ത്വചയിലെ കുഴിത്തടങ്ങളെല്ലാം
സമാന്തരങ്ങൾ വരച്ചുചേർത്തുവച്ച
കനവടുപ്പുകളായി നിരന്ന്
ഓരോന്നിലും
തീവേരുകൾപൂഴ്ത്തി
ആഴ്ന്നുപോയ രോമങ്ങൾ
ചെമ്പുനിറമിട്ടിതാ നിറയാട്ടം…
തലയോട് വികസിക്കുന്നു
അകം കലങ്ങിത്തിളക്കുന്നതിൽ
തീവിത്തുകളെറിഞ്ഞ്
തുരുതുരാ പൊട്ടിവിരിയുന്നു
തുടുത്തുസുവർണ്ണമണിഞ്ഞ്
നാളങ്ങൾ…
അഗ്നിനാവുകളുണരുന്നു
ചുറ്റിലും
ഈയ്യലുകളുടെ
സംഘനൃത്തത്തിനൊടുവിൽ
ചിറകുകളെരിഞ്ഞ ഗന്ധം
കൺതടാകങ്ങളിൽ
രക്തം തിളച്ചത്
കവിൾവരമ്പുകളിലേക്കുള്ള
ഉഷ്ണപ്പൊക്കമായത്…
കോലാഹലക്കാറ്റുകൾ
കാതിറമ്പുകളിലേക്ക്
ചൂളമടിച്ചത്
ഹൃദയത്തിന്റെ നാലറകളിൽ
ചുടുചോരയലറിയത്
കവാടങ്ങൾ തള്ളിത്തുറന്ന്
വഴിമാറുമ്പോലെ
പുതുസഞ്ചാരം തുടങ്ങിയത്
ശ്വാസവഴികളിലുരുൾ പൊട്ടിയ
ചുമയുടെ പേക്കൂത്തിലും
ഇരമ്പിക്കുതിച്ചുകൂടെയുയിരുയർത്തിയ
പനിപ്പൊക്കത്തിനൊപ്പമൊഴുകാതെ
തെറിച്ചുവീണ്
പനിത്തിളപ്പിന്റെ സുഖദതൽപത്തിൽ
കുളിരുംചൂടി, ചുരുണ്ട്
കവിതയിതാ തുടിച്ചുകളിച്ച്
സാക്ഷി നിൽക്കുന്നു!