ഋതുസംക്രമം -13

എടുത്തുചാടി ഒന്നും തീരുമാനിക്കേണ്ട എന്നും അവർ തീരുമാനിച്ചു . മാധവേട്ടൻ പറയുന്നത് പോലെ ഇന്നത്തെ തലമുറയോട് സൂക്ഷിച്ചു വേണം പ്രതികരിക്കാൻ .

ശരി മോളെ ഞങ്ങൾ ആഗസ്ത് 24 ന് നാട്ടിലെത്തും . അച്ഛൻ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു . ഇനി അപ്പോൾ കാണാം .” അങ്ങനെ പറഞ്ഞു സംഭാഷണം അവസാനിപ്പിച്ച് ദേവിക ഫോൺ ഡിസ് കണക്ട് ചെയ്തു .

അച്ഛനുമമ്മയും രെഞ്ചുവും അഗസ്റ്റ് -24 ഞായറാഴ്ച കേരളത്തിൽ എത്തുന്നുണ്ടെന്ന അറിവ് തന്നെ വല്ലാതെ ഉത്സാഹഭരിതയാക്കി . അവർ നാട്ടിലെത്താൻ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം അതുവരെയുണ്ടായിരുന്ന ക്ഷീണമെല്ലാം മറന്നു വേഗം കുളിച്ചു വന്നു . പിന്നീട് ഐ എ എസ് പഠനത്തിനാവശ്യമായ ചില പ്രസിദ്ധീകരണങ്ങൾ വായിക്കുവാൻ തുടങ്ങി . മനസ്സ് ഏകാഗ്രതയോടെ അക്ഷരങ്ങളിൽ അലഞ്ഞു നടന്നു . വായനയിൽ മുഴുകിയ തന്റെ മുന്നിലേക്ക് അല്പം കഴിഞ്ഞപ്പോൾ മുത്തശ്ശി എത്തി

. ”എന്താ അമ്മൂ.മണി എട്ടു കഴിഞ്ഞൂലോ ഇനി എന്തെങ്കിലും ആഹാരം കഴിച്ചിട്ട് വായിച്ചാൽ പോരെ .”

ശരി മുത്തശ്ശി ഞാനിപ്പോളെത്താം .” വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും കണ്ണുകളുയർത്തി മുത്തശ്ശിയോട് പറഞ്ഞു . മുത്തശ്ശി വാത്സല്യത്തോടെ തലയിൽ തഴുകി പതുക്കെ പറഞ്ഞു .

എന്റെ അമ്മൂ ഒരുപാട് ക്ഷീണിച്ചു. അങ്ങട്ടും ഇങ്ങട്ടുമുള്ള യാത്രയുടെതാകും . കുട്ടി എഴുന്നേറ്റു വന്നു വല്ലതും കഴിക്കൂ .” .

പെട്ടെന്നെഴുന്നേറ്റു മുത്തശ്ശിക്കൊപ്പം നടന്നു . ഡൈനിങ്ങ് ടേബിളിൽ തനിക്കിഷ്ട്ടപ്പെട്ട ചപ്പാത്തിയും ചിക്കൻ കറിയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി . . ഇപ്പോഴുംതന്റെ ഇഷ്ടങ്ങൾ മുത്തശ്ശി ഓർത്തു വച്ചിരിക്കുന്നല്ലോഎന്നോർത്തപ്പോൾ വികാരാധീനയായി പറഞ്ഞു .

ഹായ് എത്ര നാളായി മുത്തശ്ശിയുടെ ചപ്പാത്തിയും ചിക്കൻ കറിയും കഴിച്ചിട്ട് . പണ്ടത്തെ മുത്തശിയുടെ ചിക്കൻ കറിയുടെ സ്വാദ് ഇപ്പോഴും നാവിൻ തുമ്പിൽ തങ്ങി നിൽപ്പുണ്ട് ”. അങ്ങിനെ പറഞ്ഞു കൈകഴുകി ഉത്സാഹത്തോടെ കഴിക്കാനിരുന്നു . അപ്പോൾ മുത്തശ്ശി പറഞ്ഞു .. . .

അമ്മൂ ഓർക്കുന്നുണ്ടാവുമോആവോ . ചെറുപ്പത്തിൽ ഒരിക്കൽ രാത്രിയിൽ നീ വാശിപിടിച്ചു കരഞ്ഞു കോഴിക്കറി ഉണ്ടാക്കിച്ചിട്ടേ ആഹാരം കഴിച്ചുള്ളൂ. അന്നൊക്കെ മുത്തശ്ശൻ നിന്റെ എല്ലാ ആഗ്രഹവും സാധിച്ചു തരുമായിരുന്നു.

”.ശരിയാണ് മുത്തശ്ശി . ഞാനോർക്കുന്നു , മുത്തശ്ശൻ അർദ്ധ രാത്രിയിൽ വീട്ടിൽ വളർത്തിയിരുന്ന കോഴിയെ പിടിച്ച് കൊന്നതും , മുത്തശ്ശി എനിക്കതു കറി വച്ച് തന്നതുമൊക്കെ . .അന്നൊക്കെ ഞാൻ വലിയ വാശിക്കാരിയായിരുന്നു .അന്നെനിക്ക് നാലോ അഞ്ചോവയസ്സു പ്രായം. പാവം മുത്തശ്ശൻ . .. ഞാനിപ്പോഴാണ് ഓർത്തത് . രണ്ടു ദിവസമായി പല തിരക്കുകളിൽ പെട്ട് മുത്തശ്ശന്റെ അടുത്തു പോകാനെനിക്ക് കഴിഞ്ഞിട്ടില്ല . ഇന്നിനി മുത്തശ്ശനെ കണ്ടിട്ട് കാര്യം …”

ഇന്നിനി വേണ്ട അമ്മൂ . രാത്രിയിലിപ്പോ ഇത്രയും സമയായില്യേ .മുത്തശ്ശനുറങ്ങിക്കാണും . നാളെഒഴിവുദിനമല്ലേ . രാവിലെ പോയി മുത്തശ്ശനെ കണ്ടോളൂ . മുത്തശ്ശനും ഇടക്ക് നിന്നെ അന്വേഷിച്ചിരുന്നു. ”

ശരി മുത്തശ്ശി നാളെ രാവിലെ പോയി മുത്തശ്ശനെക്കണ്ടിട്ടേ മറ്റു കാര്യങ്ങളുള്ളൂ ”. ആഹാരം കഴിച്ചു എഴുന്നേൽക്കുമ്പോൾ പറഞ്ഞു ”. പെട്ടെന്ന് എന്തോ ഓർത്തു ചോദിച്ചു . ”അല്ല ഞാൻ വർത്തമാനം പറയുന്നതിനിടക്ക് മുത്തശ്ശി ആഹാരം കഴിച്ചോ എന്ന് ചോദിയ്ക്കാൻ മറന്നുപോയി .”

ഞാൻ അല്പം നേരത്തെ കഴിച്ചു മോളെ . അല്പം ഗോതമ്പു കഞ്ഞി മാത്രമാണ് രാത്രിയിലെന്റെ ആഹാരം . മറ്റൊന്നുമെനിക്ക് വേണ്ട . അത് ഒന്നും കഴിക്കാനില്ലാതെ പട്ടിണി കിടക്കേണ്ടി വന്ന കാലം തൊട്ടുള്ള ശീലമാണ് അന്നൊക്കെ രാത്രിയിൽ ഒരു നേരം മാത്രേ ആഹാരം കഴിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പകലൊക്കെ പാടത്തു വെയിലത്ത് നിന്നുള്ള പൊരിഞ്ഞ പണിയായിരിക്കും . ഒരിറ്റു കഞ്ഞിവെള്ളമെങ്ങാനും മോന്തിയാലായി .ങാ.. . ആ കാലമൊക്കെ എങ്ങിനെ മറക്കാനാണ് അമ്മൂ ” .മുത്തശ്ശിയുടെ കണ്ണുകളിൽ നനവ് പടർന്നു . തനിക്കു ദുഃഖം തോന്നി. പഴയ കാലമൊന്നും മുത്തശ്ശിയെ ഓർമിപ്പിക്കരുതായിരുന്നുവെന്ന് കുറ്റബോധത്തോടെ ഓർത്തു . പെട്ടെന്നു വിഷയം മാറ്റാനായി പറഞ്ഞു

. ”മുത്തശ്ശി അമ്മയുമച്ഛനുമൊക്കെ ഈ ഓണത്തിന് വരുന്നുണ്ട് . ഇന്ന് അച്ഛൻ ടിക്കറ്റ് ബുക്ക് ചെയ്ത കാര്യം അമ്മ പറഞ്ഞു .”

മുത്തശ്ശിക്കതു കേട്ടപ്പോൾവലിയ സന്തോഷമായി . ”ഹാവൂ എത്ര കാലം കൂടീട്ടാ അവരെയൊന്നു കാണാനാകുന്നത് . ഇപ്പോഴെങ്കിലും അവർക്ക് ഇങ്ങടൊക്കെ വരാൻ തോന്നീലോ ‘ .

ശരി മുത്തശ്ശി. ശുഭ രാത്രി .അപ്പോൾ നാളെക്കാണാം ”. മുത്തശ്ശിയുടെ സന്തോഷത്തിൽ പങ്കുചേർന്നു കൊണ്ട് ആ കവിളിൽ ഒരുമ്മ നൽകി . പിന്നെ പിന്തിരിഞ്ഞു തന്റെ മുറിയിലേക്ക് നടന്നു .

കിടക്കുന്നതിനു മുൻപ് തന്റെ മൊബൈലിലേക്കു വിദേശ സുഹൃത്തുക്കളയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ വായിച്ചു നോക്കി . റഷ്യക്കാരി നതാഷ ,യു കെ യിലെ ആൻഡ്രിയ എന്നിവർ തന്നെ വല്ലാതെ മിസ് ചെയ്യുന്നതായി പറഞ്ഞിരിക്കുന്നു. ഒരു നിമിഷം മനസ്സ് യു കെ യിലെ ആഹ്ലാദപൂർണമായ ആ നല്ല ദിനങ്ങളിലേക്കു പാഞ്ഞുപോയി . അരുൺ ,വിമൽ എന്നീ ഇന്ത്യൻ സുഹൃത്തുക്കളും സന്ദേശങ്ങളയച്ചിരുന്നു . താൻ തിരിച്ചും മറുപടി സന്ദേശങ്ങളയച്ചു .

പെട്ടെന്നാണ് തന്റെ മൊബൈലിൽ സേവ് ചെയ്തിട്ടിരിക്കുന്ന ആ നമ്പർ കണ്ടത്. തലേന്ന് രാവിലെ താൻ കണ്ട ശിവൻകുട്ടി എന്ന ഓട്ടോക്കാരന്റെ നമ്പർ!…. അപ്പോഴാണയാളുടെ മകളുടെ കാര്യം ഓർത്തത് . ഒരു ഐ എ എസ് കാരിയാകണമെന്ന് തന്നെപ്പോലെ താഴ്ന്ന ജാതിയിൽപ്പെട്ട അവളും മോഹിക്കുന്നു. തന്നെപ്പോലെ ഉയർന്ന ജീവിത സാഹചര്യങ്ങൾ ഒന്നും അവൾക്കില്ല . എല്ലാമുണ്ടായിട്ടും താനിന്നും ഈ നാട്ടിൽ പലർക്കും അധഃകൃത മാത്രമാണല്ലോ എന്നോർത്തു . മനീഷിനെപ്പോലെ വിദ്യാഭ്യാസമുള്ള ചിലരും തങ്ങളോടടുപ്പമുള്ള ഏതാനും തറവാട്ടുകാരും മാത്രമേ തങ്ങളെ അംഗീകരിച്ചിട്ടുള്ളൂ . അപ്പോൾപിന്നെ ഓട്ടോക്കാരന്റെ മകളുടെ സ്ഥിതി എത്ര ദയനീയമായിരിക്കും . തന്നെപ്പോലെ സമൂഹത്തിന്റെ അംഗീകാരങ്ങൾക്കു വേണ്ടി പിടയുന്ന ഒരു മനസ്സ് അവൾക്കുമുണ്ടാകും . അതിനായി ഉയർന്ന സ്വപ്‌നങ്ങൾ കണ്ടു കഴിയുന്നഒരു മനസ്സ് . ആ മനസ്സിനെ സഹായിക്കാൻ തീരുമാനിച്ചു , ശിവൻ കുട്ടിഅമ്മാവനെ ഫോണിൽ വിളിക്കാൻ തുനിഞ്ഞു . പെട്ടെന്ന് സംശയിച്ചു . ഇപ്പോൾസമയം പത്തുമണിയോടടുത്തു കാണും . ശിവൻകുട്ടിയമ്മാവൻ ഉറങ്ങിക്കാണുമോ ?. ഏതായാലുംരണ്ടും കല്പിച്ച് ഫോൺനമ്പർ ഡയൽ ചെയ്തു . ഫോൺ റിങ് ചെയ്തയുടൻ അപ്പുറത്തു നിന്നും മറുപടി വന്നു

ഹലോ ഞാൻ ശിവൻകുട്ടിയാണ് . ഈ നമ്പർ ഇന്നലെ രാവിലെ കണ്ട പ്രിയകുഞ്ഞിന്റേതല്ലേ ?എന്തിനാകുഞ്ഞെ വിളിച്ചത് ?”

അതെ അമ്മാവാ . ഞാൻ ഇന്നലെ രാവിലെ കണ്ട പ്രിയം വദയാണ് . അമ്മാവന്റെ മകളുടെ കാര്യം പറയാനാണ് വിളിച്ചത് . തിങ്കളാഴ്ച രാവിലെ തന്നെ മകളോട് കോച്ചിങ് സെന്ററിൽ എത്താൻ പറയണം . മകൾ അവിടെയെത്തുമ്പോ എല്ലാ സഹായവും ചെയ്തു തരാം . ഫീസിന്റെ കാര്യമൊന്നും ഓർത്തുഅമ്മാവൻ വിഷമിക്കേണ്ട . അതിനുള്ള പണമെല്ലാം ഞാനടച്ചോളാം . പിന്നെ മകൾക്കു ഹോസ്റ്റലിൽ താമസ്സിക്കണമെങ്കിൽ അതും അറേഞ്ച് ചെയ്യാം ”.

വലിയ ഉപകാരം കുഞ്ഞേ . കുഞ്ഞിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല .ഞാൻ മകളെയും കൂട്ടി തിങ്കളാഴ്ച രാവിലെ തന്നെ കോച്ചിങ് സെന്റെറിലെത്താം . എന്റെ മകളുടെ പേര് ആരതി എന്നാണ് . ശരി കുഞ്ഞേ എന്നാൽ തിങ്കളാഴ്ച കാണാം അയാൾ ഫോൺ ഡിസ് കണക്ട് ചെയ്തു .

താൻ പിന്നീട് അച്ഛനെ വിളിച്ചു ഹോസ്റ്റലിൽ ചേർന്ന കാര്യവും ഓട്ടോക്കാരന്റെ മകളുടെ കാര്യവും പറഞ്ഞു.

നീ വളരെ വലിയ കാര്യമാണ് മോളെ ചെയ്തത്. ഇങ്ങനെ പാവങ്ങളെ സഹായിക്കുന്നത് കൊണ്ട് നമുക്ക് പുണ്യം കിട്ടുകയേ ഉള്ളൂ . നിനക്ക് പണത്തിന്റെ ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിക്കണം . ഞാൻ അയച്ചുതരാം . ” മാധവൻ സന്തോഷത്തോടെ അറിയിച്ചു . എന്നാൽ താൻ പണമൊന്നും ഇപ്പോൾവേണ്ടെന്നറിയിച്ചു . കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോൾതനിക്കു സാലറിയായി കിട്ടിയ നല്ലൊരുതുക ബാങ്കിൽ കിടപ്പുണ്ടെന്നും അതുതീരുമ്പോൾ മതി എന്നും പറഞ്ഞു . ഗൾഫിൽ താൻ ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും രാജി വയ്ക്കുന്ന കാര്യത്തിൽ അച്ഛന്റെ അഭിപ്രായം ആരാഞ്ഞു . അതുകേട്ട് മാധവൻ പറഞ്ഞു .

നീ ഏതായാലും ഐ എ എസ് നു എഴുതാൻ തീരുമാനിച്ച സ്ഥിതിക്ക്‌ ജോലിരാജിവയ്ക്കാതെ നിവൃത്തിയില്ലല്ലോ . ഏതായാലും ഗൾഫിലേതു നല്ല ജോബ് ആയിരുന്നു. നീ അത് കളയുന്നതിൽ എനിക്കല്പം വിഷമമുണ്ട് ”. അച്ഛന്റെ അഭിപ്രായം മനസ്സിനെ മഥിച്ചു . എങ്കിലും പറഞ്ഞു

സാരമില്ലച്ഛാ . ഐ എ എസ് എന്റെ സ്വപ്നമാണ്‌ . നാം ജീവിക്കുന്നഈ നാട്ടിലും സമൂഹത്തിലും അത് നമ്മുടെ നിലയും വിലയും ഉയർത്തുമെന്നുതന്നെ ഞാൻ കരുതുന്നു . അതുകൊണ്ടുതന്നെഅതിനു വേണ്ടി ഞാൻ മാക്സിമം പരിശ്രമിക്കും. അച്ഛൻ എന്നെ അനുഗ്രഹിക്കണം” . തന്റെ വാക്കുകൾ ദൃഢമായിരുന്നു

.” ശരി മോളെ നിന്റെആഗ്രഹം തന്നെ നടക്കട്ടെ . ഞങ്ങൾ പ്രാർത്ഥിക്കാം നിനക്ക് വേണ്ടി . ദൈവം നിന്നെ അനുഗ്രഹിക്കട്ടെ . പിന്നെ വാര്യത്തെ മനീഷ് നിന്റെ അധ്യാപകനായും സഹായിയായും കൂടെ ഉണ്ടെന്നു ഞാനറിഞ്ഞു . അവരെല്ലാം നല്ല ആൾക്കാരാണ് . പക്ഷെ എല്ലാത്തിനും ഒരതിർ വരമ്പുണ്ടാകുന്നത് നല്ലതാണ് മോളെ . ”

അച്ഛന്റെ പ്രിയ മോള് അതിർവരമ്പുകൾ ലംഘിക്കുമെന്ന് അച്ഛന് തോന്നുന്നുണ്ടോ .ഞാനെല്ലാം ആലോചിച്ചു മാത്രമേ പ്രവൃത്തിക്കുകയുള്ളൂ അച്ഛാ. ഇപ്പോ മനുസാർ എനിക്ക് ഒരു നല്ല സുഹൃത്തു മാത്രമാണ് . അതിൽക്കൂടുതലൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല ”.തന്റെ ഉറച്ച വാക്കുകൾക്ക് മറുപടിയായി അച്ഛൻപറഞ്ഞു .

ശരി മോളെ നീ ബുദ്ധിമതിയാണെന്നു ഞങ്ങൾക്കറിയാം . എല്ലാം ആലോചിച്ചു മാത്രം പ്രവർത്തിക്കുക. അപ്പോൾ ഓ കെ ഗുഡ് നൈറ്റ് ”. അങ്ങിനെ പറഞ്ഞു അച്ഛൻപെട്ടെന്ന് തന്നെ ഫോൺ വച്ചു .

അച്ഛൻതന്നെ സംശയിക്കുന്നതായി തോന്നി .അതുകൊണ്ടായിരിക്കുമല്ലോ മനീഷിന്റെ കാര്യം എടുത്തു ചോദിച്ചത് . ഏതായാലും ഇപ്പോൾ താൻ അതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല . ഇപ്പോൾ തന്റെ മുന്നിൽ ഒരു ലക്‌ഷ്യം മാത്രമേ ഉള്ളൂ . തന്റെ ജീവിതാഭിലാഷമായ ഐ എ എസ്സ് . അത് പൂർത്തീകരിച്ച ശേഷം മാത്രം ഒരു വിവാഹം .അങ്ങനെ വിചാരിച്ചു തന്റെ ബുക്ക് ഷെൽഫിൽ നിന്നും ഏതാനും ബുക്കുകൾ തിരഞ്ഞെടുത്തു വായിക്കാനിരുന്നു . ഏതാണ്ട് രണ്ടു മണിയായപ്പോൾ വായന നിർത്തി ലൈറ്റ് അണച്ച് കിടന്നു .

പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ഗൾഫിൽ വച്ച് പതിവുണ്ടായിരുന്ന യോഗയും ,മെഡിറ്റേഷനും പുനരാരംഭിച്ചു. അവയെല്ലാം ഈ ദിനങ്ങളിൽ മുടങ്ങിക്കിടക്കുകയായിരുന്നുവല്ലോ എന്ന് ഓർത്തു . അല്പം കഴിഞ്ഞ് ദിനചര്യകൾ പൂർത്തിയാക്കി  മുത്തശ്ശന്റെ മുറിയിലേക്ക് ചെന്നു .

You can share this post!