ഋതുസംക്രമം -17

 

അമ്മിണിയമ്മയുടെ മുഖം പരിഭ്രമത്താൽ വലിഞ്ഞു മുറുകിയിരുന്നു .

കുഞ്ഞേ , നമ്മുടെ വിനുക്കുഞ്ഞ് ….”അർധോക്തിയിൽ നിർത്തി അവർ നിസ്സഹായതയോടെ തന്നെ നോക്കി . കണ്ണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ട് താൻ സംഭ്രമത്തോടെ ചോദിച്ചു .

എന്താ അമ്മിണിയമ്മേ .നിങ്ങൾ കാര്യം പറയൂ

കുഞ്ഞേ ഞാനതെങ്ങിനെ പറയും ? . ഞാൻ അമ്പലത്തിൽ വച്ച് കേട്ടതാണ് . നമ്മുടെ വിനുക്കുഞ്ഞിനെ കൂടെപ്പഠിക്കുന്ന പിള്ളേരാരോ കുത്തിയത്രെ. അല്പം സീരിയസ് ആണെന്നാ കേട്ടത് ”.

വിനുവിപ്പോളേതു ഹോസ്പിറ്റലിലാ അമ്മിണിയമ്മേ ? . അതാരെങ്കിലും പറഞ്ഞോ ?” . സിറ്റൗട്ടിന്റെ പടിയിൽ തളർന്നിരുന്ന അമ്മിണിയമ്മയെ പിടിച്ചു കുലുക്കിക്കൊണ്ട് താൻ ചോദിച്ചു .

ആശൂത്രീടെ പേരെനിക്കറിയില്ല . കുഞ്ഞാ ടി വി വച്ച് നോക്കിയേ . ടി വി യിൽ വാർത്തയുണ്ടെന്നാ കേട്ടത്

പുതുതായി വിനു വാങ്ങിയ ടി വി ഓൺ ചെയ്യാനായി താൻ അകത്തേക്കോടി. . ടി വി യിൽ ന്യൂസ് ചാനൽ ഓൺ ചെയ്തു നോക്കിയപ്പോൾ അതിൽ സ്ക്രോൾ ചെയ്തു പോയിരുന്നത് ആ വാർത്തയായിരുന്നു . വിനയ ചന്ദ്രൻ എന്ന വിദ്യാർത്ഥി നേതാവിനെ ഒരു പറ്റം ഫാസിസ്റ്റു അനുഭാവികൾ ചേർന്ന് പട്ടണത്തിലെ ലൈബ്രറിയിൽ വച്ച് കുത്തിയത്രെ . മുൻ വൈരാഗ്യമാണ് സംഭവത്തിനു കാരണമെന്നും ,വിനുവിപ്പോൾപട്ടണത്തിലെ അപ്പോളോ ഹോസ്പിറ്റലിലാണുള്ളതെന്നും അതിൽ കണ്ടു. അനന്ത്രിതമായി പൊട്ടി വന്ന കരച്ചിൽ അടക്കിപ്പിടിച്ചു . മുത്തശ്ശിയും വല്യമ്മയും ഇതറിയാൻ പാടില്ല . ഇനി എന്ത് എന്നാലോചിച്ചപ്പോൾ ഒരു യുക്തിയും തോന്നിയില്ല. നേരം സന്ധ്യ മയങ്ങി തുടങ്ങിയിരിക്കുന്നു . താൻ ഒരു പെൺകുട്ടിയാണെന്ന തുകൊണ്ട് മുത്തശ്ശി ഈ സന്ധ്യ നേരത്തു തന്നെ പുറത്തു കടക്കാൻ അനുവദിക്കുകയില്ല ..ഗിരിജ ചിറ്റയെയോ സുരേന്ദ്രനങ്കിളിനെയോ ഫോണിൽ കിട്ടുമോ എന്ന് നോക്കി . എന്നാൽ നോട് റീച്ചബിൾ എന്ന അനൗൺസ്മെൻറ് ആണ് കേട്ടത് . ഒരു പക്ഷെ അവർ ഹോസ്‌പിറ്റലിൽ പോയിക്കാണുമെന്നു തോന്നി . പിന്നെ ഏറ്റവും താഴ്ന്ന ശബ്ദത്തിൽ ടി വി വച്ചുകൊണ്ടിരുന്നു .

ഞാൻ പോകുന്നു . ടി വി യിൽ ന്യൂസ് വല്ലതും കണ്ടോ കുഞ്ഞേ എന്ന അമ്മിണിയമ്മയുടെ മുറ്റത്തു നിന്നുള്ള ശബ്ദം കേട്ടത് അപ്പോഴാണ്”. അമ്മിണിയമ്മ മുറ്റത്തു നിൽക്കുന്ന കാര്യം താൻ മറന്നു പോയിരുന്നു . കരച്ചിൽ നിയന്ത്രിച്ചു , കൊണ്ട് അമ്മിണിയമ്മയുടെ അടുത്തെത്തി പറഞ്ഞു

ടി വി യിൽ ന്യൂസ് ഉണ്ട് അമ്മിണിയമ്മേ . വിനു ഇപ്പോൾ അപ്പോളോ ഹോസ്പിറ്റലിലാണ് . അകത്തു ഉറങ്ങിക്കിടക്കുന്ന മുത്തശ്ശിയും വല്യമ്മയും ഇതൊന്നും അറിയേണ്ട. . അമ്മിണിയമ്മവീട്ടിൽ പൊക്കോളൂ

ശരി കുഞ്ഞേ . ഞാൻ വീട്ടിൽ പോയി ഒന്ന് കുളിച്ച് വരാം . എന്നിട്ട് അമ്പലത്തിൽ ചെന്ന് തൊഴുത് പ്രാർത്ഥിക്കാം , വിനുക്കുഞ്ഞിന് ഒന്നും വരുത്തല്ലേ എന്ന് . എന്നെക്കൊണ്ട് അതല്ലേ പറ്റുകയുള്ളൂ കുഞ്ഞേ ? . പാവം നല്ല സ്നേഹമുള്ള ഒരു കൊച്ചനാ അത് . ന്റെ ദേവീ …..ആ കുഞ്ഞിന് ഒന്നും വരുത്താതെ കാത്തുകൊള്ളണെ ..” അങ്ങിനെ പ്രാർത്ഥിച്ച്‌ ,ഒഴുകിവന്ന കണ്ണീർ തുടച്ചു കൊണ്ട് അവർ അവിടെ നിന്നും നടന്നകന്നു .താൻ മനസ്സമാധാനമില്ലാതെ ആ സിറ്റൗട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു .പക്ഷെ അപ്പോഴേക്കും ഫോണിൽ ഗിരിജ ചിറ്റയെ കിട്ടി

.”ഹലോ ചിറ്റേ , വിനുവിനിപ്പോഴെങ്ങിനെയുണ്ട് ?”തന്റെ ചോദ്യം കേട്ട് ഒരു പൊട്ടിക്കരച്ചിലായിരുന്നു അപ്പുറത്തുയർന്നത് .. കരച്ചിലിനിടയിലൂടെ ഗിരിജ ചിറ്റ പറഞ്ഞു .

നമ്മുടെ വിനുക്കുട്ടനല്പം സീരിയസ് ആണ് മോളെ ഒരു ഓപ്പറേഷൻ കഴിഞ്ഞ് , അവനെയിപ്പോൾ ഐ സി യു വിൽ കിടത്തിയിരിക്കയാണ്‘ ”

ചിറ്റ വിഷമിക്കാതിരിക്കണംസുരേന്ദ്രനങ്കിൾ അവിടെയുണ്ടല്ലോ അല്ലെ?. ഞാൻ രാവിലെതന്നെ അവിടെ എത്താൻ നോക്കാം . ഇവിടെ മുത്തശ്ശിയും വല്യമ്മയും ഒന്നുമറിഞ്ഞിട്ടില്ല. ”.താൻ ഇടർച്ചയോടെ പറഞ്ഞു

ന്റെ മോളെ എന്നാലും നമ്മുടെ വിനുക്കുട്ടൻ ..”ചിറ്റ ഏങ്ങലടിച്ച് കരഞ്ഞു . ചിറ്റയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് കൊണ്ട് താൻ പറഞ്ഞു .

. ” . നമ്മുടെ വിനുവിന് ഒന്നും വരികയില്ല ചിറ്റേ . ഞാൻ ഈശ്വരനോട് നല്ലവണ്ണം പ്രാർത്ഥിക്കുന്നുണ്ട്” ” . അപ്പുറത്തു ഫോൺ ഓഫായ നിമിഷം അച്ചന്റെ നമ്പർ ഡയൽ ചെയ്തു . ഫോണെടുത്തത് മാധവൻ തന്നെയാണ്

.” എന്താമോളെ വിശേഷങ്ങൾ ?” . അച്ഛൻ പതിവുപോലെ കുശലാന്വേഷണങ്ങളിലേക്കു കടക്കും മുമ്പ് വേദനയോടെ താൻ കാര്യങ്ങൾ പറഞ്ഞു . അച്ഛനത് ആഘാതമായിരുന്നു . മുത്തശ്ശിയും ,വല്യമ്മയുംഇതുവരെ ഒന്നുമറിഞ്ഞിട്ടില്ല എന്നുപറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു

ങാ നീയിപ്പോൾ അവരെ ഒന്നുമറിയിക്കേണ്ട . അമ്മക്കുമച്ഛനും ഇത് താങ്ങാനായെന്നു വരികയില്ല . ഏതായാലും നാളെ രാവിലെ തന്നെ നീ ഹോസ്പിറ്റലിൽ പോകണം .വിവരങ്ങൾ അപ്പപ്പോൾ എന്നെ അറിയിക്കണം

ശരി അച്ഛാ ഞാൻ കിട്ടുന്ന വിവരങ്ങൾ അപ്പപ്പോൾ അറിയിക്കാം . ഗിരിജച്ചിറ്റ പറഞ്ഞത് അല്പം സീരിയസ് ആണെന്നാണ്. . നമുക്കെന്തായാലും പ്രാർത്ഥിക്കാം അഛാ, വിനുവിനൊന്നും വരുത്തല്ലേ എന്ന് . അതല്ലേ നമുക്കിപ്പോൾ ചെയ്യാൻ കഴിയൂ ” . വിതുമ്പലോടെ താൻ പറഞ്ഞു നിർത്തി .

ശരി ..ശരി ഞാൻ സുരേന്ദ്രനെ ഒന്ന് വിളിച്ചു നോക്കട്ടെ .നീ ഫോൺ വച്ചോളൂ ”.

ഫോൺ ഡിസ്കണക്ട് ചെയ്തു അൽപനേരം കണ്ണടച്ചിരുന്നു പ്രാർത്ഥിച്ചു . പിന്നീട് ശബ്ദം താഴ്ത്തി ന്യൂസ് ശ്രദ്ധിച്ചു കൊണ്ടിരുന്നു . അല്പം കഴിഞ്ഞപ്പോൾ ന്യൂസ് ചാനലിൽ ആ വാർത്തയും ദൃശ്യവും വീണ്ടും പ്രത്യക്ഷപ്പെട്ടു . വിനുവിനെയും ഒരു കൂട്ടുകാരനെയും ഏതാനും പേർ ലൈബ്രറിയിൽ വച്ച് ഉപദ്രവിക്കുന്നതും , അതിലൊരുത്തൻ കത്തിയെടുത്ത്ഇരുവരെയും കുത്തുന്നതുമായ ദൃശ്യം ആരോ ക്യാമറയിൽ പകർത്തിയതു കണ്ടു . അറിയാതെ നിലവിളിച്ചുപോയി . അതുകേട്ട് മുത്തശി അകമുറിയിൽ നിന്നും ഉറക്കം തെളിഞ്ഞു എണീറ്റുവന്നു. . മുത്തശ്ശിയെ കണ്ടപ്പോൾ താൻ റിമോട്ട് എടുത്തു ടി വി ഓഫ് ചെയ്തു .

മുത്തശ്ശി ചോദിച്ചു . ”എന്താ അമ്മൂ എന്തിനാ നിലവിളിച്ചത് ?”

ഞാൻ.. .ഞാൻ ഒരു സിനിമയിലെ സീൻ കണ്ടു നിലവിളിച്ചതാ മുത്തശ്ശി‘ ” . ഒരുകള്ളം പറഞ്ഞു . മുത്തശിയുടെ മുഖത്തും ഭീതി തളം കെട്ടി നിൽക്കുന്നതായി തോന്നി . കാര്യം എന്താണെന്നു അന്വേഷിച്ചു

അതെ അമ്മൂ , ഞാനൊരു ദുസ്വപ്നം കണ്ടു . നമ്മുടെ വിനുക്കുട്ടന് എന്തോ ആപത്തു പറ്റിയെന്ന് . അല്ലഅവനിത്രനേരായിട്ടും വന്നില്ലല്ലോ അമ്മൂ ”.

അപ്പോളോർത്തു . ആ മനസ്സ് എന്തോ കണ്ടറിഞ്ഞിരിക്കുന്നു . മുത്തശ്ശിയും ചെറുമകനും തമ്മിലുള്ള ടെലിപ്പതിയായിരിക്കാം എല്ലാറ്റിനും കാരണം . മുത്തശ്ശിയെ ആശ്വസിപ്പിക്കാനായി കൃത്രിമ സന്തോഷം നടിച്ചു പറഞ്ഞു .

അവനല്പംമുമ്പു എന്നെ വിളിച്ച്‌ അവന്റെ വീട്ടിലേക്കു പോകുകയാണെന്ന് പറഞ്ഞിരുന്നു . കുറച്ചു ദിവസം കഴിഞ്ഞിട്ടേ വരുകയുള്ളുവത്രേ . ”

മുത്തശ്ശി അത് വിശ്വസിച്ചു എന്ന് തോന്നി .

ആ സ്വപ്നം കണ്ട് ഞാൻ വല്ലാതെ ഭയന്നു , വിനുവിന് എന്തെങ്കിലുംഅപകടം പറ്റിക്കാണുമെന്ന് . എന്നാലിപ്പോൾ സമാധാനായി . ങ്ങ.. അതുപോട്ടെ നിന്റെ മുഖമെന്താ വാടിയിരിക്കുന്നതു . ഒന്നും കഴിക്കാഞ്ഞിട്ടായിരിക്കും . വന്നേ അമ്മൂ നിനക്ക് ഞാനെന്തെങ്കിലും വിളമ്പിത്തരാം മുത്തശ്ശിപറഞ്ഞതു കേട്ട് താൻ പെട്ടെന്നു വിമുഖതയോടെ പറഞ്ഞു .

എനിക്കൊന്നും വേണ്ട മുത്തശ്ശി . മഴച്ചാറ്റല് കൊണ്ടത് കൊണ്ടാകും . നല്ല തലവേദന . ഞാൻ പോയി കിടക്കട്ടെ . മുത്തശിയും കിടന്നോളൂ ”.

അങ്ങനെ പറഞ്ഞു കൊണ്ടു തന്റെ ബെഡ്റൂമിലേക്ക് നടന്നു . മുത്തശ്ശിയോട് അതുപറയുമ്പോൾ സ്വന്തം സങ്കടം മറച്ചുപിടിക്കാൻ ശ്രമിച്ചിരുന്നു . വിനു തനിക്കു കസിനല്ല , സ്വന്തം അനുജൻ തന്നെയാണ് . മാത്രമല്ല അവനു താനെന്നു വച്ചാൽ ജീവനാണ് . എല്ലാം ഓർത്തു കൊണ്ട് തന്റെ ബെഡ്റൂമിലെത്തി കിടക്കയിൽ വീണു പൊട്ടിക്കരഞ്ഞു . അപ്പോൾ ഫോൺ ബെൽ റിങ് ചെയ്യുന്ന ശബ്ദം കേട്ടു . അതെടുത്ത് സൂക്ഷിച്ചു നോക്കി . മനീഷാണെന്നു കണ്ടപ്പോൾഅല്പം സന്തോഷം തോന്നി .പക്ഷെ ഫോണെടുത്തപ്പോൾ തന്നോട് സംസാരിച്ചത് മനീഷിന്റെ അമ്മയായിരുന്നു . മനീഷ് പുറത്തു പോയിരിക്കുകയാണെന്നും വരുമ്പോൾ പറയാമെന്നും പറഞ്ഞു . അവർ വളരെ സ്നേഹമായിട്ടാണ് തന്നോട് സംസാരിച്ചത് . മുത്തശ്ശിയോട് തന്റെ സ്നേഹാന്വേഷണം അറിയിക്കണം എന്നു പറഞ്ഞു .

അവർ ഫോൺ ഡിസ്കണക്ട് ചെയ്തപ്പോൾ ഹോസ്പിറ്റലിലേക്ക് ഒന്നുകൂടി വിളിച്ചു വിവരങ്ങൾ അറിഞ്ഞാലോ എന്നുതോന്നി . ഗിരിജചിറ്റയെ ഫോണിൽ വിളിച്ചു. ഗിരിജചിറ്റ സംസാരിച്ചപ്പോൾ കരഞ്ഞു കരഞ്ഞ് ആ ശബ്ദം വല്ലാതെ അടഞ്ഞിരിക്കുന്നതായി തോന്നി . പതിഞ്ഞ സ്വരത്തിൽ ആരാഞ്ഞു .

വിനുവിനെ കാണാൻ കഴിഞ്ഞോ ചിറ്റേ ?’അവനു ബോധം തെളിഞ്ഞൊ ?”.

ഇല്ല മോളെ.. ഐ സി യൂ വിനു പുറത്തുനിന്നും അവനെ കാണാമെന്നല്ലാതെ അവർ അകത്തേക്ക് കേറ്റുന്നില്ല . ഇരുപത്തിനാലു മണിക്കൂർകഴിഞ്ഞാലേ എന്തെങ്കിലും പറയാനാവുകയുള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞത് . അവനിപ്പോൾ ബോധമില്ല. രക്തം കുറെ വാർന്നു പോയിട്ടുണ്ട് . പിന്നെ അകത്തു രക്ത വാർച്ച ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത് . ഏതായാലും മനസമാധാനം പോയി മോളെ ”.

ചിറ്റ പറഞ്ഞു നിർത്തിയപ്പോൾതനിക്കും തന്റെ തൊണ്ട അടഞ്ഞിരിക്കുന്നതായി തോന്നി . …ഒരുവിധം ശബ്ദം വീണ്ടെടുത്ത് പറഞ്ഞു

.”ഇപ്പോൾ കരയുകയല്ലഎന്തിനെയും നേരിടുവാനുള്ള ശക്തി സംഭരിക്കുകയാണ് വേണ്ടത്. ചിറ്റ വിനുവിനുവേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നോളൂ. . എല്ലാം ശരിയാകും . നമ്മുടെ വിനുവിനെ നമുക്ക് തിരിച്ചു കിട്ടും ചിറ്റേ . എന്റെ മനസ്സങ്ങിനെ പറയുന്നു . ”

ശരി മോളെ . മാധവേട്ടൻ വിളിച്ച് കുറെ ആശ്വസിപ്പിച്ചു. . എട്ടനും നീയും പറഞ്ഞത് പോലെ ഞാനും ഈശ്വരനെ മുറുകെപ്പിടിച്ചിരിക്കുകയാണ് . മറ്റൊന്നും ചിന്തിക്കാൻ ഇപ്പോഴെനിക്കാവുന്നില്ല . ഞാൻ ഫോൺ വക്കുകയാ . നീ നാളെ രാവിലെ എത്തുമല്ലോ അല്ലെ

രാവിലെ എത്താമെന്ന് സമ്മതിച്ചു താൻ ഫോൺ വച്ചു . ഫോൺ ഡിസ് കണക്ട് ചെയ്യുമ്പോൾ മനീഷിന്റെ നമ്പർ അതിൽ തെളിഞ്ഞു കണ്ടു .

 

സുധ അജിത് 

You can share this post!