കൃഷ്ണൻമേനോനേ കാണാനില്ല.വാർത്ത കാട്ടുതീ പോലേ പടർന്നു.വീട്ടിലില്ല.കംപ്യൂട്ടറിന് മുന്നിലില്ല.എന്നും വൈകുന്നേരം കാററുകൊള്ളാൻ ഇരിക്കാറുള്ള ബാൽ ക്കണിയിൽ ഇല്ല.
സ്ഥിരമായി മൊബൈലിൽ കുത്തിക്കുറിച്ചും, ഫെയ്സ്ബുക്കിൽ തമാശ രംഗങ്ങൾ കണ്ട് പൊട്ടിചിരിച്ചും ഉച്ചവരെ കഴിച്ചുകൂട്ടാറുള്ള ബെഡ്റൂമീലെ ബാൽക്കണിയും ഒഴിഞ്ഞുകിടക്കുന്നു.
ഭാനുമതിയമ്മ ബോധം പോയ പോലേ പിച്ചും പേയും പറയുകയാണ്.വീട്ടിനുള്ളിൽ മുഴുവൻ അയൽക്കാർ.
ഈ ലോക്ഡൗൺ തുടങ്ങിയ സമയത്ത് ഈ മനുഷ്യൻ എവിടെ പോവാൻ?
അടുത്തവീട്ടിലെ ജാനകിയമ്മ താടിയിൽ കൈവെച്ചു.
കൃഷ്ണൻ മേനൊന് എഴുപത് വയസു കഴിഞ്ഞു.കണ്ണിൽ തിമിരത്തിന്റെ അസഹ്യത തുടങ്ങിയിരിക്കുന്നു.പക്ഷെകൊറോണയെ പേടിച്ച് ഡോക്ടറുടെ അടുത്ത് പോവാതെ ഇരിക്കുകയാണ് . വിദേശത്തുള്ള മക്കൾ ബാങ്കിൽ ഇഷ്ടം പോലെ പൈസ ഇട്ട് വെച്ചിരിക്കുന്നു.മൂന്നുനേരത്തെ വിറ്റാമിൻ നിറഞ്ഞ ഭക്ഷണവും ,ബി.പി , കൊളസ്ട്രോൾ മരുന്നിനുമല്ലാതെ പൈസയുടെ ആവിശ്യം ഭാനുമതിയമ്മക്കും കൃഷ്ണമേനോനും ഇല്ല.അതിനു ഇഷ്ടം പോലേ പൈസ പെൻഷനായും കിട്ടുന്നുണ്ട്.
ഒന്നാമത് മനസ്സു തകർന്നു ഓടിപോവാൻ പറ്റിയ പ്രായമല്ല …..
സുഖജീവീതത്തിനൊരു തടസ്സൂല്ല്യാ..
പിന്നെ ഇയ്യാക്കീത് എന്തുപററി പാൽക്കാരി ചിന്നമ്മൂ നെടുവീർപ്പിട്ടു.
“നിങ്ങളടങ്ങിനെന്റെ ഭാനുചേച്ചിയേ അയ്യാളെബെടെങ്കിലുമുണ്ടാവും …
കുറച്ചു കഴിഞ്ഞാ ഇങ്ക്ട് തിരിച്ചു വരും…
ഇന്നു ഇന്നെലേം കാണാൻ തുടങ്ങിയതല്ലല്ലൊ നിങ്ങളായാളേ..
നിങ്ങളേനെം ബിഷമിപ്പിച്ചിട്ട് അയാളെവിടേം പോവില്ലാ..അടുത്ത വീട്ടിലെ റസിയാത്ത ഭാനുമതിയമ്മയെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു..
അതല്ലാ എന്റെ റസിയാത്താ ഒരു വട്ടം അറ്റാക്ക് വന്നതാ.. എവിടെങ്കിലും വല്ലതും വന്ന് വീണുകിടക്കുന്നുണ്ടോന്ന് ആർക്കാ അറിയ്യാ.
ഭാനുമതിയമ്മ തോളത്തിട്ട തോർത്തിൽ മൂക്കൂപിഴിഞ്ഞുരിയാടി.
പതം പറച്ചിലിനിടയിൽ ശബ്ദം കയറിയും താണുമിരുന്നു.
ഭാനുമതിയമ്മേ കിണററിലും ,കായലിലുമൊക്കെ മുങ്ങാംകുഴിയിടാൻ ആൾക്കാരേ വരുത്തിയിട്ടുണ്ട് …ചക്കാട്ടിലെ നമ്പീശൻ ദു:ഖത്തോടേ മൊഴിഞ്ഞു.
കഷ്ട്ടം എങ്ങനെയുള്ള മനുഷ്യനായിരുന്നു..
ചുറ്റിലുമുള്ള ആശ്വാസവൃന്ദം പരിതപിച്ചു.
മാസ്ക്കിട്ട സാന്ത്വനജനാവലി ദീർഘനിശ്വാസത്തിന്റെ ചൂടീൽ മാറി മാറി നിന്നു.
മേനോൻ പോയിയെന്നു വിചാരിച്ച് കോവിഡ് പകർത്തണമെന്നില്ലല്ലോ?
കനത്ത സൂര്യരശ്മികളുടെ പ്രകാശം ക്ഷയിച്ചു.സന്ധ്യയുടെ വരവറിയിച്ച് ചന്ദ്രന്റെ മുഖം ആകാശത്ത് പ്രത്യക്ഷപെട്ടു തുടങ്ങി.
ഭാനുമതിയമ്മയുടെ കണ്ണീർ വറ്റി. ഇത്തിരിചുടുവെള്ളം കുടിക്കാൻ പറ്റുന്ന നിലയിലായി.ഭാനുമതിയമ്മയുടെ മനഃശാസ്ത്രം മനസിലാക്കിയ റസിയാത്ത സീനത്ത് മഹലിലേക്ക് കൂട്ടികൊണ്ട് പോയി , കുറച്ച് പാലൊഴിച്ച കാപ്പിയും കപ്പപുഴുങ്ങിയതും സ്പോൺസർ ചെയ്തു.
രണ്ടു ദിവസം കടന്നുപോയി .തിരച്ചിലിന് ഫലമൊന്നും ഉണ്ടായില്ല.പോലിസീലും വിവരമറിയിച്ചു.
മണിക്കൂറുകൾ ഒച്ചിന്റെ വേഗതയിൽ ഇഴഞ്ഞു നീങ്ങി.
ദേ നമ്മടെ മേനോൻ വരുണൂ..
ബീവാത്തുവിന്റെ ഉറക്കെയുള്ള ശബ്ദം കേട്ട് ബെഡ്ഡിലേക്ക് ചാഞ്ഞ ഭാനുമതിയമ്മ വയസ്സ് മറന്ന് ചാടിയെഴുന്നെററു…..
പക്ഷേ……..
മേനോൻ ആരേയും കാണാൻ കൂട്ടാക്കിയില്ല.സ്വന്തം ബെഡ്റൂമീൽ ചെന്ന് വാതിലടച്ച് കുററിയിട്ടു.അടുത്തുള്ള ആളുകളെല്ലാം വാതിലിൽ തട്ടി മേൻനേ… മേൻനേ.. എന്ന് ഉറക്കെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല.ഊഹാപോഹങ്ങളുടെ തിരിച്ചിലിനൊടുവിൽ അർദ്ധരാത്രി യോടേ ജനം ഒരുവിധം പിരിഞ്ഞു.
ഉറക്കത്തിനിടയിലെപ്പൊഴോ കാതിലൊരു കുറുകുറു ശബ്ദം കേട്ട് ഭാനുമതിയമ്മ ഞെട്ടിപിടഞ്ഞെഴുന്നേററു. അത് മേനോനായിരുന്നു.
ഭാനൂ…..
എന്താ മേൻനേ എന്നെ പേടിപ്പിച്ചൂലോ?
എന്നെ വിട്ട് എവടെയാ പോയത് ..ഭാനുമതിയമ്മക്ക് കരച്ചിൽ നിയന്ത്രണം വിട്ടുപോയി..
എന്റെ ഭാനൂ ..കരച്ചിലൊന്ന് നിർത്തൂ..
തെറ്റ് എന്റെ ഭാഗത്താണ്
നിന്നോടെങ്ങിനെയാണ് പറയുകാന്ന് വെച്ചാണ് ഞാൻ പറയാതെ പോയത്.
സമയം പൊയതറിഞ്ഞില്ല.
പോയ സ്ഥലത്ത്ന്ന് വിചാരിച്ച് പോലേ വരാനും പറ്റിയില്ല.
ഭാനൂനെ അഭിമുഖികരിക്കാനുള്ള മടി കൊണ്ടാണ് ഞാൻ മുറിയിൽ കയറി വാതിലടച്ചത്.
എന്താ സംഭവിച്ചതേന്ന് പറ…
.ഉത്കണ്ഠയോടേ ഭാനുമതിയമ്മ മേനോനേ നോക്കി..
നിന്നോട് ഇതുവരെ പറയാത്തൊരു സംഭവമാണ് …
അതേ…..
കുറച്ചു നിർത്തി മേനോൻ തുടർന്നു…
നിനക്കറിയാത്ത ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു.
ഫെയ്സ്ബുക്ക് വഴി പരിചയപെട്ടതാ..
വെറുതെ ഇരിക്കുമ്പോ ..
ശാരദാമ്മയുടെ ചാററിഗും ഫോൺകാളുകളും എനിക്ക് വല്ലാത്തൊരു ആശ്വാസമായിരുന്നു.. ഒരുപാട് തമാശ പറയും…ഒറ്റക്കാണ് താമസം .
പാവമാണ് ഭാനു..
ഈശ്വരാ ഈ തമാശയൊക്കെ ഞാനും പറയില്ലേ മേൻനേ …എന്നോടും തമാശ പറയാല്ലോ…എന്തിനാ ചാററിഗിനും ചീററീഗിനുമൊക്കെ പോയത്?
അറിയാതെ സംഭവിച്ചതാ ഭാനൂ..
നിനക്കറിയാല്ലോ എനിക്കിത്തിരി സ്മാളടിക്കണ ദുസ്വാഭാവം ഉണ്ടെന്ന് ..
വെറുതെ ശാരദാമ്മ 65 വയസ് ന്ന് കണ്ടപ്പോൾ സ്മോളിന്റെ ലഹരിയില് മലയാളം ടൈപ്പ്റൈററിംഗ് അടിച്ചു പരിശീലിച്ചതാ..
എന്റെ ലഹരി ഇറങ്ങി
പക്ഷെ ശാരദാമ്മ വെറുതെ ഇരുപ്പിന്റെ ബോറടി മാറ്റാൻ എന്നെ ആശ്വാസമായി കണ്ടു തുടങ്ങിയിരുന്നു…
പിന്നെ എനിക്ക് തോന്നി പാവമൊരു കുട്ടീന്ന്.
പാവം കുട്ടിയൊ…
65 വയസുള്ള തള്ളയോ..
ഒരു നിമിഷം ഭാനുമതിയമ്മ കൃഷ്ണമേനോന്റ ഫ്ളാഷ് ബാക്കുകൾ ഒന്നോർത്തു നോക്കി.
തനിയെ ഇരുന്നു ചിരിക്കുന്നതും,
മാറി മാറി സെൽഫികൾ എടുക്കുന്നതും
ടൈപ്പ് ചെയ്ത് നടന്ന് കിണററിൻ ചുവട്ടിൽ വീഴാൻ പോയതും എല്ലാം..എല്ലാം…
സാമ്പാറിന് പകരം ഇഡ്ഡലിയിൽ കുടിക്കാൻ വെച്ച വെള്ളമെടുത്തൊഴിച്ചതുമെല്ലാം…
“മേൻനേ നിങ്ങൾക്ക് എന്താ സംഭവിച്ചതെന്ന് ഞാൻ മനസിലാക്കിയില്ലല്ലൊ”
ഭജനയും ,യോഗയുമൊക്കെയായി നടക്കുന്ന എനിക്ക് നിങ്ങളോടു മിണ്ടാൻ പോലുംഇത്തിരി നേരം കിട്ടിയിട്ടില്ല ..കുറ്റം എന്റേതു തന്നെയാണ്..
ഈ കുന്തത്തിൽ. ഇങ്ങിനെയൊരു സംഭവം ഉണ്ടാവും ന്ന് ഞാൻ വിചാരിച്ചിട്ടൂല്ല്യ..
ന്ന്ട്ട് നിങ്ങള് ആ കുട്ടിയെ കാണാൻ പോയതാണൊ? രണ്ടു ദിവസം അവൾടെ കൂടേ ഇരുന്നു അല്ലേ?
അത് മാത്രം ഭാനുമതിയമ്മക്ക് താങ്ങാനായില്ല.
നിർത്തി വെച്ചഎൻജിൻ സ്റ്റാർട്ട് ആയപോലേ കുടുകുടാന്ന് കണ്ണുനീർ ധാരധാരയായി മേനോന്റെ മടിയിൽ വീണുകൊണ്ടിരുന്നു..
കരയല്ലേ ഭാനൂ..നിന്നെ മറന്ന് ഞാനങ്ങനെ ചെയ്യുമോ?
ശാരദക്ക് പെട്ടെന്ന് ഒരു പനിയും തലചുററലും കൂടേ ആരും ഇല്ല. കോവിഡ്കാലമല്ലേ? ടെസ്റ്റ് ചെയ്യാനാരുമില്ലായെന്ന് പറഞ്ഞപ്പോൾ
ഒന്ന് ചെന്ന് സഹായിക്ക്യാന്ന് വിചാരിച്ചു.
അത്രേയുള്ളു..
അവിടെ ചെന്നപ്പോളാണറിഞ്ഞത് സംഗതി ഇത്തിരി സീരിയസ്സാണെന്ന് കോവിഡിന്റെ ക്രൂരത ആ ശരീരത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന്.ശ്വാസമെടുക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
ഞാൻ ചെന്ന് ഹോസ്പിറ്റലലിൽ അഡ്മിറ്റ് ചെയ്തു.
ഐ.സി.യുവിലാണ് . ഓക്സിജന്റെ സഹായത്തിൽ ആണ് ശ്വാസം പോലും എടുക്കുന്നത്.വിദേശത്തുള്ള മക്കൾ വളരെ വിഷമത്തിലാണ്.ഇങ്ങോട്ട് എത്തിച്ചേരാൻ അവർക്ക് പെട്ടെന്ന് കഴിയില്ല.
വയ്യാത്ത അവസ്ഥ യിൽ വിട്ടിട്ട് വരാനുള്ള വിഷമം കൊണ്ട് രണ്ടുദിവസം അവിടെ തന്നെ ഒരു മുറിയെടുത്തു താമസിച്ചു..
ഭാനുമതിയമ്മ സങ്കൽപകഥ കേൾക്കുന്ന കൗതുകത്തോടേ മേനോന്റെ മുഖത്ത് തന്നെ കണ്ണുനട്ടിരുന്നു.
ന്ന്ട്ട്…..ഒരു ദീർഘനിശ്വാസത്തോടേ ഭാനുമതിയിൽ നിന്നും വാക്കുകൾ പുറത്തു ചാടി.
ഇപ്പോ ശാരദയ്ക്ക് എങ്ങനെണ്ട്..?
നിങ്ങൾടെ ലഹരി ഒപ്പിച്ച പണിയാണെങ്കിലും …..
പാവം ആ കുട്ടീ ട്ടോ …
ആരുമില്ലാതെ എങ്ങനെ യാ അവിടെ …
വല്ലാത്തൊരു അവസ്ഥന്നെ….
എവിടെയോ നോക്കി കുറേനേരം ആലോചിച്ച് ഭാനുമതിയമ്മ ….
ഉറച്ചൊരു പ്രഖ്യാപനം നടത്തി.
ശാരദാമ്മ ഇനി തന്നെയല്ല….ഏതാവിശ്യത്തിനും ഇനി മുതൽ ഞാനൂണ്ട് ….ആ കുട്ടിക്ക്…
മേനോന്റെ സുഹൃത്ത് എന്റേയും സുഹൃത്താണ്..
പക്ഷേ മേനോൻ ഇനിമുതൽ സ്മാളടിക്കുമ്പോൾ എന്റെ മുന്നിൽ വെച്ച് ചെയ്താൽ മതി.മൊബൈൽ എന്റെ കൈയിൽ തന്ന്…
അല്ലെങ്കിൽ ഞാൻ ഭാർഗ്ഗവീം സരസമ്മേം ഒക്കെ സുഹൃത്തായി സ്വീകരിക്കേണ്ട തായി വരും….
പറഞ്ഞത് മനസിലായോ മേൻനേ …..
കൃഷ്ണൻമേനോൻ കുററബോധത്തോടേ തലതാഴ്ത്തി…
ഭാനുമതിയമ്മ പിന്നേയും മനസിൽ മനകണക്കുകൾ കൂട്ടീയും കിഴിച്ചുമിരുന്നു