ഇരവിഴുങ്ങിപ്പാമ്പുകൾ


ഗീത മുന്നൂർക്കോട്

വാൽമീകിമകൾ
രാജകീയകാമത്തിന്
ഇരയായത്…

അവളുടെ നടപ്പുവട്ടങ്ങൾക്കൊപ്പം
വ്യാഘ്രക്കണ്ണുകളുടെ
ദാഹവിശപ്പുകൾ
മേഞ്ഞുനടന്നത്…

കീഴ്ത്തലജാതരായത്
അബലകളായത്
ഇരയാകാൻ വേണ്ടിയെന്ന
പരമ്പരാഗതശാസന
അവർക്ക്
മേലാളർക്ക്
പതിച്ചുകിട്ടിയ
പൈതൃകം !
ഇതേ സ്വാർത്ഥന്യായം!
ഇതേ നാട്ടുനടപ്പെന്നത്
ഇന്നും ദുർനിമിത്തം…

മണം പിടിച്ചൊപ്പം
അമ്മമിഴികൾ
അവൾക്ക്
കാവൽ നടന്നിട്ടെന്ത്?
കൂട്ടമായിട്ടായിരുന്നല്ലോ
വേട്ട…
പെണ്ണുടൽവേട്ട!

ഠാക്കൂർ രക്തത്തിന്റെ
കാമത്തിള
തണുത്തിരിക്കാ-
മെന്നാൽ

അവളിലേക്കവരേറി
കുത്തിയേറ്റിയ
ലിംഗവിശപ്പിനാൽ
അവൾ മാത്രമല്ല
നാടൊട്ടുക്കാണ്
മലിനപ്പെട്ടത്…

അവർ
അരിഞ്ഞെറിഞ്ഞ പെൺനാവ്
വീശിയെറിഞ്ഞിട്ടുണ്ട്
നിരവധി
നൊമ്പരത്തുണ്ടുകൾ
അവയിൽ നിന്നും
ചീറ്റിയടിക്കുന്നുണ്ട്
കൊടും രോഷത്തിന്റെ
ചെമപ്പുധാര.

അവർ ചതച്ചിട്ട
എല്ലിന്റെയിളംനുറുങ്ങുകൾ
നാടിന്റെ നാഡികൾക്കകം
പിടയുന്നുണ്ട്…

പെൺമാനമുരിഞ്ഞത്
പെണ്ണുടൽ ചതച്ചത്
പെൺനാവിറുത്തത്
പെണ്ണെല്ലുകളൊടിച്ചത്
പെൺമാംസമെരിച്ചത്

ഒന്നും
ഒട്ടും തന്നെ
മറവിയിൽ മുങ്ങില്ല.

പെൺഫണങ്ങളുയരും
വിടർന്നാടും
പയ്യെയിറങ്ങുന്നയലകൾ പോലും
പതിന്മടങ്ങുയരെ
വീശിയടിക്കും
ചലനമറ്റ നാവിൻതുണ്ടിൽ നിന്നും
പരശതം നാവുകൾ നീണ്ടുവരും
മലിനപ്പെട്ട പെൺനിണം
അഗ്നിച്ചെമപ്പു ചാലിച്ച്
അവരുടെ
ന്യായവിധിയിൽ
കറുപ്പെഴുതും

ഉറ്റു നോക്കുന്നുണ്ടൊരു
പെൺകാലം..

…ന്റെ നാണിക്കവിത

ടീച്ചറമ്മേ…ങ്ങള് എയുതണതൊക്കെ
കവിതോളാ…?
എന്തായീക്കവിതാന്ന്വച്ചാ…
…ന്നെങ്കൂടൊന്ന് കേപ്പിച്ചൂടെ…

..ന്നാളൊരൂസം
നിയ്യ് മുറ്റമടിക്കുമ്പൊ
എഴുതീല്ലേ ഒന്ന്
അതന്നെ കവിത.

കല്ലീ തുണിയടിക്കുമ്പൊ
തിരിച്ചും മറിച്ചും നോക്കി
നിയ്യ് പിറുപിറുക്കുമ്പൊ
ഞാ…അടുത്ത് വന്നാ അപ്പൊ വരും
ന്റെ കവിതേം…ന്റെ കൂടെ.

വട്ടപ്പാത്രത്തിന് ചകിരിയുരസി
നീയങ്ങനെ താളത്തില്
വളകിലുക്കുമ്പൊ
ഞാനോർക്കണതും കവിതന്ന്യാ…

തേങ്ങക്കൊപ്പം നെന്റെ മനസ്സും കൂടെ
ഈ ടീച്ചറമ്മക്ക് വേണ്ടി
ചെരകി കൂട്ടാറില്ലേ നാണീ…
അപ്പഴൊക്കെ ഞാനോരോ
നാണിക്കവിത…ണ്ടാക്ക്വായിരിക്കും…

നീയങ്ങനെ ചൊപ്പനം കണ്ട്
സാമ്പാറില് സ്വാദിളക്കുമ്പഴും വരും
..ന്റെ നാവിലൂറീംകൊണ്ടൊരു കവിത.

അരകല്ലില് ചതച്ചരച്ച്
എരിപൊരി നെന്റെ കൈകള്
ഉഷാറാകുമ്പൊ
ന്റെ കണ്ണിലാ നാണീ
കവിത ചൊമക്ക്വാ….

..ന്നാലും ..ന്റെ നാണിക്കുട്ടീ
എന്തോരു ചേലാ നാണിക്കവിതക്ക്
…നെന്നെപ്പോലെന്നെ !

You can share this post!