ഉടലേശുഭയാത്ര…/ജയനൻ

  

ഉറഞ്ഞബുദ്ധി
ഉടലിനുതാങ്ങായുടനീളം
അഹംഭാവത്തെ
ആർജ്ജവമാക്കിയ
മൗഢ്യകുലീനത….
ഉപതാപത്താലെരിയുന്നു;
മനുസ്മൃതി തേവിയ
ഗാർഗസ്ഥ്യം….

പലകാലം
പലജീവികൾ
പലഭാവത്തിൽ
സ്വത്വം പലതായ്
പാർത്തശരീരം;
നവദ്വാരമതിൽ ചീയുന്നു…

ആഗതമായോ
ഉടലിൻലിൻ ക്രിമിക്രീഡകലമ്പൽഊത്ത
ഉടൽ
പിണഞ്ഞ പീഢകൾ
നേർത്ത് …. നേർത്ത്
അശരീരികൾപോലെ…
ഊർജ്ജപ്പൊതികളിൽ
ഉന്മാദത്തെയുറക്കി
ഉണരൂ എന്നൊരു ഉൾവിളി
അമ്മക്കനവായ്….

മായുന്നല്ലോകാഴ്‌ചകൾ
അതിന്നുടയാടകൾ
മർമ്മരഗീതികൾ….
ദേഹം
ദേഹിക്കന്നം
ലംബതിരശ്ചീനതകളിൽ
ഉടലൊരു കെടുവഴി;
സത്യമസത്യം
സത്തുമസത്തും
ഒഴിയാബാധ….

അപാരത
രൗദ്രം മൃദുലം
ഇരുതലമൂർച്ചകൾ
ജന്മപരമ്പരയേറിയ
കോലത്തിരുമുടിയാട്ടം…

ബുദ്ധൻ
ഊതിമിനുക്കിയ ശൂന്യത
സുരഭിലമായൊരു
മൗനംവന്നുപിടഞ്ഞൂ ഉടലിൽ…
നേർത്തനിശ്വാസം
നേരിയ ചലനം
തലമുറതാണ്ടാൻ
മിഴിയൊന്നടയുംദൂരം…
ഒരുജന്മത്തിൻനേരിയദൂരം…
ഇമകൾചിമ്മിത്താണ്ടിയദൂരം…

അഭിഷിക്തം
കണ്ണുകൾ കാഴ്ചകൾ
കടലാഴങ്ങളിലന്തിയുറക്കം
ശുഭസൂചകചിഹ്നംപോലെ
തുളളിക്കണ്ണീരൊന്നു
മുനിഞ്ഞു പിളർന്നു
പിരിഞ്ഞു പരന്നു….

You can share this post!