കാമദാഹത്തിൻ കൊടുംവന്യരഥ്യയിൽ
ഭാവനാശ്വത്തെ മെരുക്കാനശക്തനായ്
കാലദേശാതിർത്തി പിന്നിട്ടു പിന്നെയും
പായുകയാണെൻ്റെയാസക്തചേതന!
നീലാഭ്രമേഘസ്വരൂപമുൾച്ചേർന്നതാം
മാനസം വിഭ്രാന്തഗർത്തത്തിലാഴ്ന്നുപോയ്
തീരാത്ത ദുഃഖവിഷാദാഗ്നിതന്നിലായ്
നീറുകയാണസ്ഥിഖണ്ഡങ്ങളൊക്കെയും
വേവുന്നു പഞ്ചേന്ദ്രിയങ്ങൾ സിരാതന്ത്രി
നീറുന്നിതഗ്നിവേഗങ്ങൾ,വികാരങ്ങൾ
ആളിപ്പടരുന്നിതാത്മകോശങ്ങളിൽ
ജീവൻ്റെയുൾക്കാടെരിഞ്ഞു തീരുന്നിതാ
സ്വപ്നവും സത്യവും തമ്മിൽപ്പിണയുന്ന
വ്യക്തമാവാത്ത പ്രപഞ്ചസഞ്ചാരണം
തിക്തശോകത്തിൻ കയത്തിലീ ജീവിതം
നിർദ്ദയമാഴ്ത്തിച്ചുഴറ്റുന്നതേതൊരാൾ?