ഋതുസംക്രമം-18

ഋതുസംക്രമം

Part -18

താൻ ഫോണെടുത്തപ്പോൾ അപ്പുറത്തു മനു സാറായിരുന്നു. ”നേരത്തെ എവിടെപ്പോയിരുന്നു എന്ന തന്റെ ചോദ്യത്തിന് മനു സാർ പറഞ്ഞു

ഞാനാ വായനശാലവരെപ്പോയതാണ് പ്രിയ . എന്റെ ചില സുഹൃത്തുക്കളോടോപ്പം ഞാൻ ചില പഞ്ചായത്തൊക്കെ പറഞ്ഞു അവിടെ കൂടാറുണ്ട് . പിന്നെ എന്റെ പി എച് ഡി ക്കു വേണ്ടിയുള്ള ചില പ്രിപ്പ റേഷനും അവിടെ വച്ച് നടത്താറുണ്ട് ..”

വിനുവിനെപ്പറ്റിയുള്ള ടി വി ന്യൂസ് ഒന്നും കണ്ടില്ലേ ”.ഉദ്യോഗത്തോടെയുള്ള തന്റെ അന്വേഷണത്തിനു കണ്ടില്ലഎന്നായിരുന്നു മറുപടി .

എല്ലാം വിശദമായി പറഞ്ഞു കഴിഞ്ഞപ്പോൾ താൻ പൊട്ടിക്കരഞ്ഞുപോയി മനുസാറിനറിയുമോ അവനെനിക്ക് സ്വന്തം അനുജൻ തന്നെയാണ് . ഞാൻ പറഞ്ഞാൽ അവൻ എന്തും കേൾക്കുമായിരുന്നു . ഈയിടെയായി അവൻ രാഷ്ട്രീയമൊക്കെ വിട്ട് ,വളരെ നല്ല കുട്ടിയായി വരികയായിരുന്നു . പഠിച്ചു ഒരു നല്ല അഡ്വക്കേറ്റ് ആകണമെന്ന ചിന്തമാത്രമേ അവനുണ്ടായിരുന്നുള്ളൂ . എന്നോടും ,ഗിരിജചിറ്റയോടും സുരേന്ദ്രനങ്കിളിനോടും അവൻ അത് പ്രോമിസ്സ് ചെയ്തതാണ് . ആ അവനാണിപ്പോൾ കുത്തേറ്റ് ഹോസ്പിറ്റലിൽ കിടക്കുന്നത് ” . തേങ്ങലിനിടയിൽ താൻ പറഞ്ഞൊപ്പിച്ചു .

തന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതെ മനുസാർ കുഴങ്ങി .

പിന്നെ പറഞ്ഞു . ”പ്രിയ വിഷമിക്കേണ്ട .. ആ ഹോസ്പിറ്റലിൽ എന്റെ ഒരു സുഹൃത്ത് സർജനായുണ്ട് . എന്റെ കൂടെ പഠിച്ചവൻ . മിടുക്കനായ സർജനാണവൻ . അവനിലൂടെ ഏറ്റവും നല്ല ട്രീറ്റ്മെന്റ് തന്നെ വിനുവിന് നമുക്ക് നൽകാം .”

മുങ്ങാം കുഴിയിടുന്നവന് കിട്ടിയ കച്ചിത്തുരുമ്പു പോലെ ആ വാക്കുകൾ ഒരു പിടിവള്ളിയായിരുന്നു . മനുസാർ രാവിലെ ഹോസ്പിറ്റലിൽ എത്തി സുഹൃത്തായ ഡോക്ടറെ കാണാമെന്ന് അറിയിച്ചു . തനിക്കപ്പോഴാണ് സമാധാനമായത് . സാർ ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ വച്ചപ്പോൾ താൻ അല്പം മന :സമാധാനത്തോടെ കിടന്നു.. എന്നാൽ ഉറക്കം വഴിമാറി നിന്നു . കണ്ണടച്ചാൽ വിനുവിന്റെ മുഖമാണ് മനസ്സിൽ തെളിയുന്നത് . തങ്ങളുടെ ബാല്യകാലം മുതലുള്ള സംഭവങ്ങൾ ഓരോന്നായി മനസ്സിലേക്കോടിയെത്തി . അവനു ഒന്നോ രണ്ടോ വയസ്സുള്ളപ്പോൾ മുത്തശ്ശൻ അവനെയും തോളിലേറ്റി , മലമുകളിലെ ക്ഷേത്രത്തിലേക്ക് പോകുമായിരുന്നു . അവൻ വിശന്നു കരയുമ്പോൾ വഴിയരികിൽ നിന്ന് മാമ്പഴവും , അത്തിപ്പഴവും മറ്റും പറിച്ചു നൽകും . ദേവി ക്ഷേത്രത്തിലെ തിരുമേനി നൽകുന്ന അവിലും മലരും ശർക്കരയും കൽക്കണ്ടവും മറ്റും കയ്യിൽ കിട്ടുമ്പോൾ അവനെന്തു സന്തോഷമായിരുന്നു . പിന്നെ മഴക്കാലത്ത് കളിവള്ളം ഇറക്കി കളിക്കാനും ,ചെറിയ പുഴയിലിറങ്ങി മീൻ പിടിക്കാനും ,ഓണക്കാലത്തു കുറ്റിക്കാടുകളിലും മലഞ്ചരുവുകളിലും പോയി പൂക്കളിറുക്കാനും അവനായിരുന്നു ഉത്സാഹം കൂടുതൽ . അത്തപ്പൂക്കളമിടുവാനും അവൻ ഞങ്ങളോടൊപ്പം കൂടുമായിരുന്നു . ചെറുപ്പം മുതൽ എവിടെയും അവനു താൻ വേണമായിരുന്നു. . തന്റെ കാര്യങ്ങൾ നോക്കുവാനും തന്നെ സഹായിക്കാനും ഒരു കൊച്ചനുജനെപ്പോലെ അവൻ കൂടെ നിന്നു . തന്റെ വാക്കുകൾക്കു അവൻഏറെ വില കല്പിച്ചു . വളരെക്കാലത്തിനു ശേഷം നെടുമ്പാശേരിയിൽ വച്ച് അവൻ തന്നെതിരിച്ചറിഞ്ഞത് തന്നെ ഏറെ അത്ഭുതപ്പെടുത്തി . ആ മനസ്സിലെന്നും താനുണ്ടായിരുന്നതല്ലേ അതിനു കാരണം . ഒടുവിൽ സിനിമാതീയേറ്ററിലെ സംഭവത്തിൽ മാനസികമായും ശാരീരികമായും പരുക്കേറ്റത് അവനായിരുന്നു . എന്നിട്ടും തന്റെ പ്രിയചേച്ചിക്ക് വേണ്ടി എന്തോ ത്യാഗം ചെയ്യുന്ന മനോഭാവമായിരുന്നു അവന് . അച്ഛനമ്മമാർ ശകാരിച്ചപ്പോൾ തന്റെ ഭാവിയെക്കുറിച്ചവൻ ഉൽക്കണ്ഠപ്പെടുകയും ,സ്വയം കുറ്റബോധത്തിനടിപ്പെടുകയും ചെയ്തു .. എല്ലാം ഓർത്തപ്പോൾ ഉറക്കെ കരയണമെന്നു തോന്നി . എന്നാൽ മറ്റുള്ളവർ കേൾക്കുമെന്നോർത്തു സ്വയം നിയന്ത്രിച്ചു . കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു .

പുലർന്നപ്പോൾ പ്രഭാതരശ്മികൾ അതിന്റെ ഉഷ്‌ണതലപ്പുകൾ മുറിക്കകത്തേക്ക് നീട്ടി .എന്നിലെ അസ്വാസ്ഥ്യം വർധിച്ചു കൊണ്ടിരുന്നു . അന്ന് ഹോസ്റ്റലിൽ ചേരുവാനായി താനൊരുക്കി വച്ചിരുന്ന ലഗേജിലേക്ക് കണ്ണോടിച്ചു . എന്നാൽ ഇനി എല്ലാം വിനുവിന്റെ കാര്യം അറിഞ്ഞ ശേഷം മാത്രം മതി എന്ന് തീരുമാനിച്ചുറച്ചു . പെട്ടെന്ന് ദിനകൃത്യങ്ങൾ കഴിച്ച്‌ തൻറെ മുറിയിലെത്തി . കുളി കഴിഞ്ഞു , നീണ്ടിടതൂർന്ന തന്റെ മുടിയിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം ഒരു തോർത്തെടുത്തു അറ്റം പിഴിഞ്ഞ് കളയുമ്പോഴാണ് അച്ഛൻ വിളിച്ചത് . വേഗം ഫോണെടുത്തു , ചെവിയോട് ചേർത്തു . . മറുതലക്കൽ നിന്നും മാധവൻ ഇടറിയ തൊണ്ടയോടെ പറഞ്ഞു.

മോളെ , ഇന്നലെ ഞാൻ ഗിരിജയെയും സുരേന്ദ്രന്റെയും വിളിച്ചിരുന്നു . വിനുവിന്റെ കാര്യം അല്പം ക്രിറ്റിക്കലാണെന്നാണ് അറിയാൻ കഴിഞ്ഞത് . അവൻ രക്ഷപ്പെടുമോ എന്ന കാര്യം സംശയമാണ് മോളെ .”

അയ്യോ അച്ഛാ , അങ്ങിനെ പറയരുത് . നമ്മുടെ വിനുക്കുട്ടന് ദൈവം ഒരാപത്തും വരുത്തുകയില്ല . ഞാൻ അറിയാവുന്നഎല്ലാ ദൈവങ്ങളെയും വിളിച്ചു വഴിപാട് നേർന്നിട്ടുണ്ട് ” . താൻ വിങ്ങിപ്പൊട്ടുകയായിരുന്നു .

ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നാം സ്വന്തം മനക്കരുത്തിനേക്കാളേറെ മറ്റൊരു ശക്തിയെ അഭയം പ്രാപിച്ചു പോകുമെന്ന് എനിക്കുമിപ്പോൾ തോന്നുന്നു . നിനക്ക് വിശ്വാസ്സമുണ്ടെങ്കിൽ നീ വിളിച്ചോളൂ മോളെ. ആ ശക്തി നമ്മുടെ വിനുക്കുട്ടനെ രക്ഷിക്കും . അവനു വേണ്ടി നമുക്കിപ്പോൾ ചെയ്യാൻ കഴിയുന്നത് ഇതൊക്കെയല്ലേ ഉള്ളൂ

നിരീശ്വരവാദിയായ അച്ഛൻ സ്വയമറിയാതെ ആ പരാശക്തിയെ അഭയം പ്രാപിക്കുകയാണെന്നു തോന്നി . ”ഗിരിജചിറ്റയെ ആശ്വസിപ്പിക്കുവാൻ നീയെപ്പോഴും കൂടെ ഉണ്ടാകണം . മുത്തശ്ശിയും മുത്തശ്ശനും ഇപ്പോഴൊന്നും അറിയേണ്ട അച്ഛൻ കൂട്ടിച്ചേർത്തു .

വിനുവിനെ ചികിൽസിക്കുവാൻ കൂട്ടുകാരനായ സർജനെ ഏർപ്പെടുത്താമെന്ന് മനു സാർ പറഞ്ഞതിനെക്കുറിച്ച് താനപ്പോൾ അച്ഛനോട് പറഞ്ഞു . അച്ഛനതുകേട്ടപ്പോൾ വലിയ സന്തോഷമായി . മനുസാറിനെക്കുറിച്ചുള്ള അച്ഛന്റെ നല്ല അഭിപ്രായം അത് ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു . പിന്നീട് ഇന്ന് ഹോസ്റ്റലിൽ ചേരുവാനുള്ള തന്റെ ശ്രമം ഉപേക്ഷിക്കുകയാണെന്നും ,റൂം നഷ്ടപെടാതിരിക്കുവാൻ തൽക്കാലത്തേക്ക് ആരതിയെ ആ റൂമിൽ താമസിപ്പിക്കുവാൻ പോകുകയാണെന്നും അച്ഛനെ അറിയിച്ചു. ഹോസ്പിറ്റലിലെ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കണമെന്നുപറഞ്ഞു അച്ഛൻ ഫോൺ വച്ചു . അപ്പോൾ തന്നെ ഹോസ്പിറ്റലിലേക്കുള്ള ചില സാധനങ്ങളും അത്യാവശ്യം കുറച്ചു ബുക്കുകളുമെടുത്തു താനുമിറങ്ങി . മുത്തശ്ശിയോട് കോച്ചിങ് സെന്ററിലേക്ക് പോകുകയാണെന്ന് പറഞ്ഞു . മുത്തശി പ്രാതൽ കഴിക്കാനായി നിർബന്ധിച്ചു കൊണ്ടിരുന്നു . ഒടുവിൽമുത്തശ്ശിയെ തൃപ്തിപ്പെടുത്തുവാനായി ഒരിഡ്‌ഡലി കഴിച്ചെന്നു വരുത്തി . നിറയുന്ന കണ്ണുകൾ മുത്തശ്ശിയിൽ നിന്നും മറച്ചുപിടിക്കാൻ പാടുപെട്ടു .അപ്പോൾ താനെത്ര ലോലഹൃദയയാണെന്നോർത്തു പോയി .മുത്തശ്ശിയുടെ അടുത്തു നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ .എന്നാൽ മുത്തശ്ശി കയ്യിലൊരു ടിഫിൻ ബോക്സുംആയി തന്റെ പുറകെയെത്തി .

ഇതാ ഇതുകൂടി കൊണ്ടുപൊക്കോളൂ അമ്മൂ. ഞാൻ വെളുപ്പിനെ എണീറ്റ് അമ്മൂന് വേണ്ടി ഉണ്ടാക്കിയതാണ്”’.

പാവം മുത്തശി . തനിക്കുവേണ്ടി എത്ര കഷ്ടപ്പെടുന്നുവെന്നോർ ത്തു .ടിഫ്ഫിൻ ബോക്സ് കൈയ്യിൽ വാങ്ങി പോകാനായി തിരിയുമ്പോൾ മുത്തശ്ശി ചോദിച്ചു .

അല്ല അമ്മുവിനറിയ്യോ ,വിനു എപ്പഴാ വര്വ എന്ന് . അവൻ അമ്മുവിനെ വിളിയ്ക്കുകയോ മറ്റോ ചെയ്യുകയുണ്ടായോ ?.”. അറിയാതെ മുഖം വിവർണമായി . എന്തോ കള്ളം മറക്കാൻ പാട്ടുപെടുന്ന കൊച്ചുകുട്ടിയുടെ പരിഭ്രമത്തോടെ പറഞ്ഞു

ങാ ..മുത്തശ്ശി അവൻ എന്നെ വിളിച്ചിരുന്നു . കുറച്ചുദിവസം അവിടെ നില്ക്കാൻ ഗിരിജച്ചിറ്റ നിർബന്ധിച്ചത്രെ .”

അല്ല അവന്റെ ഒരു കാര്യം . അച്ഛനേയുംഅമ്മയെയും കണ്ടാൽ പിന്നെ അവരോടടുത്തുകൂടും . ഇവിടെ ആരൂല്ലാത്തോണ്ട് ഗിരിജയും സുരേന്ദ്രനും അവനെ നിർബന്ധിച്ചിങ്ങോട്ടയക്കുന്നതാ . എത്രയൊക്കെയായാലും അച്ഛനുമമ്മയും കഴിഞ്ഞിട്ടല്ലേയുള്ളൂ കുട്ട്യോൾക്ക് മുത്തശ്ശനും മുത്തശ്ശിയും . അത് ഞാനോർക്കേണ്ടതായിരുന്നു ”. മുത്തശ്ശി കുണ്ഠിതത്തോടെ പറഞ്ഞു .

ആരു പറഞ്ഞു മുത്തശ്ശി ഞങ്ങൾക്കങ്ങിനെയാണെന്നു . മുത്തശ്ശിയും മുത്തശ്ശനും കഴിഞ്ഞിട്ടേ ഞങ്ങൾക്ക് മറ്റാരും ഉള്ളൂ .”

അങ്ങിനെ പറഞ്ഞു മുത്തശിയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു . പക്ഷെ ഒരു താമരത്തണ്ടുപോലെ ആകെ വാടിക്കുഴഞ്ഞിരുന്ന തന്റെ ഉമ്മക്ക് പഴയ ഊർജസ്വലതയില്ലെന്നു മുത്തശിക്ക്‌ തോന്നിയിരിക്കാം .

അമ്മൂന് നല്ല സുഖമില്ലെന്ന് തോന്നുന്നു ..ഇന്ന് ഈയാത്ര വേണ്ടെന്നുവച്ചൂടെ കുട്ടി

അയ്യോ ഇന്ന് കോച്ചിങ് ക്ലാസ് മിസ്സായാൽ ശരിയാവില്ല . ഞാൻ പോയിട്ട് വരാം മുത്തശ്ശി ”.

പഴയ ഊർജസ്വലത അഭിനയിച്ചു . മുത്തശ്ശിയുടെ നേർക്ക് കൈവീശി അവിടെനിന്നും യാത്രയായി .

ബസ് സ്റ്റോപ്പിൽ ചെന്നയുടനെ നിറയെ യാത്രക്കാരുള്ള ഒരു ബസ് വന്നു നിന്നു . തുകൽ ബാഗും കൈയ്യിൽ പിടിച്ചു കമ്പിയിൽ തൂങ്ങി നിൽക്കേണ്ടി വന്നു . എങ്കിലും പത്തുമിനിട്ടിനുള്ളിൽ അടുത്തുതന്നെ ഇരിയ്ക്കാനൊരിടംകിട്ടി . പെട്ടെന്നാണ് മനുസാർ അടുത്തുള്ള ബസ് സ്റ്റോപ്പിൽ തന്നെക്കാത്തു നിൽക്കുന്നത് കണ്ടത്.

 

You can share this post!