ഇരുട്ടു മുറിയിലെ കറുത്ത പൂച്ച/ദീപു കാട്ടൂർ

രംഗം ഒന്ന്

   രാത്രിയുടെ ഏകാന്തതയിൽ തൻ്റെ എഴുത്തു മുറിയിലെ മേശയ്ക്കരികിൽ അസ്വസ്ഥമായ മനസ്സുമായിരിക്കുന്ന ജയചന്ദ്രൻ. അയാളുടെ മുന്നിലായിത്തന്നെ കമ്പ്യൂട്ടർ സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന 'വാട്സ്ആപ്പ് വെബ് ' . മൊബൈൽ ഫോണിലെ ബൾബിന്റെ പടമുള്ള കീപ്പ് നോട്ട്സ് ആപ്പിലെ ബഹുവർണ്ണങ്ങളിലുള്ള കുരിശിൽ തൊട്ട് പുതിയ പേജ് തുറന്നിട്ട് നേരം കുറച്ചായി. പുതുതായി എഴുതിക്കൊണ്ടിരിക്കുന്ന ചെറുകഥയുടെ ക്ലൈമാക്സിനെക്കുറിച്ചുള്ള ചൂടുപിടിച്ച ചിന്തകളാൽ അയാൾ സീലിംഗ് ഫാനിന്റെ താഴെയിരുന്നും വിയർത്തു. 
 പണ്ടത്തെ രീതിയാണെങ്കിൽ എഴുതിയും വെട്ടിയും ചുരുട്ടിക്കൂട്ടിയുമെറിഞ്ഞ പേപ്പറുകൾ ഇപ്പോൾ മുറിയുടെ മൂലയിൽ നിറഞ്ഞേനെ. അതുമാത്രമോ എഴുതിക്കഴിഞ്ഞ കഥ ടൗണിലെ ഡിടിപി സെൻററിൽ കൊണ്ടുപോയി ടൈപ്പ് ചെയ്യിച്ച് അതിന്റെ പ്രൂഫ് നോക്കി അക്ഷരത്തെറ്റെല്ലാം തിരുത്തി പ്രിൻറ് എടുത്തു വരുമ്പോഴേക്കുമുള്ള സമയനഷ്ടവും ധനനഷ്ടവും വേറെ. എന്തായാലും ഇപ്പോൾ അത്തരം പ്രശ്നങ്ങൾ ഒന്നുമില്ല. മൊബൈലിലെ കീപ്നോട്ടിൽ വോയ്സ് ടൈപ്പ് ചെയ്തു  വാട്സാപ്പിൽ കോപ്പി പേസ്റ്റ് ചെയ്തു കമ്പ്യൂട്ടർ സ്ക്രീനിലെ വാട്സ്ആപ്പ് വെബ് വഴി നേരെ തൻ്റെ ഫോൾഡറിൽ സേവ് ചെയ്താൽ മാത്രം മതി. സാങ്കേതികവിദ്യ പുരോഗമിച്ചപ്പോൾ അതിൻ്റെ ഗുണഭോക്താവായി മാറുവാ.ൻ അയാൾക്ക് കഴിഞ്ഞു. 

   തന്റെ ഓഫീസ് കടലാസ് രഹിത ഓഫീസായും, "ഈ-ഓഫീസ് " സംവിധാനം നിലവിൽ വന്നപ്പോഴും മലയാളം ടൈപ്പ് റൈറ്റിംഗ് വശമില്ലാത്ത ജയചന്ദ്രൻ ആദ്യമൊക്കെ കുറച്ച് വിഷമിച്ചിരുന്നു.  ഉത്തരവാദിത്വബോധമുള്ള, ജോലിയിൽ മിടുക്കനായ ഒരു സീനിയർ ക്ലർക്കായിരുന്നെങ്കിലും കമ്പ്യൂട്ടറിലെ നവ സാക്ഷരനായിരുന്നു അയാൾ. "നയൻ്റീസ് കിഡ്സ് "എന്ന് സ്വയം വിശേഷിപ്പിക്കുന്ന തലമുറയിലെ രാഹുലാണ് അന്നയാൾക്ക് ഒരു തുണയായത്. അവനാണയാൾക്ക് "കീപ് നോട്ട് " ഡൗൺലോഡ് ചെയ്തുകൊടുത്തതും, അത് തുറന്നു ചുമ്മാതങ്ങ് പറഞ്ഞാൽ ടൈപ്പ് ചെയ്തു വരുന്ന ജാലവിദ്യ പഠിപ്പിച്ചതും.
   അതയാൾക്ക് ഗുണം ചെയ്തു. ഓഫീസിൽ മാത്രമല്ല, വല്ലപ്പോഴുമുള്ള തന്റെ എഴുത്തിലും . വല്ലപ്പോഴുമുള്ള എഴുത്ത് എന്നത് അടിവരയിട്ടു വായിക്കേണ്ടതാണ്. വർഷത്തിൽ രണ്ടോ മൂന്നോ കഥകൾ മാത്രമാണ് അയാൾ എഴുതിയിരുന്നത്. ചിലപ്പോൾ അതും ഉണ്ടാകില്ല.അയാളെ സംബന്ധിച്ച് എഴുത്ത് എന്നത് ഒരു ഗൗരവമുള്ള സംഗതി ആയിരുന്നു. അത്ര ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നല്ല അത് എന്ന അഭിപ്രായക്കാരനായിരുന്നു അയാൾ. അതുകൊണ്ടാണ് പ്രതിമാസ സാഹിത്യ കൂട്ടായ്മയിൽ

” പുതിയ കഥയൊന്നുമില്ലേ ?”എന്ന അധ്യക്ഷന്റെ ചോദ്യത്തിന്
“മാസമുറ പോലെ സംഭവിക്കുന്നതല്ല സാഹിത്യം “
എന്നയാൾ തിരിച്ചടിച്ചത്.

വായനക്കാരനെ എഴുത്തുകാരന്റെ കൂടെ കൂട്ടിക്കൊണ്ടു പോകാൻ കഴിയണം. കഥയുടെ പരിണാമഗുപ്തിയിൽ വായനക്കാരൻ പകച്ചു പോകണം. കഥാന്ത്യത്തിൽ വായനക്കാരന്റെ ചിന്തയിലേക്ക് ചില ചോദ്യങ്ങൾ എറിയണം. വായനയ്ക്ക് ശേഷവും തൻ്റെ കഥ വായനക്കാരനെ അസ്വസ്ഥമാക്കണം. വായനക്കാരന്റെ മനസ്സിലാകണം കഥ പൂരിപ്പിക്കപ്പെടേണ്ടത്. ഈ കഥ എന്തായാലും ആ ഒരു തലത്തിലേക്ക് എത്തിക്കണം. കുറച്ചു സമയമെടുത്താലും കുഴപ്പമില്ല, കഥ ഭംഗിയാക്കണം. മൂന്നാല് ദിവസമായി വീട്ടിലെ ബഹളങ്ങളെല്ലാമൊഴിഞ്ഞ്, എല്ലാവരും ഉറക്കം പിടിക്കുമ്പോൾ അയാൾ ഉറക്കമൊഴിക്കുന്നു.

  കഥയിൽ അയാളുടെ നായകൻ വല്ലാത്തൊരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. ഒരു സാധാരണക്കാരനാണെങ്കിൽ തീർച്ചയായും ആത്മഹത്യ ചെയ്യുവാനുള്ള ഒരുപാട് കാരണങ്ങൾ അയാൾക്കുണ്ട്. പക്ഷേ ജയചന്ദ്രന് തൻ്റെ നായകനെ ആത്മഹത്യ ചെയ്യിക്കാനാവില്ല. എഴുത്തുകാരൻ,  സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ കിട്ടുന്ന പ്രഭാഷണവേദികളിലെല്ലാം ജീവിതത്തെ സ്നേഹിക്കുവാനും, പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതവിജയം കൈവരിക്കുവാനുമാണ് അയാൾ പറയാറുള്ളത്.  അതുകൊണ്ടാണ് സാഹിത്യ-സാംസ്കാരിക വേദികളിൽ അയാൾ നിറഞ്ഞുനിൽക്കുന്നത്.

 പക്ഷേ തന്റെ നായകന്റെ അവസ്ഥ വളരെ ദയനീയമാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഒരു കൗമാരക്കാരിയുടെ പിതാവാണ് അയാളുടെ നായകൻ.  ആ ഒരു വിഷമാവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് തൻ്റെ ഭാര്യ 'ഒഥല്ലോ സിൻഡ്രോം, എന്ന് സൈക്കോളജിസ്റ്റ് പറഞ്ഞ സംശയരോഗിയായി മാറിയിരിക്കുന്നു എന്ന യാഥാർത്ഥ്യം അയാൾ തിരിച്ചറിയുന്നത്. 

പക്ഷേ തനിക്കസുഖമാണെന്ന് അംഗീകരിക്കാൻ അവൾ തയ്യാറായില്ല. മാത്രമല്ല തന്നെ രോഗിയായി ചിത്രീകരിച്ച് തന്നെയും മകളെയും ഉപേക്ഷിച്ചു പോകുവാനുള്ള അയാളുടെ തന്ത്രമായതിനെ അവൾ വ്യാഖ്യാനിക്കുവാനും തുടങ്ങി. അതയാളെ വല്ലാതെ തളർത്തി. അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന കാര്യങ്ങളാണ് ഇത്തരം കുടുംബങ്ങളിലുള്ളത്. ഒന്ന് സമാധാനമായി ഉറങ്ങാൻ പോലുമാകാതെ എത്രനാൾ ഒരാൾക്ക് പിടിച്ചുനിൽക്കാനാകും? കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഭാര്യയ്ക്കാണെങ്കിൽ അടുത്ത സ്വന്തക്കാരാരുമില്ല. ഇത്തരം കുട്ടികളുടെ രക്ഷിതാക്കൾ പലപ്പോഴും വിഷാദരോഗത്തിനടിപ്പെടാറുണ്ട്. തന്റെ ഭാര്യയും അങ്ങനൊരവസ്ഥയിലായിരിക്കുമെന്നേ അയാൾ ചിന്തിച്ചിരുന്നുള്ളൂ. എന്നാൽ ജോലി കഴിഞ്ഞു വരുമ്പോൾ അടുത്തുവന്ന് മണം പിടിച്ചു നോക്കുന്നതും, ദൂരയാത്ര കഴിഞ്ഞു വന്നാൽ ദേഹപരിശോധന നടത്തുന്നതും പതിവായപ്പോഴാണ് അയാൾ അവളെനിരീക്ഷിച്ചു തുടങ്ങിയത്. താൻ ഫോണിൽ സംസാരിക്കുമ്പോൾ അടുത്തു വന്ന് ഒളിച്ചു നിൽക്കുന്നതും, താൻ ഉറങ്ങിക്കഴിയുമ്പോൾ ഫോൺ പരിശോധന പതിവായപ്പോഴുമാണ് അയാൾ ഒരു ഫാമിലി കൗൺസിലിംഗ് എന്ന രീതിയിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണാൻ പോയത്. അവൾക്ക് സംശയരോഗമാണെന്നും, സമയത്ത് ചികിത്സിച്ചില്ലെങ്കിൽ രോഗിമാത്രമല്ല രോഗിയെ ചുറ്റിപ്പറ്റിയുള്ളവരും വലിയ കുഴപ്പത്തിലേക്ക് പോകുമെന്നും, തലച്ചോറിലുണ്ടാകുന്ന രാസമാറ്റത്തിന് മരുന്നുപയോഗിച്ചുള്ള ചികിത്സ ആവശ്യമാണെന്നും സൈക്കോളജിസ്റ്റ് തറപ്പിച്ചു പറഞ്ഞു. പക്ഷേ അവൾ അടുക്കുന്നില്ല. ജീവിതം കൂടുതൽ പ്രതിസന്ധിയിലേക്ക് മാറുന്നത് അയാൾ തിരിച്ചറിഞ്ഞു. മകളുടെ കാര്യം പോലും കൃത്യമായി നോക്കാൻ അവൾക്കാവുന്നില്ല. വാടക വീട് ഒഴിയേണ്ട സമയവും ആകുന്നു. രാത്രി കൂവി ബഹളം വയ്ക്കുന്ന മകളെക്കുറിച്ച് അയൽവാസികളുടെ പരാതി കൂടി വരുന്നതുകൊണ്ട് ഹൗസ് ഓണർ എഗ്രിമെന്റ് പുതുക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. ജീവിതം കൈവിട്ടു പോകുന്നതുപോലെ അയാൾക്ക് തോന്നി. ഭിന്നശേഷിക്കാരായ കുട്ടികളെ കൊലപ്പെടുത്തി പതിനാറ് കുടുംബങ്ങളാണ് കഴിഞ്ഞവർഷം മാത്രം ആത്മഹത്യ ചെയ്തതെന്ന കാര്യം അയാൾ ഒരു ഞെട്ടലോടെ ഓർത്തുകൊണ്ടിരിക്കുന്ന ഇടത്താണ് കഥയുടെ വഴിമുട്ടി നിൽക്കുന്നത്. അയാൾ ഇനി എന്തു ചെയ്യണം? എന്തായാലും തന്റെ നായകനെ ആത്മഹത്യയിലേക്ക് തള്ളി വിടാനാവില്ല. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിട്ടായിരിക്കും ഇവരെപ്പോലുള്ളവർ ആത്മഹത്യയിൽ അഭയം പ്രാപിച്ചിട്ടുണ്ടാവുക. പക്ഷേ തൻ്റെ നായകന് അത് പറ്റില്ല.
വോയിസ് ടൈപ്പ് ചെയ്തത്രയും വാട്സ്ആപ്പ് വെബുവഴി അയച്ച് ജയചന്ദ്രൻ ജഗ്ഗിൽ നിന്നും അല്പം വെള്ളം കുടിച്ച് കസേരയിൽ പുറകോട്ടു ചാഞ്ഞിരുന്നു കണ്ണടച്ചു.

രംഗം – രണ്ട്

  ജയചന്ദ്രന്റെ എഴുത്തുമുറിയുടെ തൊട്ടടുത്ത ബെഡ്റൂമിൽ മങ്ങിയ വെളിച്ചത്തിൽ കട്ടിലിൽ ഇരിക്കുന്ന അയാളുടെ ഭാര്യ രാഗിണി. അവളും കുറെ സമയമായി അസ്വസ്ഥമായ മനസ്സുമായിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് വാട്സ്ആപ്പ് തുറന്നു നോക്കും. തൻ്റെ ഭർത്താവ് ഓൺലൈനിൽത്തന്നെയാണ് എന്ന് തിരിച്ചറിയുമ്പോൾ അവളുടെ അസ്വസ്ഥത കൂടും. കഴിഞ്ഞ ഞായറാഴ്ച കല്യാണവീട്ടിൽ വച്ച് ഒരുത്തിയുടെ കമൻറ് .

“നിൻ്റെ തടി കൂടിക്കൂടി വരുംതോറും നിൻ്റെ ഭർത്താവ് കൂടുതൽ ചെറുപ്പമായിക്കൊണ്ടിരിക്കുകയാണല്ലോ ” എന്ന് എല്ലാ അവളുമാർക്കും അസൂയയാണ്. അവരുടെയൊക്കെ ഭർത്താക്കന്മാർ ബാറിലിരുന്ന് തകർക്കുന്ന സമയത്ത് അങ്ങേരിവിടെ കുഞ്ഞുങ്ങളെ കളിപ്പിച്ചും എഴുത്തും വായനയുമൊക്കെയായി കഴിയുന്നതിന്റെ അസൂയയാണ്. കുഴപ്പം പറയരുതല്ലോ ഓഫീസ് വിട്ടാൽ എങ്ങും കറങ്ങാതെ നേരെ വീട്ടിലോട്ട് വരുന്ന അപൂർവ്വം ഭർത്താക്കന്മാരിൽ ഒരാളായിരുന്നു തന്റെ ഭർത്താവ് എന്നതിൽ അവൾക്ക് സന്തോഷമുണ്ട്. മോട്ടോർ സൈക്കിളിൽ മീൻ, പച്ചക്കറി, ഫ്രൂട്സ് അങ്ങനെ മൂന്നാല് സഞ്ചികളും തൂക്കിയാണ് അയാളുടെ വൈകുന്നേരങ്ങളിലെ വരവ്. വീട്ടിൽ വന്നാൽ കൂടുതൽ സമയം വായനയിൽ ആയിരിക്കും. പിന്നെ യൂട്യൂബിൽ മനുഷ്യന് മനസ്സിലാകാത്ത, ബുദ്ധിജീവികൾക്ക് മാത്രം മനസ്സിലാകുന്ന ചില പ്രഭാഷണങ്ങളും കേട്ടിരിക്കുന്നത് കാണാം. മദ്യപിക്കാറില്ല, പുകവലിയും ഇല്ല. സാധാരണ എഴുതുന്നവർക്ക് ഇത്തരം ശീലങ്ങൾ ഉണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും തൻ്റെ ഭർത്താവിൻ്റെ കാര്യത്തിൽ അതൊന്നുമില്ല. മാസത്തിൽ രണ്ടോ മൂന്നോ പൊതുപരിപാടികളിൽ സംബന്ധിക്കും. മിക്കവാറും ഉദ്ഘാടകൻ, മുഖ്യപ്രഭാഷകൻ അങ്ങനെ എന്തെങ്കിലുമൊക്കെയായിരിക്കും റോളുകൾ .
“ഇങ്ങനെയുള്ളവർക്ക് ധാരാളം ആരാധികമാരുണ്ടായിരിക്കും,പോരാത്തതിന് നിൻ്റെ ഭർത്താവ് ഒരു സുന്ദരനുമാകുമ്പോൾ പ്രത്യേകിച്ചും”
സ്കൂളിലെ പിടിഎ മീറ്റിംഗിൻ്റന്ന് ലാവണ്യയാണത് പറഞ്ഞത്. അങ്ങേരെന്നവിടെ പിടിഎ പ്രസിഡൻ്റായിരുന്നു. ആദ്യമൊന്നും അങ്ങനെയുള്ള കമൻറുകൾ താൻ മൈൻഡ് ചെയ്തിരുന്നില്ല.

പക്ഷേ മൂന്നാല് അവാർഡുകൾ ലഭിച്ച് തൻ്റെ ഭർത്താവ് കൂടുതൽ പ്രശസ്തനാകുമ്പോൾ തന്റെ കൂട്ടുകാരികൾ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നാൻ തുടങ്ങി. യൂട്യൂബിലെ യാമിനി തങ്കപ്പന്റെ വീഡിയോ കണ്ടു തുടങ്ങിയപ്പോഴാണ് തന്റെ സംശയം കൂടുതൽ ബലപ്പെട്ടത്. അവർ പറയുന്നതിൽ പല ലക്ഷണങ്ങളും തന്റെ ഭർത്താവിനുണ്ടെന്ന് മനസ്സിലായി. ഒറ്റയ്ക്കിരിക്കുക,പലപ്പോഴും എന്തോ ചിന്തിച്ചു കൊണ്ടിരിക്കുക അങ്ങനെയങ്ങനെ……
യാമിനി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കൂടുതലും ഭർത്താവിന്റെ അവിഹിതബന്ധം എങ്ങനെ കണ്ടെത്താം എന്ന വിഷയത്തെക്കുറിച്ചുള്ളതായിരുന്നു. യാമിനിയുടെ മുഴുവൻ വീഡിയോയും കണ്ടുകഴിഞ്ഞപ്പോൾ തന്റെ ഭർത്താവിന് അവിഹിതം ഉണ്ടെന്ന് ഉറപ്പിക്കാനുള്ള ഒരുപാടു ലക്ഷണങ്ങൾ കണ്ടെത്താൻ തനിക്ക് കഴിഞ്ഞു. ഇനി അവൾ,അതോ അവളുമാരോ ആരാണെന്ന് കണ്ടെത്തണം. അങ്ങേരുടെ ഫേസ്ബുക്കിലെ മിക്കവാറും സ്ത്രീ സൗഹൃദങ്ങൾക്ക് റിക്വസ്റ്റ് കൊടുത്തു. അങ്ങേരുറങ്ങിക്കഴിയുമ്പോൾ ഫോണെടുത്ത് ഓഫീസിലെയും മറ്റ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും സ്ത്രീകളുടെ നമ്പർ മുഴുവൻ തപ്പിയെടുത്തു. പ്രൊഫൈൽ പിക്ചറിൽ സുന്ദരികളായി തോന്നിയവരെ പ്രത്യേകം നോട്ട് ചെയ്തു വച്ചു. അയാളുടെ ഫേസ്ബുക്കിൽ സ്ഥിരമായി ലൈക്കും കമൻറും ചെയ്യുന്ന സ്ത്രീകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. ആ പേരുകൾ വാട്സാപ്പിൽ ഉണ്ടോ എന്ന് നോക്കി. സംശയം തോന്നിയ കുറച്ചുപേരെ വിളിച്ചു പരിചയപ്പെട്ടു
“ചേട്ടൻ എപ്പോഴും നിങ്ങളുടെ കാര്യം പറയാറുണ്ട് “എന്ന് പറഞ്ഞാണ് പലരെയും പരിചയപ്പെട്ടത്. മൂന്നാല് തവണ വിളിച്ചു കഴിഞ്ഞ് ചില അവളുമാർ ഇപ്പോൾ തൻ്റെ ഫോൺ എടുക്കാറില്ല. അവരൊക്കെ വലിയ ആഫീസറന്മാരല്ലേ, നമ്മൾ പാവം വീട്ടമ്മ. എന്നാലും വിടാൻ പാടില്ല. വാട്സാപ്പിൽ മറുപടി തരാത്തവരെയും മറ്റും കൂടുതൽ ശ്രദ്ധിച്ചു. അങ്ങനെ അവസാനം ആറ്റിക്കുറുക്കി ഏഴ് പേരെ കണ്ടെത്തിയിട്ടുണ്ട്. അതിൽ മൂന്നുപേർ എഴുത്തിന്റെ ഉപദ്രവമുള്ളവരാണ്. ഇനം ഇനത്തോട് ചേരുമെന്നാണല്ലോ?
എന്തായാലും മൂന്നാലു ദിവസമായി രാത്രി തനിച്ചുള്ള അങ്ങേരുടെ ഇരിപ്പ് തുടങ്ങിയിട്ട്. അങ്ങേർ വാട്സാപ്പിൽ ഓൺലൈനിൽ ആയപ്പോൾ മുതൽ താൻ മറ്റവളുമാരെ തപ്പുന്നതാ. കുറേക്കഴിഞ്ഞ് രണ്ടുപേര് ഫേസ്ബുക്കിൽ പച്ച ലൈറ്റും തെളിച്ചു കുത്തിയിരിക്കുന്നത് കണ്ടു. ഹിറ്റ് ലിസ്റ്റിലെ മൂന്നുപേർ വാട്സാപ്പിൽ ഓൺലൈനിൽ ഉണ്ട്. ഇന്നലെയും ഇതേസമയം ഇതിൽ രണ്ടുപേർ ഓൺലൈനിൽ ആയിരുന്നു . അപ്പോൾ തീർച്ചയാണ് ഈ രണ്ടുപേരിൽ ഒരാളാണ് അയാളുടെ കാമുകി. അതോ രണ്ടുപേരും കാമുകിമാരാണോ? തന്റെ ശരീരം വിറയ്ക്കുന്നു. ഇതിങ്ങനെ വിട്ടാൽ പറ്റില്ല. രണ്ടിലൊന്ന് എനിക്കിന്നറിയണം. ഞാൻ അത്ര മണ്ടിയല്ലെന്ന് അയാളെ കാണിച്ചുകൊടുക്കണം.

അവസാനരംഗം
(രംഗം ഒന്നിന്റെ തുടർച്ച)

ജയചന്ദ്രന്റെ എഴുത്തു മുറി. കഥയുടെ ടൈറ്റിൽ പെട്ടെന്നാണയാളുടെ മനസ്സിലേക്ക് കടന്ന് വന്നത്. ‘ഇരുട്ടു മുറിയിലെ കറുത്ത പൂച്ച’ -സെർച്ചിംഗ് ഫോർ എ ബ്ലാക്ക് ക്യാറ്റ് ഇൻ എ ഡാർക്ക് റൂം – ഇല്ലാത്ത കാര്യങ്ങൾ തേടി നടക്കുക എന്നർത്ഥം വരുന്ന ഈ പ്രയോഗം പണ്ടു വായിച്ച ഏതോ ഇംഗ്ലീഷ് നോവലിൽ നിന്ന് മനസ്സിൽ വീണു കിടന്നതാണ്.
സംശയരോഗം അതിൻ്റെ മൂർദ്ധന്യത്തിൽ എത്തുമ്പോൾ തന്റെ കഥയിലെ നായകന്റെ ഭാര്യ അക്രമാസക്തയാകുന്നതായും, നായകനെ തലയ്ക്കടിച്ചു വീഴ്ത്തുന്നതുമായ ഒരു കഥാ സന്ദർഭം പെട്ടെന്ന് മനസ്സിലേക്ക് വന്നു. ജയചന്ദ്രൻ മുന്നോട്ടാഞ്ഞ് വോയിസ് ടൈപ്പ് ചെയ്യുവാനായി മൊബൈലെടുത്തതും പിന്നിലെ കതക് ശക്തിയായി തുറന്നുകൊണ്ട് കഥാകൃത്തിന്റെ ഭാര്യ അകത്തേക്ക് കയറിയതും ഒരുമിച്ചായിരുന്നു.

ചിതറിത്തെറിച്ച രക്തം ചീറ്റിത്തെറിച്ചത് ശിരസ്സിൽ നിന്നായിരുന്നു.
കഥാകൃത്തിന്റെയോ?
നായകന്റെയോ ?
അത് വായനക്കാരായ നിങ്ങളുടെ ചിന്തയ്ക്ക് വിടുന്നു.

You can share this post!