മനുഷ്യനും മൃഗങ്ങളും തമ്മിൽ സാജാത്യ വ്യത്യാസങ്ങളുണ്ട്. ജീവൻ എല്ലാ ജീവികളിലും ഒന്നുതന്നെയാണ്. ഏതിന്റെ കാര്യത്തിലും ജീവൻ പോയി എന്നു പറഞ്ഞാൽ അർഥം ഒന്നുതന്നെ. മറ്റു പല വാക്കുകൾ കൊണ്ടും ഇത് വ്യക്തമാക്കാം. മരിച്ചു, സ്വർഗാരോഹണം ചെയ്തു, ഇഹലോകവാസം വെടിഞ്ഞു, തീപ്പെട്ടു എല്ലാം ഒന്ന് തന്നെ.
തീപ്പെട്ടു എന്നത് രാജാക്കന്മാരെ പറ്റിയാണ് പറഞ്ഞിരുന്നത്. ആ വർഗം തന്നെ ഇല്ലാതായപ്പോൾ ആ പ്രയോഗവും ഇല്ലാതായി. വടിയായി, കാറ്റുപോയി എന്നെല്ലാം നാടൻ ശൈലി ആണ്.
സാധാരണ പറയുന്ന വാക്കാണ് ‘ചത്തു ‘എന്നത്. മനുഷ്യരുടെ കാര്യത്തിൽ ആ വാക്കുഒയോഗിക്കാറില്ല. (വിരോധികളോ ശത്രുക്കളോ ആണെങ്കിൽ ആവാം ). തിര്യക്കുകളുടെ കാര്യത്തിലെ അങ്ങനെ പറയാറുള്ളൂ. വാസ്തവത്തിൽ സത്തു പോയി എന്നാണ് പറയേണ്ടത്. അത് പറഞ്ഞുപറഞ്ഞു ചത്തുപോയി എന്നയതാണ്. ഓറഞ്ച്, നാരങ്ങ, കരിമ്പ് ഇവയുടെയൊക്കെ സത്തുപോയാൽ ശേഷിക്കുന്നതിനെ ചണ്ടി എന്നാണ് പറയുന്നത്. ഒന്നിനും കൊള്ളാത്ത സാധനം. ജീവനാണ് മനുഷ്യന്റെ സത്തു. അതുപോയാൽ ശേഷിക്കുന്നതും ചണ്ടി തന്നെ. പിന്നെ അത് body എന്നാണറിയപെടുന്നത്. അതിനോട് അറപ്പുംഭയവുമാണ്. ഒരു കുഞ്ഞു ജനിച്ചു എന്നറിയുമ്പോൾ ആനന്ദവും അഭിമാനവുമാണ്. അതു വളർന്നു body ആയാൽ എത്രയും വേഗം ഒഴിവാക്കും. സത്തുപോയാൽ എല്ലാം പോയി.
മനുഷ്യനു മാത്രം ദൈവം തന്ന അനുഗ്രഹമാണ് ചിരിക്കാനുള്ള കഴിവ്. അതില്ലാതെ സ്നേഹം, സൗഹൃദം ഒന്നും പ്രകടിപ്പിക്കാനാകില്ല. പുഞ്ചിരി, വെറും ചിരി, പൊട്ടിച്ചിരി, കൊലച്ചിരി, ഹാസ്യചിരി എന്നിങ്ങനെ ചിരികൾ പലവിധമുലകിൽ സുലഭം.
ഇതിന്റെ ഒരു വകഭേദമാണ്, ഇളി. കുരങ്ങു ചിരിച്ചു എന്നുപറയാറില്ല. അതു ഇളിക്കുകയാണ്. അവന്റെ ഇളി കണ്ടില്ലേ, ചുമ്മാ ഇളിക്കല്ലേ എന്നുമൊക്കെ പറയാറുണ്ട്. താൻ പറഞ്ഞത് ശുദ്ധ ഭോഷ്ക് ആയിരുന്നു എന്നറിയുബോൾ മുഖത്ത് പ്രത്യക്ഷ പെടുന്നതാണ് ഇളി. ഇതിനെ ഒന്നുകൂടി വിശദമാക്കിയാൽ ചമ്മൽ ചിരി എന്നുപറയാം. പല്ലുപുറത്തു കാണാമെന്നല്ലാതെ ചിരിയുടെ സൗന്ദര്യം അതിനുണ്ടാവുകയില്ല. തന്നാൽ സാധ്യമല്ല എന്നു ബോധ്യമുള്ളകാര്യം ഞാൻ ഏറ്റു എന്നുപറയുമ്പോൾ മുഖത്ത് വരുന്നത് ഇളി ആണ്. ചെയ്ത ക്രൂരകര്മത്തെ ന്യായീകരിക്കുമ്പോൾ ഇത് തന്നെ സ്ഥിതി. ചിരി സന്തോഷ ദായകമാണ്. ഇളി അവജ്ഞയും പരിഹാസവുമാണ് മറ്റുള്ളവരിലുണ്ടാക്കുക. ഇളിക്കുന്നവന് അതു മനസ്സിലാവുകയുമില്ല.