ഇരകൾ

തീവണ്ടി മുരങ്ങിയും ഞരങ്ങിയും നീങ്ങിക്കൊണ്ടിരുന്നു. തിങ്ങിഞെരുങ്ങി യാത്രക്കാർ വീർപ്പുമുട്ടുകയാണ്. വേനൽച്ചൂടിൽ ജനറൽ കമ്പാർട്ട്മെന്റ് നരകം പോലെ ചുട്ടുപഴുത്തു . അതിനിടയിൽ രണ്ടു പേർ രണ്ടു പേർ പരിസരം മറന്ന് സംഭാഷിച്ചു. അത് ഒരു ബഹളമായും പരിണമിച്ചു.
അതിനിടയിലാണ് ഒരു തർക്കം എല്ലാ ശബ്ദങ്ങളെയും അതിജീവിച്ച് മുഴങ്ങിയത്. ആരോ ഒരാൾ ഒരു പെൺ കുട്ടിയെ തോണ്ടിയ ത്രേ! പരാതിക്കാരൻ ഒരു സദാചാര കാവൽഭടൻ. പ്രതിയായി നിശ്ചയിക്കപ്പെട്ടയാൾ മറുഭാഗത്ത്. തർക്കം മുറുകി.
“തോണ്ടിയത് ഞാൻ കണ്ടതാണ് “
“ഞാൻ എവിടെ തോണ്ടിയെന്നാണ് “
“നീ രക്ഷപ്പെടാമെന്ന് കരുതേണ്ട “
” ആ കുട്ടി പറയട്ടെ ഞാൻ തോണ്ടിയെന്ന് “
പലപ്പോഴും നമ്മുടെ സമൂഹം അങ്ങനെയാണ്. ഒരിരയെ രണ്ടു വിധത്തിൽ അത് ആക്രമിക്കും. ഒരാൾ അതിനെ മുറിവേൽപ്പിക്കും. മറ്റയാൾ അതിനെ അപമാനിക്കും.
തർക്കം പിന്നെയും  മൂത്തു. ഇനി തോണ്ടിയോ എന്ന് പെൺകുട്ടി പറയണം. ആദ്യം തോണ്ടു സഹിച്ചു. ഇനി അതിന്റെ പേരിൽ ചോദ്യവും ഭേദ്യവും.
അങ്ങനെയാകട്ടെ എന്ന് കാവൽ ഭടനും . ഇനിയാണ് യഥാർത്ഥ ആക്ഷേപം നടക്കാനിടയുള്ളത്. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിന്നു നടുവിൽ പെൺകുട്ടി പറയണം തന്റെ ഏത് ശരീര ഭാഗത്ത് ഇയാൾ സ്പർശിച്ചുവെന്ന്. എന്താണിയാൾ ചെയ്തതെന്ന് . എത്ര അപഹാസ്യമാണിത്.
ലൂയീ ഇരുന്ന സീറ്റിൽ നിന്ന് എഴുന്നേറ്റു. അയാൾ വാദിയേയും പ്രതിയേയും നേരിട്ടു. ഇനി ഒരക്ഷരം മിണ്ടിയാൽ അടിച്ച് ശരിയാക്കും എന്നയാൾ ആക്രോശിച്ചു. ശബ്ദം നിലച്ചു.
പെൺകുട്ടിയുടെ ശ്വാസം നേരെ വീണു. പൊതുജനം നിരാശരായി. തിരക്കിനടയിൽക്കിട്ടിയ ഒരു വിനോദം നഷ്ടപ്പെട്ടതിലുള്ള മുറുമുറുപ്പ് എല്ലാവരിലും ഉളവായി. ക്രമേണ തമ്മിൽ തമ്മിലുള്ള സംഭാഷണങ്ങൾ ശക്തിയാർജ്ജിച്ചു. വീണ്ടും തീവണ്ടി പഴയ പോലെ ചൂളം വിളിച്ചു നീങ്ങി.

You can share this post!