പരിഭാഷ/ഗീത മുന്നൂർക്കോട്
എങ്ങോട്ടും യാത്ര പോകാതെ
ഒന്നുമേ വായിക്കാതെ
ജീവിതസ്വനങ്ങൾക്ക് കാതോർക്കാത്ത നേരങ്ങളില്‍
സ്വയം അoഗീകരികരിക്കാത്തതിനാല്‍
നീ മെല്ലെ മെല്ലെ മരിക്കാന്‍ തുടങ്ങുകയാണ്
സ്വാഭിമാനം കൊലപ്പെടുത്തി
പരസഹായം നിരാകരിക്കുമ്പോള്‍
നീ മെല്ലെ മെല്ലെ മരിക്കാന്‍ തുടങ്ങുകയാണ്
പതിവുചിട്ടകള്‍ക്കടിമപ്പെട്ട്
നിത്യവുമൊരേ വഴികള്‍ നടന്ന്‍
പതിവുചര്യകളില്‍ നിന്നും വ്യതിചലിക്കാതെ
വൈവിധ്യമുള്ള വർണ്ണങ്ങള്‍ ധരിക്കാതെ
അപരിചിതരോട്
ഒന്നുമേയുരിയാടാതെ
നീ മെല്ലെ മെല്ലെ മരിക്കാന്‍ തുടങ്ങുകയാണ്
മിഴികളില്‍ തരളദ്യുതിയുണര്‍ത്തി
ദ്രുതഹൃദയത്തുടിപ്പുകളാകുന്ന
അഭിനിവേശങ്ങളെയും
അവയില്‍നിന്നുമുള്ള തീവ്രവികാരങ്ങളെയും
അവഗണിക്കും വേള
നീ മെല്ലെ മെല്ലെ മരിക്കാന്‍ തുടങ്ങുകയാണ്
അതൃപ്തമായ കർമ്മമേഖലയിൽ നിന്ന്
അസംതൃപ്തമായ പ്രണയത്തില്‍ നിന്ന്‍
ജീവിതത്തെ സ്ഥിതിഭേദം ചെയ്യാതിരിക്കുമ്പോള്‍
അനിശ്ചിതമായതിന്റെ സുരക്ഷക്ക്
ഒരു സാഹസത്തിനും മുതിരാതെ
സ്വപ്നങ്ങൾക്കാവിഷ്കാരം നൽകാതെ
ജീവിതത്തിലോരിക്കലെങ്കിലും
വിവേകപൂർണ്ണമായ ഉപദേശത്തിൽ നിന്നും
മാറിയോടാൻ
സ്വയമനുവദിക്കാതിരുന്നാൽ
നീ മെല്ലെ മെല്ലെ മരിക്കാന്‍ തുടങ്ങുകയാണ്