ഋതുസംക്രമം -14

 

അവളെക്കണ്ട് മുത്തശ്ശൻ അത്ഭുതം നടിച്ചു കൊണ്ട് ചോദിച്ചു

അല്ല ഇതാര് അമ്മുക്കുട്ടിയോ”? മോളെ കണ്ടിട്ട് കുറച്ചു ദിവസ്സായല്ലോ ? മുത്തശ്ശനെ ഇപ്പോൾഅമ്മുവിനും വേണ്ടതായോ ?..

ആരുപറഞ്ഞു മുത്തശ്ശനെ ആർക്കും വേണ്ടെന്ന് ?. മുത്തശ്ശനെ എല്ലാവർക്കും വേണം. .പിന്നെ ഞാൻ ഐ എ എസ് കോച്ചിങ് ക്‌ളാസിൽ ചേരാൻ പോവുന്നതിന്റെ തിരക്കിലായിരുന്നു മുത്തശ്ശാ.. അത് കൊണ്ടാണ് മുത്തശ്ശനെ കാണാൻ വരാതിരുന്നത് . ”

അതേതായാലും നല്ല കാര്യാണല്ലോ . എന്റെ അമ്മുക്കുട്ടിയെ ഈ നാട്ടിൽ ഒരു കലക്ടറായി കണ്ടിട്ട് വേണം മുത്തശ്ശന് മരിയ് ക്കാൻ ”.മുത്തശ്ശൻ സന്തോഷത്തോടെ പറഞ്ഞു .

പെട്ടെന്ന് മുത്തശ്ശന്റെ അടുത്തിരു ന്ന് ആ കൈകളെടുത്തു മടിയിൽ വച്ചു . എന്നിട്ട് ആ കണ്ണുകളിൽ നോക്കി പറഞ്ഞു .

പണ്ട് മുത്തശ്ശന്റെ കൈകളിൽ പിടിച്ച് ഈ കൈകളുടെ ചൂടറിഞ്ഞു നടക്കുമ്പോൾ എനിക്ക് ഒരു പ്രത്യേക ആത്മ വിശ്വാസമായിരുന്നു . എന്തിനെയും നേരിടാനുള്ള ആത്മവിശ്വാസം . എന്നാലിന്ന് അത് കുറേയൊക്കെ കൈമോശം വന്നതുപോലെ തോന്നുന്നു മുത്തശ്ശാ. . മുത്തശ്ശന്റെ പ്രിയമോൾ അല്പം ഭയത്തോടെയാണിപ്പോൾ മുന്നോട്ടു നടക്കുന്നത് . ”

കഴിഞ്ഞ കുറെ ദിവസങ്ങളായി താൻ നേരിടേണ്ടി വന്ന ചില സംഭവങ്ങൾ ഓർത്തു പറഞ്ഞു .

അതെന്താ അമ്മൂ . കുഞ്ഞുന്നാളിൽ മുത്തശ്ശന്റെ അമ്മൂ അങ്ങിനെയൊന്നിനെയും ഭയക്കാത്തവളായിരുന്നല്ലോ . . ഇപ്പോഴിതെന്തു പറ്റി ?. .”മുത്തശ്ശൻ ജിജ്ഞാസയോടെ ചോദിച്ചു

അല്ല മുത്തശ്ശാ . മുതിർന്നശേഷം ഈ നാട്ടിൽ വന്നപ്പോഴാണ് ഒരു പെണ്ണായി പിറന്നതിന്റെ ദൂഷ്യഫലം ഞാനറിയുന്നത് . ഈ നാട്ടിൽ പെണ്ണിന്റെ സ്ഥിതി പലപ്പോഴും പരിതാപകരമായി മാറുന്നുണ്ടല്ലേ മുത്തശ്ശാ ?. അന്യ ദേശത്തു വളർന്ന എനിക്ക് ഇതെല്ലാം പുതിയ അനുഭവങ്ങളായി തോന്നുന്നു..”

എന്താ പ്രിയമോളെ ? നിനക്കെന്തെങ്കിലും മോശം അനുഭവങ്ങളുണ്ടായോ ?മുത്തശ്ശനോട് പറയൂ . ”

മുത്തശ്ശന്റെ ചോദ്യം കേട്ടപ്പോൾ നിരുദ്ധകണ്ഠയായി താൻ അൽപനേരം മിണ്ടാതിരുന്നു

തന്റെ കണ്ണുകൾ നനഞ്ഞിരിക്കുന്നതു കണ്ടപ്പോൾ മുത്തശ്ശന് വിഷമം തോന്നി .

പറയു മോളെ എന്താണ്ടായേ ?’ .

മുത്തശ്ശനോട് അമ്പലത്തിൽ നടന്ന കാര്യങ്ങളും , പിന്നീട് തിയേറ്ററിൽ വച്ചുണ്ടായ അനുഭവവും പറഞ്ഞു . അത് കേട്ട് മുത്തശ്ശന് ഒരേ സമയം കോപവും വിഷമവും ഉണ്ടായി .

ആ മിത്രന് പണ്ട് മുതലേ നമ്മുടെ കുടുംബത്തോട് വൈരാഗ്യമാണ് കുഞ്ഞേ . നമ്മളെ ദ്രോഹിക്കാനും, അപമാനിക്കാനും കിട്ടുന്ന ഒരവസരവും അവൻ പാഴാക്കാറില്ല . നിന്റെ അച്ഛനോടുള്ള വൈരാഗ്യമാണ് അവൻ നിന്നോടും കാണിക്കുന്നത് . ഏതായാലും നീ സൂക്ഷിക്കണം കുഞ്ഞേ . ഇന്നിപ്പോൾ മുത്തശ്ശന് വയ്യാണ്ടായി . അല്ലെങ്കിൽ ഞാൻ കാണിച്ചു കൊടുക്കുമായിരുന്നു‘ .”

മുത്തശ്ശന്റെ കണ്ണിൽ കോപം ആളിക്കത്തി . പണ്ടൊരിക്കൽ ജന്മിമാരും ,ചെറുമരും തമ്മിൽ ഒരേറ്റുമുട്ടലുണ്ടായപ്പോൾ മുത്തശ്ശനായിരുന്നു അവരുടെ നേതാവെന്ന് കേട്ടിട്ടുണ്ട് . അന്നത്തെ ആ ഊറ്റം ഇന്നും മുത്തശ്ശന്റെ കണ്ണുകളിൽ കാണാം . പെട്ടെന്ന് ചിരിച്ചുകൊണ്ടു പറഞ്ഞു .

മുത്തശ്ശനിപ്പോൾ വയ്യായ്ക മറന്നു എഴുന്നേറ്റു വരുമെന്ന് തോന്നുന്നുണ്ടല്ലോ . ഏതായാലും ഈ നാട്ടിൽ അയാളെയും കൂട്ടരെയും മാത്രം പേടിച്ചാൽ മതി മുത്തശ്ശാ . ബാക്കി ആർക്കും ഒരു കുഴപ്പവുമില്ല . തന്നെയുമല്ല ചിലർക്ക് മാധവന്റെ മകളോട് വലിയ കാര്യമാണ് താനും

ശരിയാണ് മോളെ .. ഈ നാട്ടിൽ പലർക്കും മാധവനെന്നു വച്ചാൽ ജീവനാ . അവൻ ഈ നാട്ടിൽ പലർക്കുംവലിയ സഹായാ ചെയ്തിട്ടുള്ളത് . എത്ര പേർക്കാ വീട് വയ്ക്കാൻ പണം നൽകിയിട്ടുള്ളത് . എത്ര പേരുടെ മക്കളെയാ അവൻ പഠിപ്പിച്ചിട്ടുള്ളത് . അവന്റെ മനസ്സ് വളരെ വലുതാ മോളെ

ശരിയാ മുത്തശ്ശാ . ആ അച്ഛന്റെ മകളായി ജനിച്ച ഞാനും അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ പോവുകയാണ് . ഇപ്പോൾത്തന്നെ ഒരോട്ടോക്കാരന്റെ മകളെ ഞാനാണ് ധന സഹായം ചെയ്തു പഠിപ്പിക്കുന്നത് . പിന്നെ കൂടുതൽ കാര്യങ്ങൾ എനിക്ക് ചെയ്യണമെന്നുണ്ട് . അതിനുവേണ്ടിയാണ് ഞാൻ ഐ എ എസ് എടുക്കുന്നത് മുത്തശ്ശാ

നല്ല കാര്യം മോളെ നിനക്ക് അച്ഛനെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ . നിന്നെ ദൈവം അനുഗ്രഹിക്കും . .”

പിന്നെ ഞാൻ ഇനി ഹോസ്റ്റലിലായിരിക്കും മുത്തശ്ശാ . കോച്ചിങ് സെന്ററിലേക്ക് ഇവിടെ നിന്നും പോയിവരാൻ വിഷമമായതു കൊണ്ടാണ് ഞാൻ ഹോസ്റ്റലിൽ ചേരുന്നത് . പോകുന്നതിനു മുമ്പ് മുത്തശ്ശന്റെ അനുഗ്രഹം എനിക്ക് വേണം .”

നോക്കിയപ്പോൾ തന്നെഅനുഗ്രഹിക്കാൻ കൈകൾ ചലിപ്പിക്കാൻ കഴിയാതെ വിമ്മിഷ്ടപ്പെടുന്ന മുത്തശ്ശനെയാണ് കണ്ടത്. അതുകണ്ടപ്പോൾ ദുഃഖം തോന്നി . മുത്തശ്ശന്റെ കൈകളെടുത്തു തന്റെ ശിരസ്സിൽ വച്ചുകൊണ്ടു പറഞ്ഞു .

എന്റെ മുത്തശ്ശന് വേഗം സുഖാവും . ഞാൻ അതിനുവേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നുണ്ട് . മുത്തശ്ശന്റെ അമ്മൂ ഒരു ഐ എ എസ്സ് ഉദ്യോഗസ്ഥയായി ഈ നാട്ടിൽ വരട്ടെ . അന്ന് മുത്തശ്ശന് വിദഗ്ദ്ധ ചികിത്സ ലഭിക്കാൻ വേണ്ടതെല്ലാം ഞാൻ ചെയ്യും” . മുത്തശ്ശന്റെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു

ഒരു നല്ല ഐ എ എസ് ഓഫീസറായിത്തീരാൻ ദൈവം നിന്നെ അനുഗ്രഹിക്കും കുഞ്ഞേ ” . മുത്തശ്ശൻ വിറയാർന്നസ്വരത്തിൽ നിറകണ്ണുകളോടെ അനുഗ്രഹിച്ചു . അപ്പോൾ പുറത്തു ദിനകൃത്യങ്ങ ൾക്കായി പോയിരുന്ന അയ്യപ്പൻ അകത്തെത്തിപ്പറഞ്ഞു .

കുഞ്ഞിനെ കണ്ടില്ലല്ലോ എന്ന് പറഞ്ഞു ഇന്നലെയും വലിയ സങ്കടായിരുന്നു . ഇപ്പോൾ സങ്കടൊക്കെ മാറിക്കാണുമല്ലോ .”.

ഇപ്പോളെല്ലാം മാറി അയ്യപ്പാ . അമ്മുവിനെ കണ്ടുകഴിയുമ്പോൾ എന്റെ അസുഖം പകുതിയും മാറും .”

അത് ശരിയാ കുഞ്ഞേ . മുത്തശ്ശന് കുഞ്ഞിനെക്കാണുന്നതാ ഏറ്റവും സന്തോഷം . ഇടക്കിടക്ക് കുഞ്ഞിന്റെ ബാല്യകാലത്തെ കുറിച്ചൊക്കെ പറയും .കുഞ്ഞിനെക്കൊണ്ടുനടന്നതു മുത്തശ്ശനാണെന്നും മറ്റും . ചെറുപ്പത്തിലേ കുഞ്ഞിനുണ്ടായിരുന്ന വാശിയെക്കുറിച്ചും പറയും . ”

അയ്യോ അതുവേണ്ടായിരുന്നു മുത്തശ്ശാ.. എന്നെയൊരു ചീത്തക്കുട്ടിയാക്കിയില്ലേ മുത്തശ്ശൻ ” . താൻ മുത്തശ്ശനോട് പരിഭവിച്ചു . .

അയ്യോ അങ്ങിനെയല്ല കുഞ്ഞേ . ഇപ്പോൾ മുത്തശ്ശൻ പറയുന്നത് എന്റെ അമ്മുക്കുട്ടി എത്ര പാവമായിപ്പോയിയെന്നാ .” അയ്യപ്പൻ അല്പം പരിഭ്രമത്തോടെ പറഞ്ഞു . അതുകേട്ട് താനും മുത്തശ്ശനും ചിരിച്ചു . അപ്പോൾ അയ്യപ്പൻ ഒരിളിഭ്യച്ചിരിയോടെ പറഞ്ഞു .

വർത്തമാനം പറഞ്ഞു നിന്ന് സമയം പോയത് അറിഞ്ഞില്ല . കുഞ്ഞു ക്ഷമിക്കണം . വെയിലുമൂക്കും മുമ്പ് മുത്തശ്ശനിത്തിരി കുഴമ്പു തേച്ചു പിടിപ്പിക്കലൊക്കെ ഉണ്ട് . കുഞ്ഞ് അൽപനേരം പുറത്തേക്കിറങ്ങി നിന്നാൽ വലിയ ഉപകാരമായിരുന്നു.” .

എന്നാൽ ശരി മുത്തശ്ശാ ..ഞാൻ പോയിട്ട് പിന്നെ വരാം . ” അങ്ങിനെ പറഞ്ഞുകൊണ്ട്

അവിടെ നിന്നുമിറങ്ങി നടന്നു . അപ്പോൾ മുത്തശ്ശി അകത്തുനിന്നും വിളിക്കുന്നത് കേട്ടു .”പ്രിയ മോളെ , ഒന്നിങ്ങട് വരൂ…” .

മുത്തശ്ശിയുടെ അരികിലെത്തി കാര്യം അന്വേഷിച്ചതന്നോട് മുത്തശ്ശി പറഞ്ഞു . ”കർക്കിടകമാസത്തിലെ നാലമ്പല ദർശനം വിശേഷാന്നു അമ്മുക്കുട്ടിക്കറിയോ.. ഇന്ന് മൂത്തന്നൂർ ദേവിക്ഷേത്രത്തീന്നു നാലമ്പലത്തിലേക്കു ആൾക്കാരെ ബസ്സിൽ കൊണ്ടുപോകുന്നുണ്ടത്രേ” .”

കൈതപ്പൂവിന്റെ വാസനയുള്ള അലക്കിയ മുണ്ടും നേര്യതും പെട്ടിയിൽ നിന്നുമെടുക്കുടുക്കുകയായിരുന്നു മുത്തശ്ശി അപ്പോൾ . മുത്തശ്ശിയുടെ മുണ്ടിൽ മെല്ലെ മണപ്പിച്ച് ആ മണം ആസ്വദിച്ചു കൊണ്ട് , ഒരു ബാല്യകാല സ്മരണയിൽ താൻ മുഴുകി .

.”ഹായ് കൈതപൂവിന്റെ നല്ല മണോണ്ടല്ലോ മുത്തശ്ശിയുടെ മുണ്ടിന് . മുത്തശ്ശനിഷ്ട്ടള്ള മണം , അല്ലെ മുത്തശ്ശി .”

ബാല്യത്തിൽ താനിങ്ങനെ ചെയ്യുമ്പോൾ മുത്തശ്ശി പറയാറുണ്ടായിരുന്നതോർത്ത് പെട്ടെന്ന് ചോദിച്ചു . തന്റെ ചോദ്യം കേട്ട് മുത്തശ്ശി വെറുതെ ചിരിച്ചു . എന്നിട്ട് പറഞ്ഞു

ഈ കുട്ടിക്ക് എന്തൊക്കെയാ അറിയേണ്ടത് . ഇപ്പഴും ആ ചെറിയകുട്ടീ ന്നാ വിചാരം” .

സ്നേഹത്തോടെയുള്ള ഒരു ശാസന അതിൽ ഉൾക്കൊണ്ടിരുന്നു . അല്പം ഇളിഭ്യത തോന്നിയെങ്കിലും മനസ്സു പറഞ്ഞു . മുത്തശ്ശിയുടെ ഈ ശാസന കേൾക്കാൻ വേണ്ടിയായിരുന്നുവല്ലോ താനങ്ങിനെ ചോദിച്ചതെന്നു . ബാല്യത്തിലേക്കുള്ള ഒരു മടക്കയാത്ര അപ്പോൾ താനറിയാതെ കൊതിച്ചിരുന്നില്ലേ എന്നും .

വാർദ്ധക്യം തൻറെ ചുളുങ്ങിയ വിരലമർത്തിയ മുത്തശ്ശിയുടെ മുഖത്തപ്പോൾ ചെറിയ ഒരു നാണം വിരിഞ്ഞു നിന്നു . അത് ആസ്വദിച്ചുകൊണ്ട് താൻ വിഷയം മാറ്റി . വീണ്ടും ഒന്നുമറിയാത്ത കൊച്ചുകുട്ടിയെപ്പോലെ ചോദിച്ചു .

അതെന്താ മുത്തശ്ശി ഈ നാലമ്പലംന്ന് പറയണത് . ഞാൻഇതാദ്യായിട്ട് കേൾക്കുകയാ…” മുത്തശ്ശി ചിരിച്ചുകൊണ്ട് തന്റെ നേരെ തിരിഞ്ഞു

നാലമ്പലംന്ന് പറഞ്ഞാൽ നാല് അമ്പലങ്ങളിൽ കുളിച്ചു തൊഴുക എന്നർത്ഥം .അതായത് ദശരഥ പുത്രന്മാരായ ശ്രീരാമൻ ,ലക്ഷ്മണൻ , ഭരതൻ ,ശത്രുഘ്‌നൻ ഇവരെ പ്രതിഷ്ഠിച്ചിരിക്കുന്ന നാല് അമ്പലങ്ങൾ . ഈ നാല് അമ്പലങ്ങളിൽ പോയി ദർശനം നടത്തിയാൽ രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിന്റെ പുണ്യം കിട്ടുമത്രേ” .

അതെയോ മുത്തശ്ശി. എങ്കിൽ നമുക്ക് പോകാം . ഞാനിന്നു ഫ്രീയാണ് .മുത്തശ്ശിയും വല്യമ്മയും ഒരുങ്ങിക്കൊള്ളൂ. . ഞാനിതാ കുളിച്ചു റെഡിയായിട്ട് ഇപ്പോളെത്താം .” അങ്ങിനെ പറഞ്ഞു ഒരു കൊച്ചു കുട്ടിയുടെ പ്രസരിപ്പോടെ താൻ അവിടെനിന്നും ധൃതിയിൽ കുളക്കടവിലേക്കു നടന്നു .

(തുടരും )

You can share this post!