ഇരട്ടമുഖം/അനീഷ് പെരിങ്ങാല

 റേഷൻ കടയിൽ നിന്നും കിറ്റുവാങ്ങാൻ പോയ ഭാര്യ വരുന്നതും നോക്കി സിറ്റൗട്ടിലെ ചാരുകസേരയിൽ ചടഞ്ഞു കൂടിയിരുന്നപ്പോഴാണ് മുറ്റത്തെ ചായിപ്പിൽ അമ്മ മരിച്ചതിനു ശേഷം വീട്ടിൽ നിന്നും പുറത്താക്കിയ കട്ടിൽ അയാളുടെ കണ്ണിൽ പെട്ടത്.

 ഞായറാഴ്ച ദിവസമായിരുന്നതിനാലും, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടും അയാൾ ചാരുകസേരയിൽ നിന്ന് എഴുന്നേറ്റ് ചായിപ്പിലേക്ക് നടന്നു. നല്ല ഒന്നാന്തരം കട്ടിലാണ്. തുടച്ചു വൃത്തിയാക്കി പോളിഷ് ചെയ്തു വെച്ചാൽ ഇനിയൊരു പത്തു വർഷം കൂടി ഉപയോഗിക്കാം.

 അമ്മയുടെ ആഗ്രഹപ്രകാരം അച്ഛൻ രാജപ്പൻ ആശാരിയെ കൊണ്ട് പണികഴിപ്പിച്ച തേക്കിൻ കട്ടിലാണ്. അച്ഛൻ മരിച്ചതിനുശേഷം ഒരുവശം തളർന്നുപോയ അമ്മ കുറേക്കാലം ഈ കട്ടിൽ കിടന്നു. അമ്മയുടെ മരണത്തിന്റെ പിറ്റേന്ന്  ഭാര്യയുടെ നിർദ്ദേശപ്രകാരം ആരൊക്കെയോ കൂടി കാട്ടിൽ ചായിപ്പിലേക്ക് മാറ്റുകയായിരുന്നു.

 റോഡിൽ ഒരു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടു ചെയ്തുകൊണ്ടിരുന്ന ജോലി നിർത്താതെ അയാൾ തലയുയർത്തി നോക്കി. കയ്യിലും തോളിലും സാധനങ്ങളും പേറി പൂർണ്ണചന്ദ്രൻ ഉദിച്ച മുഖത്തോടെ കൽപ്പടവുകൾ കയറി വരുന്ന ഭാര്യ കണ്ടത്  ആർക്കും വേണ്ടാതെ ചായിപ്പിൽ കിടന്ന കട്ടിൽ തൂത്തു തുടച്ചു വൃത്തിയാക്കുന്ന ഭർത്താവിനെയാണ്.

 “നിങ്ങൾ അവിടെ എന്തു ചെയ്യുകയാ മനുഷ്യാ…? “

 ഭാര്യയുടെ മുഖത്തെ സന്തോഷം പെട്ടെന്ന് മാറിയത് അവളുടെ സ്വരത്തിൽ നിന്ന് അയാൾ മനസ്സിലാക്കി. “അമ്മ കിടന്ന കട്ടിൽ ഒന്ന് വൃത്തിയാക്കി നോക്കിയതാ. സൂക്ഷിച്ചു വെക്കാം അമ്മയുടെ ഓർമ്മയ്ക്കായി കിടക്കട്ടെ “. കയ്യിൽ പറ്റിയ പൊടി ഉടുത്തിരുന്ന തുണിയിൽ തുടച്ചു കൊണ്ട് അയാൾ പറഞ്ഞു.

” നിങ്ങൾക്കെന്താ പ്രാന്ത് പിടിച്ചോ….? അത് തല്ലിയൊടിച്ച് അടുപ്പിൽ വെക്കാൻ ഇരിക്കുകയായിരുന്നു ഞാൻ. വർഷങ്ങളോളം തളർന്നു കിടന്ന തള്ളയുടെ മലവും,  മൂത്രവും, വിയർപ്പും പിടിച്ച കട്ടിൽ വൃത്തിയാക്കുക സ്മാരകമാക്കി വെക്കാൻ ” ദേഷ്യപ്പെട്ടു കൊണ്ട് ഭാര്യ അകത്തേക്ക് കയറി പോകുന്നതിനിടെ…

 വർഷങ്ങളായി അമ്മയുടെ ശരീരത്തിലെ അഴുക്കിലും,  വിയർപ്പിലും കിടന്ന സ്വർണാഭരണങ്ങൾ ഭാര്യയുടെ ശരീരത്തിൽ കിടന്ന് തിളങ്ങുന്നത് കണ്ട്, അയാൾക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

You can share this post!