എന്തിനാ ഉണ്ണീ നീയ്യാ കുഞ്ഞൂട്ടൻറ മോനെ തല്ലിയത്.ഇനി അതിനും ഞാനാ ടീച്ചറുടെ മുന്നിൽവന്ന് നാണംകെടണലോ ഭഗവാനെ….
ഉണ്ണിയുടെ തുടക്കിട്ട് രണ്ട് പൊട്ടിച്ച് ഗദ്ഗതത്തോടെ അമ്മ പറഞ്ഞു. അച്ഛൻ ഇല്ലാണ്ടായശേഷം എത്ര കഷ്ടപ്പെട്ടാ ഉണ്ണീ അമ്മ നിന്നെ നോക്കണത് എന്നിട്ടും നീ…
കണ്ണുകൾ നിറച്ച് അമ്മയത് പറഞ്ഞപ്പോൾ ഉണ്ണിക്കും സങ്കടമായി..വേണ്ടായിരുന്നു…ആ കുഞ്ഞുഹൃദയം വിതുമ്പി….
ഉച്ചക്ക് സ്കൂളിൽനിന്ന് കിട്ടിയ ചോറിൽനിന്ന് ഒരുരുള കാക്കയ്ക്ക് കൊടുത്തതായിരുന്നു ഉണ്ണി..
ചാഞ്ഞും ചെരിഞ്ഞും കാക്ക അത്കൊത്തി തിന്നുന്നത് നിർവൃതിയോടെ നോക്കിനില്കെയാണ് പാച്ചു കാക്കയെ കല്ലെറിഞ്ഞത്.
കല്ല് ചിറകിൽ കൊണ്ടതും ഒന്ന് പിടഞ്ഞകാക്ക പറക്കാനാകാതെ ഏന്തി നടന്ന് ദൂരെ മറഞ്ഞു…
പിന്നൊന്നും ചിന്തിച്ചില്ല ഉണ്ണി…പാച്ചുവിനെ പിടിച്ചൊരുതളള്..
പിന്നെയത് അടിയായി ഇടിയായി..അവസാനം കൃഷ്ണവേണിടീച്ചർ വന്ന് പിടിച്ചു മാററുമ്പോഴും
അരിശം തീർന്നിരുന്നില്ല ഉണ്ണിയുടെ. .
ഉണ്ണികൃഷ്ണൻ നാളെഅമ്മയേയുംകൊണ്ട് ക്ളാസ്സിൽ വന്നാൽ മതി
എന്ന ആജ്ഞക്കുമുന്നിൽ തലതാഴ്ത്തി നില്കുമ്പോഴും തെററാണ് ചെയ്തതെന്ന് ഉണ്ണിക്ക് അശേഷം തോന്നിയില്ല.
ഉണ്ണിക്ക് അറിയാവുന്ന അച്ഛൻറ രൂപമായിരുന്നു കാക്ക.
അവന് 2 വയസ്സുളളപ്പോഴാണ് അച്ഛൻ മരിച്ചതെന്ന് അമ്മ പറയാറുണ്ട്.
ഉണ്ണിയെ നെഞ്ചിൽകിടത്തി ഉറക്കവെ മരണം ആ ജീവനെ തട്ടിയെടുത്ത കഥ പറയുമ്പോഴേക്കുംഅമ്മ കരഞ്ഞു തുടങ്ങും.
അതിനുശേഷം ഓരോ കർക്കടകവാവിനും ശിവരാത്രിക്കും അച്ഛൻറശ്രാദ്ധത്തിനുംഢഅമ്മ ഉണ്ണിയേകൊണ്ട് ബലിയിടീപ്പിക്കും…
ദിവസവും ചോറ് വച്ച്കഴിഞ്ഞാൽ ഒരിലയിൽ അമ്മപുറത്ത് ചോറ്കൊണ്ട്ചെന്നു വക്കുന്നത് ഉണ്ണികാണാറുണ്ട്.
കാക്കവന്ന് അത് കൊത്തിതിന്നുന്നത് വരെ അമ്മ നോക്കിനില്ക്കും.അച്ഛനെ നോക്കിനില്ക്കും പോലെ ..
മരിച്ചവരുടെ പ്രതിരൂപമാണ് ബലികാക്കകൾ എന്നൊക്കെ ഉണ്ണിക്കറിയാം. എങ്കിലും അച്ഛനെകുറിച്ചോർക്കുമ്പോൾ മനസ്സിൽ വരുന്നത്കാക്കയുടെരൂപമാണ്.
അതുകൊണ്ട്തന്നെയാണ് കാക്കകളെ ഉണ്ണിക്കേറെ ഇഷ്ടവും ബഹുമാനവും..
ഒരുഅഞ്ചാം ക്ളാസ്സുകാരൻറ എല്ലാ കുസൃതിയും ഉണ്ടെങ്കിലും ആരും കാക്കകളെ ഉപദ്രവിക്കുന്നത് ഉണ്ണിക്ക് സഹിക്കാനാവില്ല. അത്പക്ഷേ പറഞ്ഞാൽ ആർക്കും മനസ്സിലാ കുകയുമില്ല.
.
ഹെഡ്മാസ്ററർക്കുമുന്നിൽ ഒരപരാധിയെ പോലെ അമ്മ മുഖം കുനിച്ച് നില്കുന്നത് കണ്ടപ്പോൾ ഉണ്ണിയുടെ മനസ്സ് വിങ്ങി…
പാവം തൻറമ്മ..ഒരു ദിവസത്തെ പണികളഞ്ഞാണ് മാഷുടെമുന്നിൽ നില്കുന്നത്..എത്രമാത്രം കഷ്ടപ്പെട്ടാണ് അമ്മ ഓരോന്നും ചെയ്യുന്നത്..എന്നിട്ടും.. ഉണ്ണിയുടെകണ്ണ് നിറഞ്ഞു..
ഉണ്ണികൃഷ്ണൻ ഇനിയിങ്ങനെ ചെയ്യുമോ..
തൻറ സ്വതസിദ്ധമായ ഗൌരവത്തിൽ വലിയചൂരൽ നീട്ടിപിടിച്ച് മാസ്ററർ അടുത്തേക്ക് വന്നപ്പോൾ ഒരുപിടച്ചിൽ തൻറ മനസ്സിലൂടെ കടന്നുപോയത് ഉണ്ണി അറിഞ്ഞു…
നിറഞ്ഞ കണ്ണുകളുയർത്തി അവൻ മാഷെ ദയനീയമായി നോക്കി…
എൻറച്ഛൻ….മരിച്ചുപോയ എൻറച്ഛൻറ ഓർമ്മയാ മാഷെ എനിക്ക് കാക്കയെ കാണുമ്പോൾ..അതാ ഞാനറിയാതെ….
ഗദ്ഗതം വാക്കുകളെ തടസ്സപെടുത്തിയപ്പോൾ ഉണ്ണി മിഴികൾ താഴ്ത്തി പതിയെ കൈ നീട്ടി…
അടി വാങ്ങാൻ…
ഇപ്പോൾ അകാലത്തിൽ തനിക്കു നഷ്ടമായ കുഞ്ഞുപെങ്ങളുടെ ഓർമ്മയിൽ ആർദ്രമായത് മാഷുടെ മനസ്സായിരുന്നു..
എല്ലാവിശേഷങ്ങൾക്കും നാക്കിലയിൽ എല്ലാംവിളമ്പി കാക്കക്കു നല്കാറുളള മരിച്ചുപോയ അമ്മയുടെ ഓർമ്മയിൽ ഒരുനിമിഷം മാഷ് നിശ്ചലനായി…
ഓരോമനുഷ്യനും കാക്കയും തമ്മിൽ നിലനില്കുന്ന അഭേദ്യമായ ഒരാത്മബന്ധത്തിനു മുന്നിൽ എന്തു വേണമെന്നറിയാതെ മാഷും നിന്നു.. ഏറെ നേരം..
നീട്ടിപിടിച്ച ആ കരങ്ങളിലേക്ക് തൻറ മനസ്സിലെഎല്ലാ നന്മയും നിറച്ച് പോക്കററിൽ നിന്നെടുത്ത പേന മാസ്ററർ വച്ചു..
ഉണ്ണീ നീ നല്ലകുട്ടിയാകണം..അമ്മക്ക്തണലാ
കൂടുതൽ പറയാതെ മാഷവനെ ചേർത്തണച്ച് ആ നെറുകയിൽ തൻറ കരങ്ങൾ ചേർത്തുവച്ചു…
*********
ഉണ്ണികൃഷ്ണൻ I A S ന് ജന്മനാട്ടിൽ പഠിച്ച സ്കൂളിൽ വച്ച് നടക്കുന്ന സ്വീകരണ യോഗത്തിൽ റിട്ട: ഹെഡ്മാസ്ററർ മുൻഷിസാറിൻറ ഓർമ്മയിൽ നിന്നും പുതുതലമുറ ആ കഥ കേട്ടുനില്കെ അവർക്കുമുന്നിൽ അമ്മയെ ചേർത്ത് പിടിച്ച് ഉണ്ണി ഇരുന്നിരുന്നു…
അന്നുമുതൽ ഇന്നുവരെ തൻറ വളർച്ചക്ക് താങ്ങും തണലുമായ അക്ഷരങ്ങളെ സ്നേഹിക്കാൻ തന്നെ പഠിപ്പിച്ച ആ ഗുരുനാഥനോടുളള കടപ്പാട് ഉണ്ണിക്കുളളിൽ ഒരു കുളിരായ് നിറയവേ,അടുത്തുളള തൈതെങ്ങിൻറ ഓലയിലിരുന്ന് എല്ലാംകണ്ട് ആ കാക്കമാത്രം നിശബ്ദതയിലെ ശബ്ദമായ് അപ്പോഴും കരയുന്നുണ്ടായിരുന്നു….
—————
(ശീദേവി കെ.വി