ഓടുന്ന ട്രെയിനിലിരുന്ന് അയാൾ പുറത്തേക്ക് നോക്കി. ദൂരെ കുന്നിൻ ചരുവിലെ ക്ഷേത്രനടയിൽ കൽവിളക്കുകകളിൽ പ്രഭചൊരിയുന്ന ആ പ്രകാശം തന്റെ മനസ്സിലേയ്ക്കും നിറയുന്നതായ് അയാൾക്ക് തോന്നി, വീട്ടിലേക്കെത്താൻ മനസ്സു വെമ്പി.
സ്റ്റേഷൻ അടുക്കാറായിരിക്കുന്നു. അകലെ റെയിൽവെ ട്രാക്കിൽ തെളിയുന്ന ചുവന്ന വെളിച്ചം ഭീതിദമായ എന്തോ ഒന്നിന്റെ മുന്നറിയിപ്പു പോലെ മനസ്സിൽ തെളിഞ്ഞു.
ഒരു പക്ഷെ തന്റെ ആഗമനം ഉൾക്കൊള്ളുവാൻ തറവാട്ടിലാർക്കും കഴിഞ്ഞില്ലെന്നു വരുമോ?.
വർഷങ്ങൾക്കുമുമ്പ് കാതിൽ മുഴങ്ങിയ ശാപവചസ്സുകൾ ഇപ്പോൾ വീണ്ടും മനസ്സിൽ മുഴങ്ങുന്നു.
“എന്തിനാണിങ്ങനെ ഒരു ജന്മം . മറ്റുള്ളവർക്ക് അപമാനമുണ്ടാക്കുവാൻ മാത്രമായി പിറന്ന ജന്തു ?”
പെൺ മക്കളില്ലാത്ത തറവാട്ടിൽ ആദ്യമായി ഒരു പെൺതരി ഉണ്ടായപ്പോൾ എല്ലാവരും സന്തോഷിച്ചു .
“ഈ പൊന്നുങ്കുടം തറവാടിന്റെ ശ്രേയസ്സ് വർദ്ധിപ്പിക്കും. സന്തതി പരമ്പരകളുണ്ടാക്കും.ഇവളാണ് ഇനി ഈ തറവാടിന്റെ ഐശ്വര്യ ഹേതു. ”
ജ്യോത്സ്യൻ കവടി നിരത്തി പ്രഖ്യാപിച്ചതോടെ നിരവധി മനസ്സുകളിൽ പൂത്തിരി കത്തി.
വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പിറന്ന അനാമിക എന്നപെൺ തരിയെ തറവാട്ടിലെ പൊന്മകളായിത്തന്നെ എല്ലാവരും തലയിലേറ്റി. കാതിൽ കുഞ്ഞു ജിമിക്കിയും , കൈകളിൽ സ്വർണ്ണവളകളും ,കാലിൽ സ്വർണ്ണപ്പാദസ്വരവും ,
,പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് കൊച്ചു സുന്ദരിയാക്കി അണിയിച്ചൊരുക്കി. അച്ഛനുമമ്മയും കൂടാതെ ആൺമക്കൾ മാത്രമുള്ളഅമ്മാവനും അമ്മായിയും ചെറിയമ്മയും ചെറിയഛനും എല്ലാം മാറിമാറി വാത്സല്യം ചൊരിഞ്ഞ് അവളെ തോളിലേറ്റി കൊണ്ടു നടന്നു . അനാമിക എന്ന “പൂത്തുമ്പി “യുടെ
വർണ്ണാഭമായ കുട്ടിക്കാലം .പാട്ടും നൃത്തവും
നാടകാഭിനയവുമായി തുള്ളിച്ചാടി അവൾ നടന്നു. ത്രിസന്ധ്യക്ക് കാവിൽ വിളക്കുവച്ച് അവൾ മടങ്ങിയെത്തുമ്പോൾ സന്ധ്യാ ദീപം പോലെ പ്രകാശം ചൊരിഞ്ഞ ചുണ്ടുകൾ ഇടർച്ചയോടെ പ്രാർത്ഥിച്ചു .
“പരദൈവങ്ങളെ ,ഞങ്ങളുടെ ഒരേയൊരു പെൺതരിക്ക് ആയുസ്സും ആരോഗ്യവും നൽകണേ . അവളുടെ കാലിൽ ഒരു മുള്ളു പോലും കൊള്ളരുതേ .”
എന്നാൽ യൗവ്വനത്തിന്റെ പടിവാതിൽക്കലെത്തിയ അവൾക്ക് എവിടെയോ കാലിടറിയോ ?. മുന്നോട്ടു നീങ്ങാനാവാതെ അവളുടെ കാലുകൾ നിശ്ചലമായത് എപ്പോഴാണ്?
പട്ടുപാവാടയും ബ്ലൗസുകളും അവളുടെ ശരീരത്തിൽ മുള്ളുകളായി തറച്ചു തുടങ്ങിയതോടെ അവൾ അവ അണിയാതായി. പകരം ഏട്ടന്മാരുടെ ഷർട്ടും ലുങ്കിയും ധരിച്ചു നടന്നു. കാരണം കൈകളിലും കാലുകളിലും സ്നിഗ്ധതക്കുപകരം ദാർഢ്യവും രോമവളർച്ചയും ,
കൂടുന്നതവളറിഞ്ഞിരുന്നു .
“വെറുതെ ഒരു രസത്തിനണിഞ്ഞതാ …”
കൂർപ്പിച്ച ചോദ്യമുനകളെ കളിവാക്കുകൾ കൊണ്ടവൾ മടക്കി.
പക്ഷെ അപ്പോഴും ചില അക്ഷരത്തെറ്റുകൾ ,തന്റെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നതറിഞ്ഞ് അവൾ അസ്വസ്ഥയായിക്കൊണ്ടിരുന്നു
കാവിൽ വിളക്കുവക്കാനും സന്ധ്യാ ദീപം കൊളുത്താനും അവൾ പോകാതെ ആയി.
പകരം ആ സമയത്ത് ഏകയായി പുറത്തലഞ്ഞു. ഇരുട്ടിനെ ഭയമില്ലാത്ത അവൾ നിഴലുകൾക്കു പിമ്പേ പോയി.
ആണുങ്ങളുടെ നിഴലുകൾ അവളെ വല്ലാതെ ഹരം പിടിപ്പിച്ചു. അവർ വലിച്ചെറിയുന്ന സിഗററ്റുകുറ്റികൾ അവളുടെ ചുണ്ടിലെരിഞ്ഞു. സ്ക്കൂളിലും കോളേജിലുംആൺസുഹൃത്തുക്കൾക്കൊപ്പം കളി ചിരികളുമായി അവൾ നടന്നു.
പലപ്പോഴും അവർക്കൊപ്പം മദ്യവും കഞ്ചാവും മയക്കുമരുന്നും പങ്കിട്ടു. അതവൾക്ക് പലതും മറക്കാനുള്ള ഉപായമായിരുന്നു. പലപ്പോഴും മറ്റേതോ ലോകത്തെന്ന പോലെ മയങ്ങിയിരിക്കുന്ന അവളിലെ മാറ്റങ്ങൾ തറവാട്ടിൽ പലർക്കും ദഹിക്കാതെയായി.
” ഏതോ ഗന്ധർവ്വൻ കൂടിയതാണെന്ന് തോന്ന്ണു … ഒരു മന്ത്രച്ചരട് ജപിച്ചു
കെട്ട്യാൽ ശര്യാവും ”
വല്യഛന്റെ വാക്കുകളെ ശരിവച്ച അവർ അവളെ മന്ത്രവാദിയുടെ അടുത്തെത്തിച്ചു. മന്ത്രവാദവും ,പൂജകളും ഇടവിടാതെ നടന്നു . എന്നാൽ പുരുഷ സ്വരമുൾപ്പെടെ അവളിലെ ശാരീരികാവസ്ഥകൾ മാറ്റമില്ലാതെ തുടർന്നു. തനിക്കെന്താണ് സംഭവിക്കുന്നതെന്ന് അവൾക്കു തന്നെ അറിയില്ലായിരുന്നു. സ്ത്രീകളുടെവസ്ത്രം പൂർണ്ണമായി ഉപേക്ഷിച്ചവൾ പുരുഷന്റെ വസ്ത്രങ്ങളിലേക്ക് കൂടുമാറിയതോടെ എല്ലാവരാലും വെറുക്കപ്പെട്ടവളായി . തറവാടിന്റെ ഐശ്വര്യമായി വാഴ്ത്തപ്പെട്ടവൾ മൂധേവിയായി കല്ലെറിയപ്പെട്ടു. തന്നിലെ മാറ്റങ്ങൾ തറവാട്ടിലുള്ളവരെ ബോധ്യപ്പെടുത്താ നാവാതെ അവൾ തളർന്നു
” അവൾക്കു പ്രാന്താണെന്നാ തോന്ന്ണത്. കണ്ടില്ലേ പെണ്ണായിപ്പിറന്നിട്ടും ആണുങ്ങടെ വസ്ത്രവും ധരിച്ച് നടക്കണത്. ഇതിനെല്ലാം നല്ല പെട പെടക്ക്യാ വേണ്ടത്. തറവാടിന് മാനക്കേടുണ്ടാക്കാൻ പിറന്നവൾ . ”
അച്ഛന്റെ ചൂരൽ പല പ്രാവശ്യം തുടയിൽ ആഞ്ഞുപതിച്ചപ്പോഴൊന്നും അവൾ കരഞ്ഞില്ല. ഒടുവിൽ വടികുടഞ്ഞെറിഞ്ഞ് അച്ഛൻ ആജ്ഞാപിച്ചു.
“ന്നെ അനുസരിക്കാൻ കൂട്ടാക്കാത്തോൾ ഇനി ഈ തറവാട്ടില് വേണ്ട. ഇപ്പം പടിയിറങ്ങിക്കോണം ”
, ആട്ടിപ്പുറത്താക്കപ്പെട്ട് തറവാടിന്റെ പടിപ്പുര കടന്ന് ലക്ഷ്യമില്ലാത്ത യാത്ര തുടർന്നപ്പോൾ ചില തേങ്ങലുകൾ മാത്രം ഉയർന്നു കേട്ടു. അതിലൊന്ന് പെറ്റവയറിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
പുരുഷ വസ്ത്രം ധരിച്ചുള്ള ലക്ഷ്യമില്ലാത്ത യാത്ര പലപ്പോഴും റയിൽവേ സ്റ്റേഷനിലെ ചുമടെടുപ്പിലും , ചായക്കടയിലെ അടുക്കളക്കകത്തും ചെന്നെത്തി നിന്നു . അപ്പോഴെല്ലാം ഏതോ വാശി, അണയാത്ത ഒരു ദീപനാളം പോലെ മനസ്സിൽ കത്തി നിന്നു . എങ്ങനെയും പഠിച്ച് പാതിവഴിക്കായ ഡിഗ്രി എടുക്കുക. എന്നിട്ട് എവിടെയെങ്കിലും ഒരു നല്ല ജോലി തരപ്പെടുത്തുക. അതിനായി നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ വിജയം കണ്ടു. ട്രാൻസ്ജന്റർമാർക്കുള്ള മെട്രോ നഗരത്തിലെ ഉയർന്ന ജോലി. കയ്യിൽ പണം ധാരാളമായി വന്നു തുടങ്ങിയപ്പോൾ പൂർണ്ണമായും പുരുഷനായി മാറുന്നതിനുള്ള പരിശ്രമങ്ങൾ തുടങ്ങി. ഒടുവിൽ ആ പരിശ്രമവും വിജയം കണ്ടു. ഇന്നിതാ അനാമിക എന്ന സ്ത്രീ അനന്തനെന്ന പുരുഷനായി സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഇവിടെ താൻ സ്വീകരിക്കപ്പെടുമോ അതോ പഴയതു പോലെ ആട്ടിയിറക്കപ്പെടുമോ?… അതോർക്കവേ ശരീരത്തിൽ വിയർപ്പു മണികൾ തുള്ളികളായി ഊർന്നിറങ്ങി.
ചുട്ടുപൊള്ളുന്ന വെയിൽച്ചൂടിലൂടെ കാരമുള്ളും ,പർപ്പടവള്ളിയും പടർന്ന ഇടവഴിയിലൂടെ ,
ഏറെദൂരം നടന്ന് തറവാട്ടിലെത്തി നിന്നു.
പഴയ തറവാടിന്റെ സ്ഥാനത്ത് ഇടിഞ്ഞുപൊളിഞ്ഞ നാലുകെട്ട്. അസ്ഥിത്തറയിൽ മുനിഞ്ഞു കത്തുന്ന ദീപനാളം.മുന്നിലെ നിലവിളക്കിനു മുന്നിൽ തൊഴുകൈകളോടെ ഏകനായി അച്ഛൻ.
തന്നെക്കണ്ട് ഇടറിയ കാലടികളോടെ നടന്നടുക്കുന്ന അദ്ദേഹം.
” മോളെ നീ വന്നോ….”
“അച്ഛാ ഞാൻ മോളല്ല ….. മോനാണ്. ഒരു ഓപ്പറേഷനിലൂടെ ഞാനിന്ന് പൂർണ്ണമായും പുരുഷനായി മാറിയിരിക്കുന്നു. അതുപോട്ടെ ……അച്ഛാ … അച്ഛനിവിടെ തനിച്ചാണോ …”
അറിയാതെ വായിൽ നിന്നും അടർന്നു വീണ വാക്കുകളോർത്ത് അമളി പറ്റിയതുപോലെ നിന്നു . ഒരു പക്ഷെ തറവാട്ടിൽ എല്ലാരു മുണ്ടായിരിക്കും.താനറിയാത്തതാണെങ്കിലോ.
” അതെ മോനെ .എല്ലാരും അവരവരുടെ ഭാഗം മേടിച്ച് പിരിഞ്ഞു. നിന്റെ സഹോദരന്മാർ പോലും . ആർക്കും വേണ്ടാതായത് എന്നെ മാത്രം.
പടിയിറങ്ങിപ്പോയ നിന്നെ കാത്ത് കരഞ്ഞു കരഞ്ഞാണ് നിന്റെ അമ്മ മരിച്ചത്.എല്ലാം എന്റെ തെറ്റ്. നിന്നെ എനിക്ക് വേണ്ട വിധം അന്ന് തിരിച്ചറിയാതെ പോയി. ”
“അച്ഛാ …ഞാൻ …..” വാക്കുകൾ കിട്ടാതെ കുഴങ്ങിനിന്നപ്പോൾ ആ കരങ്ങൾ തന്നെ കെട്ടിപ്പുണർന്നു.
“വേണ്ട ഒന്നും പറയണ്ട … ഈ അച്ഛനു നീ മാപ്പു തന്നാൽ മാത്രം മതി. ജീവിതത്തിൽ തനിച്ചായിപ്പോയ ഈ അച്ഛനു നിന്നെ വേണം. എന്റെ വായ്ക്കരിയിടാൻ ഒരാൺതരിയെയെങ്കിലും ഈശ്വരൻ നൽകിയല്ലോ .എനിക്കതുമതി. ”
അച്ഛന്റെ വാക്കുകൾ, വേനൽമഴയായി കിനിഞ്ഞിറങ്ങുമ്പോൾ ,കാലം സൃഷ്ടിക്കുന്ന ഋതുഭേദങ്ങളോർത്ത് ഞാൻ അതിശയം കൂറുകയായിരുന്നു