുണ്ട്. തനിക്കും മനുവേട്ടനും അവളുടെ സന്തതസഹചാരിയാകാൻ ആവുകയില്ലല്ലോ എന്നും ഓർത്തു . ഏതായാലും ധൈര്യം പകർന്ന് അവളെ ഈ ഭയത്തിൽ നിന്നും മുക്തയാക്കുവാൻ മാത്രമേ തനിക്കും മനുവേട്ടനുംഇപ്പോൾ ആവുകയുള്ളു . അല്ലെങ്കിൽ ഈ ഭയം മൂലം അവൾക്കു പഠിക്കുവാൻ കഴിഞ്ഞില്ലെന്നു വരാം . അങ്ങിനെ പലതും ആലോചിച്ചു നടന്നു മെസ്സിലെത്തിയത് അറിഞ്ഞില്ല

അല്ലാപ്രിയയെ കണ്ടിട്ട് കുറേദിവസമായല്ലോ എവിടെപ്പോയിരുന്നു” . ചോദ്യം കേട്ട് തലയുയർത്തി നോക്കി. അപ്പോൾ താരയെയും അഞ്ജനയെയും കണ്ടു .താൻ സ്നേഹനിധികളായ മുത്തശ്ശന്റെയും ,മുത്തശ്ശിയുടെയും അടുത്തായിരുന്നു എന്നവരോട് പറഞ്ഞു . .ഇപ്പോൾ വയ്യാതെ കിടപ്പിലായ തന്റെ മുത്തശ്ശൻ പണ്ടത്തെ ഒരു കർഷകതൊഴിലാളി നേതാവായിരുന്നു എന്നും അറിയിച്ചു .

അപ്പോൾപിന്നെ മുത്തശ്ശന് രാഷ്ട്രീയമൊക്കെ ഉണ്ടാവുമല്ലോഅല്ലേ?.. ”അഞ്ജന ചോദിച്ചു .

ഏയ് എന്റെ മുത്തശ്ശന് രാഷ്ട്രീയം ഇഷ്ടമില്ല. ഇന്നത്തെ പല രാഷ്ട്രീയ നേതാക്കന്മാരും മുത്തശ്ശൻ നയിച്ച കർഷക തൊഴിലാളി സമരത്തിലൂടെ വളർന്നുവന്നവരാണ് . അവർക്കൊക്കെ മുത്തശ്ശനോടുള്ള ബഹുമാനം ഇപ്പോഴുമുണ്ട് . കാരണം അവർക്കൊക്കെ വേണ്ടി ജീവിക്കുന്ന രക്ത സാക്ഷിയായ ആളാണ് എന്റെ മുത്തശ്ശൻ .തൊഴിലാളി നേതാവായിരുന്നു പോലീസിന്റെ അടിയും ചവിട്ടുമേറ്റ്മുത്തശ്ശന്റെ ഒരുവശം തളർന്നു പോയി . എന്റെ വല്യഛനും പോലീസ് മർദനമേറ്റ് രോഗിയായിത്തീർന്നു, പിന്നീട്  മരിച്ചുപോയ ആളാണ് . കർഷക സമരത്തിന്റ മറ്റൊരു രക്തസാക്ഷി . ”

അപ്പോൾ തന്റെ കുടുംബം ഹീറോയിൻസിനെക്കൊണ്ട് നിറഞ്ഞതാണല്ലോടോ . ”താര അഭിനന്ദിച്ചു .

അതെ എന്റെ മുത്തശ്ശനും വല്യച്ഛനും അനുഭവിച്ചിട്ടില്ലാത്ത കഷ്ടതകൾ കുറവാണ് . ഇടതുപക്ഷ അനുഭാവിയായിരുന്ന എന്റെ വല്യച്ഛനെ കൂടെ നിന്നവർ പാര വച്ച് തറ പറ്റിച്ചു . ഒടുവിൽ താൻ ആത്മ സുഹൃത്തുക്കൾ എന്ന് കരുതിയിരുന്നവർ, തന്നെ പൊലീസിന് ഒറ്റിക്കൊടുത്തതറിഞ്ഞ് ആത്മബലം നഷ്ടപ്പെട്ട് വല്യച്ഛൻ ക്യാൻസർ രോഗിയായിത്തീർന്നു .കമ്മ്യൂണിസം നിയമ വിരുദ്ധമായിരുന്ന കാലമായിരുന്നു അത് . ജയിലിൽ നിന്നും പുറത്തു വന്നയുടൻ രോഗാതുരനായി അദ്ദേഹം മരിക്കുകയും ചെയ്തു .. അദ്ദേഹം എത്ര നല്ലവനായിരുന്നു എന്ന് എല്ലാവരും പറയാറുണ്ട് . വല്യച്ചനു മക്കളുണ്ടായിരുന്നില്ലഅതുകൊണ്ട് ഞങ്ങളോട് വലിയ സ്നേഹമായിരുന്നു . അത് പറയുമ്പോൾ തൻറെ കണ്ണുകൾ നിറഞ്ഞു . ഒപ്പം താരയുടെയും അഞ്ചനയുടെയും കണ്ണുകളും നനഞ്ഞു . താൻ തുടർന്നു.

കാൻസർ ബാധിച്ച ശേഷം പത്തു വർഷത്തോളം അദ്ദേഹം ജീവിച്ചിരുന്നു . എന്റെ അച്ഛനാണ് അദ്ദേഹത്തെ ചികിൽസിക്കുന്നതിനുള്ള പണം നൽകിയിരുന്നത് . ഒടുവിൽ രോഗം മൂർച്ഛിച്ച് അദ്ദേഹം മരിച്ചു . പാവം എന്റെ വല്യമ്മ. നാല്പതു വയസ്സ് മുതൽ വിധവയുടെ വേഷം അണിഞ്ഞു നടക്കുന്നു .ഇതെല്ലാം കണ്ടതോടെ മുത്തശ്ശൻ തീരെ കിടപ്പിലായി . എങ്കിലും പാവങ്ങളോടുള്ള കരുതലും സ്നേഹവും അന്യായം കാണുമ്പോഴുള്ള ഊറ്റവും അദ്ദേഹം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു . ” താൻ നിറഞ്ഞ കണ്ണുകൾ തുടച്ചു .

ഇത്ര നല്ല കുടുംബത്തിൽ ജനിച്ച താൻ ഭാഗ്യവതിയാണ് പ്രിയ . വെറുതെയല്ല തന്നിലും ആ പാരമ്പര്യത്തിന്റെ മിന്നലാട്ടങ്ങളുള്ളത് അന്യായം കാണുമ്പോഴുള്ള ഊറ്റംകൊള്ളലും പാവങ്ങളെ സഹായിക്കാനുള്ള ത്വരയും തന്നിലുമുണ്ടല്ലോ. തീർച്ചയായും ഐ എ എസ്സ് നേടാൻ കഴിഞ്ഞാൽ താൻ നല്ലൊരു ഭരണാധികാരിയായിരിക്കും ”. അഞ്ജന ആവേശപൂർവം പറഞ്ഞു . ”

ശരിയാണ് അഞ്ജന പറഞ്ഞത്. തന്നിലെ നല്ല ക്വാളിറ്റീസ് എല്ലാം പാരമ്പര്യമായി തനിക്കു ലഭിച്ചിട്ടുള്ളതാണ്താരയും ആഞ്ജനയെ പിന്താങ്ങി .  

സംസാരിച്ചുകൊണ്ടിരുന്നപ്പോൾ   ഞങ്ങൾക്കുള്ള ആഹാരം മേശപ്പുറത്തു എത്തി .  പിന്നീട് ഞങ്ങൾ  ങ്ങളുടേതുമാത്രമായ ലോകത്തിൽ നിശ്ശബ്ദമായിരുന്നു , ആഹാരം കഴിച്ചു തുടങ്ങി .

You can share this post!