ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /കനലുകൾ/അജിത ഗോപിനാഥ്

അജിത ഗോപിനാഥ്

കാലമാം യവനികക്കുള്ളിൽ കണ്ണീർ കിനാവുമായി
കാലങ്ങളേറെ ഞാൻ കാത്തിരുന്നു
കാതോരമായ് കളിവാക്കുകൾ ചൊല്ലിയ
തോഴൻ വരുന്നതും കാത്തിരുന്നു
കളിത്തോഴൻ വരുന്നതും കാത്തിരുന്നു…

എന്നോടു ചൊല്ലിയ കഥകളിലെപ്പൊഴോ
ഏഴഴകുള്ളോരു ദേവിയായ് ഞാൻ
എത്രയോരാത്രികളിലെൻചാരെയണഞ്ഞവൻ
എനിക്കായ് ഗന്ധർവ്വവീണ മീട്ടി..,
എനിക്കായ് ഗന്ധർവ്വവീണ മീട്ടി….

ഒരു നാളിലൊരുവാക്കു മുരിയാടാതെ
ഒരു വേളയെന്നെ തനിച്ചാക്കി പോയവൻ
ഒരു നോക്കു കാണാനെൻ മനം തുടിച്ചു
ഒരു വസന്തവുമിനി കനിയുകില്ലേ…?
ഒരു വസന്തവുമിനി കനിയുകില്ലേ….?

മനതാരിൽ ദേവനായ് പൂജിച്ചു ഞാൻ
അസുരനെന്നൊരു വേള തിരിച്ചറിഞ്ഞു
ഏത് ഗംഗയിൽ മുങ്ങി നിവർന്നാൽ
മനശ്ശാന്തി കിട്ടും ഇഹലോകത്തിൽ….?
മനശ്ശാന്തി കിട്ടും ഇഹലോകത്തിൽ…?

നെരിപ്പോടിൽ കനലായെരിയുമെന്നോർമ്മകളെ
ബലി നൽകി കർമ്മം ചെയ്തു ശുദ്ധി വരുത്തി
നെറികെട്ട ലോകമേ നിനക്കു നന്ദി….
നേരുന്നു ഞാനിന്ന് മംഗളങ്ങൾ….
നേരുന്നു നിനക്കായി മംഗളങ്ങൾ…..

home page

m k onappathipp

You can share this post!