ഉപാസകീയം

 

നാമരൂപധാരി നരൻ ഞാൻ

നാമരൂപങ്ങളില്ലാത്ത നിന്നെയെങ്ങനെ

ആരാധിക്കാൻ!

കാണാൻ വേണമൊരു രൂപം;

വിളിക്കാനൊരു പേരും.

രാമനെന്നോ, കൃഷ്‌ണനെന്നോ,

രമയെന്നോ, ഉമയെന്നോ,

രാധയെന്നോ, മീരയെന്നോ,

മഹേശ്വരനെന്നോ.

വെളിയിൽ നിന്നെയാരാധിക്കും

വെളിവില്ലാത്തയിവനുള്ളിൽ നീ

കളിയായ് ചിരിപ്പതു കേൾക്കാതെയല്ല.

കാണുന്നത് നിൻ രൂപമല്ലെന്നറിയാം;

വിളിക്കുന്നത് നിൻ പേരല്ലെന്നും;

എല്ലാം മായാലീലയല്ലേ!

ലീല,

നടക്കട്ടെ;

നാമരൂപങ്ങളില്ലാതെ ഞാൻ

നരനും നാരിയും നരിയുമല്ലാതാകും വരെ.

You can share this post!