പാതയോരത്തൊരു മാവ്
മവിലാകെ തളിര്
തളിരുകൾക്കിടയിൽ നിന്ന്
ഉടൽ നിറയെ പുളളികളുള്ള
കുയിൽ നാദത്തിന്റെ ടേക്ഓഫ്.
ഇലക്ട്രിക് ലൈനിന്റെ ശ്രുതിയോടു ചേരാതെ
ആ പഞ്ചമം
പാതയിലേക്ക് വേച്ച് വീഴുന്നു.
വാഹനങ്ങളുടെചലനനിയമം തെറ്റുന്നേയില്ല,
പാതയിൽ
ഉയിരറ്റ കുയിൽ നാദത്തിന്റെ ചോരയിൽ വേഗതയുടെ സാധകം,
വേദനയോടെ ഞാൻ…….
ബാല്യത്തിലേക്കൊരു ഫ്ലാഷ്ബാക്ക്
തൊടിയിലൊരു മാവ്
മാവിലാകെ തളിര്
തളിരിടയിൽ ഒരു കുയിൽപ്പാട്ട് .
പാട്ടൊഴുകും വഴിയിൽ
ഇദൾവിടർത്തിയ പുസ്തകം;
ന്യൂട്ടൺ ,
ഫാരഡെ,
ഐൻസ്റ്റീൻ,
മെരുങ്ങാത്ത പ്രപഞ്ചനിയമങ്ങൾ
ഗണിതക്രിയകൾ
പിന്നെ
ബുക്കുമടക്കി
കുയിലിനു പിന്നാലേ,
പാട്ടിനു പിന്നാലേ…..
വാക്കും വർണ്ണവുമില്ലാതെ
കവിതയുടെ ചേക്കിലേയ്ക്ക്
ഇപ്പോൾ
പാതയോരത്തൊരു മാവും
മാവിലാകെ തളിരും
തണലിലീ ഞാനും
ഉടൽ നിറയെ പുളളികളുള്ള റോഡിൽ
നേർത്തു നേർത്തു മായുന്നു കുയിൽ നാദം.
ബിബിൻ ബേബി