നോക്കു കവിതേ:
എന്റെയും നിന്റെയും
ഉടലുകൾ നിർമ്മിച്ചിരിക്കുന്നത്
അജകേസരി മിശ്രിതം കൊണ്ടാണ്!
നാം നമ്മുടെ തൃക്കണ്ണുകൾ തുറന്നാലും ദഹിക്കാത്തത്
പൂജ്യം സത്യമായതിനാലാണ്.
നീയും ഞാനും
തിളച്ച എണ്ണയിൽ പൊട്ടിത്തെറിക്കുന്ന
കടുകുപോലെ വിശുദ്ധരാണ്.
നമുക്കൊരേ നിറം, ഒരേ ഉയരം, ഒരേ ഭാരം; അളവും തൂക്കവും അടയാളങ്ങളും വിശ്വസിക്കനാവാത്തത്
“നിഴലുകൾ എന്റെ ഗ്രന്ഥപ്പുരയായതിനാലാണ്.”
അതുകൊണ്ടാണ് രാത്രിയുടെ
മൂന്നാംയാമത്തിൽ
ജയപരാജയങ്ങളെക്കുറിച്ച്
ചിന്തിക്കാതെ
പഞ്ചഭൂതങ്ങൾ മെനഞ്ഞുതന്ന
ആയുധങ്ങൾ കൊണ്ട്
നമ്മൾ പരസ്പരം യുദ്ധം ചെയ്യുന്നതും പ്ലവന പ്രക്രിയയുടെ മറുകരയെത്തുന്നതും; പിന്നെയും പിന്നെയും അടരാതെ യുടയാതെയടരാടുന്നതും.
അതുകൊണ്ടാണ് നമുക്ക്
വിയർപ്പുതുള്ളികളെ നക്ഷത്രങ്ങളായി കാണാൻ കഴിഞ്ഞതും
അവയ്ക്ക് ലില്ലിപ്പുക്കളുടെ സുഗന്ധമുണ്ടെന്നു തിരിച്ചറിയാൻ കഴിഞ്ഞതും.
ചകോരം നിലാവുണ്ണുന്നതു കാണാൻ കാത്തിരുന്നതും
ഓന്തിനെ കാണുമ്പോൾ കുഞ്ഞിന്റെ
പൊക്കിൾ പൊത്തി പിടിച്ചതും
അതുകൊണ്ടു മാത്രമാണ്.
സന്ധ്യാ കേശിനിയുടെ ഗർഭം അലസുമ്പോഴും
നിലാവിന്റെ കൺപീലികളിൽ
പീളകെട്ടുമ്പോഴും
കാന്താരനിലവിളിയിൽ ചങ്കിടിക്കുമ്പോഴും
നാമന്യോന്യം പഴിയമ്പുകളെയ്യാത്തത് ഊന്നുവടികളിൽ ജ്ഞാനപ്പാനയിലെ മുയലുകൾ സ്പന്ദിക്കുന്നതിനാലാണ്.
കാന്താരിയെന്നു കേട്ടാൽ കണ്ണുകൾ
അട്ടയെപ്പോലെ ചുരുളുന്നതും
ചെന്നിനായകം കണ്ടാൽ നാവു മണ്ണിരയെപ്പോലെ പിടയുന്നതും
അതുകൊണ്ടു മാത്രമാണ്.
മഞ്ഞും മഴയും വെയിലും മാൻ മിഴികളാകുമ്പോൾ, മഴവില്ലും വെളുത്തവാവും ഉന്മാദം പകരുമ്പോൾ
വെള്ളിയാങ്കല്ലിലെ തുമ്പികളാകാൻ
നമുക്കാവില്ലല്ലോ കവിതേ!