നീറ്റലാകുന്നു ബന്ധങ്ങൾ
കെട്ടവാക്കിൻ ചുടലയിൽ
ധാർഷ്ട്യത്തിൽ കൂമ്പടയുന്നു
ഉണ്മകാണേണ്ട നാമ്പുകൾ
വിണ്ടബന്ധത്തിൻ മുറിവായ –
വാടാതെ, കാവൽ നിൽക്കുന്നു
ബന്ധുനാട്യത്തിൽ ചെന്നായ്ക്കൾ
ചോരനക്കിരസിക്കുവാൻ
അനുഭവജ്ഞാനസ്നാനത്തിൽ
കാലമിറക്കിവയ്ക്കവേ
കുനിയാതെ കുതറി മാറുന്നു
അഹംഭാവത്തിൻ വീര്യവും.
മുഖം തിരിച്ചു മാറവേ
പാറി വീഴുന്ന ദൃഷ്ടിയിൽ
ചാറി വീഴുന്നു പിന്നെയു
മകക്കാമ്പിന്റെ ശോണിതം
തെന്നലിൽ പൂ കളിച്ചീടും
ഞെട്ടുറച്ചങ്ങിരിക്കവേ
തെല്ലിളക്കമതിനേശിയാൽ
കാറ്റു വീഴ്ത്തീടും പൂവിനെ
പഴിചാരി വീണ ബന്ധത്തിൻ
ഉൾക്കണ്ണി വിളക്കുവാൻ
പോരും നല്ലോർമ്മ ചുരത്തുന്ന
സ്നേഹത്തിന്റെ സ്നിഗ്ദ്ധത
കൂമ്പുവാടാത്തയിഷ്ടത്തിൻ
താക്കോലിട്ടു തുറക്കുക.
അഹം പൂട്ടിയ ശ്രീകോവിൽ
മമതയ്ക്കൊത്തു വാഴുവാൻ.