കൊഴിയുന്നുണ്ടിലകൾ ഓർമ്മതൻ
ചിന്താശാഖിയിൽ നിന്നും
തളിർക്കുന്നുണ്ടിലകൾ പിന്നെയും
പ്രതീക്ഷകളുടെ ചിതലിച്ച ശാഖയിൽ.
വിരിയുന്നൊരായിരം നവസുമങ്ങൾ
വാടിത്തളർന്ന മോഹച്ചില്ലകളിൽ.
മണ്ണിലുറയ്ക്കാത്ത വേരിന്റെയുള്ളിലെ
ഉൽക്കടദുഃഖമിന്നാരറിയാൻ?
ആടിയുലയുന്നു ഇപ്പെരുംപാതയിൽ
ആടലിൻ സമുദ്രഹൃദന്തം പേറി.
കൊഴിയുന്നുണ്ടായുസ്സിൻപത്രങ്ങളോരോന്നായ്
മോഹത്തിൻ ചില്ലകിളിർക്കുന്നുണ്ടപ്പോഴും.
കൊഴിഞ്ഞും കിളിർത്തും വാടിതളർന്നും തളിർത്തും
വേരറ്റുപോകാതെ വല്ലാതെ കിതച്ചും
മണ്ണിനെ ഗാഡമായി ആശ്ലേഷിച്ചും
ഊറുന്ന കനിവിന്റെ തണ്ണീർ കുടിച്ചും
ഹൃത്തിൽ സ്നേഹത്തിൻ നന്മ നിറച്ചും
പ്രാണവായുവെ നെഞ്ചോട് ചേർത്തും
പ്രകൃത്യംബതൻ ഹൃദയതാളത്തിലലിഞ്ഞും
മണ്ണിലലിഞ്ഞും മരത്തോട് ചേർന്നും
ഉണ്മയെ മുറുകെ പിടിച്ചും
മാനവസ്നേഹത്തെയൂട്ടിയുറപ്പിച്ചും
തണൽ മരമായെന്നും നിൽക്കൂ
കൊഴിഞ്ഞുപോകട്ടെ തിന്മതൻ പാഴില
കിളിർക്കട്ടെ നന്മതൻ ഇലകളാ ചില്ലയിൽ
വിശ്വസ്നേഹത്തിൻ വിഭൂതി പടർത്തുവാൻ
സ്നേഹത്തിൻ സന്ദേശം ലോകർക്കു പകരുവാൻ
എന്നും കിളിർക്കട്ടെ ഇലകളാ ചില്ലയിൽ
എന്നും തളിർക്കട്ടെ നന്മതൻ പൂമരം.