
നഗരങ്ങളില്‍, കടല്‍വെള്ളം
കുടിവെള്ളമാക്കി
റേഷന്‍കടവഴി കുറഞ്ഞളവില്‍
കൊടുക്കുന്നുണ്ട്.
ഉള്‍ഗ്രാമങ്ങളില്‍,
മലമ്പ്രദേശങ്ങളില്‍
കിണര്‍,കുളം ,തോട്,പുഴ ,
പണച്ചാല് എന്നിവ
വെള്ളത്തെ സ്വപ്നം കണ്ട്
കരിഞ്ഞുകിടക്കുന്നു.
ആള്ക്കാര് പാത്രങ്ങളില്‍
കരുതിവച്ചിരുന്ന വെള്ളം തീര്‍ന്നപ്പോള്‍
പരസ്പരം കട്ടുകുടിച്ചു,
പിന്നെ മൃഗങ്ങളുടെ മൂത്രമെടുത്തുവച്ചും
മരങ്ങളുടെ ഇലകള്‍ ഇടിച്ചുപിഴിഞ്ഞും
ദാഹം തീര്‍ത്തു.
പകലെന്നോ രാത്രിയെന്നോ നോക്കാതെ
ചിലര്‍ ,കുഞ്ഞുങ്ങളെ തള്ളിമാറ്റി മുലകുടിച്ചു.
വേറെചിലര് തമ്മില്‍ത്തമ്മില്‍
മുറിവുണ്ടാക്കി ചോര ഈമ്പിക്കുടിച്ചു
ആര്‍ക്കും ഒഴിക്കാന്‍ മൂത്രമുണ്ടായിരുന്നില്ല .
പെണ്ണുങ്ങളുടെ ആര്‍ത്തവം
നിലച്ചുപോയിരുന്നു.
വെള്ളമായി ഒളിച്ചിരുന്ന സൗന്ദര്യമെല്ലാം
ചോര്‍ന്ന് ,ചുക്കിച്ചുളിഞ്ഞ്
എല്ലുന്തോലുമായ ആളുകള്‍ക്ക്
ആരോടും പകയോ വെറുപ്പോ ഉണ്ടായിരുന്നില്ല .
രണ്ടുകുട്ടികള്‍
ഒരിക്കലും വറ്റാത്ത ഉറവതേടി
മലമുകളിലേക്ക് പോയി.
വഴിനീളെ മനുഷ്യരും മൃഗങ്ങളും
പാമ്പുകളും പക്ഷികളും
ഉണങ്ങി ക്കിടന്നിരുന്നു .
ഉറവ വറ്റിവരണ്ടുപോയി.
കുട്ടികള്‍
വാവിട്ടുകരഞ്ഞപ്പോള്‍ ഇച്ചിരിപ്പോലം
കണ്ണീര്‍വന്നു.
അതിരുവരും നക്കിക്കുടിച്ചതും,
അകലെയെവിടെയോ ഇടിവെട്ടി.
