ഇലത്തൂവലുകൾക്കിടയിൽ തന്നിടം കണ്ടെത്തുന്നു പൂവ്
ഈ സംഘടിതപ്പറക്കലിൽ പൂത്തുകൊഴിയൽ കളരി
നടത്തി ജീവിക്കുവാനും, നിന്തിരുവടിയേയെന്നെന്നും
സൂര്യനെത്തൊഴാനും, സൂര്യൻ പകരം ചെള്ളയിൽ തീകൊണ്ടു
പൊള്ളിച്ച പാടിൽ തഴുകി രാത്രിയിൽ കരയാനും, കാറ്റോ
മഴയോ വന്നു കൈനീട്ടിത്തന്നാൽ ഭൂമിയിലേയ്ക്ക് ചാടാനും
ഓരോരോ വീണപൂക്കവിതകളീ ചെടിയെക്കൊണ്ടെഴുതിക്കാനും
തിക്കിത്തിരക്കി പച്ചജീവിത മത്സരത്തിന്നിടയിലും
ഞാനുണ്ടേ, എന്നിത്തിരി വേറിട്ടു ചുവന്നും, വല്ലാതെ വാടിയും
മൗനത്തിൽ മൗനമായ്ത്തന്നെ വീണും , ചീയുമീ
നേരത്തിന്നിടുപ്പിൽ ചീയലായ്‌ത്തന്നെ വിലയിച്ചും
ചുമ്മാതൊരദ്ധ്യായം കുറിച്ചുവച്ച പോലെ തോന്നിപ്പിച്ചു-
മെന്നാലൊരക്ഷരവും വരഞ്ഞു വയ്ക്കാതെയും തന്റെ
വേർപെടൽ പാടിൽ ചെറുനീറ്റ ലോർമ്മ തേച്ചുവച്ചും
വിടർന്നുന്തിയ ജീവിതസംഭ്രമമാഹ്ലാദിച്ചു തീർക്കാൻ
പൂവും തന്റെയിടം നോക്കിവയ്ക്കുന്നിലത്തിരക്കിലങ്ങിങ്ങ്.